Thu. Mar 28th, 2024

കോണ്‍വെന്റ് അധികൃതര്‍ ദ്രോഹിക്കുന്നതിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് സിറ്റര്‍ ലൂസി കളപ്പുര നിരാഹാര സമരം അനുഷ്ഠിക്കുന്നു. കാരക്കാമല കോണ്‍വെന്റ് അധികൃതര്‍ ദ്രോഹിക്കുന്നുവെന്ന് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാരം.

കോണ്‍വെന്റിലെ റൂമിന് പുറത്തുള്ള വരാന്തയിലെ വൈദ്യുതി വിച്ഛേദിച്ചുവെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിക്കുന്നു. മാനന്തവാടി കാരയ്ക്കമല എഫ്‌സിസിക്ക് മുന്‍പിലാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിസ്റ്റര്‍ ലൂസി വയനാട് കാരക്കാമലയിലെ മഠത്തില്‍ തിരിച്ചെത്തിയത്. സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ നിന്ന് ഇറക്കിവിടാന്‍ ഉത്തരവിടാനാവില്ലെന്ന് കോടതി ഉത്തരവ് ഇറക്കിയിരുന്നു. അതേസമയം മഠത്തില്‍ പൊലീസ് സുരക്ഷ നല്‍കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.

പതിനഞ്ചു വയസു മുതൽ സിസ്റ്റർ ലൂസി അംഗമായ FCC കുടുംബം തന്നോട് ചെയ്യുന്നത് ഇതാണ്. എന്ന് പറഞ്ഞുകൊണ്ട് സിസ്റ്റർ ലൂസി കളപ്പുര ഫെയ്‌സ് ബുക്കിൽ കഴിഞ്ഞദിവസം രാത്രി രാത്രി ഒരു ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. “സന്ന്യാസവസ്ത്രങ്ങൾ ധരിച്ച് പ്രാർത്ഥനകളും സൽപ്രവർത്തികളുമായി എപ്പോഴും ആത്മീയ വിശുദ്ധിയിൽ കഴിയുന്നവരെന്ന് സ്വയം അവകാശപ്പെടുന്ന സന്ന്യാസിനികൾക്ക് ഒരു സഹജീവിയോട് ഇങ്ങനെയൊക്കെ ചെയ്യാൻ മനസുവരുന്നതെങ്ങനെയാണെന്ന് മാത്രം എത്രയാലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല” എന്ന് സിസ്റ്റർ ലൂസി പോസ്റ്റിൽ ചോദിച്ചിരുന്നു. കോണ്‍വെന്റ് അധികൃതര്‍ ദ്രോഹ നടപടികൾ വീണ്ടും തുടരുന്നതിനാൽ ആണ് സിസ്റ്റർ ലൂസി സത്യഗ്രഹ സമരം ആരംഭിക്കാൻ നിര്ബന്ധിതയായത്.