Sat. Apr 20th, 2024

സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി അർജുൻ ആയങ്കി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. ഒളിവിലുള്ള അര്‍ജുനായി ഏതാനും ദിവസങ്ങളിലായി കസ്റ്റംസ് തിരിച്ചില്‍ നടത്തുകയായിരുന്നു. കടുത്ത നടപടികളുണ്ടാകുമെന്ന കസ്റ്റംസിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കണ്ണൂരിലുള്ള അര്‍ജുന്റെ വീടിന് മുമ്പില്‍ നോട്ടീസ് പതിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്രതീക്ഷിതമായി അര്‍ജുന്‍ ഇന്ന് കസ്റ്റംസ് ഓഫീസിലെത്തിയത്. അല്‍പ്പസമയത്തിനകം അര്‍ജുനെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കസ്റ്റംസ് കടന്നേക്കുമെന്നും സൂചനയുണ്ട്.

രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ നല്‍കിയ മൊഴിയാണ് അര്‍ജുന്‍ ആയങ്കിയുടെ സ്വര്‍ണക്കടത്ത് ബന്ധം പുറത്തായത്. കരിപ്പൂര്‍ വഴി കടത്തുന്ന സ്വര്‍ണം പൊട്ടിക്കുന്ന (തട്ടുന്ന) സംഘം അര്‍ജുന്റെ കീഴില്‍ പ്രവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ട്. രാമനാട്ടുകര അപകടമുണ്ടായപ്പോള്‍ അര്‍ജുനും സംഘവും സ്വര്‍ണം പൊട്ടിക്കാന്‍ കരിപ്പൂരിലെത്തിയതായും ഇവരെ നേരിടാന്‍ ചെര്‍പ്പുളശ്ശേരിയില്‍ നിന്നെത്തിയ സംഘാണ് അപകടത്തില്‍പ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ട്. 20ഓളം തവണ അര്‍ജുന്റെ നേതൃത്വത്തില്‍ സ്വര്‍ണം പൊട്ടിച്ചതായി കസ്റ്റംസിന് മൊഴി ലഭിച്ചിരുന്നു.

കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അർജുനിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇയാൾ ഒളിവിലായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന സംശയം നിലനിൽക്കെയാണ് അഭിഭാഷകനൊപ്പം അർജുൻ കസ്റ്റംസിന് മുന്നിലെത്തിയത്.
അര്‍ജുൻ ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തുന്നത് എന്നതുൾപ്പടെയുള്ള കാര്യങ്ങളാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇയാൾ സ്വർണത്തിനായി കരിപ്പൂരിലേയ്ക്ക് പോയ കാർ കഴിഞ്ഞദിവസം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയിരുന്നു.കോയ്യോട് സ്വദേശി സി സജേഷിന്റേതാണ്‌ ഈ കാർ. ഇയാളെയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.

2.33 കിലോഗ്രാം സ്വർണവുമായി കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് പിടിയിലായത്. സ്വർണം കസ്റ്റംസ് പിടികൂടിയതറിഞ്ഞ് മടങ്ങിയ അർജുനെ കുറച്ചു ദൂരം പിന്തുടർന്ന് മടങ്ങുമ്പോഴാണ് ചെർപ്പുളശേരിയിലെ ക്വട്ടേഷൻ സംഘം അപകടത്തിൽപ്പെട്ടത്.
സൈബര്‍ ഇടങ്ങളില്‍ സി പി എമ്മിനായി അര്‍ജുന്‍ ആയങ്കി നടത്തിയ ഇടപെടല്‍ അദ്ദേഹത്തിന് പാര്‍ട്ടി ബന്ധമുണ്ടെന്ന ആരോപണം ശക്തിപ്പെടുത്തുകയായിരുന്നു. കൂടാതെ ശുഐബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ സുഹൃത്താണ് അര്‍ജുന്‍ എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എന്നാല്‍ അര്‍ജുന്റെ പാര്‍ട്ടി ബന്ധം സി പി എം നിഷേധിച്ചിരുന്നു. നേരത്തെ ഡി വൈ എഫ് ഐയിലുണ്ടായിരുന്ന അര്‍ജുനെ 2018ല്‍ പുറത്താക്കിയതായി നേതൃത്വം അറിയിച്ചിരുന്നു.