Monday, July 26, 2021

Latest Posts

സ്ത്രീ പീഡനവും ആത്മഹത്യയും മഹത്തായ പാരമ്പര്യവും ആചാരവുമാണ്; അതിനെ ചോദ്യം ചെയ്യരുത്

✍️ ലിബി.സി.എസ്

സ്ത്രീ പീഡനവും ആത്മഹത്യയും മഹത്തായ പാരമ്പര്യവും ആചാരവുമാണ്. നാട്ടുകാരുടെയും വീട്ടുകാരുടെയും പരദൂഷണം കേട്ട് ഗർഭിണിയായ ഭാര്യയെ ഉപേക്ഷിച്ചവനും ആദ്യത്തെ സ്ത്രീപീഡകനും നമ്മുടെ മാതൃകാ പുരുഷോത്തമനാണ്. സ്ത്രീപീഡനത്തിന്റെ പേരിൽ ആദ്യമായി ആത്മഹത്യ ചെയ്ത സ്ത്രീയാണ് നമ്മുടെ മാതൃകാ കുലസ്ത്രീ. അതുകൊണ്ട് ആചാരങ്ങളെ ചോദ്യം ചെയ്യരുത്. സ്ത്രീധന മരണങ്ങളും ആർഭാട വിവാഹങ്ങളും ആചാരപരമായി ഇനിയും തുടരും.

വിവാഹത്തോടനുബന്ധിച്ച് കമ്പോള താത്പര്യങ്ങൾക്ക് അനുസരിച്ചുള്ള പുതിയ പുതിയ ആചാരങ്ങൾ തുടർന്നുകൊണ്ടുമിരിക്കും. ഏതെങ്കിലും ഒരു പെൺകുട്ടി സ്ത്രീധന പീഡനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുമ്പോൾ നമ്മളെല്ലാം വലിയ വായിൽ മോങ്ങിക്കൊണ്ട് ഇടയ്ക്കിടെ പോസ്റ്റ് ഇടും. കണ്ണൂരിൽ മുൻപ് സ്ത്രീധന പണം തികയാതെ വിവാഹ തലേന്ന് ഒരു പിതാവ് വിവാഹ പന്തലിൽ ആത്മഹത്യ ചെയ്ത സംസ്ഥാനമാണ് കേരളം എത്രവേഗം നമ്മൾ അതൊക്കെ മറന്നു? ഇപ്പോൾ സ്ത്രീധനം വാങ്ങിയവരും കൊടുത്തവരും മറ്റുള്ളവരെ ഉപദേശിക്കാനായി സ്ത്രീധനത്തിന് എതിരെ ഫെയ്‌സ് ബുക്കിൽ പോസ്റ്റുകൾ ഇടുന്നു. ഇനിയും ഇതൊന്നും അവരുടെ കുടുംബ സാഹചര്യത്തിൽ അപ്ലൈ ചെയ്യുകയുമില്ല. ഞങ്ങളാരും ജാതിയും മതവും നോക്കി സ്ത്രീധനം നൽകി വിവാഹം കഴിച്ചവരല്ല. അങ്ങനെ ധാരാളം പേർ മുൻപും ഇപ്പോഴും കേരളത്തിൽ ഉണ്ട്.

നാരയണഗുരുവിൻറെ കാലം മുതൽ സ്ത്രീധനത്തിനെതിരെ പ്രതിഷേധം തുടങ്ങിയതാണ്.എന്നിട്ട് ആരെങ്കിലും കേട്ടോ? 10 പേരിൽ കൂടുതൽ പങ്കെടുക്കുന്ന വിവാഹങ്ങളെയും അദ്ദേഹം എതിർത്തിരുന്നു. (നാരായണഗുരുവിന് പോലും കഴിയാതിരുന്നത് കൊവിഡിന് കഴിഞ്ഞത് നിയമം മൂലമാണ്) ഈ ഓളങ്ങൾക്കും രണ്ട് ആഴ്ച ആയുസ് കാണും.

