Friday, January 28, 2022

Latest Posts

‘താലിബാൻ ഉമ്മാക്കി’യുടെ ഹിന്ദുത്വ ഉപയോഗം: 387 ‘മാപ്പിള രക്തസാക്ഷികളെ’ രക്തസാക്ഷി നിഖണ്ടുവിൽ നിന്നൊഴിവാക്കുന്നു!

✍️ ഡോ. പി ജെ ജെയിംസ്‌

സാമ്രാജ്യത്വത്തിന്റെ ഭൗമ-രാഷ്ടീയ അജണ്ടക്കനുസൃതമായി പെട്രോ ഡോളറും അത്യന്താധുനിക ആയുധങ്ങളും ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പൊളിറ്റിക്കൽ ഇസ്ലാമിനെ “മുജാഹിദുകളി”ലൂടെ അഫ്ഗാൻ പഷ്തൂൺ ഗോത്രവിഭാഗങ്ങളിലേക്ക് അമേരിക്ക സന്നിവേശിപ്പിച്ചതിന്റെ ഉപോല്പന്നമാണ് താലിബാൻ. അതായത്, പ്രാകൃത ഗോത്രവാദ (tribalism)ത്തെ സാമ്രാജ്യത്വത്തിന്റെ നവ ലിബറൽ അജണ്ടക്കനുസൃതമായി ആഫ്രിക്കയിലും മറ്റും കൂടുതൽ പ്രതിലോമപരവും ഗോത്രഭീകരതയിൽ ഊന്നുന്നതു മായ നവ ഗോത്രവാദ (neotribalism) മാക്കി വളർത്തിയ സാമ്രാജ്യത്വ പരീക്ഷണം അഫ്ഗാനിസ്ഥാനിലെ ചരിത്ര-വർത്തമാന പ്രവണതകൾക്കനുസൃതമായി അമേരിക്ക പ്രയോഗവൽകരിച്ചതിലൂടെയാണ് താലിബാൻ രൂപം കൊണ്ടത്.

ഇനിയും ഒരു ‘ഗവേണൻസ് സ്‌ട്രക്ചർ’ ആവിഷ്കരിക്കാനായിട്ടില്ലാത്ത ഈ പ്രതിലോമ പ്രസ്ഥാനത്തെയും അതിന്റെ ഗോത്ര ഭീകരതയെയും കേന്ദ്ര സ്ഥാനത്തു നിർത്തുകയും, അതിന്റെ സൃഷ്ടാവായ അമേരിക്കയെയും അതിന്റെ സാമ്രാജ്യത്വ മൂലധന – രാഷ്ട്രീയ സാമ്പത്തിക വിവക്ഷകളെയും അവഗണിക്കുകയും ചെയ്യുന്ന ചർച്ചകളാണ് പല ഇടതു പ്രൊഫൈലുകളിലും കണ്ടുവരുന്നത്. അതേസമയം, താലിബാനെ മുന്നിൽ നിർത്തി ലെഫ്റ്റ് ലിബറലുകളും ക്രി സംഘികളും മുതൽ മജോറിറ്റേറിയൻ പരിവാർ ബുദ്ധിജീവികൾ വരെ ഭീകരവൽകരിക്കുന്ന ഇസ്ലാമോഫോബിയയെ ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസം ഉപയോഗപ്പെടുത്തുന്നതിന്റെ സൂചനകളും ഇപ്പോൾ പ്രകടമായിത്തുടങ്ങിയിരിക്കുന്നു.

അതിൻ പ്രകാരം, മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അലി മുസലിയാരും അടക്കമുള്ള 387 ‘മാപ്പിള രക്തസാക്ഷി;കളു’ടെ പേര് ‘സ്വാതന്ത്ര്യ സമര രക്തസാക്ഷി’കളുടെ നിഘണ്ടുവില്‍ നിന്ന് വരുന്ന ഒക്ടോബർ മാസത്തോടെ നീക്കം ചെയ്യപ്പെടുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു.

നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എന്‍ട്രികള്‍ അവലോകനം ചെയ്ത ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചി (ICHR) ലെ മൂന്നംഗ സമിതിയുടേതാണ് തീരുമാനം. മാപ്പിള ലഹളയെ നയിച്ചത് ‘താലിബാൻ മനോഘടന’ ആയിരുന്നുവെന്ന് മുതിർന്ന ആർ എസ് എസ് നേതാവായ റാം മാധവ് ഈയിടെ പ്രസ്താവിച്ചിരുന്നു എന്നതു കൂടി ഈയവസരത്തിൽ ഓർക്കേണ്ടതുണ്ട്.
തീർച്ചയായും, ഗൗരവുള്ള വിഷയമാണിത്. കൊളോണിയൽ കാലത്ത് സാമ്രാജ്യത്വ മേധാവിയായിരുന്ന ബ്രിട്ടനും രണ്ടാം ലോകയുദ്ധാനന്തരം ലോക പോലീസായ അമേരിക്കക്കും പാദസേവ ചെയ്തു പോരുന്ന ചരിത്രമാണ് ഹിന്ദുത്വവാദികളുടേത്. സവർക്കറും ഗോൾവൽക്കറുമെല്ലാം ബ്രിട്ടീഷ്കാർക്കെതിരെ സമരം ചെയ്ത് സമയം പാഴാക്കരുതെന്ന് ആഹ്വാനം ചെയ്ത നാളുകളിൽ, ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ദേശാഭിമാനികൾ തന്നെയാണ് ‘മാപ്പിള കലാപകാരികൾ’.

ആന്തമാൻ ജയിലിൽ നിന്നും ബ്രിട്ടിഷുകാർക്കു മാപ്പെഴുതിക്കൊടുത്ത് പുറത്ത് വന്നയാളാണ് സവർക്കറെങ്കിൽ, മാപ്പപേക്ഷിച്ചാൽ മെക്കയിലേക്ക് നാടുകടത്താമെന്ന ബിട്ടീഷ് വാഗ്ദാനം വലിച്ചെറിഞ്ഞ് രക്തസാക്ഷിത്വം വരിച്ച ധീര ദേശാഭിമാനിയാണ് കുഞ്ഞഹമ്മദ് ഹാജി. അപ്രകാരമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാളികളെ രക്തസാക്ഷി പട്ടികയിൽ നിന്നൊഴിവാക്കി അവരുടെ ഉജ്ജ്വലമായ ചരിത്രം മറമറച്ചുവെച്ച് സ്വന്തം നാണക്കേട് ഒളിപ്പിച്ചു വെക്കാനാണ് ഇന്ന് അമേരിക്കൻ പാദസേവകർ കരുക്കൾ നീക്കുന്നത്.
ഒറ്റപ്പെട്ട ഒരു സംഭവമല്ല ഇത്. അടുത്ത കാലത്ത്, നവ ഫാസിസ്റ്റ് ഭരണകൂടങ്ങൾ അധികാരമേറ്റ പലയിടത്തും ഈ പ്രവണത പ്രകടമാണ്. ചരിത്രത്തെ തങ്ങൾക്കനുകൂലമാക്കി അവതരിപ്പിക്കുകയെന്ന ഒരു പുതിയ ഫാസിസ്റ്റ് ചരിത്ര രചനാ (new history writing) രീതി തന്നെയാണത്. അതിന്റെ ഭാഗമായി ഹിറ്റ്ലറെയും മുസ്സോളിനിയെയും വെള്ളപൂശാനും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ഇകഴ്ത്താനുമുള്ള ശ്രമങ്ങൾ യൂറോപ്പിൽ ജർമ്മനിയിലും ഇറ്റലിയിലും മറ്റും കൊണ്ടു പിടിച്ചു നടക്കുന്നുണ്ട്. അന്ന് മുസ്സോളിനിയും ഹിറ്റ്ലറുമായി ബാന്ധവം സ്ഥാപിച്ചിരുന്ന സംഘ പരിവാർ ഇന്ത്യയിലും സമാനമായ നീക്കങ്ങൾ ചരിത്ര രചനാ രംഗത്തു നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ സംഘി നിയന്ത്രണത്തിലുള്ള ICHR ന്റെ ഈ നീക്കം.

