Monday, July 26, 2021

Latest Posts

സാംസ്‌കാരിക ജീവിതം വികസിതമായ ഈ കാലത്തുപോലും സംഘർഷവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ഇല്ലാതാക്കാനാകുന്നില്ല

✍️ റെൻസൺ വി എം

ലൈംഗിക അതിക്രമങ്ങൾ മാനുഷിക സമൂഹത്തിന്റെ ആന്തരികഘടനയിൽ ശക്തമായി ഉൾച്ചേർന്നിട്ടുണ്ട്. പ്രത്യുല്പാദനമെന്ന ജൈവിക ‘പ്രചോദനത്തോട്’ ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ മനുഷ്യാവകാശ ധ്വംസനത്തെ നിയന്ത്രണത്തിലാക്കാൻ സാംസ്‌കാരിക ജീവിതം വികസിതമായ ഈ കാലത്തുപോലും മനുഷ്യനു സാധിച്ചിട്ടില്ല. നയത്തിലും പ്രയോഗത്തിലും പ്രശംസനീയമായ മുന്നേറ്റങ്ങൾ ഉണ്ടായിരുന്നിട്ടും ലൈംഗിക അതിക്രമണം തടയുന്നതിൽ നാം നിരന്തരം പരാജയപ്പെടുന്നു. ലൈംഗിക ആക്രമണങ്ങൾ  യുദ്ധത്തിലും മറ്റു സംഘർഷങ്ങളിലും ആധിപത്യം ഉറപ്പിക്കാനുള്ള ഒരു തന്ത്രമായി ഉപയോഗിക്കുന്നുണ്ട്. അപ്പോൾ അതൊരു സവിശേഷമായ സാമൂഹിക രാഷ്ട്രീയ പ്രശ്നമായി മാറുന്നു. ലോകസമാധാനത്തിനും സുരക്ഷയ്ക്കും കടുത്ത ഭീഷണിയാണ് ഈ പ്രശ്നം. സായുധ പോരാട്ടത്തിനിടെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പൊതു സമൂഹത്തെ വിരളമാണ്. സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളുടെ പരിഹാരത്തിനു സൂക്ഷ്മമായ പഠനം ആവശ്യമാണ്. അതുകൊണ്ടു തന്നെ  നയരൂപകർത്താക്കളും മറ്റും സംഘട്ടനത്തിന്റെ ഭാഗമായ ലൈംഗിക അതിക്രമങ്ങളെ കുറിച്ചു മികച്ച വിവര സഞ്ചയം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇന്നു യുഎൻ അടക്കമുള്ളവർ സവിശേഷ ശ്രദ്ധ നല്കുന്ന സുപ്രധാന മേഖലയായി ഇതു മാറിയിട്ടുണ്ട്.

സ്ത്രീകൾ, പുരുഷന്മാർ, പെൺകുട്ടികൾ, ആൺകുട്ടികൾ എന്നിവർക്കെതിരേ സംഘർഷവുമായി ബന്ധപ്പെട്ടു നേരിട്ടോ അല്ലാതെയോ നടത്തുന്ന ബലാത്സംഗം, ലൈംഗിക അടിമത്തം, നിർബന്ധിത വേശ്യാവൃത്തി, നിർബന്ധിച്ചുള്ള ഗർഭധാരണം, ബലംപ്രയോഗത്താലുള്ള ഗർഭച്ഛിദ്രം, നിർബന്ധം ചെലുത്തിയുള്ള വന്ധ്യംകരണം, നിർബന്ധ പ്രേരണയാലുള്ള വിവാഹം, മറ്റേതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾ എന്നിവയെ “സംഘർഷവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ” (Conflict Related Sexual Violence  – സി ആർ എസ് വി ) എന്ന പദം സൂചിപ്പിക്കുന്നു. സംഘർഷസാഹചര്യങ്ങൾ മുതലെടുത്തു ലൈംഗിക അതിക്രമത്തിനോ ചൂഷണത്തിനോ വേണ്ടി മനുഷ്യരെ കടത്തുന്നതും ഇതിന്റെ പരിധിയിൽ  വരുന്നു.