കേരളത്തിൽ സഹോദരൻ അയ്യപ്പൻറെ കാലം മുതൽ ആചാരങ്ങൾ നിരസിച്ചുകൊണ്ട് ജാതിയും മതവും സ്ത്രീധനവും നോക്കാതെ വിവാഹങ്ങൾ നടന്നിരുന്നു. അവരുടെ സഹായത്തിനായി മിശ്രവിവാഹ സംഘവും രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി രുപം കൊണ്ട ശേഷം ധാരാളം വിവാഹങ്ങൾ പാർട്ടി ഓഫീസുകളിൽ നടന്നിരുന്നു. യുക്തിവാദി സംഘവും ശാസ്ത്രസാഹിത്യ പരിഷത്തുമെല്ലാം ഇത്തരം ആദർശ വിവാഹങ്ങളെ ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇനിയുള്ള തലമുറയിലും അങ്ങനെ കുറച്ചുപേർ ഉണ്ടാകുകയും ചെയ്യും.അത് അത്തരത്തിൽ സ്വയം അവബോധം നേടിയവർ മാത്രം. എന്നാൽ കേരളത്തിലെ ബഹുജങ്ങൾ സ്ത്രീധനത്തിനെതിരെ അവബോധം നേടി സ്വയം അത് ഉപേക്ഷിക്കുമെന്നത് വെറും സ്വപ്നം മാത്രമാണ്.
മതത്തെയും ആചാരങ്ങളെയും ഉപയോഗിച്ചുള്ള വാണിജ്യവൽക്കരണമാണ് വിവാഹമാമാങ്കങ്ങളും. ഇതിന്റെയല്ലാം പ്രയോജകർ ജാതി മത സംഘടനകളും സ്വർണ്ണ, വസ്ത്ര വ്യാപാരികളുമാണ്. സ്പിരിച്വൽ കൾട്ടിനെ ഏറ്റവും അധികം മാർക്കറ്റ് ചെയ്യുന്ന പരസ്യങ്ങൾ പോലും ജൂവലറികളുടെയും വസ്ത്ര സ്ഥാപനങ്ങളുടേതുമാണ്. നിലവിലുള്ള ദുർബലമായ നിയമം അല്ലാതെ ചാരായം നിരോധിച്ചത് പോലുള്ള ശക്തമായ നിയമം മൂലമല്ലാതെ സ്ത്രീധനവും സ്ത്രീധന പീഡനങ്ങളും അതിൻറെ പേരിലുള്ള മരണങ്ങളും ഒഴിവാക്കാൻ ആകില്ല. ഒരു അന്ധവിശ്വാസി സമുഹത്തിൽ ഒരു ദുരാചാരവും നിയമം മൂലമല്ലാതെ നിരോധിക്കാനാവില്ല. കൊടുക്കുന്നവനെയും വാങ്ങുന്നവനെയും സ്‌പോട്ടിൽ അറസ്റ്റ് ചെയ്യാനും അകത്താക്കാനും കഴിയുന്ന ഒരു നിയമം നിർമ്മിക്കാനോ അത് നടപ്പിലാക്കാനോ മതങ്ങളുടെയും കമ്പോള താത്പര്യങ്ങൾക്കനുസരിച്ചും മാത്രം പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾ തയ്യാറകുമെന്നും കരുതേണ്ടതില്ല സാമൂഹ്യാവസ്ഥ മാറ്റാൻ കഴിയുന്നില്ലെങ്കിൽ. പെൺകുട്ടികൾക്ക് എന്നും ഈ ദുരന്തം അനുഭവിക്കേണ്ടി വരും.

