Wednesday, July 28, 2021

Latest Posts

ജൂലൈ 3: കേരള മാർക്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന, കെ. ദാമോദരൻ ഓർമ്മദിനം

✍️  സുരേഷ്.സി ആർ

പി.കൃഷ്ണപിള്ള, ഇ.എം.എസ്., എൻ.സി.ശേഖർ എന്നിവർക്കൊപ്പം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചവരിൽ ഒരാളും മാർക്‌സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കെ.ദാമോദരൻ (1904 – 1976). മികച്ച പ്രക്ഷോഭകാരിയും, വാഗ്മിയും, അധ്യാപകനും, തൊഴിലാളി നേതാവും കൂടിയായിരുന്ന അദ്ദേഹം സാംഖ്യം, ന്യായം, വൈശേഷികം, ലോകായതം (ചാർവാകം), മീമാംസ, ബൗദ്ധം, ജൈനം, വേദാന്തം തുടങ്ങി ആശയവാദപരവും ഭൗതികവാദപരവും അർദ്ധഭൗതികവാദപരവുമായ ഇന്ത്യൻ ദർശനങ്ങളെ ആഴത്തിൽ അപഗ്രഥിച്ച് അവയെ മാർക്സിസവുമായി ഇഴചേർത്ത ദാർശനികനുമായിരുന്നു.

വിദ്യാർത്ഥിയായിരിക്കുമ്പോൾ കോൺഗ്രസിലൂടെ രാഷ്ട്രീയ രംഗത്തെത്തി. നിസഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്ത്‌ കൊടിയമർദ്ദനത്തിനിരയായി 23 മാസത്തെ ജയിൽവാസവും അനുഭവിച്ചു. കോയമ്പത്തൂരിലെ ജയിൽവാസവും തുടർന്നുണ്ടായ കാശി വിദ്യാപീഠത്തിലെ പഠനവുമാണ്‌ അദ്ദേഹത്തെ കമ്മ്യൂണിസ്റ്റാക്കിയതും ദാർശനിക തലത്തിലേക്ക്‌ ഉയർത്തിയതും.
ഇ.എം.എസിന്റെ നിർദ്ദേശപ്രകാരം അദ്ദേഹം എഴുതിയ ‘പാട്ടബാക്കി’ എന്ന നാടകം 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ്‌ സർക്കാർ രൂപീകരണത്തിന്‌ ഇടയാക്കിയ കാരണങ്ങളിൽ സുപ്രധാനമാണ്‌. കെ.പി.സി.സി ജനറൽ സെക്രട്ടറി, എ.ഐ.സി.സി അംഗം, മലബാർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താലൂക്ക് സെക്രട്ടറി, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി – കേന്ദ്ര നിർവാഹക സമിതി അംഗം, നവയുഗം വാരികയുടെ പത്രാധിപ ചുമതല എന്നീ സ്ഥാനങ്ങൾ വഹിച്ചു.

‘യേശുക്രിസ്തു മോസ്കോവിൽ’ എന്ന പേരിൽ ഫാദർ വടക്കനുമായി നവയുഗത്തിലൂടെ നടത്തിയ തുടർസംവാദങ്ങൾ അക്കാലത്ത്‌ ഏറെ ശ്രദ്ധപിടിച്ചുപറ്റിയതാണ്‌. ഭാരതത്തിന്റെ ദാർശനിക ചിന്താധാരകളുടെ ഉത്ഭവത്തേയും വികാസപരിണാമങ്ങളേയും സമഗ്രവും വസ്തുനിഷ്ഠവുമായി പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ഒരുത്തമഗ്രന്ഥമാണ് ‘ഭാരതീയചിന്ത.’
മറ്റു പ്രധാന കൃതികൾ: ജവഹർലാൽ നെഹ്‌റു, ഏകവഴി, കണ്ണുനീർ (ചെറുകഥൾ ), കാറൽ മാർക്സ്, സമഷ്ടിവാദ വിജ്ഞാപനം, രക്തപാനം (നാടകം), റഷ്യൻ വിപ്ലവം (ഇം.എം.എസുമായി ചേർന്ന്), മനുഷ്യൻ, കമ്മ്യൂണിസം എന്ത് എന്തിന്‌?, മാർക്സിസം (പത്തുഭാഗങ്ങൾ), ഇന്ത്യയുടെ ആത്മവ്, പുരോഗമന സാഹിത്യം എന്തിന്‌?, (മലയാളം), ഭാരതീയ ചിന്തകൾ, മാർക്സും ഹെഗലും ശ്രീശങ്കരനും, മാർക്സ് ഇന്ത്യയിലേക്ക് (പി.സി ജോഷിയുമായി ചേർന്ന്), മെമ്മയേർസ് ഓഫ് ആൻ ഇന്ത്യൻ കമ്യൂണിസ്റ്റ് (പ്രശസ്ത ബ്രിട്ടീഷ് ഇടതു പക്ഷ പ്രവർത്തകൻ താരീഖ് അലി “ന്യൂ ലെഫ്റ്റ് റിവ്യൂ”വിനു വേണ്ടി നടത്തിയ അഭിമുഖം – ഇംഗ്ലീഷ്), ഭാരതീയ ചിന്താപരമ്പര (ഹിന്ദി).


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.