Thu. Mar 28th, 2024

എം സി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു. ജോസഫൈനോട് രാജിവക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയിരുന്നു. സ്വകാര്യ ചാനല്‍ പരിപാടിക്കിടെ പരാതിക്കാരിയോട് മോശം പ്രതികരണം നടത്തിയതിനെ തുടര്‍ന്നാണ് രാജി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. വനിതാ കമ്മീഷന്‍ പദവിയില്‍ കാലാവധി അവസാനിക്കാന്‍ 11 മാസം മാത്രമിരിക്കെയാണ് എം സി ജോസഫൈന്‍ രാജി വച്ചൊഴിഞ്ഞത്.

മോശമായി പ്രതികരിച്ചതില്‍ ജോസഫൈന്‍ ഖേദം പ്രകടിപ്പിക്കുകയും പാര്‍ട്ടിക്ക് വിശദീകരണം നല്‍കുകയും ചെയ്തിരുന്നുവെങ്കിലും നേതൃതലത്തില്‍ പിന്തുണ ലഭിച്ചില്ല. പാര്‍ട്ടിക്ക് പൊതു സമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയ പ്രതികരണമാണ് ജോസഫൈന്‍ നടത്തിയതെന്ന് വിമര്‍ശനമുയര്‍ന്നു. ജോസഫൈന്റെ പ്രതികരണ രീതിക്കെതിരെ വ്യാപക വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. പ്രതിപക്ഷ കക്ഷികളും എ ഐ വൈ എഫ്, എ ഐ എസ് എഫ് സംഘടനകളും രാജി ആവശ്യപ്പെട്ട് സമരം നടത്തുകയും ചെയ്തു.

രാജി തീരുമാനം ഉചിതമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരുന്ന അധ്യക്ഷയെയാണ് പുതുതായി നിയമിക്കേണ്ടത്. ജോസഫൈന്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടിയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.