Fri. Apr 19th, 2024

ബിസിനസ്സിൽ സാമ്പത്തികമായി പിന്നോക്കം പോകുന്നവരും വളർച്ച കൊണ്ട് ഉയരങ്ങളിലേക്ക് എത്തുന്നവരും നിരവധിയാണ്. അത്തരത്തിൽ സമ്പന്നതയിൽ നിന്നും ഒരു സുപ്രഭാതത്തിൽ ദുരിതക്കയത്തിലേക്ക് വഴുതിവീണ യുഎഇയിലെ ഒരു മലയാളി പ്രവാസിയാണ് അനിത ബാലു. വലിയ സമ്പന്നതയിൽനിന്നാണ് അനിത ദുരിതക്കയത്തിലേക്ക് വീണത്. യുഎഇ യിൽ 2000 ജീവനക്കാരുള്ള കമ്പനി, കോടിക്കണക്കിന് രൂപയുടെ സമ്പത്ത്, നാട്ടിലും കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ…

എന്നാൽ എല്ലാം നിലംപതിച്ചത് വളരെ പെട്ടന്ന് ആയിരുന്നു. ഇപ്പോൾ ഒന്നര മാസത്തോളമായി ആലപ്പുഴ കണ്ടല്ലൂർ സ്വദേശി അനിത ബാലു ജീവിതം തള്ളിനീക്കുന്നത് ബർദുബായ് ക്ഷേത്രത്തിനു സമീപമുള്ള വേപ്പ് മരചുവട്ടിലാണ്.

കണ്ടല്ലൂർ സ്വദേശി അനിതയും മുതുകുളം സ്വദേശി ബാലുവും വിവാഹിതരായ ശേഷം ദുബായിലേക്ക് എത്തുകയായിരുന്നു. അനിതയും ബാലുവും സ്വന്തമായി ഇലക്ട്രോ മെക്കാനിക്കൽ ബിസിനസ് ആയിരുന്നു നടത്തിയിരുന്നത്. റാസൽഖൈമ, ദുബായ് എന്നിവിടങ്ങളിൽ വലിയ വലിയ ഓഫീസുകളും 2000 ൽ ഏറെ ജീവനക്കാരും, ആഡംബര വീടും, വാഹനങ്ങളും, കോടിക്കണക്കിന് സ്വത്തും സ്വന്തമായി ഉണ്ടായിരുന്ന അനിതയ്ക്ക് കാര്യങ്ങൾ മാറിമറിഞ്ഞത് വളരെ പെട്ടന്നനായിരുന്നു.

ബിസിനസ് ആവശ്യങ്ങൾക്കായി ബാലു ബാങ്കുകളിൽ നിന്നും വായ്പ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ അനിത ജയിലിലായി, ജാമ്യം നിന്നത് മൂലമാണോ അതോ വായ്പകൾ അനിതയുടെ പേരിലായിരുന്നോ എന്നൊന്നും വ്യക്തമല്ല, നാട്ടിൽ പോയ ഭർത്താവ് തിരികെ വന്നതുമില്ല. ഇതോടെ ജയിലിലായ അനിത 3 വർഷത്തിന് ശേഷമാണു ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പാസ്സ്‌പോർട്ട്, വിസ എന്നിവയുടെ കാലാവധി ഒക്കെ ഇതിനോടകം തന്നെ കഴിഞ്ഞതിനാലും കേസ് നിലനിൽക്കുന്നതുകൊണ്ടും അനിതയ്ക്ക് യാത്ര വിലക്കും ഉണ്ടായിരുന്നു.

ഇതോടെ അനിത ഒരു ക്ഷേത്രത്തിന്റെ വേപ്പ് മരചുവട്ടിലാണ് ഇപ്പോൾ കഴിയുന്നത്. താൽക്കാലികമായി ഇടം അനുവദിച്ച ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ എത്തിയെങ്കിലും അനിത പോകാൻ കൂട്ടാക്കിയില്ല .
രണ്ടു മക്കളാണ് അനിതയ്ക്കും ബാലുവിനും, ഒരാൾ നാട്ടിലും ഒരാൾ ദുബായിലുമുണ്ട്. ദുബായിൽ ഉള്ള മകൻ അമ്മയെ കാണാനും കൂട്ടികൊണ്ട് പോകാനും എത്താറുണ്ടെങ്കിലും ആരുടേയും കൂടെ പോവില്ല എന്ന വാശിയിലാണ് അനിത. മകൻ വിളിച്ചാൽ പോകാൻ തയ്യാറാവുകയോ മകന്റെ കയ്യിൽ നിന്ന് പണമോ ഒന്നും അനിത സ്വീകരിക്കില്ല. കേസുകൾ എല്ലാം തീർത്ത ശേഷം മാത്രമേ അനിതയെ നാട്ടിലെത്തിക്കാനോ നിയമപരമായി താമസസൗകര്യം ഒരുക്കാനോ കഴിയൂ.