Tue. Apr 23rd, 2024

കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം. ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കടകള്‍ തുറക്കാനുള്ള വ്യാപാരികളുടെ ശ്രമം പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.

പ്രകടനവുമായെത്തി കടകള്‍ തുറക്കാനായിരുന്നു വ്യാപാരികളുടെ ശ്രമം. തുടര്‍ന്നുണ്ടായ നേരിയ സംഘര്‍ഷത്തനിടെ വ്യാപരി നേതാക്കളും കടയുടമകളുമടക്കം 30 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും വ്യാപാരികൾ പ്രതിഷേധം തുടർന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.


ലോക്ക്ഡൗണിന്റെ പേരില്‍ കടകള്‍ തുടര്‍ച്ചയായി അടച്ചിടുന്നതിനാല്‍ വന്‍ ദുരിതത്തിലാണെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വ്യാപാരികള്‍ പ്രത്യക്ഷ സമരം നടത്തുന്നത്. കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ടി പി ആര്‍ കൂടുതലുള്ള കോഴിക്കോട് കോര്‍പറേഷന്‍ സി കാറ്റഗറിയിലാണ്. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് കട തുറക്കാന്‍ അനുമതിയുള്ളത്. പെരുന്നാളിന് ഏതാനും ദിവസം മാത്രമിരിക്കെ ആഴ്ചയില്‍ ഒരു ദിവസം മാത്രം തുറക്കുക എങ്ങത് അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ആഴ്ചയില്‍ ഒരു ദിവസം മാത്രം കടകള്‍ തുറന്നാല്‍ ഇത് വലിയ തിരക്കിനിടയാക്കുമെന്നും കൊവിഡ് സാഹചര്യം രൂക്ഷമാക്കുമെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ കടകള്‍ തുറന്നാല്‍ ദിവസേന നൂറ്കണക്കിന് പേര്‍ എത്തുന്ന മിഠായിത്തെരുവില്‍ കൊവിഡ് വ്യാപനം രൂക്ഷമാക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. പ്രതിഷേധിച്ച വ്യാപാരികള്‍ക്കെതിരെ കേസെടുക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.