Thu. Mar 28th, 2024

ആലപ്പുഴ ചേർത്തല കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്ന വ്യാജ അഭിഭാഷക സെസി സേവ്യർ കീഴടങ്ങാനെത്തിയെങ്കിലും ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ആലപ്പുഴ കോടതിയിൽ നിന്നും വെള്ളിയാഴ്ച വീണ്ടും മുങ്ങി. പ്രതിക്കെതിരെ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തിരുന്നത്. ഇത് ജാമ്യം ലഭിക്കുന്ന വകുപ്പുകളായിരുന്നു. വിശ്വാസ വഞ്ചനക്കുറ്റം കൂടി ചേർത്ത് പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയതോടെ സെസി മുങ്ങുകയായിരുന്നു.

ആദ്യം ചേർത്തിരുന്നു വകുപ്പുകൾ പ്രകാരം ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രതി കോടതിയിലെത്തുകയും, നേരത്തേ നൽകിയ ജാമ്യാപേക്ഷ വേഗം പരിഗണിക്കാൻ അഭിഭാഷകൻ മുഖേന അപേക്ഷ നൽകുകയും ചെയ്തെങ്കിലും അൽപം കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. ഇതിനിടെ വിശ്വാസ വഞ്ചനക്കുറ്റം കൂടി ചേർത്ത് കോടതിക്ക് പൊലീസ് റിപ്പോർട്ട് നൽകി. ജാമ്യം കിട്ടാത്തതും 7 വർഷം വരെ തടവു ലഭിക്കാവുന്നതുമായ ഈ വകുപ്പ് ഉൾപ്പെടുത്തിയതോടെ കേസ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ അധികാര പരിധിയിലായി.

ഇക്കാര്യം അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അബ്ദു‍ൽ ഖാദർ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയതോടെ അപേക്ഷ അവിടെ നൽകാൻ അഭിഭാഷകർക്കു നിർദേശം നൽകി. ​തുടർന്നു പുറത്തിറങ്ങിയ സെസി രക്ഷപ്പെടുകയായിരുന്നു. എൽഎൽബി ജയിക്കാതെ മറ്റൊരാളുടെ റോൾ നമ്പർ നൽകി 2019ൽ ബാർ അസോസിയേഷനിൽ അംഗത്വം നേടിയ സെസി, ഏപ്രിലിൽ നടന്ന ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിർവാഹക സമിതി അംഗമായി. 

പിന്നീട് ലൈബ്രേറിയനുമായി. അംഗത്വം നേടാൻ നൽകിയ രേഖകൾ, ലൈബ്രേറിയനായിരിക്കെ ഇവർ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്തതായും പരാതിയുണ്ട്. ബാർ അസോസിയേഷൻ നിർവാഹക സമിതി യോഗം ചേർന്ന് ഇവരെ പുറത്താക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. ഫ്രാൻസിസ് മംഗലത്ത്, അഡ്വ. എസ്. ബിന്ദുരാജ് എന്നിവർ ഹാജരായി.

ആദ്യം ഉൾപ്പെടുത്തിയ വകുപ്പുകൾ കൂടാതെ ജാമ്യം ലഭിക്കാതിരിക്കാൻ പൊലീസ് അധിക വകുപ്പുകൾ ചുമത്തിയതിനാലാണ് ജാമ്യാപേക്ഷ പിൻവലിച്ച് സെസി തിരികെ പോയതെന്ന് അഭിഭാഷകരായ ഫ്രാൻസിസ് മംഗലത്തും എസ്.ബിന്ദുരാജും പറഞ്ഞു.ആദ്യ കുറ്റാരോപണ പ്രകാരം ഇന്ത്യയിലെ ഏതു കോടതിക്കും പ്രതിക്ക് ജാമ്യം നൽകാമെന്നിരിക്കെയാണ് കക്ഷി ഹാജരാകാൻ എത്തിയത്.