കല്യാണം കഴിഞ്ഞാൽ വരൻ വധുവിന്റെ വീട്ടിൽ വന്ന് താമസിക്കട്ടെ…! എന്നാണ് ചിലർ പറയുന്നത്. ഇത് ഒരു പരിഹാരമാണോ..? പുരുഷനും സ്ത്രീയും സ്വന്തമായി എവിടെയെങ്കിലും പോയി ജീവിക്കട്ടെ. അല്ലാതെ, അവിടെയല്ലെങ്കിൽ ഇവിടെ എന്ന രീതിയൊക്കെ ഒന്ന് മാറ്റി പിടിച്ച് നോക്കൂ. പ്രണയിച്ച് വിവാഹം കഴിച്ചാൽ രണ്ട് വീട്ടിലും കയറ്റില്ല. എന്നതുകൊണ്ട് ഇത് സംഭവിക്കാറുണ്ട്. സന്തോഷത്തോടെ അതുങ്ങൾ എവിടെയെങ്കിലും പോയി ജീവിച്ചുകൊള്ളും. പക്ഷേ, പിന്നാലെ ചെന്ന് രണ്ട് വീട്ടുകാരും ഉപദ്രവിക്കും…!
ചിലരുടെ ഉപദേശം കെട്ടിച്ച് വിട്ടിട്ട് മകൾക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും തിരിച്ച് പോരാൻ ആണ്. എവിടേയ്ക്ക്…? മകൾക്ക് ജീവിത പങ്കാളിയെ കണ്ടെത്താൻ പോലും സ്വാതന്ത്ര്യം നൽകാത്ത മാതാപിതാക്കൾ ആണിത് ഓഫർ ചെയ്യുന്നത്. വീട്ടിൽ ഒരു ആങ്ങളയുണ്ടെങ്കിൽ. അയാളും ഇതുപോലെ വിവാഹിതൻ എങ്കിൽ തിരിച്ച് വരുന്ന സ്ത്രീയുടെ അവസ്ഥ ബഹു ജോർ ആയിരിക്കും. പിന്നെ രണ്ട് സ്ത്രീകളുടെ ആക്രമണം ഒരുമിച്ച് നേരിടേണ്ടി വരും. പെൺകുട്ടികളെ കഴിവുള്ളവരും സ്വതന്ത്രരായും വിദ്യാഭ്യാസമുള്ളവരും സെക്യുവേഡ് ആയ ജോലിയോ വരുമാനമോ ഉള്ളവരായി വളരാനും നിലനിൽക്കാനുമുള്ള സാമൂഹ്യ അന്തരീക്ഷമാണ് വേണ്ടത്.

ക്രിസ്ത്യാനികളായ പെൺകുട്ടികളെ ആചാരപരമായി പിതൃ ഭവനവുമായുള്ള ബന്ധം വേർപെടുത്തൽ എന്ന കൂദാശകൂടിയാണ് വിവാഹം. മേരി റോയിയുടെ നിയമ പോരാട്ടം മൂലമാണ് സ്ത്രീകൾക്ക് സ്വത്ത് അവകാശം പോലും ലഭിച്ചത്. ഏറ്റവും വലിയ വിവാഹ തട്ടിപ്പിൽ ഇരയായി കന്യാസ്ത്രീകളാകാൻ പോയവർ തട്ടിപ്പ് മനസ്സിലായിട്ടും തിരിച്ചു വരാത്തത് അവർക്ക് വീട്ടിൽ അഭയം നൽകില്ല എന്ന നല്ല ബോധ്യമുള്ളതുകൊണ്ടാണ്.
ചില വിപ്ലവ സിംഹങ്ങളായവർ മുസ്ലിം രീതി പിന്തുടർന്നാൽ ഇതൊഴിവാക്കാം എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു. മെഹർ അങ്ങോട്ട് കൊടുത്താണത്രെ കെട്ടുന്നത്! അതിലെന്താണ് വ്യത്യാസം. പിതാവിന് പണം കൊടുത്തു അടിമയെ വാങ്ങുന്നതോ? അവിടെ സ്ത്രീ ഒരു ചരക്കായി മാറുകയാണ്. അത് തന്നെയാണ് പാണ്ഡവർക്കും തോന്നിയത് ദ്രൗപദിയെ പണയം വെക്കാൻ! ഏറ്റവും കൂടുതൽ സ്ത്രീധനം കൊടുക്കുന്നത് മുസ്ലിങ്ങളാണെന്ന് ആണ് എനിക്ക് തോന്നിയിട്ടുള്ളത്. അവർ ഭർതൃ പീഡനത്തിന് ഇരയാകുന്നുണ്ടോ എന്ന് മുസ്ലിം സ്ത്രീകളോട് ചോദിച്ചാൽ പറഞ്ഞുതരും.

എല്ലാമത വിശ്വാസങ്ങളും ആചാരങ്ങളും ഇത്തരത്തിൽ സ്ത്രീവിരുദ്ധമാണ്.ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ പീഡകൻ രാമനും,അതിന്റെ പേരിലെ ആദ്യത്തെ ആത്മഹത്യ സീതയുടേതുമാണ്. അതുകൊണ്ട് നമുക്ക് നമ്മുടെ മഹത്തായ ആചാരങ്ങൾ പിന്തുടർന്നുകൊണ്ട് ആത്മഹത്യ ചെയ്ത പെൺകുട്ടികൾക്കു വേണ്ടി തള്ളിമറിക്കാം.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.