Wednesday, July 28, 2021

Latest Posts

യുവത്വം തുളുമ്പുന്ന പാർലമെന്റാകട്ടെ ജനാധിപത്യത്തിന്റെ മുഖമുദ്ര

✍️ റെൻസൺ വി എം

ജനാധിപത്യം പ്രാതിനിധ്യവുമാണ്; രാജ്യത്തിന്റെ വിഭവാധികാരങ്ങളിൽ. ജനാധിപത്യരാജ്യത്തെ പൗരൻമാർക്കെല്ലാം സാഹോദര്യത്തോടെ രാഷ്ട്രത്തിന്റെ സമ്പത്തും അധികാരങ്ങളും ആസ്വദിക്കാനാകണം. സമാധാനത്തോടും സുരക്ഷയോടുംകൂടി ഈ അവകാശം അനുഭവിച്ചു പൗരജനങ്ങളുടെയും രാഷ്ട്രത്തിന്റെ തന്നെയും സുസ്ഥിരമായ വികാസം സാധ്യമാക്കാനുള്ള നയങ്ങളും നിയമ സംവിധാനങ്ങളും കർമ്മ പദ്ധതികളും ഒരുക്കുകയെന്ന സുപ്രധാനമായ ദൗത്യമാണു ലിബറൽ ജനാധിപത്യത്തിൽ പാർലമെൻ്റിനു നിർവ്വഹിക്കാനുള്ളത്. നിയമനിർമ്മാണസഭ ഈ ഉത്തരവാദിത്വം നിറവേറ്റുമ്പോൾ അതിൽ തങ്ങളുടെ ക്രിയാത്മക സംഭാവന നല്കാൻ ഓരോ പൗരനും അവസരമുണ്ടാകണം; ഒറ്റയ്ക്കും സാമൂഹിക കൂട്ടായ്മ എന്ന നിലയ്ക്കും. ഈ അവകാശം നിഷേധിക്കപ്പെട്ടാൽ ജനാധിപത്യത്തിൽ അസ്വസ്ഥതകൾക്കു കാരണമാകും. അതു സാമൂഹിക സംഘർഷത്തിൽ കലാശിക്കുകയും ചെയ്യും. ഇതു ലോകസമാധാനത്തിനും സുരക്ഷക്കും ഭീഷണി സൃഷ്ടിക്കുമെന്ന് ആഗോളസമൂഹം മനസ്സിലാക്കി. അതുകൊണ്ടുതന്നെ, പാർലമെന്റുകളെ കൂടുതൽ ഊർജ്ജസ്വലവും ക്രിയാത്മകവുമാക്കുന്നതിനു അന്താരാഷ്ട്രതലത്തിൽത്തന്നെ കൂട്ടായ പരിശ്രമം വേണം. ഈ കർത്തവ്യമാണു പരമാധികാര രാഷ്ട്രങ്ങളിലെ ജനപ്രതിനിധിസഭകളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഇൻ്റർ പാർലമെൻ്ററി യൂണിയൻ (ഐപിയു) നിർവ്വഹിക്കുന്നത്.

1889 ജൂൺ 30 നു ‘ഇന്റർ പാർലമെന്ററി കോൺഗ്രസ്സ്’ ആയാണ് ഈ സംഘടന സ്ഥാപിതമായത്. രാഷ്ട്രീയചിന്തകരായ ഫ്രഞ്ചുകാരൻ ഫ്രെഡ്റിക് പാസി, യുകെയിലെ വില്യം റാൻഡെൽ ക്രീമർ എന്നിവരായിരുന്നു ഇതിന്റെ സ്ഥാപകർ. രാഷ്ട്രീയ ചർച്ചകൾക്കായി ഒരു സ്ഥിരം ഫോറം സൃഷ്ടിക്കാനുള്ള അവരുടെ താൽപര്യമായിരുന്നു ഇതിനു പിന്നിൽ. തുടക്കത്തിൽ, വ്യക്തിഗത പാർലമെന്റ് അംഗങ്ങൾക്കായിരുന്നു ഐപിയു അംഗത്വം. പിന്നീട്, പരമാധികാര രാഷ്ട്രങ്ങളിലെ നിയമനിർമ്മാണസഭകളുടെ കൂട്ടായ്മയായി ഇതു രൂപാന്തരപ്പെട്ടു. 2020 ലെ കണക്കനുസരിച്ച് 179 രാജ്യങ്ങളിലെ ദേശീയ പാർലമെന്റുകൾ ഐപിയുവിൽ അംഗങ്ങളാണ്. 13 മേഖലാതല പാർലമെന്ററി അസംബ്ലികൾ അസോസിയേറ്റ് അംഗത്വവും നേടിയിട്ടുണ്ട്. (1). പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ, ലീഗ് ഓഫ് നേഷൻസ്, ഐക്യരാഷ്ട്രസഭ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും ആഗോള നിയമ ചട്ടക്കൂടുകളുടെയും രൂപവത്കരണത്തിന് ഐപിയു സഹായിച്ചു. ലോകസമാധാനത്തിന് ഈ സംഘടന നല്കിയ സംഭാവനകൾ നിർണ്ണായകമാണ്. തൽഫലമായി, ഇതുമായി ബന്ധപ്പെട്ട 8 വ്യക്തികൾ സമാധാനത്തിനുള്ള നോബേൽ പുരസ്കാരത്തിന് അർഹരായി.

ഐപിയു സ്ഥാപിക്കപ്പെട്ട ദിവസമായ ജൂൺ 30 അന്താരാഷ്ട്ര പാർലമെൻ്ററിസം ദിനമായി (International Parlamentarism Day) യുഎൻ പൊതുസഭ, 22 മെയ് 2018 ൽ അംഗീകരിച്ച എ / ആർ‌ഇഎസ് / 72/278 എന്ന പ്രമേയത്തിലൂടെ പ്രഖ്യാപിച്ചതു വിവിധ രാഷ്ട്രങ്ങളിലെ നിയമനിർമാണസഭകളും ഇൻ്റർ പാർലമെൻ്ററി യൂണിയനും, വികാസത്തിനും സമാധാനത്തിനും സുരക്ഷയ്ക്കും നല്കിയ സംഭാവനകളെ ആദരിച്ചു കൊണ്ടാണ്. പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടു ജനങ്ങളുടെ ആശയാഭിലിഷങ്ങൾക്കു മൂർത്ത രൂപം നല്കുന്നതിൽ പാർലമെൻ്ററി ഭരണക്രമത്തോളം കാര്യക്ഷമത പ്രകടിപ്പിക്കുന്ന മറ്റു വ്യവസ്ഥകളൊന്നും തന്നെയില്ല. അതിനാൽ, ജനാധിപത്യത്തെ പരിപോഷിപ്പിക്കാൻ മുൻകാലങ്ങളിൽ യുഎൻ നടത്തിയ പരിശ്രമങ്ങളുടെയും അന്താരാഷ്ട്ര സമൂഹങ്ങളുടെ ഈ ദിശയിലുള്ള താല്പര്യവും കൂടി പരിഗണിച്ചാണു യുഎൻ ഈ ദിനം പ്രഖ്യാപിച്ചത്.