ഇന്ത്യയിലെ കൊളോണിയൽ – സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ ഓർമ്മകൾ സംഘപരിവാറിന്റെ ഉറക്കം കെടുത്തുക സ്വഭാവികം മാത്രമാണ്. ബ്രീട്ടീഷ് ഭരണകൂടം നേരിട്ട് ഇന്ത്യ ഭരിച്ചു തുടങ്ങുന്നതിനും മുന്പ് ഈസ്റ്റ് കമ്പനിയുടെ കാലം മുതൽ പോരാട്ടമാരംഭിച്ച ചരിത്രമാണ് ഇന്ത്യൻ മുസ്ലീംകളുടേത്. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യ സൂത്രധാരകർ മുസ്ലീംങ്ങളാണെന്നു കണ്ടെത്തിയ (സംശയുള്ളവർ Hunter സായപ് എഴുതിയ Indian Mussalmans എന്ന പുസ്തകം കാണുക) ബ്രിട്ടീഷുകാരുടെ കൊടിയ ക്രൂരതകൾക്കും കൂട്ടക്കൊലകൾക്കും തുടർന്നും അവർ വിധേയരാകുകയുണ്ടായി.
അതോടൊപ്പം, ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന തന്ത്രത്തിന്റെ ഭാഗമായി ഹിന്ദു – മുസ്ലീം വൈരുധ്യം വളർത്താനും കൊളോണിയലിസ്റ്റുകൾ കരുക്കൾ നീക്കി. എന്നാൽ, ഈ കെണിയിൽ വീഴാതെ, 20ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ കൊളോണിയല്‍ മേധാവികളുടെ ഉറക്കം കെടുത്തിയതിനൊപ്പം, ഹിന്ദു -മുസ്‌ലിം ഐക്യത്തിലൂന്നുന്ന ദേശീയ പ്രസ്ഥാനത്തിനു ദിശാബോധം നല്‍കുന്നതിനുമാണ് ഇന്ത്യന്‍ മുസ്ലീംങ്ങൾ ശ്രമിച്ചത്. ആ ചരിത്രത്തിന്റെ കൂടി ഭാഗമാണ് കേരളത്തിലെ ബ്രിട്ടീഷ് വിരുദ്ധ മാപ്പിള കലാപങ്ങൾ.

മഹത്തായ ആ പോരാട്ടം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് വരുത്തിത്തീർക്കാൻ സംഘ പരിവാർ കേന്ദ്രങ്ങൾ മുമ്പേ നടത്തിവരുന്ന ശ്രമങ്ങൾക്ക് ഇപ്പോൾ താലിബാനുമായി ബന്ധപ്പെട്ട് ഉയർത്തിക്കൊണ്ടു വന്നിട്ടുള്ള ഇസ്ലാമോഫോബിയ അനുകൂലമാക്കുന്നതിന്റെ ഭാഗമാണ് ICHR വഴി പുറത്തുവന്നിട്ടുള്ള മേൽ സൂചിപ്പിച്ച റിപ്പോർട്ട്. താലിബാനെ കേന്ദ്രീകരിച്ചും അതിന് രൂപം നൽകിയ സാമ്രാജ്യത്വ രാഷ്ട്രീയത്തെ അവഗണിച്ചും ഇപ്പോൾ നവലിബറൽ കേന്ദ്രങ്ങളും അവരുടെ പേനയുന്തികളും ഇന്ത്യയിലടക്കം ഉയർത്തിക്കൊണ്ടു വന്നിട്ടുള്ള പോസ്റ്റ് ട്രൂത്ത് കാമ്പയിന് പല അജണ്ടകളുമുണ്ടെന്ന് തിരിച്ചറിയുക.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.