Sat. Apr 20th, 2024

കേരളത്തിലെ ബി എസ് എന്‍ എല്‍ ന് 4ജി നെറ്റ് വര്‍ക്ക് ഉണ്ടെങ്കിലും വേഗത വളരെ കുറവാണ്. അതിനു കാരണം 3ജി സ്‌പെക്ട്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ബിസ്എന്‍എല്‍ 4ജി ലഭ്യമാക്കിയത് എന്നതാണ്. ഇനിമുതല്‍ 4ജി വേഗത കൃത്യമായി തന്നെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതിന് ബിടിഎസ് ടെക്‌നോളജി ഉപയോഗപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.

പുതിയ പദ്ധതി പ്രകാരം ദക്ഷിണേന്ത്യയിലെ 15,000 ത്തോളം നെറ്റ്‌വര്‍ക്ക് ടവറുകള്‍ 4ജി കണക്റ്റിവിറ്റി നല്‍കുന്നതിനുവേണ്ടി നവീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 15,000 ടവറുകളില്‍ 80 ശതമാനവും കേരളത്തിലാണ് ഉള്ളത്. ജനറിക് മൊബൈല്‍ ടവറുകളില്‍ രണ്ട് യൂണിറ്റുകളാണ് ഉള്ളത്. മുകളില്‍ നിലവിലുള്ള ഒരു റേഡിയോ ഭാഗം, അടിയില്‍ ഒരു അടിസ്ഥാന ഭാഗവും. ഇവ രണ്ടും ചേര്‍ന്നതാണ് ബിടിഎസ് അല്ലെങ്കില്‍ ബേസ് ട്രാന്‍സ്സിവര്‍ സ്റ്റേഷന്‍. കേരളത്തിലും പരിസരങ്ങളിലും നിലവിലുള്ള ടവറുകളില്‍ ഈ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് 4ജി കണക്റ്റിവിറ്റി ഉപയോഗിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ടെല്‍കോയ്ക്ക് അനുവദിച്ച സ്‌പെക്ട്രം ഉപയോഗിക്കുന്നതിനും ബിഎസ്എന്‍എല്‍ പ്രതിമാസം 30 കോടി രൂപയാണ് നല്‍കുന്നത്. പുതിയ നീക്കം മികച്ച സേവനം നല്‍കാനും കൂടുതല്‍ ഉപഭോക്താക്കളെ നേടാനും വരുമാനം വര്‍ദ്ധിപ്പിക്കാനും സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. നിലവില്‍ ബിഎസ്എന്‍എല്ലിന് ഇന്ത്യയില്‍ 60,000 ടവറുകളാണുള്ളത്.