Fri. Mar 29th, 2024

സന്ന്യാസം തുടരാമെന്നും കോണ്‍വെന്റില്‍ തുടരണമെന്ന് നിര്‍ദ്ദേശിക്കാന്‍ ആവില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റെ കേസിലെ ഹൈക്കോടതി നിരീക്ഷണം സാമൂഹിക നീതിക്ക് എതിരാണെന്നു പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി യു സി എല്‍) കേരളാ ചാപ്റ്റര്‍.

ഒരാള്‍ കന്യാസ്ത്രീയാവുമ്പോള്‍ ജീവിതകാലം മുഴുവന്‍ അവരുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന കരാര്‍ മഠം അംഗീകരിക്കുന്നുണ്ട്. ഭര്‍ത്താവോ മക്കളോ സംരക്ഷിക്കാനില്ലാത്ത ഒരു സ്ത്രീയെ ജീവിത സായാഹ്നത്തില്‍ തെരുവിലേക്ക് ഇറക്കി വിടുന്നത് സാമൂഹിക നീതിയുടെ നഗ്‌നമായ ലംഘനമാണെന്ന് പി യു സി എല്‍ കേരളാ ചാപ്റ്റര്‍ സെക്രട്ടറി അഡ്വ. പി എ പൗരന്‍ പറഞ്ഞു.

സ്‌കൂള്‍ അധ്യാപികയായിരുന്ന അവരുടെ വരുമാനം മുഴുവന്‍ കൈപ്പറ്റിയിരിക്കുന്നതു മഠമാണ്. കുടുംബത്തില്‍ നിന്നു തനിക്കു ലഭിക്കാനുള്ള വിഹിതം മഠത്തില്‍ സമര്‍പ്പിച്ചാണ് ഒരാള്‍ ‘കര്‍ത്താവിന്റെ മണവാട്ടി’യായിത്തീരുന്നത്. അത്തരം ഒരാളെ ഒടുവില്‍ കൈയ്യൊഴിയുന്നതിനു പിന്നില്‍ സമാന്യ നീതിയുടെ നഗ്‌നമായ ലംഘനമുണ്ട്.

സഭക്കകത്തു നുഴഞ്ഞു കയറിയ തിന്മകളെ ചോദ്യം ചെയ്തതിന്റെ പേരിലാണ് തന്നെ മഠത്തില്‍ നിന്നു പുറത്താക്കുന്നതെന്നും തനിക്കു കോടതി സംരക്ഷണം നല്‍കിയില്ലെങ്കില്‍ നാളെ ഒരാളും ഇത്തരം പിഴവുകളെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടാത്ത അവസ്ഥയുണ്ടാവുമെന്നുമുള്ള സിസ്റ്റര്‍ ലൂസിയുടെ വാദം വളരെ പ്രധാനപ്പെട്ടതാണ്.
സിസ്റ്റര്‍ ലൂസി നേരിട്ട് കോടതിയില്‍ ഹാജരായി വാദം നടത്തിയതും ശക്തമായ സൂചനയാണ്. ഒന്നുകില്‍ അവര്‍ക്ക് വന്‍ പണച്ചെലവുള്ള വക്കീലിനെ വയ്ക്കാനുള്ള സാമ്പത്തിക ശേഷിയില്ല. തീര്‍ത്തും നിര്‍ധനയായ ഒരു കന്യാസ്ത്രീക്ക് എങ്ങിനെ പണച്ചെലവുള്ള ഒരു വക്കീലിനെ വയ്ക്കാന്‍ കഴിയും. ലീഗല്‍ സര്‍വീസസ് അതോറിറ്റിവഴി ഒരു കക്ഷിക്ക് വക്കീലിനെ ലഭിച്ചേക്കാം. അവരുടെ പാനലില്‍ നിന്നു ലഭിക്കുന്ന ഒരു വക്കീലിന് ഒരു കന്യാസ്ത്രീയുടെ ജീവിതം കോടതിയില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന പരിജ്ഞാനം ഉണ്ടായിക്കൊള്ളണമെന്നില്ല. അതിനാലാണ് സ്വന്തം ജീവിതം കോടതിക്കുമുമ്പില്‍ അവതരിപ്പിക്കാന്‍ അവര്‍ തന്നെ ഹാജരായിട്ടുണ്ടാവുക.

39 വര്‍ഷമായ തന്റെ സന്യാസ ജീവിതം തുടരാന്‍ അനുവദിക്കണമെന്നും തെരുവിലേക്കു വലിച്ചിഴക്കരുതെന്നും ആവശ്യപ്പെടുന്ന സിസ്റ്റര്‍ ലൂസി, കോടതി പറഞ്ഞാല്‍ പോലും കോണ്‍വന്റില്‍ നിന്ന് ഇറങ്ങാന്‍ കഴിയില്ലെന്നു പറയുന്നതില്‍ ന്യായമുണ്ട്. കോടതി വിധി എന്തായാലും സഭകള്‍ക്കു വേറെ നിയമം എന്ന അവസ്ഥയുണ്ട്.

ബിഷപ്പ് ഫ്രാങ്കോക്കെതിരെ പ്രതികരിച്ചതിനാണ് സിസ്റ്ററെ മഠത്തില്‍ നിന്നു പുറത്താക്കിയത്. കോണ്‍വന്റില്‍ തുടരാന്‍ അനുവദിക്കണമെന്ന സിസ്റ്റര്‍ ലൂസി കളപ്പുറക്കലിന്റെ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി കോണ്‍വന്റില്‍ തുടരാന്‍ കഴിയില്ലെന്ന നിലപാട് ആവര്‍ത്തിച്ചത്.

കോണ്‍വന്റില്‍ നിന്നു പുറത്ത് വന്ന് എവിടെ താമസിച്ചാലും സംക്ഷണം നല്‍കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സന്യാസി സമൂഹത്തിനു വേണ്ടി പ്രതികരിച്ചതിന്റെ ഇരയാണു താനെന്നാണ് അവര്‍ കോടതിയില്‍ വാദിച്ചത്.