Tuesday, November 30, 2021

Latest Posts

സംസ്ഥാനത്ത് ഇന്ന് 17,681 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 80.17 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സീന്‍ നല്‍കി; പിന്നിട്ടത് നിര്‍ണായക ഘട്ടമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷനില്‍ നിര്‍ണായക ഘട്ടം കൂടി പിന്നിട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.17 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സീന്‍ (2,30,09,295) നല്‍കാന്‍ കഴിഞ്ഞു. 32.17 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീനും (92,31,936) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ മൂന്ന് കോടിയിലധികം (3,22,41,231) ഡോസ് വാക്‌സീന്‍ നല്‍കാനായി. കൊവിഡിനെതിരായ പ്രതിരോധം ശക്തമാക്കുമ്പോള്‍ പരമാവധി ജനങ്ങള്‍ക്ക് വാക്‌സീന്‍ നല്‍കി സംരക്ഷിക്കുകയാണ്. പ്രധാനം ആ ലക്ഷ്യത്തില്‍ 80 ശതമാനം കവിഞ്ഞു എന്നത് നിര്‍ണായകമാണ്.

18 വയസിന് മുകളിലുള്ള ബാക്കിയുള്ളവര്‍ക്ക് കൂടി ഈ മാസത്തില്‍ തന്നെ വാക്‌സീന്‍ നല്‍കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. സെപ്തംബര്‍ 8 മുതല്‍ 14 വരെയുള്ള കാലയളവില്‍, ശരാശരി കൊവിഡ് ആക്ടീവ് കേസുകള്‍ 1,53,067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42,998 കേസുകളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ ടി പി ആറിന്റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളര്‍ച്ചാ നിരക്ക് യഥാക്രമം 6 ശതമാനവും 21 ശതമാനവും കുറഞ്ഞിട്ടുണ്ട്.

ഇന്നലെ വരെ 1,98,865 കൊവിഡ് കേസുകളില്‍, 13.7 ശതമാനം രോഗികളാണ് ആശുപത്രി, ഡി സി സി, സി എഫ് എല്‍ ടി സി, സി എസ് എല്‍ ടി സി എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളത്. ആകെ രോഗികളില്‍ രണ്ട് ശതമാനം പേര്‍ക്ക് മാത്രമേ ഈ കാലയളവില്‍ ഓക്‌സിജന്‍ കിടക്കകള്‍ വേണ്ടിവന്നിട്ടുള്ളൂ. ഒരു ശതമാനം മാത്രമേ ഐ സി യുവിലുള്ളൂ.

18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനേഷന്‍ ഈ മാസത്തോടെ നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു മൂന്നു മാസങ്ങള്‍ക്കകം രണ്ടാം ഡോസ് വാക്‌സിനേഷനും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണിപ്പോള്‍ കരുതുന്നത്.

രോഗം ബാധിച്ച ശേഷം ആശുപത്രികളില്‍ വൈകി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധന ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചികിത്സയ്ക്ക് താമസിച്ച് എത്തുന്നവരുടെ എണ്ണം 30 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. ആഗസ്റ്റ് മാസത്തില്‍ അത് 22 ശതമാനമായിരുന്നു. ഇത്തരമൊരു പ്രവണത ആശാസ്യമല്ല. കൊവിഡ് കാരണം മരണമടയുന്നവരില്‍ കൂടുതലും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗങ്ങള്‍ ഉള്ളവരുമാണ്. തക്ക സമയത്ത് ചികിത്സ നേടിയാല്‍ വലിയൊരളവ് മരണങ്ങള്‍ കുറച്ചു നിര്‍ത്താന്‍ സാധിക്കും. എത്രയും പെട്ടെന്ന് ചികിത്സ നേടാന്‍ പ്രായാധിക്യമുള്ളവരും അനുബന്ധ രോഗമുള്ളവരും ശ്രദ്ധിക്കണം. അവരുടെ ബന്ധുമിത്രാദികളും ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. വാര്‍ഡ് തല കമ്മിറ്റികളും സക്രിയമായി ഇടപെടണം.
മരണമടഞ്ഞവരില്‍ വലിയൊരു ശതമാനം പേരും വാക്‌സീന്‍ എടുക്കാത്തവരായിരുന്നു. 60 വയസിനു മുകളിലുള്ളവരില്‍ വാക്‌സീന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നവര്‍ ഇനിയുമുണ്ട്. അവര്‍ നിര്‍ബന്ധമായും വാക്‌സീന്‍ സ്വീകരിക്കണം.