പ്രസ്തുത പ്രമേയത്തിലൂടെ, മനുഷ്യാവകാശ കൗൺസിലിന്റെ പ്രവർത്തനങ്ങളിലും മനുഷ്യാവകാശ ഉടമ്പടികളുടെ സാക്ഷാത്കരണത്തിലും നിയമനിർമ്മാണസഭകളുടെയും ഐപിയുവിന്റെയും ശ്രദ്ധേയമായ സംഭാവനകളെ യുഎൻ അഭിനന്ദിക്കുന്നു. ഒപ്പം, അന്താരാഷ്ട്ര ഉടമ്പടികളുടെയും നിയമസംഹിതകളുടെയും അന്തഃസത്ത ദേശീയ നിയമസംഹിതയുടെ ഭാഗമാക്കുന്നതിലും ആഗോളസമൃഹം അംഗീകരിച്ച നയങ്ങൾ നടപ്പാക്കുന്നതിലും പാർലമെന്റുകൾ വഹിക്കുന്ന നിർണ്ണായക പങ്ക് അംഗീകരിക്കുകയും ചെയ്യുന്നു. ലിംഗസമത്വം, സ്ത്രീ ശാക്തീകരണം, സംഘർഷം തടയൽ, സമാധാനപ്രക്രിയകൾ, ലിംഗസംവേദാത്മക നിയമനിർമ്മാണം, പാർലമെന്റുകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ചെറുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ യുഎൻ വിമെൻ തുടങ്ങിയ പ്രസ്ഥാനങ്ങളെ സഹായിച്ചു ലിംഗനീതി ഉറപ്പാക്കുന്നതിൽ പാർലമെൻ്റുകൾക്കും ഐപിയുവിനുമുള്ള ക്രിയാത്മകമായ പങ്കു നിസ്തുലമാണെന്നു ഈ പ്രമേയം സൂചിപ്പിക്കുന്നു. അതിനൊപ്പം, യുവജന ശാക്തീകരണം, രാഷ്ട്രീയത്തിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കൽ, ഉചിതമായ സാങ്കേതിക മുന്നേറ്റങ്ങൾ സമൂഹത്തിലേക്ക് എത്തിക്കൽ, തീവ്രവാദത്തെ ചെറുക്കൽ തുടങ്ങിയ കാര്യങ്ങളിൽ പാർലമെന്റുകൾ നല്കിയ സേവനത്തെ ഈ പ്രമേയത്തിലൂടെ ആദരിക്കുകയും ചെയ്യുന്നു.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ പാർലമെന്റുകളുടെയും ഐപിയുവിന്റെയും സംഭാവനകൾ അത്യന്താപേക്ഷിതമാണെന്നു പ്രസ്തുത പ്രമേയം വ്യക്തമാക്കുന്നു. സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ട നടപ്പാക്കുന്നതിനു ബജറ്റ് വിഭവങ്ങൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു ദേശീയ തലത്തിൽ പാർലമെന്റുകളുമായി കൂടുതൽ സഹകരണം വികസിപ്പിക്കാൻ ഐക്യരാഷ്ട്രസഭയെയും അന്തർ പാർലമെന്ററി യൂണിയനെയും പ്രോത്സാഹിപ്പിക്കമെന്നു പ്രസ്തുത പ്രമേയം നിർദ്ദേശിക്കുന്നു. അന്താരാഷ്ട്രസമൂഹം നല്കുന്ന വികസന സഹായങ്ങളും മറ്റും ദേശീയസാഹചര്യങ്ങൾക്ക് അനുസൃതമായി കാര്യക്ഷമതയോടെ ഉപയോഗിക്കുന്നതിൽ പ്രകടിപ്പിക്കുന്ന കാര്യക്ഷമതയും ഈ പ്രമേയത്തിലൂടെ ജനപ്രതിനിധിസഭകളെ അംഗീകരിക്കുന്നതിനു പിന്നിലുണ്ട്. കൂടാതെ, ആരോഗ്യസംവിധാനങ്ങൾ, പോഷകാഹാരം മുതലായവ ഉറപ്പാക്കുന്നതിലൂടെ സ്ത്രീകൾ, കൗമാരക്കാർ, കുട്ടികൾ, ദുർബ്ബലർ തുടങ്ങിയവരടക്കം സമൂഹത്തിനൊന്നാകെ പാർലമെന്റുകൾ നല്കുന്ന സേവനം തിരിച്ചറിയുന്നുമുണ്ട് യുഎൻ പ്രമേയം.

രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണത്തിൽ നിയമനിർമ്മാണസഭകൾ പുലർത്തുന്ന ശ്രദ്ധയെ ആദരവോടെ വീക്ഷിക്കുന്ന യുഎൻ, സംഘർഷത്തിൽ നിന്നു പുറത്തുവരുന്നതോ ജനാധിപത്യത്തിലേക്കുള്ള പരിവർത്തനം നടത്തുന്നതോ ആയ രാജ്യങ്ങളിലടക്കം പാർലമെന്ററി സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ ഐപിയുവിന്റെയും അതിന്റെ അംഗ പാർലമെന്റുകളുടെയും വൈദഗ്ദ്ധ്യം കൂടുതൽ ആസൂത്രിതമായി പ്രയോജനപ്പെടുത്താൻ ആവശ്യപ്പെടുന്നുമുണ്ട്. അതിനൊപ്പം, നിയന്ത്രിത കുടിയേറ്റ നയങ്ങൾ രൂപീകരിച്ചുകൊണ്ടു സുരക്ഷിതവും ചിട്ടയുള്ളതുമായ കുടിയേറ്റത്തിനായുള്ള സഹായങ്ങൾ നല്കുന്നതിൽ ഇന്റർ പാർലമെന്ററി യൂണിയന്റെയും ദേശരാഷ്ട്രങ്ങളുടെയും സംഭാവന തിരിച്ചറിയുന്നുമുണ്ട് ഈ പ്രമേയം.
അന്തർദേശീയവും ദേശീയവുമായി പ്രാധാന്യമുള്ള റിപ്പോട്ടുകളും തന്ത്രപരമായ പദ്ധതികളും രൂപപ്പെടുത്തുന്നതിൽ പാർലമെന്റുകളുടെ കഴിവു കൂടുതൽ പ്രയോജനപ്പെടുത്താൻ അന്താരാഷ്ട്ര കൂട്ടായ്മകളോടു ആവശ്യപ്പെടുന്ന യുഎൻ ദേശീയ പദ്ധതികളിലും നയങ്ങളും നടപ്പാക്കി രാഷ്ട്രവികസനം സാധ്യമാക്കുന്നതിൽ അവയുടെ പങ്കും എടുത്തുപറയുന്നുണ്ടു പ്രസ്തുത പ്രമേയത്തിലൂടെ. ഇതാണ് അന്താരാഷ്ട്ര പാർലമെന്ററിസം ദിനം യുഎൻ പ്രഖ്യാപിച്ചതിനു പിന്നിലുള്ള പ്രചോദനം.

പാർലമെന്ററി സംവിധാനങ്ങൾ 2 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു, ഇരുസഭയുള്ളതും ഏകസഭയുള്ളതും. 193 രാജ്യങ്ങളിൽ 79 എണ്ണം 2 സഭയുള്ളതാണ്, 114 എണ്ണം ഏകസഭയുള്ളതും. മൊത്തമുള്ള 272 സഭകളിലായി 46,000 പാർലമെന്റംഗങ്ങളുണ്ട്. ജനാധിപത്യത്തിന്റെ ഭാവിയിൽ ആശങ്കകളുയരുന്ന സമയത്താണു പാർലമെന്ററി പ്രവർത്തനങ്ങളെക്കുറിച്ചു വിചിന്തനം ചെയ്യാൻ ഒരു അന്താരാഷ്ട്ര ദിനം സ്ഥാപിക്കുന്നത്. ജനങ്ങൾക്കു രാഷ്ട്രീയസ്ഥാപനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നുണ്ട് ഇന്ന്. ജനാധിപത്യം തന്നെ ജനപ്രീണന തീവ്രദേശീയ പ്രസ്ഥാനങ്ങളിൽനിന്നു വെല്ലുവിളികൾ നേരിടുകയും ചെയ്യുന്നു. ജനായത്തഭരണം അഭിവൃദ്ധിപ്പെടണമെങ്കിൽ ജനാധിപത്യരാജ്യങ്ങളുടെ പ്രവർത്തനത്തിന്റ മൂലക്കല്ലായി പാർലമെന്റുകൾ മാറണം. കൂടാതെ, അവ ശക്തവും സുതാര്യവും ഉത്തരവാദിത്വവും പ്രതിനിധ്യസ്വഭാവവും ഉള്ളതുമാകണം. പൗരവികാസത്തിനുള്ള പ്രധാന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ പാർലമെന്റുകൾ കൈവരിച്ച പുരോഗതി അവലോകനം ചെയ്യുന്നതിനുള്ള സമയമാണ് അന്താരാഷ്ട്ര പാർലമെന്ററിസം ദിനം. സ്വയം വിലയിരുത്തൽ നടത്തുക, സ്ത്രീകളെയും യുവ എംപിമാരെയും കൂടുതലായി നിയമനിർമ്മാണസഭകളിൽ ഉൾപ്പെടുത്താൻ പ്രയത്നിക്കുക, പുതിയ സാങ്കേതികവിദ്യകൾ പാർലമെന്ററി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുക, നിയമസഭകളുടെ പ്രവർത്തനം വിലയിരുത്തി കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ ഈ ദിനാചരണത്തിനുണ്ട് (2).
നവലോകക്രമത്തിൽ പാർലമെന്റുകളും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള ബന്ധം ഇഴപിരിക്കാനാവാത്തതാണ്. യുഎന്നിന്റെ പ്രവർത്തനങ്ങളിൽ അംഗരാജ്യങ്ങളിലെ പാർലമെന്റംഗങ്ങളുടെയും പാർലമെന്ററി സംഘടനകളുടെയും വർദ്ധിച്ച പങ്കാളിത്തമുണ്ട്. ഇതിൽ പാർലമെന്ററി സംഘടനകളുട പങ്കും സുപ്രധാനമാണ്. നിയമസഭാംഗങ്ങൾ തങ്ങളുടെ ജനങ്ങളുടെ ആശങ്കകളും അഭിലാഷങ്ങളും ഐക്യരാഷ്ട്രസഭയുമായി പങ്കുവെക്കുമ്പോൾ ലോകജനതയുമായി ഇഴുകിച്ചേർന്നു പ്രവർത്തിക്കാൻ യുഎന്നിനു സാധിക്കും. ഇത്, ആഗോളസമൂഹത്തിന്റെ പ്രശ്നങ്ങളെയും സൂക്ഷ്മമായി മനസ്സിലാക്കി പരിഹരിക്കുന്നതിൽ യുഎന്നിനുള്ള പ്രാഗത്ഭ്യം കൂട്ടും.

