Tue. Mar 19th, 2024

ഇസ്റാഈലി നിർമിത ചാര സോഫ്റ്റ്‌വെയർ ആയ പെഗാസസ് ഉപയോഗിച്ച് രാജ്യത്ത് മാധ്യമ പ്രവർത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഫോണുകൾ ചോര്‍ത്തിയ സംഭവത്തിൽ ഇടത് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. അഭിഭാഷക രശ്മിത രാമചന്ദ്രന്‍ മുഖേനെ റിട്ട് ഹരജിയാണ് അദ്ദേഹം ഫയല്‍ ചെയ്തത്.

കേന്ദ്ര ആഭ്യന്തര, ഐടി, വാര്‍ത്തവിനിമയ മന്ത്രാലയങ്ങളെ എതിര്‍ കക്ഷിയാക്കിയാണ് ബ്രിട്ടാസ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യപ്പെടുന്ന രണ്ടാമത്തെ ഹരജിയാണ് ജോണ്‍ ബ്രിട്ടാസിന്റേത്.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിഷ്പക്ഷമായ അന്വേഷണം നടത്തില്ല. സുതാര്യമായ അന്വേഷണം നടത്തിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് രാജ്യസഭാംഗമായ താന്‍ സുപ്രീം കോടതി സമീപിച്ചിരിക്കുന്നതെന്നും കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹരജിയില്‍ ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.