Fri. Mar 29th, 2024

ഒളിമ്പിക്‌സ് വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സിലെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ സിന്ധുവിന് വിജയം. ചൈനയുടെ ഹി ബിങ്ങ് ജിയാവോയെ ആണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-13, 21-15.

ആദ്യ സെറ്റില്‍ മികച്ച ഫോമിലായിരുന്ന സിന്ധു തുടക്കത്തിലേ ലീഡ് നേടിയിരുന്നു. വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്കായി രണ്ട് ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യതാരമാണ് സിന്ധു. സെമിയില്‍ ചൈനീസ് തായ്‌പെയ് താരം തായ് സു യിങ്ങിനോട് പരാജയപ്പെട്ടിരുന്നു.

ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണിത്. നേരത്തേ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു ഇന്ത്യയ്ക്ക് വേണ്ടി വെള്ളി നേടിയിരുന്നു. സൈനാ നെഹ്‌വാളിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ബാഡ്മിന്റണില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.

2016 റിയോ ഒളിമ്പിക്സില്‍ താരം വെള്ളി നേടിയിരുന്നു. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന അപൂര്‍വ റെക്കോഡും സിന്ധു സ്വന്തമാക്കി.