അന്താരാഷ്ട്രതലത്തിൽ സുതാര്യത, ഉത്തരവാദിത്വം, പങ്കാളിത്തം എന്നിവ വർദ്ധിച്ച തോതിൽ പ്രോത്സാഹിപ്പിക്കുന്നതിനായി നിയമനിർമ്മാണസഭകളുടെ ആഗോളകൂട്ടായ്മയെന്ന നിലയിൽ ദേശീയ പാർലമെന്റുകളെ ഐപിയു ബന്ധിപ്പിക്കുന്നു. മറ്റു പാർലമെന്ററി സംഘടനകൾക്കൊപ്പം, സമാധാനവും സുരക്ഷയും മനുഷ്യാവകാശങ്ങളും സുസ്ഥിരവികസനവും ഉൾപ്പെടെയുള്ള വിശാലമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഐപിയു ഐക്യരാഷ്ട്രസഭയുമായി ഇടപഴകുന്നു. ഇന്ന്, യുഎൻ പൊതുസഭയിൽ സ്ഥിരം നിരീക്ഷക പദവിയുമുണ്ട് ഈ കൂട്ടായ്മക്ക്.
പാർലമെന്റുകളും പാർലമെന്ററി സംഘടനകളും 2015 ൽ പ്രഖ്യാപിച്ചതും ഇന്ന് ആഗോളസമൂഹത്തിനു മുന്നിലുള്ള വികസന കാഴ്ചപ്പാടുമായ എസ്ഡിജി 2030 (The 2030 Agenda for Sustainable Development) അജണ്ടയുടെ ചർച്ചകളിലുടനീളം സജീവമായ പങ്കുവഹിച്ചു. ജനാധിപത്യഭരണത്തിന്റ ശാക്തീകരണവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ ഈ അജണ്ടയിൽ ഉൾപ്പെടുത്തുന്നതിൽ അവരുടെ ഇടപെടൽ നിർണ്ണായകമായിരുന്നു. എസ്ഡിജി 2030 അജണ്ടയിലെ ലക്ഷ്യം 16 ശക്തമായ ജനാധിപത്യ സമൂഹങ്ങളുടെ രൂപീകരണം ഉന്നംവെക്കുന്നു. സുസ്ഥിര വികസനത്തിനായി സമാധാനവും സുരക്ഷയും നല്കുന്നതും സാംസ്കാരിക വൈജാത്യങ്ങളെ ഉൾക്കൊള്ളുന്നതുമായ സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവർക്കും നീതി ലഭ്യമാക്കുന്നതിനും എല്ലാ തലങ്ങളിലും ഫലപ്രദവും ഉത്തരവാദിത്വമുള്ളതുമായ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനുള്ള ധാർമ്മിക ബാധ്യത ഇതിലൂടെ ആഗോളസമൂഹം പ്രഖ്യാപിക്കുന്നു. എസ്ഡിജി 2030 അജണ്ട അന്തിമമാക്കിയതിനു ശേഷം, യുഎന്നും ഓരോ രാജ്യത്തെയും പ്രതിനിധിസഭയും പാർലമെന്ററി സംഘടനകളും തമ്മിലുള്ള സഹകരണം ഈ ലക്ഷ്യം നേടുന്നതിലേക്ക് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

ആധുനിക സമൂഹങ്ങളിലെ സുപ്രധാന വിഭാഗമാണു യുവജനങ്ങൾ. ഇന്നത്തെ തീരുമാനങ്ങളുടെ ഗുണദോഷങ്ങൾ ഭാവിജീവിതത്തിൽ നേരിടേണ്ടിവരുന്നതും പ്രധാനമായും യുവസമൂഹത്തിനാണ്. ജീവിതത്തെ സംബന്ധിച്ച തീരുമാനങ്ങളിൽ അവരെയും ഉൾപ്പെടുത്തുകയെന്നതു സാമാന്യനീതി മാത്രമാണ്. മാനവസമൂഹം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ യുവത്വത്തിന്റെ കാര്യക്ഷമത വസ്തുനിഷ്ഠമായി തെളിയിക്കപ്പെട്ടതാണ്. ഈ ലോകം രൂപപ്പെട്ടതിൽ അവരുടെ കാഴ്ചപ്പാടുകളും ആശയങ്ങളും കഴിവുകളും ഊർജ്ജസ്വലതയും നല്കിയ സംഭാവനകളും മുഖ്യമാണ്. എന്നിട്ടും, ജനപ്രതിനിധി സഭകളിൽ അവരുടെ പ്രവേശനം പരിമിതപ്പെടുത്തുന്നതു യുക്തിപരമല്ല. അതിനാൽത്തന്നെ, പാർലമെൻ്റിലെ പ്രാതിനിധ്യം എന്ന ജനാധിപത്യമര്യാദ കാണിച്ചു ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം അവർക്ക് ഉറപ്പാക്കേണ്ടതുണ്ട്. ഇന്ന് അന്താരാഷ്ട്ര സമൂഹം ഇതു തിരിച്ചറിഞ്ഞിട്ടുണ്ട്. താത്ത്വികമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ഇക്കാര്യം യുവാക്കൾക്കു പ്രായോഗികതലത്തിൽ അനുഭവവേദ്യം ആക്കാനുള്ള നടപടികൾ അവർ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ഐപിയുവിന്റെ നേതൃത്വത്തിൽ പാർലമെന്റുകളിലെ യുവജന പ്രാതിനിധ്യം സംബന്ധിച്ച വിലയിരുത്തലുകൾ നടത്തി തുടർച്ചയായി പ്രസിദ്ധീകരിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ പാർലമെന്റുകളിൽ യുവാക്കളുടെ പങ്കാളിത്തത്തെ കുറിച്ചുള്ള നാലാമത്തെ ദ്വിവത്സര ഐപിയു അവലോകനമാണ് 2021 ൽ പുറത്തിറക്കിയ ‘യുവജന പങ്കാളിത്തം ‘ദേശീയ പാർലമെന്റുകളിൽ (Youth Participation in National Parliaments) എന്ന റിപ്പോട്ട്. 2018 ലെ ഡേറ്റയോടൊപ്പം കഴിഞ്ഞ രണ്ട് വർഷത്തെ പുതിയ വിവരങ്ങളും ചേർത്താണ് ഈ റിപ്പോട്ടു തയ്യാറാക്കിയിട്ടുള്ളത്. 148 പാർലമെന്ററി ചേംബറിൽ നിന്നുള്ള എംപിമാരുടെ പ്രായം സംബന്ധിച്ച ഡേറ്റയും 258 സഭയിൽ നിന്നുള്ള മറ്റു വിവരങ്ങളും ഉപയോഗിച്ചിട്ടുണ്ട് ഈ പഠനത്തിൽ. 2020 സെപ്റ്റംബർ 14 വരെയുള്ള ഡേറ്റ ഉൾപ്പെടുത്തിയിട്ടുണ്ട് ഇതിൽ. കൂടാതെ, ലോകമെമ്പാടുമുള്ള പാർലമെന്റുകളിൽ യുവജന പങ്കാളിത്തത്തിന്റെ സമഗ്രചിത്രം നല്കാൻ വിദഗ്ദ്ധപഠനങ്ങളും അഭിമുഖങ്ങളും പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്. യുവതീയുവാക്കളുടെ പാർലമെന്ററി പ്രവർത്തനത്തിന്റെ മികച്ച മാതൃകകളും അവരുടെ പ്രാതിനിധ്യക്കുറവു പരിഹരിക്കാനുള്ള തുടർനടപടികളും ഈ പഠനത്തിൽ ഉൾക്കൊള്ളിച്ചുണ്ട്.
ലോകമെമ്പാടുമുള്ള പാർലമെന്റ് അംഗങ്ങളിൽ ഇന്നു 2.6 % പേർ മാത്രമാണ് 30 വയസ്സിൽ താഴെയുള്ളവർ. 2018 ന് ശേഷം 0.4 % മാത്രമാണ് അവരുടെ വർദ്ധനവ്. ആകെ എം‌പിമാരിൽ 17.5 % പേർ മാത്രമാണു 40 ൽ കുറവു പ്രായമുള്ളവർ. 2018 ലെ 15.5 ശതമാനത്തിൽ നിന്ന് 2 % ഈ വിഭാഗത്തിൽ വർദ്ധനവുണ്ട്. ആഗോളതലത്തിൽ 30.2 % എംപിമാരേ 45 വയസ്സിനു താഴെയുള്ളവരായുള്ളൂ. ഈ വിഭാഗം 2018 ൽ 28.1 % ആയിരുന്നു. 2.1 % മാത്രമാണ് അവരുടെ കാര്യത്തിൽ ഈ കാലയളവിൽ ഉണ്ടായ വർദ്ധനവ്. ഏകസഭ മാത്രമുള്ള പാർലമെന്റുകളും ഇരുസഭകളുള്ളവയിൽ അധോസഭകളും പരിഗണിച്ചാൽ ഏകദേശം 25 % ഇടങ്ങളിലും 30 വയസ്സിനു താഴെയുള്ള ഒരു ജനപ്രതിനിധി പോലുമില്ല. ഇത്, 2018 നെക്കാൾ ഏകദേശം 5 % കുറവാണ്. അധോസഭകളിൽ ഏകദേശം ഒരു ശതമാനത്തിൽ 40 വയസ്സിൽ താഴെയുള്ള പ്രതിനിധികളാരുമില്ല. 2018 ൽ ഉണ്ടായിരുന്നതിനെക്കാൾ 3 % കുറവാണ് ഈ വിഭാഗക്കാരും.

