Tue. Apr 23rd, 2024

സംസ്ഥാനത്ത് ഐ എന്‍ എല്‍ പിളര്‍ന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൂട്ടത്തല്ലിനു പിന്നാലെയാണ് പാര്‍ട്ടി പിളര്‍ന്നത്. സംഘര്‍ഷത്തിനു ശേഷം ഇരു വിഭാഗവും വെവ്വേറെ യോഗം ചേര്‍ന്നു. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള വിഭാഗം ആലുവയിലും പ്രസിഡന്റ് അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ കൊച്ചി തോപ്പുംപടിയിലുമാണ് യോഗം ചേര്‍ന്നത്. കാസിം ഇരിക്കൂറിനെ സ്ഥാനത്ത് നിന്ന് നീക്കുമെന്ന് അബ്ദുല്‍ വഹാബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടിയെ തകര്‍ക്കാന്‍ ജനറല്‍ സെക്രട്ടറി ശ്രമിക്കുന്നതായാണ് അബ്ദുല്‍ വഹാബിന്റെ ആരോപണം.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നല്ല നിലയില്‍ തുടങ്ങിയ യോഗത്തിനിടെ രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ വാക്കേറ്റം നടത്തുകയും പിന്നീട് ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലാണ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി പ്രവര്‍ത്തകര്‍ പരസ്പരം തമ്മിലടിച്ചത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ മന്ത്രിയുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള നീക്കമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്.