2015 ജൂൺ 19 നാണു ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ (A / RES / 69/293) എല്ലാ വർഷവും ജൂൺ 19 നു ‘സംഘർഷവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം’ ആചരിക്കുന്നതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. ഈ കുറ്റകൃത്യം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങളുടെ ഇരകളെയും അത് അതിജീവിച്ചവരെയും ബഹുമാനിക്കുക, ഈ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നതിനായി നിലകൊണ്ടവർക്കും സധൈര്യം ജീവൻ നഷ്ടപ്പെടുത്തിയവർക്കും ആദരാഞ്ജലി അർപ്പിക്കുക എന്നിവയൊക്കെയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ (1).

സായുധ സംഘട്ടനങ്ങൾ പ്രതികൂലമായി ബാധിച്ചവരിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരാണെന്നും ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ സ്ത്രീകളെയും പെൺകുട്ടികളെയും പ്രത്യേകമായി ലക്ഷ്യമിടുന്നുണ്ടെന്നും ആഗോള സമൂഹം തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ് ഈ ദിനാചരണത്തിനായി യുഎൻ മുൻകൈ എടുക്കുന്നത്. ലൈംഗിക അതിക്രമങ്ങൾ യുദ്ധതന്ത്രമായീ സ്വീകരിക്കുന്നതിലൂടെ സാധാരണ പൗരന്മാരെ അപമാനിക്കുക, ആധിപത്യം സ്ഥാപിക്കുക, ഭയം വളർത്തുക, നിർബന്ധിതമായി കുടിയൊഴിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ തീവ്രവാദികൾ ലക്ഷ്യമിടുന്നു. പലപ്പോഴും, സംഘർഷങ്ങൾ അവസാനിച്ച ശേഷവും ഭീതി നിലനില്ക്കും. ഈ ക്രൂരതക്കു പുരുഷന്മാരും ആൺകുട്ടികളും  ഇരകളാകുന്നുണ്ടെന്നും പ്രമേയം വ്യക്തമാക്കുന്നു. സംഘർഷവുമായി ബന്ധപ്പെട്ട ബലാത്സംഗം, ലൈംഗിക അടിമത്തം, നിർബന്ധിത വേശ്യാവൃത്തി, ഭീഷണിയിലൂടെയുള്ള ഗർഭധാരണം, നിർബന്ധിത വന്ധ്യംകരണം മുതലായ എല്ലാ ലൈംഗിക അതിക്രമങ്ങളെയും ശക്തമായി അപലപിക്കുന്ന പ്രമേയം ഇരകൾക്കു സമയബന്ധിതമായ സഹായം നല്കണമെന്നും ഈ കുറ്റകൃത്യം ചെയ്ത കുറ്റവാളികളെ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും ആവശ്യപ്പെടുന്നു.

സായുധ സംഘട്ടനത്തിൽ ലൈംഗിക അതിക്രമത്തിന്റെ ഹാനികരമായ സ്വാധീനം അടിവരയിടുന്ന പ്രമേയം സംഘർഷം അവസാനിപ്പിക്കൽ, കലാപാനന്തരമുള്ള പരിവർത്തനം, പുനർനിർമ്മാണം, സമാധാന പ്രക്രിയകൾ തുടങ്ങിയവയിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രധാനമാണെന്നും വ്യക്തമാക്കുന്നു. ഇത്തരം ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുളള ഫലപ്രദമായ നടപടികൾക്ക് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിറുത്തുന്നതിൽ ഗണ്യമായ സംഭാവന നല്കാൻ കഴിയുമെന്നും സായുധ സംഘട്ടനത്തിലെ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പ്രഥമവും പ്രധാനവുമായ ചുമതല രാജ്യങ്ങൾക്കാണെന്നും ഈ യുഎൻ പ്രമേയം വ്യക്തമാക്കുന്നു