പാർലമെന്റിന്റെ ഉപരിസഭകൾ പരിഗണിച്ചാൽ യുവപ്രാതിനിധ്യത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. അവിടെ ഏതാണ്ട് 73 ശതമാനത്തിലും 30 ൽ താഴെ പ്രായമുള്ള ഒരു എംപി പോലുമില്ല. 2018 ൽ 75 % ഉപരിസഭകളിലും ഈ വിഭാഗത്തിലെ യുവപ്രാതിനിധ്യം ഇല്ലായിരുന്നു. അതായത്, കഴിഞ്ഞ 2 വർഷത്തിൽ 2 % ഉപരിസഭകളേക്കു മാത്രമേ അവർക്കു കൂടുതലായി പ്രവേശനം നേടാനായുള്ളൂ. 40 വയസ്സിൽ താഴെയുള്ളവരെ പരിഗണിച്ചാൽ 16 % ഉപരിസഭകളിലും യുവപ്രാതിനിധ്യമില്ല. 2018 മുതൽ നിയമനിർമ്മാണസഭകളിലേക്കു തിരഞ്ഞെടുപ്പു നടന്ന പ്രദേശങ്ങൾ പഠിച്ചപ്പോൾ 2020 ലെ സർവേയിൽ പങ്കെടുത്ത രാജ്യങ്ങളിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ സെനറ്റ് ഒഴികെ മറ്റെല്ലായിടത്തും 45 വയസ്സിൽ താഴെയുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുകയോ നിയമിക്കുകയോ ചെയ്തു. ഏറ്റവും അധികം യുവതീയുവാക്കളെ എംപിമാരായി തിരഞ്ഞെടുത്തതിൽ മറ്റേതൊരു പ്രദേശത്തേക്കാളും മുൻപന്തിയിൽ നില്ക്കുന്നതു യൂറോപ്പും അമേരിക്കയുമാണ്. പഠനം നടത്തിയ 30, 40, 45 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗങ്ങളിലെല്ലാം ഈ രാജ്യങ്ങൾതന്നെ മുന്നിട്ടുനിന്നു.

റിപ്പോട്ടിൽ പരിഗണിച്ച 69 % രാജ്യങ്ങളിലും, സമ്മതിദാനാവകാശം നേടാനുള്ള കുറഞ്ഞ പ്രായം പാർലമെന്ററി പദവി വഹിക്കാനുള്ളതിനെക്കാൾ താഴെയാണ്. ജനപ്രതിനിധിസഭകളുടെ അധോസഭകളിലേക്കും ഏകസഭാ പാർലമെന്റുകളിലേക്കും വോട്ടിനുള്ള യോഗ്യത നേടിയശേഷം ശരാശരി 3.5 വർഷത്തിനു കഴിഞ്ഞേ അവിടങ്ങളിലേക്കു മത്സരിക്കാൻ സാധിക്കൂ. ഉപരിസഭകളുടെ കാര്യത്തിൽ ശരാശരി കാത്തിരിപ്പു സമയം 10.4 വർഷമാണെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. പാർലമെന്റിലേക്കു മത്സരിക്കാനുള്ള യോഗ്യതാപ്രായം കുറച്ചാൽ അത് എംപിമാരുടെ ശരാശരി പ്രായം താഴുന്നതിലേക്കു നയിക്കും. ജനപ്രതിനിധിസഭകളിലേക്കു മത്സരിക്കാനുള്ള താഴ്ന്ന പ്രായപരിധി ഒരു വർഷം വർദ്ധിപ്പിച്ചാൽ ഏറ്റവും പ്രായംകുറഞ്ഞ അംഗത്തിന് 0.6 വർഷത്തെ പ്രായവർദ്ധനവുണ്ടാകും. മറ്റൊരു ശ്രദ്ധേയമായ കാര്യമെന്തെന്നാൽ, ശരാശരി 45 വയസ്സിൽ താഴെയുള്ള വ്യക്തി സർക്കാരിനു നേതൃത്വം നല്കുന്ന രാജ്യങ്ങളിൽ മറ്റുള്ളവയെ അപേക്ഷിച്ചു പാർലമെന്റ് അംഗങ്ങളുടെ ശരാശരി പ്രായം കുറവായിരിക്കും എന്നതാണ്. ഈ റിപ്പോട്ടിനായി സർവേ നടത്തിയ എല്ലാ പാർലമെന്റുകളെയും പരിഗണിച്ചാൽ എംപിമാരുടെ ശരാശരി പ്രായം 50.5 ആണെങ്കിൽ 45 വയസ്സിൽ കുറഞ്ഞ ഭരണാധികാരിയുള്ള രാജ്യങ്ങളിലെ സാഭാംഗങ്ങളുടെ ശരാശരി 48.2 വർഷമായിരുന്നു. ജനപ്രതിനിധികളുടെ കാര്യത്തിൽ ലിംഗഭേദം കാര്യമായി കാണാം. എല്ലാ പ്രായവിഭാഗത്തിലും സ്ത്രീകളേക്കാൾ കൂടുതലാണു പുരുഷ പ്രതിനിധികൾ. സ്ത്രീകൾ ഈ രംഗത്ത് അനുഭവിക്കുന്ന ലിംഗവിവേചനം പ്രായക്കൂടുതലുള്ള ജനപ്രതിനിധികളുടെ ഇടയിൽ കൂടുതലാണ്. എംപിമാരുടെ പ്രായം കുറയുന്തോറും സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിക്കുന്നതായാണു കാണുന്നത്. അതായത്, വയസ്സ് ഏറ്റവും കുറഞ്ഞവരുടെ വിഭാഗത്തിലാണ് സ്ത്രീപ്രാതിനിധ്യത്തിൽ ലിംഗഭേദം ഏറ്റവും കുറവ്. 21-30 പ്രായ വിഭാഗത്തിൽ, അനുപാതം പുരുഷ വനിതാ എം‌പിമാരുടെ അനുപാതം 60:40 ആണ്.

