Tue. Mar 19th, 2024

✍️ ലിബി.സി.എസ്

വിചാരകേന്ദ്രം ഇല്ലത്തെ വിരൂപാക്ഷൻ തിരുമേനിയുടെ ചില കണ്ടുപിടുത്തങ്ങൾ !

ലോകത്തെ ആദ്യ ഒളിമ്പിക്സ് നടന്നതും ഈ പുണ്ണ്യ പുരാണ ഭൂമിയായ ഭാരതത്തിൽ ആണെന്ന്. എന്താ വിശ്വാസം വരുന്നില്ലേ? വിശ്വസിക്കുക അതാണ് പ്രധാനം.അന്ധ വിശ്വാസം എന്നൊന്നില്ല.എല്ലാ വിശ്വാസവും അന്ധ വിശ്വാസമാണ്.

ഇന്ത്യ ടെസ്റ്റ് ടുബ് ശിശുവിനെ കണ്ടെത്തിയ പോലെ, വിമാനം കണ്ടു പിടിച്ചത് പോലെ, നാം തന്നെയാകുന്നു ഈ വിശ്വ കായിക മേളക്കും തുടക്കമിട്ടത്. ഗ്രീസ് അന്ന് ഭൂമിയിൽ ജനിച്ചിട്ട് പോലും ഇല്ല.

കുടത്തിൽ ജനിച്ചതും, പുഷ്പക വിമാനത്തിൽ യാത്ര ചെയ്തതും ഈ ഭാരത വർഷത്തിൽ ആണെന്ന കാര്യം ആരും മറക്കേണ്ടതില്ല. അത് പോലെ ആദ്യ കായിക താരങ്ങൾ ജനിച്ചതും ഭാരതത്തിൽ തന്നെ. അത് ഒളിമ്പിക്സ് ആയി വികസിച്ചില്ലെന്നു മാത്രം. പക്ഷെ അതിന്റെ ബീജാവാപം ഈ സിന്ധു ഗംഗ സമതല ഭൂവിലാണ്.

കേരള വിചാരകേന്ദ്രം ഇല്ലത്തെ വിരൂപാക്ഷൻ തിരുമേനി പ്രാചീന ഭാരതത്തിലെ കായിക താരങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത് ചുവടെ ചേർക്കുന്നു.
1) ജാവലിൻ ത്രോ- ഫസ്റ്റ് പരശുരാമൻ,ഗോകർണം മുതൽ കന്യാകുമാരി വരെ.ഈ നീളം ഇന്ന് വരെ ആർക്കെങ്കിലും ഭേദിക്കാൻ കഴിഞ്ഞോ? ഇനി എന്നെങ്കിലും ആർക്കെങ്കിലും ഭേദിക്കാൻ കഴിയുമോ?ലോകത്തിലെ എല്ലാ ഏറുകാരും നിരന്നു നിന്ന് എറിഞ്ഞാൽ പോലും ഇതിൻറെ പകുതി വരുമോ?

2) അമ്പെയ്ത്ത്– ഫസ്റ്റ് ശ്രീ.അർജുനൻ.അപ്പീൽ പോയാണ് ശ്രീ അർജുനൻ ഈ വിധി സമ്പാദിച്ചത്. ഏകലവ്യൻറെ പ്രകടനം കണ്ടപ്പോൾ ശ്രീ അർജുനൻ ജസ്റ്റീസ് ദ്രോണാചാര്യർക്കു മുൻകൂട്ടി തന്നെ ഹർജി നൽകി ഹർജി തീർപ്പാക്കി ദ്രോണാചാര്യർ ശ്രീ അർജുനന് അനുകൂലമായി വിധിച്ചു. വിധിയിൽ അഴിമതി ആരോപിക്കുന്നുണ്ടെങ്കിലും വിശുദ്ധ കോടതിയെ സംശയിക്കാൻ ഒരു സന്ദേഹ വാദിക്കും സ്വാതന്ത്ര്യം ഇല്ലാത്തതിനാൽ ജസ്റ്റീസ് ദ്രോണർ ഇപ്പോഴും സത്യസന്ധനായ നീതി പാലകനായി ഓർമ്മകളിൽ ആദർശ സുരഭിലനായി പരിലസിക്കുന്നു.
3) ഓട്ടം -ഫസ്റ്റ് ശ്രീ.മാരീചൻ ലക്ഷ്മണന് തൊടാൻ പറ്റിയില്ല.

