Thu. Apr 25th, 2024

ഗാര്‍ഹിക പീഡന പരാതി പറയാന്‍ ഫോണില്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ പുറത്താക്കണമെന്ന്  സി പി ഐയുടെ യുവജന സംഘടന എ ഐ വൈ എഫ്. ആശ്രയമാകേണ്ടവര്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വളരെ ഗൗരവതരമാണെന്നും എ ഐ വൈ എഫ് കുറ്റപ്പെടുത്തി.

വനിതാ കമ്മിഷൻ അധ്യക്ഷയുടെ പെരുമാറ്റം പദവിക്ക് നിരക്കാത്തതാണെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് വിധേയമാകുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപം കൊടുത്ത ഒരു സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്നവർ ഔചിത്യത്തോടെ പെരുമാറാൻ കഴിവുള്ളവരാവണം ഉപയോഗിക്കുന്ന ഭാഷക്കും വാക്കുകൾക്കും നിലവാരമുണ്ടാകുക എന്നത് പ്രധാനമാണ്. സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ കഴിയാത്തവർ ഇത്തരം സ്ഥാനങ്ങളിൽ തുടരരുത്.

സ്ത്രീ ശാക്തീകരണമെന്ന മഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുവാന്‍ രൂപവത്കരിച്ച കമ്മീഷന്റെ അധ്യക്ഷ താനിരിക്കുന്ന പദവിയുടെ മഹത്തരമായ മൂല്യം ഉള്‍ക്കൊള്ളാതെയുള്ള സമീപനമാണ് പരാതിക്കാരിയോട് സ്വീകരിച്ചത്. വനിതാ കമ്മിഷൻ അധ്യക്ഷയ്ക്കെതിരായി സമൂഹത്തിൽ ഉയർന്നുവന്നിരിക്കുന്ന വികാരം സർക്കാർ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസതാവനയിൽ ആവശ്യപ്പെട്ടു.