Fri. Mar 29th, 2024

കോണ്‍വെന്റില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്നും സംരക്ഷണമൊരുക്കണമെന്ന സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റെ ആവശ്യത്തോടൊപ്പം നില്‍ക്കാനാകില്ലെന്ന് ഹൈക്കോടതി. ലൂസി കളപ്പുരക്കലിന്റെ ഹരജി പരിഗണിച്ച കോടതി കോണ്‍വെന്റില്‍ തുടരാന്‍ കഴിയില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. കോണ്‍വെന്റിന് പുറത്ത് എവിടെ താമസിച്ചാലും സംരക്ഷണം നല്‍കാമെന്നും കോടതി വ്യക്തമാക്കി.

39 വര്‍ഷമായി തുടരുന്ന തന്റെ സന്ന്യാസം തുടരാന്‍ അനുവദിക്കണമെന്നും കോണ്‍വെന്റില്‍ തുടരാന്‍ അനുവദിക്കണമെന്നും ഏറെ വികാരാധീനയായി ലൂസി കളപ്പുരക്കല്‍ കോടതിയോട് ആവശ്യപ്പെട്ടു. ലൂസി കളപ്പുരക്കല്‍ പാർട്ടി ഇൻ പേഴ്സൺ ആയി കോടതിയില്‍ നേരിട്ട് വാദിക്കുകയായിരുന്നു.

കേസിൽ ഹാജരാവേണ്ടിയിരുന്ന സീനിയർ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് സ്വയം വാദിക്കാൻ സിസ്റ്റർ ലൂസി കളപ്പുര തീരുമാനിച്ചത്. സാമ്പത്തിക ബാധ്യതയും ഇങ്ങനെയൊരു തീരുമാനം എടുക്കാൻ കാരണമായെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. കത്തോലിക്കാ സഭയ്ക്ക് എതിരെ സ്ത്രീകളായ എതിർകക്ഷികൾ വക്കീൽ മുഖാന്തിരമല്ലാതെ നേരിട്ട് വാദിക്കുന്ന ഹൈക്കോടതിയിലെ രണ്ടാമത്തെ കേസാണ് ഇത്. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നതും.

മാനന്തവാടി കോടതിയില്‍ നല്‍കിയ ഹരജി തീര്‍പ്പാക്കുന്നത് വരെ കോണ്‍വെന്റില്‍ തുടരാന്‍ അനുവദിക്കണമെന്നും സംരക്ഷണം വേണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാന്‍ തയ്യാറാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ലൂസി കളപ്പുര എവിടെയാണോ താമസിക്കുന്നത് അവിടെ സംരക്ഷണം നല്‍കാമെന്ന് പോലീസും കോടതിയെ അറിയിച്ചു.കേസ് വിധിപറയാന്‍ മാറ്റിവെച്ചു.