Friday, January 28, 2022

Latest Posts

മലയാളികൾ എന്തിനാണ് ചട്ടമ്പിസ്വാമികളെ മഴയത്ത് നിർത്തിയിരിക്കുന്നത് ?

✍️ ചന്ദ്രപ്രകാശ്. എസ്. എസ്

ഇന്നാണ് ചട്ടമ്പിസ്വാമികളുടെ ജന്മദിന ആഘോഷം

“ന സ്ത്രീസ്വാതന്ത്ര്യമർഹതിയും പരശുരാമൻ്റെ മഴുവും”

ചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥശിഷ്യനായിരുന്ന ടി. കെ. കൃഷ്ണമേനോന്റെ പത്‌നി ശ്രീമതി. ടി. വി. കല്യാണിയമ്മ ഒരിയ്ക്കല്‍ ചട്ടമ്പി സ്വാമികളോട് സ്ത്രീകള്‍ക്ക് പ്രയോജനപ്രദമായ ഒരു വിഷയത്തെപറ്റി ഉപന്യസിക്കണമെന്ന് അഭ്യർത്ഥിച്ചു. അതുപ്രകാരം സ്വാമികള്‍ 1906 ൽ എറണാകുളത്ത് മഹിളാ സമാജത്തില്‍ നടത്തിയ പ്രഭാഷണമാണ്.

”പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം” എന്ന പ്രബന്ധം.

പ്രസംഗവേദികളിൽ കയറാത്ത ചട്ടമ്പിസ്വാമികൾ നടത്തിയ ഒരേയൊരു പ്രസംഗമാണിത്. അതിലെ ഏതാനും വരികൾ –

“പുരുഷനും സ്ത്രീയ്ക്കും അന്യോന്യം ആശ്രയിക്കാതെ കഴിവില്ലെങ്കിലും പുരുഷൻ്റേത് സ്ത്രീയെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ഒരു ഉദാസീനൻ്റെ നില മാത്രമാണ്. പുരുഷൻ സ്ത്രീയ്ക്ക് വശംവദനായി നിന്ന് ഓരോ പ്രപഞ്ചത്തെ സൃഷ്ടിച്ച് സംസാരചക്രം പ്രവർത്തിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അവൻ പ്രസവാദിക്ലേശാദികളും ഗൃഹഭരണാദികൃത്യഭാരങ്ങളും ഇല്ലാത്തവനും അവൻ്റെ ശരീരനിർമ്മാണം അവയ്ക്ക് പറ്റാത്തതും ആണ്.

കാര്യപ്രപഞ്ചത്തിൽ പുരുഷനേക്കാളധികം ക്ലേശവും ബുദ്ധിമുട്ടും ഉത്തരവാദിത്വവും സ്ത്രീക്കാകയാലും സമുദായവൃദ്ധിക്ഷയങ്ങൾക്ക് സ്ത്രീയുടെ കാര്യഭരണം വാസ്തവത്തിൽ ഹേതുവായിരിക്കെകൊണ്ടും അവൾക്കാണ് രണ്ടിലും പ്രാധാന്യമുള്ളത്.

സ്വഗൃഹങ്ങളിലിരുന്ന് ഇച്ഛാമാത്രശക്തിയാലും സാമർത്ഥ്യം കൊണ്ടും അവരവർക്ക് വിഹിതമായിട്ടുള്ള കാര്യഭരണം ചെയ്ത് ധർമ്മനിഷ്ഠകൊണ്ട് സ്വഗൃഹപരിസരം മുതൽ ഭൂമിയൊട്ടുക്ക് ആജ്ഞാശക്തിയിൽ പെടുത്തി ഭരിക്കത്തക്കവണ്ണം നിപുണതയും അധികാരവും അവകാശവും സ്ത്രീയ്ക്കാണ് കൊടുത്തിരിക്കുന്നത്. പുരുഷൻ്റെ സാക്ഷിത്വസഹായത്തിൽ സ്ത്രീ സർവ്വസ്വതന്ത്രയായ ത്രൈലോക്യനായികയും ആണ്.
കാര്യം ഇങ്ങനെയാണെങ്കിലും പുരുഷൻ്റെ അധികാരവലിപ്പവും ഗർവും കൊണ്ട് അയാളെ “ഭർത്താവ് ” എന്നും സ്ത്രീയെ അബല എന്നുവച്ച് ഭാര്യ – ഭരിക്കപ്പെടുവാൻ യോഗ്യ – എന്നും വിളിക്കുന്നുവല്ലോ ?