വാക്‌സീന്‍ എടുക്കുന്നവര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടാകുന്നുണ്ട്. അതില്‍ ആശങ്കപ്പെടേണ്ടതില്ല. രോഗപ്പകര്‍ച്ചയും രോഗവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. വാക്‌സീന്‍ എടുത്തവരില്‍ രോഗബാധ ഉണ്ടായാലും രോഗാവസ്ഥകള്‍ കടുത്തതാകില്ല. മരണ സാധ്യതയും വളരെ കുറവാണ്. വാക്‌സീന്‍ എടുത്തവരെ വൈറസ് ബാധിച്ചാല്‍ അവരില്‍ നിന്നും മറ്റുള്ളവരിലേയ്ക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ വാക്‌സിന്‍ എടുത്തവരും കൊവിഡ് പെരുമാറ്റ ചട്ടങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കാന്‍ ശ്രദ്ധിക്കണം.

സെറൊ പ്രിവലന്‍സ് പഠനം പുരോഗമിക്കുന്നു: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സെറൊ പ്രിവലന്‍സ് പഠനം നടക്കുകയാണ്. എത്ര പേര്‍ക്ക് രോഗം വന്നു മാറി എന്നു മനസ്സിലാക്കാനാണ് ഈ പഠനം. കുട്ടികളിലും സെറോ പ്രിവലന്‍സ് പഠനം നടത്തുന്നുണ്ട്. രോഗവ്യാപനത്തിന്റെ തോതും സ്വഭാവവും മനസ്സിലാക്കാനും അതനുസരിച്ച് വാക്‌സിന്‍ വിതരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കൃത്യതയോടെ നടപ്പിലാക്കാനും ഈ പഠനം സഹായകമാകും. ഈ മാസം അവസാനത്തോടെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

പോലീസ് പരിശോധന ഊര്‍ജിതം: ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനായി പോലീസിന്റെ 16,575 സംഘങ്ങളെയാണ് കഴിഞ്ഞ ഒരാഴ്ച മാത്രം നിയോഗിച്ചത്. 1,45,308 വീടുകളില്‍ കഴിഞ്ഞയാഴ്ച പോലീസ് സന്ദര്‍ശനം നടത്തി. ക്വാറന്റൈനില്‍ കഴിയുന്ന 3,40,781 പേരെയാണ് പോലീസിന്റെ മോട്ടോര്‍ സൈക്കിള്‍ സംഘം സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞത്. കഴിഞ്ഞാഴ്ച ക്വാറന്റൈനില്‍ കഴിഞ്ഞ 3,47,990 പേരെ ഫോണില്‍ ബന്ധപ്പെട്ട് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ക്വാറന്റൈന്‍ ലംഘിച്ച 1,239 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട 821, ഇടുക്കി 654, കാസര്‍ഗോഡ് 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,61,239 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,33,190 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,049 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1718 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,90,750 കോവിഡ് കേസുകളില്‍, 13.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 208 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,987 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,656 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 881 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,588 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1888, കൊല്ലം 1175, പത്തനംതിട്ട 1161, ആലപ്പുഴ 1520, കോട്ടയം 1485, ഇടുക്കി 1019, എറണാകുളം 3377, തൃശൂര്‍ 2807, പാലക്കാട് 1855, മലപ്പുറം 2864, കോഴിക്കോട് 3368, വയനാട് 956, കണ്ണൂര്‍ 1767, കാസര്‍ഗോഡ് 346 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,90,750 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 42,09,746 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.