Fri. Mar 29th, 2024

പുന്നപ്ര -വയലാർ സമരത്തിൽ നേരിട്ട് പങ്കെടുത്തവരിൽ ജീവിച്ചിരിക്കുന്ന, വയലാറിലെ അവസാന കണ്ണിയായിരുന്ന, സമരമുഖത്ത് പട്ടാളവുമായി ഏറ്റുമുട്ടി വെടിയേറ്റ സഖാവ് കുറുന്തോടത്ത് വാസു (95) അന്തരിച്ചു.

75 വര്‍ഷംമുമ്പ് 1122 തുലാം പത്ത്. അന്നാണ് തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരുടെ പട്ടാളം കിഴക്കുദിശയില്‍നിന്നു കായല്‍മാര്‍ഗം ബോട്ടിലെത്തി വയലാര്‍ വളഞ്ഞുവച്ചത്. പകല്‍ പത്തരയോടെ തുടങ്ങിയ വെടിവയ്പ്പ് മണിക്കൂറുകള്‍ നീണ്ടു. കണ്ണില്‍ച്ചോരയില്ലാതെ നൂറുകണക്കിനാളുകളെ കൊന്നുതള്ളി. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റിട്ടും പട്ടാളക്കാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടവരില്‍ ഒരാളാണ് സഖാവ് വാസു.

വയലാര്‍ കീഴേത്ത് പപ്പുവിന്റെയും അക്കമ്മയുടെയും രണ്ട് ആണ്‍മക്കളില്‍ ഇളയവനായ വാസുവിന് അന്ന് വയസ്സ് 20. വലതുകൈയ്ക്കും അരക്കെട്ടിലും വെടിയേറ്റു ചോരചിന്തിയിട്ടും തളരാതെ സമരകേന്ദ്രത്തിനു പടിഞ്ഞാറുള്ള തോടു നീന്തിക്കടന്ന് വാസു രക്ഷപ്പെട്ടു. തോടിനു പടിഞ്ഞാറുഭാഗത്തെത്തി തിരിഞ്ഞുനോക്കിയ വാസു കണ്ടത് അമ്പരിപ്പിക്കുന്ന കാഴ്ച. തോട്ടില്‍ തലങ്ങും വിലങ്ങും കപ്പപ്പായല്‍ (ആഫ്രിക്കന്‍ പായല്‍) ഒഴുകിനടക്കുന്നു. പായല്‍ തലയില്‍ മറയാക്കി സമരഭടന്മാര്‍ നീന്തിക്കയറുകയാണെന്നു പിന്നീടാണ് മനസിലായത്.

തുടര്‍ന്ന് അടുത്തുള്ള വീട്ടില്‍ അഭയംതേടി. പിറ്റേന്നു വിവരം അറിഞ്ഞെത്തിയ തൊഴിലാളിയൂണിയന്‍ പ്രവര്‍ത്തകര്‍ വള്ളത്തില്‍ കൊല്ലപ്പള്ളി ക്ഷേത്രത്തിനു സമീപത്തു പ്രവര്‍ത്തിച്ച പരിശീലനക്യാമ്പില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി. ഇതിനിടെ, മകനു വെടിയേറ്റ വിവരം അറിഞ്ഞെത്തിയ അമ്മ അലമുറയിട്ടു. ഒരുവിധം സമാധാനിപ്പിച്ചശേഷം രണ്ടുപേരുംകൂടി വീട്ടിലെത്തി. ഇതിനിടയിലും വെടിയേറ്റ ഭാഗങ്ങളില്‍നിന്നു രക്തം ഒഴുകുന്നുണ്ടായിരുന്നു.
മൂന്നാഴ്ചയോളം കഴിഞ്ഞതോടെ വെടിയേറ്റു മാംസം ഇളകിത്തെറിച്ച ഭാഗങ്ങള്‍ വലിയ വ്രണമായി. അമ്മയും അയല്‍ക്കാരനും ചേര്‍ന്ന് ചേര്‍ത്തലയിലെ ധര്‍മാശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ബോട്ടുജെട്ടിയില്‍ എത്തിച്ചു. ചെന്നുപെട്ടതു പട്ടാളക്കാരുടെ മുന്നില്‍. അവര്‍ പിടികൂടി വാനില്‍ ആശുപത്രിയില്‍ എത്തിച്ചു. ഒരുമാസവും 26 ദിവസവും അവിടെ കഴിഞ്ഞു. പട്ടാളക്കാര്‍ കാവല്‍നിന്നു. അതിനിടെ, വലതുതുടയിലെ മാംസം മുറിച്ചെടുത്ത് വെടികൊണ്ടു മാംസം ഇളകിത്തെറിച്ച ഭാഗത്ത് തുന്നിപ്പിടിപ്പിച്ചു. ഒരാഴ്ച അനങ്ങാതെ കിടക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. എന്നിട്ടും മുറിവുണങ്ങിയില്ല. ഒടുവില്‍ വിടുതല്‍വാങ്ങി വീട്ടിലെത്തി.