ഇതിൽ അനല്പമായ അനൗചിത്യം സ്ഫുരിക്കുന്നു എന്ന് പറഞ്ഞേ തീരൂ. സ്ത്രീ തനിക്കുള്ള യഥാർത്ഥമായ അധികാരബലത്തെപ്പറ്റി സ്വതസിദ്ധമായ വിനയപ്രഭാവം കൊണ്ടും പുരുഷനെപ്പോലെ ഒച്ച പൊങ്ങിക്കുവാൻ ഭാവിച്ചില്ല എന്നതാണ് പുരുഷൻ്റെ ഈ അർത്ഥമില്ലാത്ത മുഷ്ക്കിനും ഈ നാമധേയത്തിനും(ഭാര്യ) ഇടയാക്കിയത്.

പൗരാണികന്മാരും മറ്റ് അഭിജ്ഞന്മാരും പ്രഥമസ്ഥാനം സ്ത്രീയക്കാണ് കൊടുത്തിട്ടുള്ളത്. അല്ലാതെ മൂഢമതികൾ പറകയും ആചരിക്കയും ചെയ്യും വണ്ണം ” ന സ്ത്രീസ്വാതന്ത്ര്യമർഹതി ” എന്ന് കല്പിച്ച് കൂട്ടിലിട്ട കിളിയെപ്പോലെ അവളെ അജ്ഞയും അസ്വതന്ത്രയും ആയ അടിമയായും കേവലം പുത്രോൽപാദത്തിനുള്ള ഒരു യന്ത്രമായും കരുതുകയും, പുരുഷൻ എന്ത് തോന്ന്യാസവും കാണിക്കാമെന്നുള്ള ഗർവോടുകൂടി സകല കാര്യവും ശരിയായി ഭരിക്കാൻ തനിക്കേ കെൽപ്പുള്ളു എന്ന് ശഠിക്കുകയും ചെയ്യുന്നത് തെറ്റും ന്യായത്തിനും, ധർമ്മത്തിനും, കാര്യത്തിനും ഏറ്റവും വിരുദ്ധവുമാകുന്നു.” – 115 വർഷം മുൻപ് നടത്തിയ ഒരു പ്രസംഗമാണ് ഇതെന്ന് ഓർക്കുക !

കേരളത്തിൽ വളരെയധികം ബ്രാൻഡ് വാല്യു ഉള്ള ഒരു കഥാപാത്രമാണ് പരശുരാമൻ. കഥകളുടെയും മിത്തിൻ്റേയും ഇടയ്ക്ക് വാണരുളുന്ന ” തമ്പുരാൻ “
“പരശുരാമൻ മഴുവെറിഞ്ഞ് ” കടലിൽ നിന്നും സൃഷ്ടിച്ച കേരളവും അവിടെ കുടിയിരുത്തപ്പെട്ട ബ്രാഹ്മണരും കാലമേറെയായിട്ടും ഇന്നും നിലകൊള്ളുന്നു. കേരളത്തിന് ഭാർഗ്ഗവക്ഷേത്രം എന്ന പേര് ലഭിച്ചത് ആ വഴിക്കാണെന്ന് ചിലരെങ്കിലും ഇപ്പോഴും വിശ്വസിക്കുന്നു. ചട്ടമ്പിസ്വാമികൾ കുഴിവെട്ടി മൂടിയ ഈ കള്ളക്കഥ വിദ്യാസമ്പന്നരുടെ ഇടയിൽപോലും നന്നായി ഓടുന്നുണ്ട്.

പരശുരാമൻ്റെ മഴുവുമായി ബന്ധപ്പെട്ട് മലയാളക്കരയിൽ ആദ്യമായി ശാസ്ത്രീയ മാർഗ്ഗത്തിൽ പഠനവും ഗവേഷണവും നടത്തിയത് ചട്ടമ്പിസ്വാമികളാണ്. അതിൻ്റെ അടിസ്ഥാനത്തിലാണ് പരശുരാമകഥ കെട്ടുകഥയാണെന്ന് സ്വാമികൾ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം “പ്രാചീനമലയാളം” എന്ന കൃതിയിലൂടെ വ്യക്തമാക്കിയത്.

