Fri. Apr 19th, 2024

യു എ ഇയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ വികാസത്തിലെ ഒരു പ്രധാന പടിയായി കോഡറുകള്‍ക്കായുള്ള ദേശീയ പരിപാടി യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആരംഭിച്ചു. ഇപ്പോഴത്തെ 1.5 ബില്ല്യണ്‍ ദിര്‍ഹത്തില്‍ നിന്ന് നിക്ഷേപം ഉയര്‍ത്തുകയാണ് ലക്ഷ്യം. കോഡിംഗ് പ്രതിഭകളുടെ വികസനം വളര്‍ത്തുന്നതിനുള്ള യു എ ഇയിലെ ഏറ്റവും വലിയ സംരംഭമാണിത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 100,000 കോഡറുകളെ പരിശീലിപ്പിക്കാനും ആകര്‍ഷിക്കാനും 1,000 ഡിജിറ്റല്‍ കമ്പനികള്‍ സ്ഥാപിക്കാനും പ്രോഗ്രാം ലക്ഷ്യമിടുന്നു. ലോകത്തിലെ മികച്ച 100,000 കോഡറുകള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കും.

ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, സിസ്‌കോ, ഐ ബി എം, എച്ച് പി ഇ, ലിങ്ക്ഡ് ഇന്‍, എന്‍വിഡിയ, ഫേസ്ബുക്ക് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി സമാരംഭിച്ചത്. ‘ഞങ്ങളുടെ പുതിയ ദേശീയ പദ്ധതികളുടെ ഭാഗമായി ദേശീയ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന ഒരു പുതിയ ഘട്ടമാണ് ഈ ദേശീയ പരിപാടി. ലോകം മാറുന്നു, ഡിജിറ്റല്‍ മാറ്റത്തിന്റെ വേഗത ഇരട്ടിയാകുന്നു. സമ്പദ് വ്യവസ്ഥ ഇന്നത്തെ മാതൃകയില്‍ നിന്ന് വ്യത്യസ്തമായിരിക്കും. തൊഴിലുകളുടെ സ്വഭാവം മാറും. പുതിയ മാറ്റങ്ങളുടെ വേഗതയെ നേരിടാന്‍ നന്നായി തയാറായവരും വേഗത്തില്‍ പ്രവര്‍ത്തിക്കുന്നവരും മാത്രമേ നിലനില്‍ക്കൂ.’ ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.