യുഎൻ സെക്യൂരിറ്റി കൗൺസിൽ 1820 (2008) നമ്പർ പ്രമേയം 2008 ജൂൺ 19 ന് അംഗീകരിച്ചതിന്റെ സ്മരണയ്ക്കായാണു ദിനാചരണത്തിനായി ഈ തീയതി തിരഞ്ഞെടുത്തത്. ഈ പ്രമേയത്തിലൂടെ ലൈംഗിക അതിക്രമങ്ങളെ യുദ്ധതന്ത്രമായി ഉപയോഗിക്കുന്നതിനെ കൗൺസിൽ അപലപിക്കുകയും ഇതു  സമാധാന സംസ്ഥാപനത്തിനു തടസ്സമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
അക്രമാസക്തമായ തീവ്രവാദത്തിന്റെ വളർച്ചയുടെ പശ്ചാത്തലത്തിൽ യുഎൻ സുരക്ഷാ സമിതി S / RES / 2331 (2016) എന്ന പ്രമേയത്തിലൂടെ മനുഷ്യക്കടത്ത്, ലൈംഗിക അതിക്രമങ്ങൾ, തീവ്രവാദം, അന്തർദേശീയമായി വ്യാപിച്ച സംഘടിത കുറ്റകൃത്യങ്ങൾ എന്നിവ തമ്മിലുള്ള അവിശുദ്ധ ബന്ധം ആദ്യമായി ചൂണ്ടിക്കാട്ടി. ലൈംഗിക അതിക്രമത്തെ ഭീകരതയുടെ തന്ത്രമായി അംഗീകരിച്ചുകൊണ്ട്, തീവ്രവാദ സംഘങ്ങൾ നടത്തുന്ന ലൈംഗിക അതിക്രമങ്ങൾക്കും മനുഷ്യക്കടത്തിനും ഇരയായവർ ‘തീവ്രവാദത്തിന്റെ ഇരകളായി’ ‘ഔദ്യോഗികമായി’ പരിഗണിക്കപ്പെട്ടു പരിഹാരങ്ങൾ തേടുന്നതിന് അർഹരാണെന്ന് മേൽ പ്രമേയം പ്രഖ്യാപിച്ചു.

മുൻ വർഷത്തെ പോലെ ഇപ്രാവശ്യവും പ്രസ്തുത ദിനാചരണത്തിന്റെ ഭാഗമായി, സംഘർഷവുമായി ബന്ധപ്പെട്ടു ലൈംഗിക അതിക്രമങ്ങൾക്ക് ഇരകളായവരെ (സിആർ‌എസ്‌വി) കോവിഡ് മഹാമാരി ദോഷകരമായി  ബാധിക്കുന്നത് എങ്ങനെയെന്നു പ്രത്യേകം ചിന്തിക്കുന്നു. അതുപോലെതന്നെ, ഈ രോഗസാഹചര്യം സംഘർഷത്തിന് ഇടയിലെ ലൈംഗിക അതിക്രമം തടയുന്നതിനും ആശ്വാസം നല്കുന്നതിനായി  ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ മൊത്തത്തിൽ പിന്നോട്ടടിക്കുന്നുണ്ട് എന്നും വിലയിരുത്തുന്നു.
വിവരവിനിമയത്തിന്റെ  അനന്തസാധ്യതകളുളള ഈ കാലത്തുപോലും കൃത്യമായി റിപ്പോർട്ടു ചെയ്യപ്പെടാത്ത കുറ്റകൃത്യമാണ് ‘സിആർ‌എസ്‌വി’. ഈ പ്രവണത കോവിഡ്-19 പകർച്ചവ്യാധിമൂലം കൂടുതൽ വർദ്ധിച്ചിരിക്കുന്നു. ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിനെ തടസ്സപ്പെടുത്തി; ഇരകളുടെ അതിജീവനത്തെ പിന്നോട്ടടിക്കുന്ന നിലവിലുള്ള ഘടനാപരവും സ്ഥാപനപരവും  സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങളെ കൂടുതൽ വഷളാക്കുന്നു ഈ സാഹചര്യം. സാമൂഹിക കളങ്കം, അരക്ഷിതാവസ്ഥ, പ്രതികാരഭയം, ആരോഗ്യ സേവനങ്ങളുടെയും മറ്റും അഭാവം തുടങ്ങിയ കാരണങ്ങളാലാണ് ഈ അതിക്രമങ്ങൾ പൊതുസമൂഹത്തിൽ നിന്നു മറച്ചുവെക്കപ്പെടുന്നത്. ദീർഘകാലമായി തുടരുന്ന ഈ പ്രവണത കോവിഡ്  നിയന്ത്രണങ്ങൾ മൂലം കാര്യമായി കൂടി. ലോക്ക്ഡൗൺ, കർഫ്യൂ, ക്വാറന്റൈൻ, വൈറസ് പകരുമെന്ന ഭയം, സഞ്ചാര നിയന്ത്രണം, ആരോഗ്യ സേവനങ്ങളിലേക്കും സുരക്ഷണ  കേന്ദ്രങ്ങളിലേക്കുമുള്ള പരിമിതമായ പ്രവേശനം തുടങ്ങിയവ ഈ മനുഷ്യാവകാശ ലംഘനം റിപ്പോർട്ടു ചെയ്യുന്നതിനുള്ള തടസ്സങ്ങൾ വളരെ വർദ്ധിപ്പിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു ബലാത്സംഗം റിപ്പോർട്ടു ചെയ്യപ്പെടുമ്പോൾ 10 മുതൽ 20 വരെ കേസുകളെങ്കിലും രേഖപ്പെടുത്താതെ പോകുന്നുണ്ടെന്നാണു ഈ വിഷയം പഠിക്കുന്ന വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

