Monday, July 26, 2021

Latest Posts

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഗ്രാമീണര്‍ മാതൃക; വാക്‌സീന്‍ സുരക്ഷക്കായി നിരന്തരം പ്രവര്‍ത്തിക്കണം: പ്രധാന മന്ത്രി

വാക്‌സീന്‍ സുരക്ഷ രാജ്യത്തെ ഓരോ പൗരനും ലഭിക്കുന്നതിലേക്കായി നമുക്ക് നിരന്തരം പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പലയിടങ്ങളിലും വാക്‌സീന്‍ എടുക്കുന്നത് സംബന്ധിച്ച ആശങ്കകളും സംശയവും ദൂരീകരിക്കുന്നതിന് വേണ്ടി പല സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും മുന്നോട്ടു വന്നിട്ടുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ടെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കവേ പ്രധാന മന്ത്രി പറഞ്ഞു. കൊവിഡിനെതിരായി നമ്മുടെ യുദ്ധം തുടരുകയാണ്. ഈ യുദ്ധത്തില്‍ നാം എല്ലാവരും ഒന്നായി ചേര്‍ന്ന് പല അസാധാരണമായ നേട്ടങ്ങളും കൈവരിച്ചുകൊണ്ടിരിക്കുകയാണ്.

കുറച്ചുദിവസം മുമ്പ് നമ്മുടെ രാജ്യം ഒരു അഭൂതപൂര്‍വമായ തുടക്കം കുറിച്ചു. ജൂണ്‍ 21 ന് വാക്‌സീന്‍ ദൗത്യത്തിന്റെ അടുത്ത ഘട്ടം ആരംഭിച്ചു. അന്നേദിവസം 86 ലക്ഷത്തിലേറെ ആളുകള്‍ക്ക്, അതും ഒരു ദിവസത്തിനുള്ളില്‍ സൗജന്യമായി വാക്‌സീന്‍ നല്‍കി എന്ന റെക്കോര്‍ഡ് നേടിയെടുക്കാനായി. വാക്‌സീന്‍ എപ്പോഴെത്തും? ഒരു വര്‍ഷം മുമ്പ് എല്ലാവരുടെയും മുമ്പിലുള്ള ചോദ്യം ഇതായിരുന്നു. ഇന്ന് നാം ഒറ്റദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ക്ക് മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിന്‍ സൗജന്യമായി കുത്തിവക്കുകയാണ്. ഇതാണ് പുതിയ ഭാരതത്തിന്റെ ശക്തി.
ഭാരതത്തിലെ ഗ്രാമീണ ജനങ്ങള്‍, നമ്മുടെ വനവാസികളും ആദിവാസികളുമായ സഹോദരീ സഹോദരന്മാര്‍ ഈ കൊറോണക്കാലത്തും അവരുടെ കഴിവും വിവേകവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. എന്നെങ്കിലും ഒരുനാള്‍ ലോകത്തിനു മുന്നില്‍ ഇത് ഒരു കേസ് സ്റ്റഡിക്കുള്ള വിഷയമാകുക തന്നെ ചെയ്യും. ഗ്രാമീണ ജനങ്ങള്‍ ക്വാറന്റൈന്‍ സെന്ററുകള്‍ നിര്‍മിച്ചു. തദ്ദേശീയമായ ആവശ്യങ്ങള്‍ പരിഹരിച്ച് കൊവിഡ് പ്രോട്ടോകോള്‍ ഉണ്ടാക്കി. ഗ്രാമീണ ജനങ്ങള്‍ ആരെയും വിശന്നിരിക്കുവാന്‍ അനുവദിച്ചില്ല. സമീപ നഗരങ്ങളില്‍ പാലും പച്ചക്കറിയും എല്ലാം നിത്യേന എത്തിച്ചുകൊടുത്തു കൊണ്ടിരുന്നു. അതായത്, സ്വയം നിറവേറ്റുകയും മറ്റുള്ളവരെ പരിപാലിക്കുകയും ചെയ്തു. ഇതെല്ലാം തന്നെ നമുക്ക് വാക്‌സിനേഷന്റെ മുന്നേറ്റത്തിലും അനുവര്‍ത്തിക്കേണ്ടതുണ്ട്.

