Thu. Apr 25th, 2024

വേലൂർ മണിമലര്‍കാവ് സമരനായിക,ലക്ഷ്മികുട്ടി അമ്മ (102) അന്തരിച്ചു 1956-ൽ, സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാൻ മാറുമറയ്ക്കല്‍ സമരം നടത്തി സവർണാധിപത്യത്തെ അടിയറവ് പറയിച്ച വേലൂര്‍ മണിമലര്‍കാവ് സമരനായികയാണ് ലക്ഷ്മികുട്ടി അമ്മ. ശാരീരിക അവശതകള്‍ മൂലം കഴിഞ്ഞ ഒരാഴ്ചയായി കിടപ്പിലായിരുന്നു.

ചേങ്ങഴിക്കാട് നാടുവാഴികളുടെ കൈവശത്തിലായിരുന്ന മണിമലര്‍ക്കാവിലെ കുംഭഭരണിക്ക് മാറുമറയ്ക്കാതെ സ്ത്രീകള്‍ താലം എടുക്കാന്‍ എത്തണമെന്നായിരുന്നു ആചാരം. ഈഴവരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമാണ് താലമെടുക്കാന്‍ എത്തിയിരുന്നത്. സവര്‍ണ്ണ മേധാവിത്വം അടക്കിവാണിരുന്ന കാലത്ത് ഈ അനാചാരത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ വകവരുത്തുകയോ തീപൊള്ളിക്കുകയോ ആയിരുന്നു പതിവ്. ജീവൻ പണയപ്പെടുത്തി താലമെടുക്കുന്ന സ്ത്രീകളെ സാരിയും ബ്ലൗസും അണിയിച്ച് ക്ഷേത്രത്തിലെത്തിച്ചത് ലക്ഷ്മികുട്ടി അമ്മയുടെ നേതൃത്വത്തിലായിരുന്നു.

പതിനെട്ട് ദേശങ്ങളുടെ കേന്ദ്രമായ മണിമലര്‍ക്കാവ് ക്ഷേത്രത്തില്‍ അവര്‍ണര്‍ താലമെടുക്കാനോ വസ്ത്രം ധരിച്ചുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കാനോ സവര്‍ണര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനോ പാടില്ലെന്ന പ്രാകൃത നിയമത്തെയാണ് ലക്ഷ്മിക്കുട്ടിയമ്മയും സുഹൃത്തുക്കളും തകർത്തെറിഞ്ഞത്. ഈശ്വരവിശ്വാസത്തിന്റെ മറവില്‍ പെണ്ണുങ്ങളുടെ വസ്ത്രമുരിയിച്ച് അത് ആസ്വദിച്ചുനില്‍ക്കുന്ന സവര്‍ണ അശ്ലീലതയ്‌ക്കെതിരെയായിരുന്നു വേലൂരിലെ സ്ത്രീകളുടെ പോരാട്ടം.

വെളിച്ചപ്പാട് രാവുണ്ണിനായര്‍ കോപംകൊണ്ട് ജ്വലിച്ചു. ദേവിയായി നിന്ന് ശാപവാക്കുകള്‍ ചൊരിഞ്ഞ അദ്ദേഹം നാടാകെ വസൂരി (ചിക്കന്‍പോക്‌സ്) വിതറുമെന്ന് ആക്രോശിച്ച് സ്വന്തം തല വെട്ടിപൊളിച്ച് ഉള്ളംകയ്യില്‍ നെല്ലുവച്ച് വസൂരിയെന്ന ഭാവത്തില്‍ വിതറാന്‍ ഒരുങ്ങിയപ്പോള്‍ അപ്പാടെ വിതറേണ്ടതില്ല എന്റെ കൈയില്‍ തന്നോളുവെന്ന് പറഞ്ഞു മുന്നോട്ടുവന്ന സിപിഐ നേതാക്കളായിരുന്ന എ എസ് എന്‍ നമ്പീശന്‍, കെ എസ് ശങ്കരന്‍ തുടങ്ങിയവരെപ്പോലുള്ള യുവാക്കളുടെ ഇടപെടല്‍ സവര്‍ണരുടെ നേതൃത്വമുള്ള നായര്‍ പ്രമാണിമാരെ പ്രകോപിതരാക്കി.

ദൈവഹിതമെന്ന പേരില്‍ അതുവരെ അനുഷ്ഠിച്ചിരുന്ന സവര്‍ണ മൂല്യബോധത്തെയാണ് അന്ന് ആ സ്ത്രീകള്‍ പൊളിച്ചെഴുതിയത്. ഇനിമേല്‍ മാറുമറയ്ക്കാതെ അരിത്താലം നടത്താന്‍ കഴിയില്ലെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപനം മണിമലര്‍ക്കാവിലും സമീപ പ്രദേശങ്ങളിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നടപ്പിലാവുകയായിരുന്നു. പക്ഷേ എന്നിട്ടും അവര്‍ണര്‍ അരിത്താലത്തില്‍ പങ്കെടുത്തുതുടങ്ങിയത് 2015-ല്‍ മാത്രമാണ്.

വൈകുണ്ഠസ്വാമിയും അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും മുന്നോട്ട് കൊണ്ടുപോയ നവോത്ഥാന ശ്രമങ്ങളുടെ ഭാഗമായിരുന്നു മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം. ആധുനിക കേരളത്തെ രൂപപ്പെടുത്തിയ നവോത്ഥാന സമരങ്ങളില്‍ അപ്രധാനമാക്കപ്പെടുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യപ്പെട്ട ഒന്നാണ് മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം.
ക്ഷേത്ര പ്രവേശനത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും വേണ്ടി നടന്ന ദളിത് പിന്നോക്ക വിഭാഗങ്ങളുടെ സമരങ്ങളില്‍ ഒന്ന് മാത്രമല്ല മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം. ജാതി കേന്ദ്രീകൃതമായ സമൂഹത്തില്‍ സ്ത്രീകളെ അടിമകളായും ഉപകരണങ്ങളായും കണ്ടിരുന്ന സാമൂഹ്യാവസ്ഥയ്‌ക്കെതിരെ കേരളത്തില്‍ നടന്ന സ്ത്രീ വിമോചന പോരാട്ടങ്ങളില്‍ അപൂര്‍വമായ സമരങ്ങളില്‍ ഒന്നാണിത്.

1954ല്‍ വേലൂര്‍ കേന്ദ്രീകരിച്ച് വാഴാനി ഡാമില്‍ നിന്ന് വരുന്ന കനാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴില്‍ സമരമാണ് സ്ത്രീകള്‍ നേതൃത്വമായുള്ള ഈ സമരത്തിന് അവരെ കരുത്തുള്ളവരാക്കി മാറ്റിയത്. അറുപതോളം സ്ത്രീകളാണ് അന്ന് ജയില്‍വാസമനുഭവിച്ചത്. അതില്‍ പങ്കെടുത്ത മുഴുവന്‍ സ്ത്രീ നേതൃത്വവും ഈ സമരത്തിലും പങ്കെടുത്തു. വേളത്ത് ലക്ഷ്മിക്കുട്ടി, കെ സി കാളികുട്ടി, കെ കെ കുറുമ്പ, അത്താണിക്കല്‍ ജാനകി, അത്താണിക്കല്‍ കമലു, വേളത്ത് വള്ളിയമ്മു, വെള്ളറോട്ടില്‍ മീനാക്ഷി, ഞാലില്‍ അമ്മു, നെല്ലിക്കല്‍ ജാനകി എന്നിവരാണ് മാറുമറയ്ക്കല്‍ സമരത്തിന് നേതൃത്വം നല്‍കിയത്.