2020 മാർച്ച് 23 നു യുഎൻ സെക്രട്ടറി ജനറൽ, കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സമ്പൂർണ്ണ വെടിനിർത്തലിന് ആഗോള ആഹ്വാനം നല്കി. അത്തരമൊരു ആഗോള വെടിനിർത്തൽ കോവിഡ് 19 മൂലം ഏറ്റവും ദുർബലരായ മനുഷ്യരുള്ള സ്ഥലങ്ങളിൽ പ്രത്യാശ പകരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. കോവിഡ് മഹാമാരിയിൽ നിന്നു നിന്നു വിമോചിതമാകാനുള്ള പരിശ്രമങ്ങൾ ലിംഗാധിഷ്ഠിതമായ അതിക്രമങ്ങളുടെ മൂലകാരണങ്ങൾ പരിഹരിക്കാൻ സഹായകുന്നതാകണം. എന്നും അദ്ദേഹം പറയുന്നുണ്ട്.
ലൈംഗിക അതിക്രമങ്ങൾ നടത്തിയവർ ശിക്ഷയിൽ നിന്നു രക്ഷപെടുന്നതിനുള്ള സാധ്യതകൾ ഈ കുറ്റകൃത്യം തടയുന്നതിനെ വളരെ ദോഷകരമായി ബാധിക്കും. ഇരകൾക്കു നീതി ലഭ്യമാക്കുന്നതിനെ ദോഷകരമായി ബാധിക്കുന്ന പ്രധാന ഘടകമാണിത്. ഇക്കാര്യത്തിൽ, സി‌ആർ‌എസ്‌വി ഇരകൾക്കു നീതി ലഭ്യമാക്കേണ്ട ഉത്തരവാദിത്വമുള്ള നിയമ സംവിധാനങ്ങളെ കോവിഡ് 19  ദോഷകരമായി ബാധിക്കുന്നു. ഈ മഹാമാരി സൃഷ്ടിക്കുന്ന സാമൂഹിക സാഹചര്യം ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിനും തുടർനടപടികൾ  ചെയ്യുന്നതിനുമുള്ള നിയമപാലകരുടെയും ജുഡീഷ്യൽ അധികാരികളുടെയും ശേഷിയെ പരിമിതപ്പെടുത്തുന്നു. ഓസ്റ്റിനിലെ ടെക്സാസ് സർവ്വകലാശാലയുടെ ഭാഗമായ റോബർട്ട് സ്ട്രോസ് സെന്റർ ഫോർ ഇന്റർനാഷണൽ സെക്യൂരിറ്റി & ലോയുടെ സഹകരണത്തോടെ ആമ്ഡ് കോൺഫ്ളിക്ട് ലൊക്കേഷൻ & ഇവന്റ് ഡാറ്റ പ്രോജക്റ്റ് (ACLED) സമാഹരിച്ച ഡേറ്റ വ്യക്തമാക്കുന്നതു 2018 ന്റെ തുടക്കം മുതൽ രാഷ്ട്രീയവും ലൈംഗികവുമായ ആക്രമണഭീഷണി വർദ്ധിക്കുന്നു എന്നാണ്.