മലയാള ബ്രാഹ്മണരെ പരശുരാമൻ കൊണ്ടുവന്നിട്ടില്ലന്നും പരശുരാമൻ മലയാള ഭൂമിയെ ദാനം ചെയ്തിട്ടില്ലന്നും പ്രാചീന മലയാളത്തിലൂടെ സ്വാമികൾ സ്ഥാപിക്കുന്നു. 64 ഗ്രാമക്കാർക്കായി കേരളഭൂമി മുഴുവനും ഭാർഗ്ഗവൻ ദാനം ചെയ്തു എന്ന പ്രസ്താവത്തെ യുക്തിപൂർവമാണ് സ്വാമികൾ ഖണ്ഡിച്ചത്.

“ഭംഗിയോടെ ഭൂമിയെല്ലാം
ബ്രാഹ്മണർക്ക് നൽകുവാൻ
ഭാർഗ്ഗവനായ് വന്നുദിച്ച
രാമ രാമ പാഹിമാം”
രാമനാമത്തിലെ ഈ വരികൾ ആരുടെ കൗശലമായിരുന്നുവെന്ന് എടുത്ത് പറയേണ്ടല്ലോ?
ബ്രാഹ്മണ അധിനിവേശ കാലത്ത് കരുതിക്കൂട്ടി ഉണ്ടാക്കിയ ഒരു നുണയാണ്
” മഴുവും പരശുരാമനും ” ആ പെരുംനുണയുടെ അനന്തരഫലമാണ് മലയാളക്കരയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം രാജാവിനും, ദൈവത്തിനും പിന്നെ ബ്രാഹ്മണനും മാത്രം അവകാശപ്പെട്ടത് എന്ന പഴയ രാജസ്വം, ദേവസ്വം, ബ്രഹ്മസ്വം കപടതത്വം.

ചട്ടമ്പിസ്വാമികൾ ഇതേപ്പറ്റി പറഞ്ഞതിങ്ങനെയാണ്. “ബ്രാഹ്മണർക്ക് കൂടുതൽ കുലശ്രേഷ്ഠതയും മറ്റുള്ളവരുടെ മേൽ ഗുരുസ്ഥാനവും, അധികാരസ്ഥാനവും ഉണ്ടെന്ന് പലരും സമ്മതിച്ചു വരുന്നു. ജാതി വിഭാഗത്തിൽ ഒന്നാമത്തെ സ്ഥാനവും അങ്ങനെ ഹിന്ദു മതാനുസാരികളായ മറ്റുള്ളവരുടെ ഗുരുപുരോഹിത സ്ഥാനവും അവർ അർഹിക്കുന്നുവെന്നും ചിലർ വിശ്വസിക്കുന്നു. ഇത് അടിസ്ഥാനമില്ലാത്തതാണ്. മലയാള ഭൂമി ഭാർഗ്ഗവദത്തം എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ബ്രാഹ്മണരെ പരശുരാമൻ കൊണ്ടുവന്നിട്ടില്ല. പരശുരാമൻ മലയാള ഭൂമിയെ ദാനം ചെയ്തിട്ടില്ല. മലയാളഭൂമി ഭാർഗ്ഗവനുള്ളതല്ല. പരശുരാമൻ്റെ സമുദ്രനിഷ്ക്കാസനം കൊണ്ട് മലയാള ഭൂമിയെ ബ്രാഹ്മണർക്ക് ദാനം ചെയ്തുവെന്നത് വെറും കെട്ടുകഥയാണ്.”
പരശുരാമസൃഷ്ടിയായി കരുതിപ്പോരുന്ന സകലതും പ്രാചീനമലയാളത്തിലൂടെ സ്വാമികൾ ഖണ്ഡിച്ചു.കേരളത്തിലെ കുപ്രസിദ്ധമായ ജാതിവ്യവസ്ഥയുടെ തുടക്കം തന്നെ ഈ പരശുരാമകഥയാണ്. ഇത്രയേറെ പുരോഗമനപരമായ വസ്തുതകൾ ചട്ടമ്പിസ്വാമികൾ ജീവിച്ചിരുന്നപ്പോൾ പലവട്ടം പറയുകയും എഴുതുകയും ചെയ്തതാണ്. നവോത്ഥാന മൂല്യങ്ങളിലൂന്നിയ ചരിത്രയാഥാർത്ഥ്യങ്ങളും സത്യവും കണ്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും പഠിച്ചും അവതരിപ്പിച്ച സ്വാമികളെ സമാധി കഴിഞ്ഞ് വർഷങ്ങളായിട്ടും മലയാളികൾ എന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത് ?Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.