Tue. Mar 19th, 2024

പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. മുറിക്ക് പുറത്തുള്ള വരാന്തയിലെ വൈദ്യുതി മദര്‍ സൂപ്പീരിയര്‍ വിച്ഛേദിച്ചുവെന്ന് കാണിച്ച് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിലായിരുന്നു പ്രതിഷേധം. വെള്ളമുണ്ട പൊലീസെത്തി വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിച്ചതോടെ സമരം അവസാനിപ്പിക്കുക ആയിരുന്നു.

മുറിക്ക് പുറത്തുള്ള വരാന്തയിലെ വൈദ്യുതി മദര്‍ സൂപ്പീരിയര്‍ വിച്ഛേദിച്ചുവെന്ന് കാണിച്ച് വെള്ളമുണ്ട പൊലീസില്‍ കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ ലൂസി പരാതി നല്‍കിയത്. കാരയ്ക്കമല എഫ്‌സിസിക്ക് മുന്‍പിലാണ് ലൂസി കളപ്പുര നിരാഹാരമിരുന്നത്.

പതിനഞ്ചു വയസു മുതൽ സിസ്റ്റർ ലൂസി അംഗമായ FCC കുടുംബം തന്നോട് ചെയ്യുന്നത് ഇതാണ്. എന്ന് പറഞ്ഞുകൊണ്ട് സിസ്റ്റർ ലൂസി കളപ്പുര ഫെയ്‌സ് ബുക്കിൽ കഴിഞ്ഞദിവസം രാത്രി രാത്രി ഒരു ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. “സന്ന്യാസവസ്ത്രങ്ങൾ ധരിച്ച് പ്രാർത്ഥനകളും സൽപ്രവർത്തികളുമായി എപ്പോഴും ആത്മീയ വിശുദ്ധിയിൽ കഴിയുന്നവരെന്ന് സ്വയം അവകാശപ്പെടുന്ന സന്ന്യാസിനികൾക്ക് ഒരു സഹജീവിയോട് ഇങ്ങനെയൊക്കെ ചെയ്യാൻ മനസുവരുന്നതെങ്ങനെയാണെന്ന് മാത്രം എത്രയാലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല” എന്ന് സിസ്റ്റർ ലൂസി പോസ്റ്റിൽ ചോദിച്ചിരുന്നു. കോണ്‍വെന്റ് അധികൃതര്‍ ദ്രോഹ നടപടികൾ വീണ്ടും തുടരുന്നതിനാൽ ആണ് സിസ്റ്റർ ലൂസി സത്യഗ്രഹ സമരം ആരംഭിക്കാൻ നിര്ബന്ധിതയായത്.