Tue. Apr 23rd, 2024

പുനരുത്ഥാന കേരളം നമ്പർ വൺ ലെ പ്രമുഖ അന്ധവിശ്വാസ വാണിജ്യ കേന്ദ്രങ്ങളിൽ തട്ടിപ്പിനുള്ള അവകാശത്തിനും കുത്തകവൽക്കരണം. പറ്റിച്ച് ജീവിക്കണമെങ്കിൽ പോലും ഉന്നത കുലജാതനാകണമെന്നു ദേവസ്വം ബോർഡ്. ശബരിമലമാളികപ്പുറം മേൽശാന്തി ഒഴിവുകളിലേക്കുളള ഏഴ് അബ്രാഹ്മണ പൂജാരിമാരുടെയും അപേക്ഷകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിരസിച്ചു. ബ്രാഹ്മണരല്ലെന്ന കാരണത്താലാണിതെന്നു കാണിച്ചുള്ള നിരാസപത്രം എല്ലാവർക്കും ലഭിച്ചു. അപേക്ഷാ ഫീസായ 2,500 രൂപ മടക്കി നൽകിയിട്ടുമുണ്ട്. ചണ്ഡാളർക്ക് സ്വധർമ്മം അനുഷ്ഠിച്ച് ജീവിച്ച് അടുത്തജന്മത്തിൽ ബ്രാഹ്മണനായി ജനിച്ച് സുരേഷ്ഗോപിയെ പോലെ ശബരിമല മേൽശാന്തി ആകാവുന്നതാണ് .

സി.വി.വിഷ്ണുനാരായണൻ, ടി.എൽ.സിജിത്ത് , എം.ആർ.രജീഷ് കുമാർ , പി.ആർ.വിജീഷ്, എം.വിജു , സി.എ.ഷാജിമോൻ, എം.എം.രജീഷ് എന്നിവരുടെ അപേക്ഷകളാണ് തള്ളിയത്. ഇതിൽ വിഷ്ണുനാരായണൻ സംസ്കൃതത്തിലും ജ്യോതിഷത്തിലും എം.എ ബിരുദധാരി യാണ് . ശ്രീനാരായണ ഗുരു പ്രതിഷ്ഠ നിർവഹിച്ച കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ മേൽശാന്തിയായ ടി .എൽ. സിജിത്ത് സംസ്കൃതത്തിൽ എം.എ ബിരുദവും പി.ആർ.വിജീഷ് സംസ്കൃതത്തിൽ ബിരുദവും ഉളളവരാണ്.

ശബരിമല മേൽശാന്തി നിയമനത്തിൽ അബ്രാഹ്മണരെ പരിഗണിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ നാളെ ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്യുമെന്ന് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. നിലവിൽ ഹൈക്കോടതി അംഗീകരിച്ച വ്യവസ്ഥകൾ പ്രകാരമാണ് മലയാള ബ്രാഹ്മണരെ മാത്രം മേൽശാന്തിയായി പരിഗണിക്കുന്നത്. അതിന് മാറ്റം വരണമെങ്കിൽ മറ്റൊരു കോടതി നിർദേശം വേണം. കോടതി പറയുന്നത് നടപ്പാക്കാൻ ബോർഡ് ബാദ്ധ്യസ്ഥമാണ്. ഏകപക്ഷീയമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഉദ്ദേശിക്കുന്നില്ല. എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരുമായി ചർച്ചചെയ്ത് സമവായം സൃഷ്ടിക്കണമെന്നതാണ് നിലപാടെന്നും എൻ.വാസു പറഞ്ഞു.

ശബരിമല മേൽശാന്തി നിയമനത്തിന് മലയാള ബ്രാഹ്മണരിൽ നിന്ന് മാത്രം അപേക്ഷ സ്വീകരിക്കുന്നത് ഭരണഘടനാ ലംഘനവും സുപ്രീം കോടതി ഉത്തരവുകൾക്കും സർക്കാർ നിർദേശത്തിനും എതിരുമാണെന്ന് ചൂണ്ടിക്കാട്ടി അബ്രാഹ്മണ അപേക്ഷകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസുകൾ ബുധനാഴ്ച വീണ്ടും പരിഗണിക്കും. ഇവരുടെ അപേക്ഷകൾ മലയാള ബ്രാഹ്മണനല്ലെന്ന് കാരണത്താൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിരസിച്ചിരുന്നു .

ദേവസ്വം ബോർഡുകളിലെ ശാന്തി നിയമനങ്ങളിൽ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി 2002ൽ ഉത്തരവിട്ടതാണ്. ഇങ്ങനെ പല ഉത്തരവുകളും കടലാസിൽമാത്രം നിലനിൽക്കുകയാണ്.ശബരിമല, മാളികപ്പുറം മേൽശാന്തി പദവിയിലേക്ക് അപേക്ഷിക്കുന്നവർ മലയാള ബ്രാഹ്മണൻ ആയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണ്. ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥകൾ സുപ്രീംകോടതി ഉത്തരവുകളുടെയും ലംഘനമാണ്‌. അപേക്ഷകർക്ക് നൽകിയിരിക്കുന്ന റിജക്ഷൻ മെമ്മോയിലെ “മലയാള ബ്രാഹ്മണൻ അല്ലാത്തതിനാൽ നിഷേധിക്കുന്നു” എന്ന വാചകവും ഭരണഘടനാവിരുദ്ധമാണ്.