Fri. Mar 29th, 2024

മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് കാണിച്ച് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പരാതി. ഡൽഹി യൂണവേഴ്‌സിറ്റിയിലെ നിയമ വിദ്യാർത്ഥിയും എം.എസ്.എഫ് ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ അഫ്‌സൽ യൂസഫാണ് തൃശൂർ സിറ്റി പൊലീസിൽ പരാതി നൽകിയത്. നർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ ബിഷപ്പിനെതിരെ എസ്‌.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീനും നേരത്തെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.

ചെറുപ്രായത്തിൽ തന്നെ കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നുവെന്നായിരുന്നു പാലാ രൂപതാ ബിഷപ്പിന്റെ പ്രസ്താവന. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് അവർ ഉപയോഗിക്കുന്നതെന്നും ഇക്കാര്യത്തിൽ കത്തോലിക്കാ കുടുംബങ്ങൾ ജാഗ്രത പുലർത്തണമെന്നും കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ബിഷപ് മുന്നറിയിപ്പ് നൽകുന്നു.

ലോകത്തില്‍ നീതിയും സമാധാനവും ഇസ്ലാം മതവും സ്ഥാപിക്കാന്‍ യുദ്ധവും സമരവുമൊക്കെ ചെയ്യണമെന്ന തീവ്രവാദമാണ് ചുരുക്കം ചില ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നത്. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടും ഉണ്ട്. ലൗവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഇത്തരക്കാർക്ക് നിക്ഷിപ്‌ത താത്പര്യമുണ്ട്. മുസ്ലീം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടക്കുന്ന അവസ്ഥ നിലവിലുണ്ട്. ഹലാൽ വിവാദമൊക്കെ ഇതിന്റെ ഭാഗമാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടിരുന്നു.