Tue. Mar 19th, 2024

കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 1,60,000 രൂപ പിഴയും. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. ബസ് കത്തിക്കല്‍ കേസില്‍ അഞ്ചാം പ്രതി കെ എ അനൂപിനാണ് കോടതി ശിക്ഷ വിധിച്ചത്. ആകെ പതിമൂന്ന് പ്രതികളാണ് പട്ടികയിലുള്ളത്.

2005 സെപ്തംബര്‍ 9നാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്ത് നിന്ന് സേലത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബസ് രാത്രിയോടെ പ്രതികള്‍ തട്ടിയെടുത്ത് കളമശേരി എച്ച്എംടി എസ്റ്റേറ്റിന് സമീപം ആളുകളെ ഇറക്കിയ ശേഷം അഗ്‌നിക്കിരയാക്കി എന്നാണ് കേസ്. സ്ഫോടനക്കേസില്‍ കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ ബസ് കത്തിച്ചതെന്നും കുറ്റപത്രത്തിലുണ്ട്. കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് 2009ലാണ് എന്‍ഐഎ ഏറ്റെടുക്കുന്നത്. 2010ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന അനൂപിനെ 2016ലാണ് എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്.

തടിയന്റവിട നസീര്‍, സാബിര്‍ ബുഹാരി, താജുദീന്‍, ഉമര്‍ ഫാറൂഖ്, കെ എ അനൂപ്, അബ്ദുള്‍ ഹാലിം, ഇസ്മായില്‍, മുഹമ്മദ് നവാസ്, കുമ്മായം നാസര്‍, മജീദ് പറമ്പായി, മുഹമ്മദ് സാബിര്‍, അബ്ദുള്‍ റഹിം, സൂഫിയ മഅദനി എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.