Tue. Apr 23rd, 2024

✍️ സി.ആർ.സുരേഷ്

ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ രചനകളിലൂടെ മലയാള സിനിമയുടെ രീതിശാസ്ത്രങ്ങളെ മാറ്റിയെഴുതിയ തിരക്കഥാകൃത്തും ആശയഗംഭീരമായ സിനിമകളിലൂടെ സ്വന്തം സ്ഥാനം ഉറപ്പിച്ച സംവിധായകനുമായിരുന്നു ലോഹിതദാസ് (1955 – 2009).

പത്മരാജനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്കുപുറമെ ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇദ്ദേഹം പ്രതിഭ തെളിയിച്ചു.

ചെറുകഥകൾ എഴുതിക്കൊണ്ടാണ് ലോഹിതദാസ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. തോപ്പിൽ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്കു വേണ്ടി 1986-ൽ ‘സിന്ധു ശാന്തമായൊഴുകുന്നു’ എന്ന നാടകരചനയിലൂടെ മലയാള നാടകവേദിയിൽ പ്രവേശിച്ചു. ഈ നാടകത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. പിന്നീട് അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവർ തുടങ്ങിയ നാടകങ്ങളും എഴുതി.


ലോഹിതദാസിനെ ചലച്ചിത്രലോകത്തേക്ക് നയിച്ചത് തിലകനാണ്. 1987-ൽ സിബി മലയിൽ ആദ്യമായി സംവിധാനം ചെയ്ത തനിയാവർത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് മലയാളസിനിമാരംഗത്ത് പ്രവേശിച്ചു.

1997-ൽ ഭൂതക്കണ്ണാടി എന്ന ചലച്ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവന്നു. കാരുണ്യം, കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കർ, സൂത്രധാരൻ, കസ്തൂരിമാൻ, ചക്കരമുത്ത്, നിവേദ്യം എന്നീ ചിത്രങ്ങൾ ലോഹിതദാസ് എന്ന സംവിധായകപ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞവയാണ്. ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഉദയനാണ് താരം, സ്‌റ്റോപ് വയലൻസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.


ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം, കിരീടം, പാഥേയം, വാത്സല്യം, അമരം, ആധാരം, ദശരഥം, ജാതകം, വളയം, മാലയോഗം, കുടുംബപുരാണം, മഹായാനം, ധനം, കൗരവർ, സസ്നേഹം, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നിവ മലയാളചലച്ചിത്രവേദിയെ ധന്യമാക്കിയ ലോഹിതദാസ് രചനകളാണ്.

നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം, മികച്ച സംവിധായകനുള്ള പത്മരാജൻ പുരസ്കാരം, രാമു കാര്യാട്ട് പുരസ്കാരം, അരവിന്ദൻ പുരസ്കാരം, മികച്ച കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം, തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന അവാർഡ് എന്നീ ബഹുമതികൾ നേടിയിട്ടുണ്ട്.