വരാനിരിക്കുന്ന ഒളിമ്പിക്‌സ് സംബന്ധിച്ചും ചില കാര്യങ്ങള്‍ പ്രധാന മന്ത്രി പറഞ്ഞു. MY GOV യില്‍ ഒളിമ്പിക്‌സിനെ പറ്റിയുള്ള ക്വിസില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുത്താല്‍ പല സമ്മാനങ്ങള്‍ക്കും അര്‍ഹരാകും. അങ്ങനെയുള്ള ഒരുപാടു ചോദ്യങ്ങള്‍ MY GOV യുടെ ‘റോഡ് ടു ടോക്കിയോ ക്വിസി’ല്‍ ഉണ്ട്. നിങ്ങള്‍ റോഡ് ടു ടോക്കിയോ ക്വിസില്‍ പങ്കെടുക്കണം. ഭാരതം ആദ്യം എങ്ങനെയാണ് പ്രകടനം കാഴ്ചവെച്ചത്? നമ്മുടെ ടോക്കിയോ ഒളിമ്പിക്‌സിനായി ഇപ്പോള്‍ നമ്മുടെ തയാറെടുപ്പ് എന്താണ്? ഇതൊക്കെ സ്വയം അറിയണം. മറ്റുള്ളവര്‍ക്കും പറഞ്ഞുകൊടുക്കണം.
കഴിവ്, സമര്‍പ്പണ മനോഭാവം, നിശ്ചയദാര്‍ഢ്യം, സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഇതെല്ലാം കൂടിച്ചേരുമ്പോഴാണ് ഒരാള്‍ ചാമ്പ്യനായിത്തീരുന്നത്. നമ്മുടെ നാട്ടില്‍ ഏറെയും കളിക്കാര്‍ കൊച്ചു കൊച്ചു പട്ടണങ്ങള്‍, ചെറിയ നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവയില്‍ നിന്നാണ് വരുന്നത്. ടോക്കിയോയിലേക്ക് പോകുന്ന നമ്മുടെ ഒളിമ്പിക് സംഘത്തിലും നമുക്ക് പ്രേരണയേകുന്ന പല കളിക്കാരുമുണ്ട്. ടോക്കിയോയിലേക്കു പോകുന്ന നമ്മുടെ കളിക്കാര്‍ കുട്ടിക്കാലത്ത് ഉപകരണങ്ങളുടേയും വിഭവങ്ങളുടേയുമൊക്കെ കാര്യത്തില്‍ അഭാവം നേരിട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ ഉറച്ചുനിന്നു, ഒരുമിച്ചു നിന്നു. അവര്‍, അവര്‍ക്കുവേണ്ടി മാത്രമല്ല പോകുന്നത്. ദേശത്തിനു വേണ്ടിയാണ്. അതുകൊണ്ട് നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ഈ കളിക്കാരെ സമ്മര്‍ദത്തിലാക്കരുത്. തുറന്ന മനസ്സോടെ ഇവര്‍ക്കൊപ്പം നില്‍ക്കണം. ഓരോ കളിക്കാരന്റേയും ഉത്സാഹം വര്‍ധിപ്പിക്കണം.
രാജ്യത്ത് ഇപ്പോള്‍ മഴക്കാലം തുടങ്ങിക്കഴിഞ്ഞു. മേഘങ്ങള്‍ പെയ്തിറങ്ങുന്നത് നമുക്ക് വേണ്ടി മാത്രമല്ല. മേഘങ്ങള്‍ വരും തലമുറയ്ക്കു വേണ്ടി കൂടിയാണ് പെയ്യുന്നത്. മഴവെള്ളം ഭൂമിയില്‍ ശേഖരിക്കപ്പെടുകയും ഭൂമിയുടെ ജലവിതാനം സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട് ഞാന്‍ ജലസംരക്ഷണത്തെ ദേശസേവനത്തിന്റെ തന്നെ ഒരു ഭാഗമായി കാണുന്നു. നമ്മുടെ സമീപപ്രദേശങ്ങളില്‍ ഏതു പ്രകാരത്തിലാണെങ്കിലും ജലം സംരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അതു ചെയ്യണം.

ഇന്നേക്ക് ഏതാനും ദിവസങ്ങള്‍ക്കു ശേഷം ജൂലൈ ഒന്നിന് നാം നാഷണല്‍ ഡോക്‌ടേഴ്‌സ് ഡേ ആചരിക്കും. ഈ ദിവസം രാജ്യത്തെ മഹാനായ ചികിത്സകനും ഭരണകര്‍ത്താവുമായിരുന്ന ഡോക്ടര്‍ ബി സി റായിയുടെ ജയന്തിക്കായി സമര്‍പ്പിക്കപ്പെട്ട ദിനം കൂടിയാണ്. കൊറോണക്കാലത്ത് ഡോക്ടര്‍മാരുടെ സംഭാവനയോട് നാമെല്ലാം കടപ്പെട്ടിരിക്കുന്നു. നമ്മുടെ ഡോക്ടര്‍മാര്‍ തങ്ങളുടെ ജീവനെ പോലും പരിഗണിക്കാതെ നമുക്ക് സേവനങ്ങള്‍ നല്‍കി. അതുകൊണ്ട് ഇത്തവണ നാഷണല്‍ ഡോക്‌ടേഴ്‌സ് ഡേ ഒരു പ്രത്യേകതയാണ്.

ആഗസ്റ്റ് 15 വരാനിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാകുന്നു. നാം നാടിനുവേണ്ടി ജീവിക്കാന്‍ പഠിക്കണം. സ്വാതന്ത്ര്യ സമരം നാടിനുവേണ്ടി ജീവത്യാഗം ചെയ്തവരുടെയാണ്. സ്വാതന്ത്ര്യാനന്തരമുള്ള ഈ കാലത്തെ നമുക്ക് നാടിന് വേണ്ടി ജീവിക്കുന്നവരുടെ കഥയാക്കിത്തീര്‍ക്കണം. 19, 20 നൂറ്റാണ്ടുകളിലെ പോരാട്ടത്തെ കുറിച്ച് സാധാരണ പറയാറുണ്ട്. എന്നാല്‍ സന്തോഷകരമായ കാര്യം 21-ാം നൂറ്റാണ്ടില്‍ ജനിച്ച യുവാക്കള്‍, 19, 20 നൂറ്റാണ്ടുകളില്‍ സ്വാതന്ത്ര്യ സമര പോരാട്ടം ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് എന്നതാണെന്നും പ്രധാന മന്ത്രി പറഞ്ഞു.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.