30 വയസ്സിൽ താഴെയുള്ള പാർലമെന്റംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ മുന്നിലുള്ളതു നോർഡിക് രാജ്യങ്ങളും (ശരാശരി 8.16 %) തെക്കേ അമേരിക്കയും (ശരാശരി 6.3 %) ആണ്. അധോസഭകളിലും ഏകസഭാ പാർലമെന്റുകളിലും നോർവേ (13.6 %), അർമേനിയ (12.1 %), സാൻ മറീനോ (11.7 %), ഗാംബിയ (10.3 %) എന്നീ രാജ്യങ്ങളാണ് 30 ൽ താഴെ പ്രായക്കാരുടെ ഏറ്റവും അധികം പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുള്ളത്. ഉപരിസഭകൾ പരിഗണിച്ചാൽ ഈ വിഭാഗത്തിൽ 10 % പ്രാതിനിധ്യം ഉറപ്പാക്കിയ ബെൽജിയമാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള സൊമാലിയയിൽപ്പോലും 3.7 % മാത്രമാണു പ്രാതിനിധ്യം. യൂറോപ്പിലെ അധോസഭകളും ഏകസഭാ പാർലമെന്റുകളും പരിശോധിച്ചാൽ നോർവേ (13.61 %) ഒന്നാം സ്ഥാനത്താണ്. സബ്സഹാറൻ ആഫ്രിക്കൻ മേഖലയിൽ ഗാംബിയയും (10.34 %) അമേരിക്കൻ രാജ്യങ്ങളിൽ ബൊളീവേറിയൻ റിപ്പബ്ലിക് ഓഫ് വെനിസ്വേലയും (9.8 %) മിഡിൽ ഈസ്റ്റും വടക്കേ ആഫ്രിക്കയും ഉൾപ്പെട്ട മേഖലയിൽ ടുണീഷ്യയും (6.9 %) ഏഷ്യയിൽ അഫ്ഗാനിസ്താനും (5.7 %) പസഫിക് മേഖലയിൽ ന്യൂസിലൻഡും (1.7 %) ആണു മുന്നിൽ.

40 വയസ്സിൽ താഴെയുള്ള യുവഎംപിമാരുടെ പ്രാതിനിധ്യത്തിൽ തെക്കേ അമേരിക്കയും (29.8 %) നോർഡിക് രാജ്യങ്ങളും (29.2 %) തന്നെ ആദ്യമുണ്ട്. ഈ വിഭാഗത്തിൽ അധോസഭകളും ഏകസഭാ പാർലമെന്റുകളും പരിശോധിച്ചാൽ അർമേനിയ (57.6 %), ഉക്രെയ്ൻ (46.3 %), ഇറ്റലി (42.7 %) എന്നിവിടങ്ങളിൽ 40 ശതമാനത്തിനുമേൽ പ്രാതിനിധ്യം കാണുന്നു. ഉപരിസഭകളിൽ മുന്നിലുള്ള ബെൽജിയത്തിന്റെ സെനറ്റിൽ 42 ഉം ബുറുണ്ടിയുടെതിൽ 28 ശതമാനവുമാണു പ്രാതിനിധ്യം. യൂറോപ്പിലെ അധോസഭകളും ഏകസഭാ പാർലമെന്റുകളും പരിശോധിച്ചാൽ ഏറ്റവും മികച്ച പ്രകടനം അർമേനിയയുടെയാണ് (57.58 %) സബ്സഹാറൻ ആഫ്രിക്കൻ പ്രദേശത്തു ഗാംബിയയും (36.2 %) അമേരിക്കൻ രാജ്യങ്ങളിൽ സുരിനാമും (37.3 %) മിഡിൽ ഈസ്റ്റും വടക്കേ ആഫ്രിക്കയും ഉൾപ്പെട്ട രാജ്യങ്ങളിൽ ഒമാനും (26.7 %) ഏഷ്യയിൽ അഫ്ഗാനിസ്താനും (37.1 %) പസഫിക് മേഖലയിൽ ന്യൂസിലാന്റും (21.7 %) മുന്നിലുണ്ട്.

45 വയസ്സിൽ താഴെയുള്ള എംപിമാരുടെ വിഭാഗത്തിൽ നോർഡിക് രാജ്യങ്ങളും (ശരാശരി 44.4 %) മധ്യേഷ്യയും (ശരാശരി 43 %) പ്രാതിനിധ്യത്തോടെ മുന്നിലാണ്. അധോസഭകളും ഏകസഭാ പാർലമെന്റുകളും പരിശോധിച്ചാൽ അർമേനിയ (72 %), ഉക്രെയ്ൻ (63.4 %), തുർക്മെനിസ്താൻ (63.2 %) എന്നിവിടങ്ങളിൽ 45 വയസ്സിനു താഴെയുള്ള പ്രാതിനിധ്യം 60 ശതമാനത്തിൽ അധികമാണ്. ഉപരിസഭകളിൽ മുന്നിലുള്ള ബെൽജിയത്തിന്റെ സെനറ്റിൽ 48.3 ഉം തൊട്ടുവരുന്ന അഫ്ഗാനിസ്താനിൽ 41 ഉം ശതമാനം പ്രാതിനിധ്യമുണ്ട്. അധോസഭകളും ഏകസഭാ പാർലമെന്റുകളും എടുത്താൽ യൂറോപ്പിലെ ഏറ്റവും മികച്ച പ്രകടനം അർമേനിയയുടെതാണ്. സബ്സഹാറൻ ആഫ്രിക്കൻ പ്രദേശത്തു ഗാംബിയയും (56.9 %) അമേരിക്കൻ മേഖലയിൽ സുരിനാമും (52.9 %) മിഡിൽ ഈസ്റ്റും വടക്കേ ആഫ്രിക്കയും ഉൾപ്പെട്ട മേഖലയിൽ ബഹ്‌റൈനും (47.5 %) ഏഷ്യയിൽ തുർക്മെനിസ്താനും (63.2 %) പസഫിക് മേഖലയിൽ ന്യൂസിലാന്റും (35.8 %) മുന്നിലാണ്.
പാർലമെന്റുകൾ യുവതലമുറയെ സ്വാഗതം ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ട സമയമാണിത്. അതുകൊണ്ട്, 2021 ജൂൺ 30 ന് ഇന്റർ പാർലമെന്ററി യൂണിയനും അംഗ ജനപ്രതിനിധിസഭകളും അന്താരാഷ്ട്ര പാർലമെന്ററി ദിനം ആചരിക്കുമ്പോൾ, പാർലമെന്ററി പ്രവർത്തനത്തിലെ യുവജന ശാക്തീകരണത്തിൽ കേന്ദ്രീകരിക്കുന്നു. അതിനാൽ, ഈ വർഷത്തെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നതു ‘ ‘പാർലമെന്റ് യുവത്വത്തിന് – ഞാൻ അനുകൂലിക്കുന്നു!’ (I Say Yes to Youth in Parliament!) എന്നതാണ്.

യുവാക്കളുടെ പ്രാതിനിധ്യം ഉയർത്താനായി 2018 ൽ, യുവ പാർലമെന്റേറിയന്മാരുടെ ഐപിയു ഫോറം 2035 ഓടെ കൈവരിക്കേണ്ട ഒരു കൂട്ടം ലക്ഷ്യങ്ങൾ നിശ്ചയിച്ചു. ആഗോള ജനസംഖ്യയിലെ വിവിധ പ്രായവിഭാഗങ്ങളുടെ പ്രാതിനിധ്യം പരിഗണിച്ച് അതിനോടു യോജിക്കും വിധമാണ് ഇവ രൂപപ്പെടുത്തിയത്. 30 വയസ്സിൽ താഴെയുള്ള പാർലമെന്റ് അംഗങ്ങൾ കുറഞ്ഞത് 15 % എങ്കിലുമാകണം. 20 ഉം 29 ഉം ഇടയിൽ പ്രായമുള്ളവർ 18 % ആയതിനാലാണിത്. 20 നും 39 നും ഇടയിലുള്ളവർ ജനസംഖ്യയിൽ 38 % ഉള്ളതിനാൽ 40 വയസ്സിൽ താഴെയുള്ള പാർലമെന്റ് അംഗങ്ങൾ കുറഞ്ഞത് 35 % എങ്കിലും വേണം. 20 നും 44 നും വയസ്സിനിടയിൽ 48 % പേരുള്ളതിനാൽ 45 വയസ്സിന് താഴെയുള്ള പാർലമെന്റ് അംഗങ്ങൾ കുറഞ്ഞത് 45 % ആകണമെന്നുമാണ് തീരുമാനിക്കപ്പെട്ടത്. ഈ ലക്ഷ്യങ്ങൾ 2035 ഓടെ നേടണമെന്നും തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, ഓരോ വിഭാഗത്തിലും 50-50 ലിംഗസമത്വവും ആവശ്യമാണ്.
ലോക ജനസംഖ്യയുടെ പകുതിയും 30 വയസ്സിന് താഴെയുള്ളവരാണ്. എന്നിട്ടും ആഗോളതലത്തിൽ 2.6 % എംപിമാർ മാത്രമാണ് ഈ പ്രായക്കാരെ പ്രതിനിധീകരിക്കുന്നത്. ഈ സാഹചര്യം മാറ്റുന്നതിന് 6 വഴികൾ വളരെ സഹായകരമാണെന്നു ഐപിയു വ്യക്തമാക്കുന്നു.