കലാപങ്ങൾക്കിടെ ലൈംഗികപീഡനം ഏറ്റവർക്കു സുരക്ഷിതമായി പൊതുസമക്ഷം വരാനും പരിഹാരം തേടാനുമുള്ള അന്തരീക്ഷം അടിയന്തരമായി സൂഷ്ടിക്കേണ്ടതുണ്ട്. സമൂഹത്തെ ബാധിച്ച അസമത്വങ്ങളുടെ ഭീകരത മഹാമാരി തുറന്നു കാട്ടി. ഈ പ്രശ്നത്തിനുള്ള ഒരേയൊരു പരിഹാരം രാഷ്ട്രീയ ദൃഢനിശ്ചയവും വിഭവങ്ങളുടെ വർദ്ധിച്ച തോതിലുള്ള ലഭ്യമാക്കലുമാണ്.
ഈ മഹാമാരിയുടെ പശ്ചാത്തലത്തിൽ മികച്ചരീതിയിൽ മാനവസമൂഹത്തെ വീണ്ടും കെട്ടിപ്പടുക്കുന്നതിനു സമഗ്രമായൊരു പദ്ധതി ആവശ്യമാണ്. വൈവിധ്യങ്ങളെ വിലമതിക്കുന്നതും ലിംഗസംവേദനാത്മകവുമായ സമീപനം ഈ ദൗത്യത്തിൽ നമുക്കു വേണം. വെടിയുണ്ടകളുടെ പാച്ചിൽ തടഞ്ഞു ഭാവിയിൽ സമാധാനം സ്ഥാപിക്കാൻ കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണ്. സ്ത്രീകൾ, പെൺകുട്ടികൾ, പീഡനത്തിന്റെ ഇരകൾ തുടങ്ങിയവരുടെ ശബ്ദത്തിനു കൂടുതൽ  ഇടം നല്കുക; ലിംഗസമത്വം കൈവരിക്കുക; സംഘട്ടനത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കുക; സൈനിക ചെലവുകൾ കുറയ്ക്കുക; ജനാധിപത്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുക;  യുദ്ധസന്നാഹങ്ങളെക്കാൾ പൊതുജനങ്ങളുടെ ക്ഷേമത്തിൽ നിക്ഷേപിക്കുക; മനുഷ്യ സമൂഹത്തിന്റെ സുരക്ഷ വളർത്തുക; വ്യക്തികളുടെയും സമുദായങ്ങളുടെയും സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുക തുടങ്ങിയവ ഇതിൽ പ്രധാനമാണ്.

കോവിഡിൽ നിന്നുള്ള പുനരുജ്ജീവനത്തിൽ പഴയ സമൂഹത്തിന്റെ പ്രതിബിംബം ആകരുതു നമ്മുടെ ലക്ഷ്യം. പകരം, ഈ പുനർനിർമ്മിതി പുതിയൊരു സാമൂഹിക കരാറിനെ പ്രോത്സാഹിപ്പിക്കണം. അതിൽ അധികാരമുള്ളവർ നിയമത്തിന് മീതെയും അശക്തർ കീഴെയും ആകരുത്. അവിടെ യഥാർത്ഥ സമത്വവും നീതിയും കൈവരിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെ നിയമത്തിന്റെ പരിരക്ഷ എല്ലാവരും അനുഭവിക്കണം, പ്രത്യേകിച്ചു സ്ത്രീകൾ. അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനും സഹായകമാകുകയും വികസനത്തിൽ ആരും ഉപേക്ഷിക്കപ്പെടില്ലെന്നു ഉറപ്പാക്കുന്നതും ആകണം കോലിഡാനന്തര പുനർനിർമ്മാണം.

