Sat. Apr 20th, 2024

✍️ സുരേഷ്. സി ആർ

ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ത്യയ്ക്കു വേണ്ടി വാദിക്കാൻ ഒരു ഇന്ത്യാകാരൻ തന്നെ വേണമെന്ന് വാദിക്കുകയും 1892-ൽ സെൻട്രൽ ഫിൻസ് ബെറിയിൽ നിന്നും വിജയിച്ച് ബ്രിട്ടീഷ് പാർലമെന്റംഗമാകുന്ന ആദ്യത്തെ ഇന്ത്യാകാരനായി ചരിത്രം സൃഷ്ടിക്കുകയും ചെയ്ത വ്യക്തിയാണ് ദാദാഭായി നവറോജി (1825 – 1917).

‘മഹാനായ വന്ദ്യവയോധികൻ’ എന്ന് അദ്ദേഹം അറിയപ്പെടുന്നു.1854 ൽ എൻഫിസ്റ്റൺ കോളേജിൽ ഗണിതത്തിന്റെയും നാച്ചുറൽ ഫിലോസഫിയുടെയും പ്രൊഫസറായതോടെ കോളേജ് പ്രൊഫസറാകുന്ന ആദ്യ ഇന്ത്യാകാരനുമായി. ഇംഗ്ലണ്ടിൽ ലിബറൽ പാർട്ടിയിൽ അംഗമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും എഴുത്തുമായിരുന്നു പ്രധാന പ്രവർത്തനം.

മുംബൈയിൽ ജനനം. നാലാം വയസ്സിൽ അച്ഛൻ മരിച്ചതോടെ കുടുംബം ദാരിദ്ര്യത്തിലായിരുന്നു. അമ്മ വളരെ കഷ്ടപ്പെട്ടാണ് ദാദാബായിയെ വളർത്തിയത്. എൻഫിസ്റ്റൺ ഇൻസ്റ്റിറ്റൂട്ടിന്‍റെ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഇത് ജീവിതത്തിലൊരു വഴിത്തിരിവായി. സ്ത്രീവിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ച നവറോജി മുംബൈയിൽ പെൺകുട്ടികൾക്കുള്ള ആദ്യ സ്‌കൂളിന്റെ സ്ഥാപനത്തിൽ മുഖ്യ പങ്കുവഹിച്ചു.


1852-ൽ രാഷ്ട്രീയ വിഷയങ്ങൾ പരിഗണിച്ചിരുന്ന പശ്ചിമ ഇന്ത്യയിലെ ആദ്യ സംഘടനയായിരുന്ന ബോംബെ അസോസിയേഷനിൽ സജീവാംഗമായി.1859-ൽ സിവിൽ സർവീസിൽ അന്ന് ഇന്ത്യക്കാരോട് കാണിച്ച അനീതിക്കെതിരെ ആയിരുന്നു രാഷ്ട്രീയജീവിതത്തിലെ ആദ്യത്തെ പ്രക്ഷോഭം.

1867-ൽ ഈസ്റ്റ് ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചു. ബ്രിട്ടീഷുകാരും ഇന്ത്യക്കാരും അംഗങ്ങളായ, ഇന്ത്യയ്ക്കു വേണ്ടി വാദിക്കുന്ന ഒരു രാഷ്ട്രീയ കൂട്ടായ്മയായിരുന്നു അത്. ഇതിൽ അംഗമായിരുന്ന നവറോജിയുടെ ശിഷ്യൻ ഡബ്ല്യു സി ബാനർജിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ അധ്യക്ഷനായത്. 1869-ൽ ഇതിന്റെ പ്രചരണത്തിനായി ഇന്ത്യയിലെത്തി. 1873-ൽ ബറോഡാ രാജാവിന്‍റെ ദിവനായി.

1885 ൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ രൂപീകരണത്തിന് മുഖ്യ പങ്കുവഹിച്ചു. 1886-ലും ’93-ലും 1906-ലും കോൺഗ്രസ് പ്രസിഡന്റായ നവറോജിയാണ് ആദ്യമായി ‘സ്വരാജ്’ എന്ന പദം ഉപയോഗിച്ചത്.1915ൽ ആനി ബസന്റ് സ്ഥാപിച്ച ഹോംറൂൾ ലീഗിന്റെ ആദ്യ പ്രസിഡന്റായി.


നവറോജി പ്രസിദ്ധപ്പെടുത്തിയ ‘ദാരിദ്ര്യവും ബ്രിട്ടീഷുകാർക്ക് യോജിക്കാത്ത ഭരണവും ‘ എന്ന ഗ്രന്ഥം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ച് തയ്യാറാക്കിയ ആധികാരിക രേഖകളിലൊന്നായി ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യൻ സമ്പത്ത് എങ്ങനെ ബ്രിട്ടീഷുകാർ അവരുടെ ആവശ്യങ്ങൾക്കും, കടങ്ങൾക്കുമായി ഇംഗ്ലണ്ടിൽ ചിലവിടുന്നു, ഇന്ത്യ എന്ത് കൊണ്ട് ദാരിദ്ര്യത്തിൽ കഴിയുന്നു, എന്ത് കൊണ്ട് വലിയ കരം അടയ്ക്കാൻ ഇന്ത്യക്കാർ നിർബന്ധിതരാകുന്നു എന്ന് ഇതിലൂടെ തെളിയിച്ചു.

‘ഇന്ത്യയിലെ ഏറ്റവും ഉത്കൃഷ്ടനും ഉത്തമനും ധീരനുമായ നേതാവ്’ എന്നു വിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തിന് 1916 ൽ ബോംബെ സർവകലാശാല ‘ഡോക്ടർ ‘ ബിരുദം നൽകി ആദരിച്ചു. സുദീർഘ സേവനങ്ങളെ മാനിച്ച് ബ്രിട്ടീഷ് സർക്കാർ നൽകാൻ തീരുമാനിച്ച ‘സർ ‘ സ്ഥാനവും, പേർഷ്യയിലെ ഷാ യുടെ ‘കീർത്തിമുദ്ര’യും നവറോജി വിനയത്തോടെ നിരസിച്ചു.