നിയമനിർമ്മാണസഭകളിൽ യുവജന സംവരണം പ്രോത്സാഹിപ്പിക്കുന്നതു യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ വളരെ സഹായകരമാണ്. യുവപ്രാതിനിധ്യം സംബന്ധിച്ച റിപ്പോട്ടിനായി ഐപിയു ശേഖരിച്ച ഡേറ്റ ഇതു സ്ഥിരീകരിക്കുന്നു. കൂടാതെ, ജനപ്രതിനിധികളിൽ യുവതികൾ വളരെ കുറവായതിനാൽ ഈ സംവരണത്തിൽ അവരുടെ 50 % പ്രാതിനിധ്യം നിയമപരമായി ഉറപ്പാക്കുകയും വേണം. ഇത്തരം സംവരണങ്ങൾ യുവ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പും സ്ഥാനക്കയറ്റവും വർദ്ധിപ്പിക്കുകയും കഴിവുള്ള ചെറുപ്പക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള സാമൂഹിക തടസ്സങ്ങളെ മറികടക്കാൻ സഹായിക്കുകയും ചെയ്യും. പാർലമെന്റിൽ യുവാക്കളെത്തുന്നതു ചെറുപ്പക്കാരുടെ രാഷ്ട്രീയ ഇടപെടലിന്റെ നിലവാരവും അവരുടെ നിയമനിർമ്മാണ പ്രാതിനിധ്യവും വർദ്ധിപ്പിക്കും. ക്വാട്ട ഏർപ്പെടുത്തുന്നതു വഴി യുവജന പ്രതിനിധികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വളർച്ച ഉണ്ടാകും. ഇതിനു വ്യത്യസ്ത മാർഗ്ഗങ്ങൾ അവലംഭിക്കാറുണ്ട്. നിയമനിർ‌മാണം വഴി സീറ്റുകൾ‌ സംവരണം ചെയ്യുക, പാർട്ടി ക്വാട്ടകൾ നല്കുക തുടങ്ങിയ വഴികൾ ഇതിനായി ഉപയോഗപ്പെടുത്താറുണ്ട്. റുവാണ്ട, മൊറോക്കോ, കെനിയ, ഉഗാണ്ട എന്നീ 4 രാജ്യങ്ങളിൽ മാത്രമാണു യുവജന പ്രതിനിധികൾക്കു പ്രത്യേക സംവരണം ഉള്ളത്. യുവജന ക്വാട്ട സ്വീകരിച്ച എല്ലാ രാജ്യങ്ങളും സ്ത്രീ സംവരണത്തിനു ശേഷമാണ് ഈ പരിഷ്കരണം നടപ്പാക്കിയത്. ഇതു സൂചിപ്പിക്കുന്നതു സ്ത്രീകൾക്കു ക്വാട്ടയുള്ള പല രാജ്യങ്ങളും യുവാക്കളുടെ സംവരണത്തിനു ഫലഭൂയിഷ്ഠമായ സ്ഥലമാണെന്നാണ്. സംവരണം യുവജന പ്രാതിനിധ്യം വർദ്ധിപ്പിക്കുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും, അവയുടെ രൂപകല്പന ശ്രദ്ധയോടെ പരിശോധിക്കണം. സംവരണം വിജയകരമായി നടപ്പാക്കി പാർലമെന്റിൽ യുവസാന്നിധ്യം കൂടുന്നു എന്നുറപ്പാക്കണം.

യുവജന പ്രാതിനിധ്യം നിയമസഭകളിൽ വർദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു പ്രധാന നടപടിയാണു വോട്ടിനുള്ള കുറഞ്ഞ പ്രായംതന്നെ പാർലമെന്റിലേക്കു മത്സരിക്കുന്നതിനും ആക്കുക എന്നത്. സ്ഥാനാർത്ഥിയാകാനുള്ള കുറഞ്ഞ പ്രായത്തിന്റെ ആഗോള ശരാശരി 23.6 വയസ്സാണെന്ന് ഐപിയു പഠനം സൂചിപ്പിക്കുന്നു. ബഹുഭൂരിപക്ഷം രാജ്യങ്ങളും പിൻതുടരുന്ന കുറഞ്ഞ വോട്ടിംഗ് പ്രായമായ 18 നേക്കാൾ ഏതാണ്ട് 5.6 വയസ്സ് കൂടുതലാണിത്. എല്ലാ യുവാക്കൾക്കും വോട്ടുചെയ്യാൻ പ്രായമായാൽ ജനപ്രതിനിധിയായി അവരുടെ ആശയങ്ങളും കഴിവുകളും രാജ്യവളർച്ചക്കു നല്കി ക്രിയാത്മക സംഭാവന ചെയ്യാനുള്ള അവകാശം നിയമപരമായി നല്കണം. നൈജീരിയയിലെ അധോസഭയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായം 25 ആക്കി താഴ്ത്തിയ ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ യുവാക്കളുടെ പ്രാതിനിധ്യം 9 % കൂടി എന്നാണ് ഐപിയു റിപ്പോർട്ട് പറയുന്നത്.

യുവജനത്തിനുള്ള ഇടങ്ങൾ നിയമനിർമ്മാണ സഭകളിൽ കേന്ദ്രീകരിച്ചു സൃഷ്ടിക്കുന്നതും പാർലമെന്റി രംഗത്തെ യുവജന ശാക്തീകരണം ഉറപ്പാക്കും. ഇതിനായി, യുവാക്കളായ ജനപ്രതിനിധികളുടെ കൂട്ടായ്മകളും കോക്കസുകളും സഭകളോടനുബന്ധിച്ചു രൂപപ്പെടുത്തണം. ഇതുവഴി, ചെറുപ്പക്കാർക്ക് അവരുടെ കൂട്ടായ ശബ്ദങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയുണ്ടാകും. യുവജനതയുടെ പാർലമെന്ററി പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ബോധപൂർവ്വമായ ഇടപെടലുകളും ജനാധിപത്യരാജ്യങ്ങൾ ഇന്നു നടത്തുന്നു. യുവ എം‌പിമാരുടെ ശൃംഖലകളും യുവജന കോക്കസുകളും സ്ഥാപിക്കുന്ന പാർലമെന്റുകളുടെ എണ്ണം വർദ്ധിക്കുന്നു. യുവാക്കളുടെ പ്രശ്നങ്ങൾ പ്രത്യേകമായി പരിഗണിക്കുകയാണ് അവയുടെ ലക്ഷ്യം. ഈ റിപ്പോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന പാർലമെന്റുകളിൽ 16 ശതമാനത്തിലും യുവ എംപിമാരുടെ നെറ്റ്‌വർക്കുകളുണ്ട്. 16 % സഭകളിൽ ചെറുപ്പക്കാരായ ജനപ്രതിനിധികളുടെ കോക്കസുകളും 21 % നിയമനിർമ്മാണ സഭകളിലും യുവജന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനുള്ള കോക്കസുകളുമുണ്ട്. ഐപിയു പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 64 ശതമാനത്തിലധികം പാർലമെന്റുകളിൽ യുവജനപ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ പ്രത്യേക പാർലമെന്ററി കമ്മിറ്റികളുണ്ട്. എന്നിരുന്നാലും, അത്തരം സംവിധാനങ്ങൾ പലപ്പോഴും യുവാക്കളെ സംബന്ധിക്കുന്നതല്ലാത്ത മറ്റു പ്രശ്നങ്ങൾ കൂടി കൈകാര്യം ചെയ്യുന്നു. 56 % രാജ്യങ്ങളും പാർലമെന്ററി പ്രവർത്തനങ്ങൾ തങ്ങളുടെ യുവസമൂഹത്തെ പഠിപ്പിക്കുന്നതിനും ഇടപഴകുന്നതിനുമായി യൂത് പാർലമെന്റുകൾ സംഘടിപ്പിക്കുന്നുണ്ട്.
യുവത്വത്തെ പ്രായവ്യത്യാസങ്ങളില്ലിതെ എല്ലാവരും പ്രത്യേകമായി അംഗീകരിക്കണം. നിയമസഭാ പ്രവർത്തനങ്ങളിൽ അവരനുഭവിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ പ്രത്യേക ശ്രദ്ധ മുതിർന്ന എംപിമാർ കാണിക്കും. മാത്രമല്ല, എല്ലാ സാമാജികരും ചെറുപ്പക്കാരുടെ കാഴ്ചപ്പാടുകൾക്കു പ്രത്യേക പരിഗണന നല്കേണ്ടതും അത്യാവശ്യമാണ്. ഇതിലൂടെ യുവാക്കൾക്കു തങ്ങളുടെ കഴിവുകൾ പരിപൂർണ്ണമായി വികസിപ്പിക്കാൻ സാധിക്കും.

