Sunday, July 25, 2021

Latest Posts

കേരളത്തിലെ ആദ്യ ആദിവാസി നേതാവും രാഷ്ട്രീയ തടവുകാരനുമായ, ചോമൻ മൂപ്പൻ

തൃശിലേരി, തിരുനെല്ലി ആക്രമണ കേസിലെ പ്രതിയും കൊല്ലപ്പെട്ട നക്സലൈറ്റ് നേതാവ് വർഗ്ഗീസിന്റെ അനുയായിയുമായിരുന്നു ചോമൻ മൂപ്പൻ (1926 – 2006) വയനാട്ടിലെ തൃശിലേരി വരനിലം കോളനിയുടെ മൂപ്പനായിരുന്ന ചോമൻ സി.പി.ഐ(എം.എൽ) ജില്ലാ കമ്മററി അംഗവും ആദിവാസി ഭൂസംരക്ഷണവേദി കൺവീനറും ആയിരുന്നു.

അടിമ വേലയ്ക്കെതിരെയും കൂലി വർദ്ധനയ്ക്കു വേണ്ടിയും നടന്ന സമരങ്ങളിലെ മുന്നണിപ്പോരാളിയായിരുന്ന അദ്ദേഹം തൃശിലേരി, തിരുനെല്ലി കലാപത്തിന്റെ പേരിൽ എട്ടു വർഷം ജയിലിൽ കിടന്നു. അടിയന്തരാവസ്ഥയെ തുടർന്ന് കോടതി ഇടപെട്ട് ജയിലിൽ മോചിതനായെങ്കിലും കോടതി വളപ്പിൽ നിന്നുതന്നെ മിസ നിയമപ്രകാരം വീണ്ടും അറസ്റ്റിലായി.

1998-ൽ സഖാവ് വർഗീസിനെ വെടിവെച്ച് കൊന്ന കൊണ്സ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലിനെ തുടർന്ന് വർഗ്ഗീസിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചോമൻ മൂപ്പൻ, CPI-ML റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടറി എന്നിവർ ഹൈക്കോടതിയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ലക്ഷ്മണയ്ക്ക് ശിക്ഷ ലഭിച്ചത്.1999 ജനുവരി 11-ന് കോണ്സ്റ്റബിൾ രാമചന്ദ്രൻ നായരും ഇതിൽ കക്ഷിചേർന്നു. 1999 ജനുവരി 27-ന് ഹൈക്കോടതി ജസ്റ്റിസ്‌ സി.എസ്. രാജന്റെ ബെഞ്ച് കേസ് CBI-ക്ക് വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചു.
2002 ഡിസംബർ 11-ന് CBI ചാർജ്ഷീറ്റ് നൽകി. 2010 ഏപ്രിൽ 7-ന് CBI സ്‌പെഷ്യൽ കോടതി മുമ്പാകെ വിചാരണ ആരംഭിച്ചു. 72 സാക്ഷികൾ ഉണ്ടായിരുന്നു, അതിൽ 31 പേരെ വിസ്തരിച്ചു. 1970 ഫെബ്രുവരി 18-ന് സഖാവ് വർഗീസിനെ കൈകൾ പിന്നിൽ കെട്ടി പോലീസ് നടത്തിക്കൊണ്ട് പോവുന്നത് കണ്ട പ്രഭകാര്യ വാര്യർ, സഖാവിന്റെ മൃതശരീരം പൊതിഞ്ഞു വാനിൽ കയറ്റിയ കരിമ്പൻ, കൈകെട്ടി കൊണ്ട് പോവുന്നത് കാണുകയും പിന്നീട് മൃതദേഹം തിരിച്ചറിയുകയും ചെയ്ത ജോഗി, വർഗീസിനെ വെടിവക്കാൻ രാമചന്ദ്രൻ നായരെ ലക്ഷ്മണ നിർബന്ധിച്ചത് കാണുകയും വെടിവെപ്പിന് സാക്ഷിയാവുകയും ചെയ്ത കൊണ്സ്റ്റബിൾ മുഹമ്മദ് ഹനീഫ, രാമചന്ദ്രൻ നായരുടെ ഭാര്യ ശാന്തമ്മ, രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തൽ എഴുതിയെടുത്ത കൊണ്സ്റ്റബിൾ ജയദേവൻ, കത്ത് സൂക്ഷിച്ച ഗ്രോ വാസു, സഖാവ് അജിത, സഹോദരൻ എ. തോമസ് എന്നിവരെ കോടതിയിൽ വിസ്തരിച്ചു. 2010 ഒക്ടോബർ 28-ന് CBI കോടതിയിലെ ജഡ്ജി വിജയകുമാറിന്റെ വിധിയിലൂടെ ലക്ഷ്മണ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.
കേരളത്തിലെ ആദ്യ ആദിവാസി നേതാവും രാഷ്ട്രീയ തടവുകാരനുമായ, ചോമൻ മൂപ്പൻ ജയിൽ മോചിതനായ ശേഷം വർഗീസ് രക്തസാക്ഷി ദിനത്തിൽ (ഫെബ്രുവരി 18ന്) തിരുനെല്ലിയിലെ വർഗ്ഗീസ് പാറയിൽ പതാക ഉയർത്താൻ മൂപ്പനെത്തുമായിരുന്നു. 2006 ജൂൺ 27ന് 80ാം വയസിൽ അദ്ദേഹം നിര്യാതനായി.

ആദിവാസി ഭൂസംരക്ഷണ വേദിയുടെ സംസ്ഥാന കൺവീനറായിരുന്നു. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കാനുള്ള പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളി ആയിരുന്നു അദ്ദേഹം. ആദിവാസികളെ വംശഹത്യയിൽ നിന്ന് രക്ഷിക്കുക, ആദിവാസി ഭൂനിയമം ശാസ്ത്രീയമായി നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ നിരവധി ഇടപെടലുകളിൽ സജീവ സാന്നിധ്യമായിരുന്നു.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.