അധിക കുറ്റം ചുമത്തിയപ്പോൾ ജാമ്യം ലഭിക്കില്ലെന്നു സംശയിച്ച് തിരികെ പോയി. ഇനി ഹൈക്കോടതിയിലോ ജില്ലാ സെഷൻസ് കോടതിയിലോ മുൻകൂർ ജാമ്യത്തിനു ശ്രമിക്കും. പ്രതിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകർക്കെതിരെ ബാർ അസോസിയേഷന് നടപടിയെടുക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി വിധിയുണ്ടെന്നും അവർ പറഞ്ഞു. പ്രതിക്കുവേണ്ടി ഹാജരാകുമ്പോൾ അസോസിയേഷന്റെ താൽപര്യം നോക്കേണ്ടതില്ലെന്നും പറഞ്ഞു.
സെസി സേവ്യർ പ്രതിയായി ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ അസോസിയേഷൻ അംഗങ്ങളാരും കോടതിയിൽ ഹാജരാകരുതെന്നു നിർവാഹക സമിതി യോഗം തീരുമാനിച്ചു. ഇന്നലെ പ്രതിക്കുവേണ്ടി അംഗങ്ങളായ അഭിഭാഷകർ ഹാജരായതിനെ യോഗം അപലപിച്ചു. ഇവർക്കെതിരെ നടപടി ആലോചിക്കാൻ ഇന്നു 2.30ന് അസോസിയേഷൻ ജനറൽ ബോഡി ചേരും.

]നിർവാഹക സമിതി അംഗമായിരുന്ന സെസി സേവ്യർ അഭിഭാഷകയല്ലെന്നു കണ്ടെത്തിയതിനാൽ വോട്ടെടുപ്പിൽ തൊട്ടടുത്ത സ്ഥാനത്തെത്തിയ അംജേഷിനെ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുത്തതായി അംഗീകരിച്ചു. സെസി സേവ്യർ വഹിച്ച ലൈബ്രേറിയന്റെ ചുമതല സമിതിയംഗമായ റിഷ്ന റഹീമിനു കൈമാറി. പ്രസിഡന്റ് അഡ്വ. എ.ജയകുമാർ അധ്യക്ഷനായി.
അതേസമയം, അഭിഭാഷകർക്കിടയിൽ ഇതേച്ചൊല്ലി അഭിപ്രായ ഭിന്നതയുണ്ട്. അഭിഭാഷക സമൂഹത്തിനാകെ കളങ്കം വരുത്തിയ വ്യാജ അഭിഭാഷകയ്ക്കെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. നീതി അർഹിക്കുന്ന ആർക്കും അതിന് അവകാശമുണ്ടന്നും കേസ് സംബന്ധിച്ച് കോടതി തീരുമാനിക്കട്ടെ എന്നു മറു വിഭാഗം പറയുന്നു.

കേസ് ഗൗരവമായി അന്വേഷിച്ചപ്പോൾ കൂടുതൽ കുറ്റങ്ങൾ ബോധ്യപ്പെട്ടതിനാലാണ് അധിക വകുപ്പ് ഉൾപ്പെടുത്തി റിപ്പോർട്ട് നൽകിയത്. ബാർ അസോസിയേഷൻ നൽകിയ പരാതി പ്രകാരം ആദ്യം ഐപിസി 417, 419 വകുപ്പുകളാണ് ഉൾപ്പെടുത്തിയത്. കൂടുതൽ അന്വേഷിച്ചപ്പോൾ കക്ഷികളിൽനിന്നു പണം വാങ്ങിയത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ബോധ്യപ്പെട്ടു. തുടർന്നാണ് വിശ്വാസവഞ്ചന കുറ്റം കൂടി ഉൾപ്പെടുത്തി കോടതിക്ക് റിപ്പോർട്ട് നൽകിയത്. അധികമായി കുറ്റം ചുമത്തിയതനുസരിച്ച് കൂടുതൽ തെളിവുകളും ശേഖരിക്കണം. സെസി എത്തുമ്പോൾ കോടതി ഡ്യൂട്ടിയിലുള്ള പൊലീസ് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

നിയമപഠനം പൂര്‍ത്തിയാക്കാതെയും എൻറോൾ ചെയ്യാതെയും ആലപ്പുഴയില്‍ അഭിഭാഷക പ്രാക്ടീസ് നടത്തിയിരുന്ന കുട്ടനാട് രാമങ്കരി സ്വദേശി സെസി സേവ്യറിനെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു നോർത്ത് പൊലീസ് കേസെടുത്തത്.

രണ്ടരവർഷമായി ജില്ലാ കോടതിയിൽ ഉൾപ്പെടെ കോടതി നടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിട്ടുണ്ടെന്നു പരാതിയിൽ പറയുന്നു. സെസിയുടെ യോഗ്യതയെക്കുറിച്ച് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ രേഖകള്‍ ഹാജരാക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇവര്‍ നല്‍കിയ എൻറോൾമെന്റ് നമ്പറിൽ ഇങ്ങനെയൊരു പേരുകാരി ബാര്‍ കൗൺസിലിന്‍റെ പട്ടികയില്‍ ഇല്ലെന്നു കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ എൻറോൾമെന്റ് നമ്പർ കാണിച്ചാണ് ഇവര്‍ പ്രാക്ടീസ് ചെയ്തിരുന്നത്.

തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ബെംഗളുരുവില്‍ പഠനം പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു. അഭിഭാഷക യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാല്‍ ബാര്‍ അസോസിയേഷനില്‍നിന്ന് സെസിയെ പുറത്താക്കി. അന്വേഷണം നടക്കുന്നതായി നോര്‍ത്ത് പൊലീസ് അറിയിച്ചു. രണ്ടു ദിവസം മുന്‍പ് വരെ പ്രവര്‍ത്തനക്ഷമമായിരുന്ന ഇവരുടെ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ചങ്ങനാശേരിയിലാണ് സെസി ആദ്യം പ്രാക്ടീസ് തുടങ്ങിയത്. അവിടെ വച്ച് യുവ അഭിഭാഷകനുമായി അടുത്ത സൗഹൃദത്തിലായി. ഈ സൗഹൃദം ശക്തമായി തുടരുന്നതിനിടെ ഒരു ഘട്ടത്തില്‍ അഭിഭാഷക പഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന വിവരവും പങ്കുവച്ചിരുന്നു. ഇടയ്ക്ക് ഇരുവരും തമ്മിലുള്ള സൗഹൃദം മുറിഞ്ഞു. സെസി ആലപ്പുഴയിലേക്ക് പ്രാക്ടീസ് മാറ്റി. ഒരു പ്രമുഖ അഭിഭാഷകന്‍റെ ഓഫിസില്‍ പ്രവര്‍ത്തനം തുടങ്ങി.

ചങ്ങനാശേരിയിലെ യുവ അഭിഭാഷകന്‍റെ സുഹൃത്തുക്കള്‍ ആലപ്പുഴയിലും ഉണ്ടായിരുന്നു. ഇവരില്‍ പലരും സെസിയുടെയും കൂട്ടുകാരായിരുന്നു. ചിലരോട് തന്നെക്കുറിച്ച് എന്തെങ്കിലും ചങ്ങനാശേരിയിലെ പഴയ അഭിഭാഷക സുഹൃത്ത് പറഞ്ഞിരുന്നോ എന്ന് പലപ്പോഴും ചോദിച്ചതോടെ ഒന്നു രണ്ടുപേര്‍ക്ക് സംശയമുണര്‍ന്നു. ഇവര്‍ ചങ്ങനാശേരിയിലെ യുവ അഭിഭാഷകനെ ബന്ധപ്പെട്ടെങ്കിലും ആദ്യമൊന്നും ഇയാള്‍ ഒന്നും വ്യക്തമാക്കിയില്ല. പിന്നീട് സുഹൃത്തുക്കളോട് സത്യം തുറന്നുപറഞ്ഞു.

ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടനാ പ്രവര്‍ത്തനത്തിലും സെസി മുന്നില്‍ നിന്നു. കോവിഡ് കാലത്ത് അഭിഭാഷകര്‍ക്ക് സഹായം നല്‍കാനുള്ള ഫണ്ട് ശേഖരണ പരിപാടിയില്‍ നേതൃത്വം വഹിച്ചു. കോടതി നിയോഗിക്കുന്ന അഭിഭാഷക കമ്മിഷനായി പലയിടത്തും പോയി. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കേസുകളിലടക്കം കക്ഷികള്‍ക്കുവേണ്ടി ഹാജരായി. ഓണ്‍ലൈനായി വസ്ത്രവ്യാപാരവും വക്കില്‍ ജോലിക്കൊപ്പം നടത്തിയിരുന്നു.

ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ചെറിയ ഭിന്നതയുണ്ടായിരുന്നു. കോണ്‍ഗ്രസ് ജയിച്ചാലും സിപിഐ അനുകൂല സംഘടനയിലെ അഭിഭാഷകര്‍ ജയിക്കരുതെന്ന് സിപിഎം അനുകൂല അഭിഭാഷക സംഘടന പ്രവര്‍ത്തകര്‍ തീരുമാനിച്ചു. അങ്ങനെ സിപിഐയെ തോല്‍പ്പിക്കാന്‍ സിപിഎം അനുകൂല സംഘടനയിലെ പ്രവര്‍ത്തകരും ബാര്‍ അസോസിയേഷനിലെ മൂന്നാമത്തെ വലിയ പദവിയായ ലൈബ്രേറിയന്‍ പോസ്റ്റില്‍ മത്സരിച്ച സെസിക്ക് വോട്ടു ചെയ്തു. ബാർ അസോസിയേഷന്‍ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ട് ലഭിച്ചത് വ്യാജ വക്കീലായ സെസിക്ക് ആയിരുന്നു .