Sunday, September 26, 2021

Latest Posts

ജൂലൈ 29: കേരളം മറന്ന ഒരു സാമൂഹ്യപരിഷ്കർത്താവ്, ശുഭാനന്ദ ഗുരു ഓർമ്മദിനം

 ✍️ സുരേഷ്. സി ആർ

”ജാതിമതമില്ല എല്ലാം ഏകസൃഷ്ടി
ഏകത്വമില്ലാതെ ഒന്നുമില്ല
ആണുണ്ടെന്നാകിലോ ബോധം തന്നാകുന്നു
പെണ്ണുണ്ടെന്നാകിലോ സത്കർമ്മങ്ങൾ
ഈ ലോകവാഴ്ചകൾകാണും പെണ്ണുമെന്ന
വേഷങ്ങളെന്താണെന്നോർത്തിടേണം
ഭൂമിയിൽനിന്നും മുളയ്ക്കുന്ന സസ്യവും
ഭൂമിയുമൊന്നാണെന്നോർത്തിടേണം.” (ജ്ഞാനപ്രകാശം ശുഭാനന്ദഗീതം)

ജാതിവ്യവസ്ഥ അതിന്റെ സർവക്രൂരതകളോടുംകൂടി കൊടികുത്തിവാണിരുന്ന കേരള ചരിത്രത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ, സാംബവ സമുദായത്തിൽ നവോത്ഥാനപാത വെട്ടിത്തുറന്ന ശ്രദ്ധേയനായ സന്യാസിവര്യനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു ശുഭാനന്ദ ഗുരു (1882 – 1950).

യഥാർത്ഥ പേര് പാപ്പുക്കുട്ടി. തിരുവല്ലയിൽ ജനനം.ബാല്യകാലത്ത് കടുത്ത ദാരിദ്ര്യം അനുഭവിച്ച അദ്ദേഹം പന്ത്രണ്ടാം വയസ്സിൽ അമ്മയുടെ മരണത്തിനു ശേഷം ദേശാടനത്തിന് പോയി. പിന്നോക്ക സമുദായക്കാരുടെ അടിമത്ത സമാനമായ ജീവിതം കണ്ട അദ്ദേഹം ആത്മീയതയിൽ ഊന്നിയ സാമൂഹിക വിപ്ലവത്തിനു വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചു.

1918-ൽ ചെന്നിത്തലയിൽ വച്ചാണ് ശുഭാനന്ദൻ എന്ന പേരു സ്വീകരിച്ചത്. ജാതിവ്യത്യാസം കൊടികുത്തിവാണ കാലഘട്ടത്തിന്റെ നേർ സാക്ഷിയായ അദ്ദേഹം അവശജനങ്ങളെ ഉദ്ധരിക്കാൻ 1926-ൽ ആത്മബോധോദയ സംഘം സ്ഥാപിച്ചു.

കൊറ്റാർക്കാവ് മുറിയിലും ചെറുകോലിലുമാണ് ഈ സംഘത്തിന്റെ ആസ്ഥാനങ്ങൾ. അടിമകളുടെ കുടിലുകൾ സന്ദർശിച്ച് അവരോടൊപ്പം താമസിച്ച് അവരെ വെടിപ്പും വൃത്തിയുമുള്ളവരാക്കി മാറ്റി സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാനും അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും അടിമജനങ്ങളെ വിമുക്തരാക്കി ചിന്തകന്മാരും ശാന്തശീലരുമാക്കിത്തീർക്കാനും വയൽക്കരകളിൽ ഇരുന്നുകൊണ്ട് ലളിതമായ ഗാനങ്ങളിൽക്കൂടി അവരിലേക്ക് അറിവുപകർന്നു കൊടുക്കാനും അദ്ദേഹം കഠിനപ്രയത്നം നടത്തി.
1934 ജനുവരി 19-ന് മാവേലിക്കരയ്ക്ക് അടുത്തുള്ള തട്ടാരമ്പലത്തു വെച്ച് ശുഭാനന്ദയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയെ സ്വീകരിച്ചിട്ടുണ്ട്. 1935 നവംബർ 10-ന് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് 101 അനുയായികളെ അണിനിരത്തി തിരുവനന്തപുരത്തേക്ക് പദയാത്ര നടത്തുകയും ശ്രീചിത്തിരതിരുനാളിന് നിവേദനം സമർപ്പിക്കുകയും ചെയ്തു.

നവോത്ഥാന മൂല്യങ്ങളായ വിദ്യാഭ്യാസം, ജാതിനശീകരണം, അനാചാര ധ്വംസനം, അടിമത്തവിരോധം മുതലായവ കണ്ടെത്താൻ ഉതകുന്നതാണ് ശുഭാനന്ദ രചിച്ചതായി പറയപ്പെടുന്ന കീർത്തനങ്ങളും അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ ശുഭാനന്ദ ഗീതങ്ങളും.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.