യുവാക്കളെ രാഷ്ട്രീയമായ ഉത്തരവാദിത്വങ്ങളിലേക്കു നയിച്ചാൽ തലമുറകൾ തമ്മിൽ അറിവും അനുഭവങ്ങളും ആശയങ്ങളും പങ്കിടാൻ അത് അവസരം നല്കും. ഈ കൂട്ടായ്മയിലൂടെ മുതിർന്നവരുമായുി സംവദിക്കുമ്പോൾ തങ്ങളുടെ രാജ്യത്തിന്റെ രാഷ്ട്രീയം ഇന്നത്തെ അവസ്ഥയിൽ എത്തിയത് എങ്ങനെയെന്നു മനസ്സിലാക്കുന്നതിനും അതിൽനിന്നു പാഠങ്ങൾ ഉൾക്കൊണ്ടു ഭാവിയെ രൂപപ്പെടുത്താനുമുള്ള നിർണ്ണായക മാർഗ്ഗമാണ് ഇത്. മാത്രമല്ല, യുവാക്കളെ രാഷ്ട്രീയത്തിൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ‌ നിന്നുള്ള സാമൂഹിക വിഭാഗങ്ങളുടെ പ്രാതിനിധ്യം വഴി രാഷ്ട്രീയപാർട്ടികളുടെ അംഗത്വത്തിൽ വൈവിധ്യവത്കരണം നടപ്പാക്കാനും സാധിക്കും.

പാർലമെന്റുകൾ ഒരു രാജ്യത്തിന്റെ പരിച്ഛേദത്തെ പ്രതിഫലിപ്പിക്കണം. അതുകൊണ്ട്, ചെറുപ്പക്കാരെ ഒഴിവാക്കിയാൽ പാർലമെന്റുകൾക്ക് അവരുടെ രാജ്യത്തിന്റെ വർത്തമാനവും ഭാവിയും നഷ്ടമാകും. ആയതിനാൽ, യുവജന പങ്കാളിത്തത്തിനു പിന്തുണ നല്കാൻ എല്ലാ എം‌പിമാർക്കും ബാധ്യതയുണ്ട്. ഈ ഉത്തരവാദിത്വം നിറവേറ്റിയാൽ മാത്രമേ ചൈതന്യവത്തായ ഒരു ജനാധിപത്യത്തെ സൃഷ്ടിച്ച് അതിന്റെ ഭാവി സുരക്ഷിതമാക്കാനാകൂ.

യുവജന പ്രാതിനിധ്യം ഉറപ്പാക്കുമ്പോൾ യുവതികളെ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ടെന്നും ആഗോളസമൂഹം തിരിച്ചറിയുന്നു. ‘യുവതികളെ വിളിക്കുക, രാഷ്ട്രീയ പങ്കാളിത്തത്തിന്റെയും നേതൃത്വത്തിന്റെയും കർമ്മരംഗത്തേക്ക്’ (Call to Action- On young women’s political participation and leadership) എന്ന ഐപിയു പ്രചാരണ പരിപാടി ഈ കാഴ്ചപ്പാട് പ്രത്യേകം ഉയർത്തിപ്പിടിക്കുന്നു. രാഷ്ട്രീയത്തിൽ യുവതികളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള ഈ കാംപെയ്ൻ്റെ ഭാഗമായി 3 മുൻ‌ഗണനാ മേഖലകൾ ഐപിയു തിരിച്ചറിയുന്നുണ്ട്. യുവതികളുടെ രാഷ്ട്രീയ അഭിലാഷങ്ങളെ പരിപോഷിപ്പിക്കുക; രാഷ്ട്രീയ അധികാരത്തിലേക്കു യുവതികളെ പ്രവേശിപ്പിക്കുക; യുവതികളെ രാഷ്ട്രീയ അധികാരത്തിൽ ശാക്തീകരിക്കുക, അവരുടെ നേതൃത്വത്തിൽ നിക്ഷേപിക്കുക എന്നിവയാണവ.

രാഷ്ട്രീയ നേതൃത്വത്തിൽ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യം ലഭിക്കുന്നതു യുവതികൾക്കാണ്. പാർലമെന്റുകളിൽ യുവജന പങ്കാളിത്തത്തെ കുറിച്ചുള്ള ഐപിയു ഡാറ്റ കാണിക്കുന്നത് 2.2 % പാർലമെന്റംഗങ്ങൾ 30 വയസ്സിൽ താഴെയുള്ളവർ ആണെന്നാണ്. ഒരു ശതമാനത്തിൽ താഴെ മാത്രമാണു യുവതികളെന്നും പ്രസ്തുത പഠനം വ്യക്തമാക്കുന്നു.

നിയമങ്ങൾ രൂപപ്പെടുത്തുന്നതിലും ബജറ്റു ചർച്ചകളിൽ പങ്കെടുക്കുന്നതിലും സർക്കാരുകളുടെ പ്രവർത്തനം പരിശോധിക്കുന്നതിലും നിന്നു യുവതികളെ ഒഴിവാക്കുന്നതിലൂടെ ഭാവിതലമുറയുടെ നന്മയ്ക്കായി അവർക്കു നല്കാവുന്ന വിലയേറിയ സംഭാവനകൾ നഷ്ടപ്പെടുത്തുകയാണ് സമൂഹം. ഔപചാരിക രാഷ്ട്രീയത്തിൽ യുവതീപങ്കാളിത്തം മുഖ്യമാണ്. കാരണം, കാലാവസ്ഥാ വ്യതിയാനം, വംശീയ നീതി, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിൽ യുവതികൾ മാറ്റത്തിനു പ്രത്യേകമായി നേതൃത്വം നല്കുന്നു. കൂടുതൽ നീതിപൂർവ്വവും സുസ്ഥിരവും തുല്യവുമായ ലോകത്തിനായി പോരാടാൻ തങ്ങൾക്കാകുമെന്നു ചരിത്രത്തിൽ യുവതികൾ പലവട്ടം തെളിയിച്ചിട്ടുണ്ട്. പരസ്പര സഹകരണത്തിനും ഉത്തരവാദിത്വത്തിനും വേണ്ടിയുള്ള ശക്തരായ വക്താക്കളാണ് അവർ. ഭാവിയിലേക്കുള്ള രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുമ്പോൾ നമ്മെ പ്രതിനിധീകരിക്കാൻ യുവതികളെ അനുവദിക്കുന്നതിലൂടെ പാർലമെന്ററി കാഴ്ചപ്പാടുകളിലും പ്രവർത്തനങ്ങളിലും വൈവിധ്യം കൊണ്ടുവരാൻ സാധിക്കും. സ്ത്രീകൾ ജനപ്രതിനിധികളായാൽ പ്രതിരോധം പോലുള്ള രംഗങ്ങൾക്കുപരി സാമൂഹികസുരക്ഷാ രംഗങ്ങളിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നതായി സാമൂഹികപഠനങ്ങളുണ്ട്. ഇതും പൗരസമൂഹത്തിനു ഗുണകരമാകും.

പാർലമെന്റുകളിലെ യുവജന പ്രാതിനിധ്യത്തിൽ ഇന്ത്യയുടെ സ്ഥിതിയും ഒട്ടും ആശാവഹമല്ല. ജനസംഖ്യയുടെ 65 ശതമാനത്തിലധികം 35 വയസ്സിൽ കുറവും ശരാശരി മീഡിയൻ പ്രായം 29 ൽ താഴെയുമുള്ള ഇന്ത്യയെ ‘യുവരാജ്യം’ എന്നു തീർച്ചയായും വിളിക്കാം. എന്നിരുന്നാലും, നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട എം‌പിമാരുടെ പ്രായഘടന പരിശോധിച്ചാൽ‌, യുവാക്കളെ അട്ടിമറിച്ചു മുതിർന്നവർ തിരഞ്ഞെടുപ്പു യുദ്ധത്തിൽ വിജയിക്കുന്നതായി കാണാം. പക്ഷേ, നമ്മുടെ പാർലമെന്റിലെ നേരിട്ടു തിരഞ്ഞെടുക്കപ്പെടുന്ന ലോകസഭാംഗങ്ങളുടെ ശരാശരി പ്രായം 55 ഉം പരോക്ഷമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാംഗങ്ങളുടേത് 63 ഉം ആണ്. ഇന്ത്യയിലെ ലോക്സഭാംഗങ്ങളിൽ 22 % മാത്രമേ 45 വയസ്സിൽ താഴെയുള്ളവരുള്ളൂ. കഴിഞ്ഞ 20 വർഷമായി ലോക്സഭാ എംപിമാരുടെ ശരാശരി പ്രായം എല്ലായ്പ്പോഴും 50 നു മുകളിലാണെന്നാണു പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്(3,4).