ആദ്യമായി വിവിധ ഇനങ്ങൾക്ക് ഒന്നാമതെത്തിയ ബഹുമതിയും ഭാരതീയ പുണ്ണ്യ പുരാണ പുരുഷൻമാർക്കാണ്.

4) ലോങ്ങ് ജമ്പ്-ഫസ്റ്റ് ശ്രീ.ഹനുമാൻ തന്നെ, ഭാരതത്തിൽ നിന്നു ലങ്ക വരെ, എത്ര മീറ്റർ ഉണ്ടെന്നു അളക്കാമെങ്കിൽ അളന്നോളു…!

5) ഹൈ ജമ്പ്– അതും ഫസ്റ്റ് ശ്രീ.ഹനുമാൻ തന്നെ. ഭൂമിയിൽ നിന്നും സൂര്യൻ വരെ, ഏതെങ്കിലും യുക്തിവാദിക്ക് അളക്കാമെങ്കിൽ അളന്നോളൂ…

6) വൈറ്റ് ലിഫ്റ്റിങ് – ഫസ്റ്റ് രണ്ടു പേർ ചേർന്നു പങ്കിട്ടു. ശ്രീ.ഹനുമാനും ശ്രീ കൃഷ്ണനും. ഹനുമാൻ മരുത്വാമല പൊക്കി കൃഷ്ണൻ ഗോവർദ്ധൻ ഗിരി പൊക്കി. ഏതു മലക്കാണ് തൂക്കം കൂടുതൽ എന്ന് തിട്ടപ്പെടുത്താൻ ആവാത്തതിനാൽ ഇരുവരെയും വിജയികളാക്കി.

ഗുസ്തി മത്സരത്തിന്റെ കാര്യം പിന്നെ പറയുകയും വേണ്ട. ഈ ഭാരതത്തോടാണ് കളി.

കളിയിൽ കഥകളിയോടും കബഡി കളിയോടും മാത്രം കമ്പമുള്ള വിചാരകേന്ദ്രം ഇല്ലത്തെ വിരൂപാക്ഷൻ തിരുമേനിക്ക് ബ്രസീലിലെ കളിയോടും കമ്പം തോന്നി. പ്രശ്നം ദാർശനീകവും ആത്മീയവുമാണ്. ബ്രസീൽ”ബ്രാ” ബ്രസീൽ “ബ്ര”യിൽ തുടങ്ങുന്നു. ”ബ്ര”യിൽ തുടങ്ങുന്നതിനെല്ലാം ദിവ്യത്വം. ബ്രാഹ്മണൻ “ബ്ര”, ബ്രഹ്മം, ബ്രഹ്മർഷി, ബ്രഹ്‌മാവ്‌, ബ്രാഹ്മ മുഹൂർത്തം എന്നിവ പോലെ ബ്രസീലും …

ഇന്ത്യയിൽ നിന്ന് യാഗത്തിന് പോയ ബ്രാഹ്മണരാണ് പണ്ട് ഒരു ബ്രാഹ്മണൻ മഴു എറിഞ്ഞു കേരളം സൃഷ്ട്ടിച്ചത് പോലെ ബ്രസീൽ എന്ന രാജ്യം സൃഷ്ട്ടിച്ചത്. എന്ന് കൂടി പറഞ്ഞാൽ ചരിത്രത്തിൻറെ പിന്തുണ കൂടി കിട്ടും. അതിനുള്ള രേഖകൾ നിസാരമായി ഉണ്ടാക്കി എടുക്കാവുന്നതേ ഉള്ളൂ. ഉണ്ടുറങ്ങി പുരാവസ്തു വകുപ്പിൽ സസുഖം വാഴുന്ന ചരിത്രകാരന്മാരായ കുംഭകർണ്ണന്മാരെ ഏൽപ്പിച്ചാൽ മതി.