വലതുകൈയില്‍ ചുമലിനു താഴെ തറച്ച വെടിയുണ്ട 20 വര്‍ഷംമുമ്പാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. വെടിയേറ്റതിനാല്‍ അന്നുമുതല്‍ വലതുകാലിനു സ്വാഭാവികമായ ചലനശേഷി ഇല്ല. ഏന്തിവലിഞ്ഞാണ് വാസു എന്ന സമരധീരന്‍ നടക്കുന്നത്.
പതിനാറാം വയസ്സില്‍ അച്ഛന്റെ വിയോഗത്തെത്തുടര്‍ന്ന് കയര്‍ത്തൊഴിലാളിയായി ജീവിതം തുടങ്ങിയതാണ് വാസു. അമ്മ അക്കമ്മയ്ക്കും ജ്യേഷ്ഠന്‍ ഗോവിന്ദനുമൊപ്പം ജീവിച്ചുവരുമ്പോഴാണ് സമരഭടനായി പോരാടിയത്. 26 ആമത്തെ വയസ്സില്‍ വിവാഹിതനായി. ഭാര്യ 30 വര്‍ഷംമുമ്പ് മരിച്ചു. ഒരു മകന്‍ അടക്കം അഞ്ചുമക്കളുണ്ട്. പുന്നപ്ര വയലാര്‍ സമരഭടനെന്നനിലയില്‍ ലഭിക്കുന്ന സ്വാതന്ത്യ്രസമരപെന്‍ഷനാണ് ജീവിതമാര്‍ഗം. പെന്‍ഷന്‍ ലഭിക്കാന്‍ ആറുവര്‍ഷംനീണ്ട നിയമയുദ്ധം നടത്തേണ്ടിവന്നു. അത് വാസുവിന്റെ മറ്റൊരു സമരമുഖം.
“മുട്ടുകാലില്‍ നിരന്നുനിന്നു വെടിവയ്ക്കുന്ന പട്ടാളക്കാരുടെ മുന്നില്‍ തറയില്‍ കമിഴ്ന്നുകിടക്കുകയാണ് ഞങ്ങള്‍. തലയ്ക്കുമുകളിലൂടെ വെടിയുണ്ടകള്‍ ചീറിപ്പായുന്നു. എത്രനേരം അങ്ങനെ കിടന്നുവെന്നു തിട്ടമില്ല. ഇതിനിടയില്‍ ഞാന്‍ തലയൊന്നു പൊക്കി ചുറ്റിനും നോക്കി. ഒപ്പമുണ്ടായിരുന്ന ചിലര്‍ക്ക് തലയില്ല. ചിലര്‍ക്ക് കൈകാലുകളും നഷ്ടപ്പെട്ടിരിക്കുന്നു. അവിടമാകെ ചോരക്കളം. യുദ്ധത്തിന്റെ പ്രതീതി. പട്ടാളക്കാര്‍ തലങ്ങും വിലങ്ങും വെടിവയ്ക്കുകയാണ്. പെട്ടെന്നാണ് എന്റെ ശരീരത്തില്‍ എന്തോ വന്നുവീണതായി തോന്നിയത്. ഒരു നിമിഷം. കണ്ണില്‍ ഇരുട്ടുകയറി. ഞാന്‍ സൂക്ഷിച്ചു നോക്കി. ശരീരത്തില്‍നിന്നു ചോര കുത്തിയൊലിക്കുന്നു. കത്തിക്കയറുന്ന വേദന. എനിക്കും വെടിയേറ്റുവെന്ന് അപ്പോഴാണ് മനസിലായത്…”

വയലാര്‍ പോരാട്ടത്തില്‍ സായുധസജ്ജരായ പട്ടാളക്കാരോടു നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ സമരസേനാനി പി വാസുവിന്റെ കണ്ണുകളില്‍ അന്നത്തെ സമരവീര്യം ഇപ്പോഴും കത്തിജ്വലിച്ചിരുന്നു. 95 വയസ്സ് പിന്നിട്ടപ്പോഴും അദ്ദേഹത്തിന്റെ വാക്കുകളില്‍ ആ ആവേശത്തിരയിളക്കം ഉണ്ടായിരുന്നു. ഇപ്പോള്‍ വയലാര്‍ പഞ്ചായത്ത് 14 ആം വാര്‍ഡില്‍ കുറുന്തോടത്ത് വീട്ടിൽ ഒരു കാലഘട്ടം അവസാനിക്കുകയാണ്.