2011 ലെ സെൻസസ് പ്രകാരം ഇന്ത്യൻ ജനതയുടെ 11 % 25-30 വയസ്സിനിടയിലുള്ളവരാണ്. ലോക്‌സഭയിൽ 2019 ൽ 1.5 % എംപിമാർ പോലും ഈ പ്രായത്തിലുള്ളവരില്ല. ഇന്ത്യയിലെ 25 ശതമാനത്തിലധികം പേർ 25-40 പ്രായത്തിൽ ഉൾപ്പെട്ടവരാണ്. 17ാം ലോക്സഭയിൽ ഈ വിഭാഗത്തിന്റെ ശരാശരി പ്രാതിനിധ്യം 12 % മാത്രമാണ്. ഇന്ത്യയിൽ ആളുകളുടെ പ്രായം വർദ്ധിക്കുന്നത് അനുസരിച്ചു ജനസംഖ്യയിൽ അവരുടെ ശതമാനം കുറയുന്നു. പക്ഷേ, എംപിമാരിൽ അവരുടെ ശതമാനം കൂടുകയാണ്. ആകെ എംപിമാരിൽ16 % ഉൾപ്പെടുന്ന 51-55 പ്രായപരിധിയിൽ ഉള്ളവരാണ് ഏറ്റവും കൂടുതലുള്ളത്.

പാർലമെന്റിൽ യുവജന പ്രാതിനിധ്യം കുറയുക മാത്രമല്ല, കഴിഞ്ഞ 20 വർഷത്തിനിടയിൽ എംപിമാരുടെ ശരാശരി പ്രായം കൂടുകയും ചെയ്തു. 1999 ൽ ജനപ്രതിനിധിമാരുടെ ശരാശരി പ്രായം 52 (13ാം ലോക്സഭ) ആയിരുന്നു. 2004 ലും ഇത് അതേപടി തുടർന്നു. 2009 ൽ ലോക്‌സഭയുടെ ശരാശരി പ്രായം 54 ആയി ഉയർന്നു. 2014 ൽ ഇത് 59 ൽ എത്തി. തുടർച്ചയായ 3 തിരഞ്ഞെടുപ്പുകൾക്കുശേഷം 2019 ൽ ശരാശരി പ്രായം 55 വർഷമായി കുറഞ്ഞു.

എല്ലാറ്റിനുമുപരി, യുവാക്കളാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗദേയം നിശ്ചയിക്കുന്നത്. ബിജെപിയുടെ ഉയർച്ചയിൽ അവരുടെ പങ്കു മുഖ്യമാണ്. കോൺഗ്രസിനും ഇടതുപക്ഷത്തിനും യുവത്വത്തെ ആകർഷിക്കാനാകാത്തത് അവരുടെ തോല്വിക്ക് അടിവരയിടുന്നു. എന്നിട്ടും, പ്രധാന രാഷ്ട്രീയ കക്ഷികളായ ബിജെപിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും 40 വയസ്സിൽ താഴെയുള്ള യുവജനങ്ങളിൽപ്പെട്ട 10 ശതമാനത്തിൽ താഴെ ആളുകളെ മാത്രമാണു 2019 ലെ ലോക്സഭാ സ്ഥാനാർത്ഥികളായി മത്സരിപ്പിച്ചത്.

കേന്ദ്ര പാർലമെൻ്ററികാര്യ വകുപ്പിൻ്റെ നേതൃത്വത്തിൽ 1966 മുതൽ യൂത് പാർലമെൻറ് ഇന്ത്യയിൽ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചു സ്കൂളുകൾ സർവ്വകലാശാലകൾ കോളെജുകൾ തുടങ്ങിയ എണ്ണായിരത്തിൽ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നാലുലക്ഷത്തിൽപ്പരം പേർ ഈ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. 2017 ജനുവരിയിൽ സ്ഥാപിതമായ യംഗ് ഇന്ത്യ ഫൗണ്ടേഷൻ (YIF) കക്ഷിരാഷ്ട്രീയത്തിന് അതീതമായ ദേശീയ യുവജന സംഘടനയാണ്. ഈ സംഘടന പ്രാഥമികമായി യുവാക്കളുടെ അവകാശങ്ങളെയും പ്രാതിനിധ്യത്തെയും അടിസ്ഥാനമാക്കി പ്രാദേശിക തലങ്ങളിലേക്കുള്ള യുവതീയുവാക്കൾക്കു പരിശീലനം നല്കുന്നു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെ കുറിച്ചുള്ള ബോധവത്കരണ കാമ്പെയ്‌നുകളിലും അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കൂടാതെ, ഇന്ത്യയുടെ വിവിധ മേഖലകളിൽ നിന്നുള്ള യുവപ്രതിനിധികൾക്ക് ആശയങ്ങളും അനുഭവങ്ങളും കൈമാറാനും ഈ സംഘടന അവസരം ഒരുക്കുന്നുണ്ട്. ഇന്ത്യയിലെ എം‌പിമാരായും എം‌എൽ‌എമാരായും തിരഞ്ഞെടുക്കപ്പെടാനുള്ള കുറഞ്ഞപ്രായം 25 ൽ നിന്നു കുറയ്ക്കുന്നതിനുള്ള പ്രചാരണവും ഫൗണ്ടേഷൻ നടത്തുന്നുണ്ട് (5). ഇത്തരം നടപടികളൊന്നും ലക്ഷ്യം കാണുന്നില്ലെന്നതിന്റെ തെളിവാണ് ഈ രാജ്യത്തെ ശുഷ്കമായ യുവജന പ്രാതിനിധ്യം.

ഇന്ത്യ ചെറുപ്പമാണ്. പക്ഷേ, നമ്മുടെ രാഷ്ട്രനേതൃത്വം യുവാക്കൾക്കു വഴിമാറാൻ തയ്യാറല്ല. പ്രാതിനിധ്യത്തിന്റെ കണ്ണുകളിലൂടെ വീക്ഷിച്ചാൽ യുവജനങ്ങളുടെ ഭരണരംഗത്തുള്ള ശുഷ്കമായ സാന്നിദ്ധ്യം നമ്മുടെ ജനാധിപത്യത്തിനു തീരാക്കളങ്കമാണ്. യുവത്വം ഭരണനേതൃത്വത്തിലുള്ള പല ജനാധിപത്യരാജ്യങ്ങളും കൈവരിക്കുന്ന വികസനം ഇന്ത്യക്കൊരു പാഠമാണ്. നമ്മുടെ രാജ്യം ഇന്നനുഭവിക്കുന്ന പല പ്രതിസന്ധികൾക്കും പരിഹാരമേകാൻ യുവ രാഷ്ട്രീയ നേതൃത്വത്തിന്റെ കൂടിയ തോതിലുള്ള കടന്നു വരവോടെ സാധിക്കും. ഇതിനുള്ള അവസരം യുവജനതക്കു നല്കാനുള്ള അപൂർവ്വാവസരമാണ് ഇന്ത്യൻ പരസമൂഹത്തിനു വന്നുചേർന്നിട്ടുള്ളത്. ഈ ദൗത്യം ഏറ്റെടുക്കുന്നതിനു പ്രതിബന്ധമാകുന്ന വൃദ്ധനേതൃത്വങ്ങൾക്കു ബാലറ്റിലൂടെ മറുപടി നല്കി നമ്മുടെ രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്യുന്ന ക്ഷേമരാഷ്ട്രത്തിലേക്കു നയിക്കാൻ ചെറുപ്പത്തിന്റെ ചുറുചുറുക്കിന് അവസരമേകാം.

റെഫറൻസ്
1.https://en.m.wikipedia.org/wiki/Inter-Parliamentary_Union
2.https://www.un.org/en/observances/parliamentarism-day
3.https://www.google.com/amp/s/www.deccanherald.com/amp/opinion/how-to-get-more-youth-in-parliament-and-legislatures-897513.html
4.https://www.indiatoday.in/diu/stor
5.https://journalsofindia.com/youth-representation-in-parliament/


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.