സമൂഹത്തിന്റെ പുനർനിർമ്മിതി സമഗ്രവും അതിജീവന ക്ഷമതയുള്ളതും ആകണം. ജീവൻ രക്ഷിക്കാൻ സഹായകമായ വൈദ്യസഹായം, ലൈംഗിക പ്രത്യുൽപാദന ആരോഗ്യ സേവനങ്ങൾ, മനഃശാസ്ത്രപരമായ പിന്തുണ, ഉപജീവന സഹായം, സാമൂഹിക സാമ്പത്തിക പുനഃസംയോജനത്തിനുള്ള പിന്തുണ, നീതിയുടെ ലഭ്യത എന്നിവ ഇതിൽ പ്രത്യേകം ശ്രദ്ധിക്കണം. ഈ സേവനങ്ങൾ വിദൂരമായ ഗ്രാമപദേശങ്ങൾ, അതിർത്തി ദേശങ്ങൾ, അഭയാർഥികൾ കേന്ദ്രീകരിക്കുന്ന നാടുകൾ, മനുഷ്യ കുടിയിറക്കു നടക്കുന്ന പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ  അതിജീവിച്ചവർ അടക്കം അശരണരിൽ എല്ലാം എത്തണം (എസ് / 2021/312).

പ്രസ്തുത ലക്ഷ്യങ്ങളുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഈ വർഷം ജൂൺ 19 ൽ വിചിന്തനത്തിനു  ‘മികവോടെ പുനർനിർമ്മിക്കാം: മഹാവ്യാധിയിൽ നിന്നും രക്ഷനേടുന്ന പശ്ചാത്തലത്തിൽ സംഘർഷാനുബന്ധ ലൈംഗികാതിക്രമം അതിജീവിച്ചവർക്കു കൈത്താങ്ങാവാം’ (Building back better: Supporting survivors of conflict-related sexual violence in the context of pandemic recovery) എന്ന വിഷയമാണ് എടുത്തിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സിടിഇഡി, യുഎൻഎഐഡിഎസ്, ഡിപിഒ, ഡിപിപിഎ, ഒസിഎച്ച്എ, ഒഎച്ച്സിഎച്ച്ആർ, ഒഎസ്എപിജി, ഒഎസ്ജിയുടെ യൂത് എൻവോയ്, ഒഎസ്ആർഎസ്ജി-വിഎസി, ഒഎസ്ആർഎസ്ജി-സിഎഎസി, ഐഒഎം, യുഎൻഡിപി, യുഎൻഎഫ്പിഎ, യുഎൻസിഎച്ച്ആർ, യൂണിസെഫ്, യുഎൻഒഡിഎ, യുഎൻഒഡിസി, യുഎൻ വിമെൻ, യുഎൻഒസിടി, ഡബ്ളിയുഎച്ച്ഒ എന്നീ 20  യുഎൻ വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ രൂപീകരിച്ച യുഎൻ ആക്ഷന്റെ (UN Action Against Sexual Violence in Conflict (UN Action) നേതൃത്വത്തിലാണു  സംഘർഷങ്ങളുടെ ഭാഗമായുള്ള ലൈംഗിക ആക്രമണങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

സി‌ആർ‌എസ്‌വിയ്ക്ക് ഇരയായവർക്കു ലഭ്യമാകേണ്ട നീതിയെയും  അതിൽ സമൂഹത്തിന്റെ ഉത്തരവാദിത്വത്തെയും കുറിച്ചു കൂടുതൽ സമഗ്രമായ ധാരണ സൃഷ്ടിച്ചുകൊണ്ട് അവർക്ക് ആവശ്യമായ നഷ്ടപരിഹാരം നല്കുകയും അവരുടെ ജീവിതത്തെ പുനർനിർമ്മിക്കുകയും ലൈംഗിക അതിക്രമത്തിന്റെ ഫലമായി ജനിച്ച കുട്ടികൾ ഉൾപ്പെടെയുള്ളവരുള്ള കുടുംബങ്ങളെ സഹായിക്കുകയും ഉപജീവനമാർഗം ലഭ്യമാക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളാണു മേൽ സൂചിപ്പിച്ച സംഘടനകൾ ചെയ്യുന്നത് (2).
സംഘർഷാനുബന്ധ ലൈംഗിക ആക്രമണങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആഗോള സമൂഹത്തിനു മുമ്പിൽ എത്തിക്കുന്നതിനായുള്ള ഒരു റിപ്പോർട്ട് എല്ലാ വർഷവും യുഎൻ സെക്രട്ടറി ജനറൽ സുരക്ഷാ കൗൺസിലിനു മുമ്പാകെ വെക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ഈ റിപ്പോർട്ട് ഈ വർഷവും പീഡനത്തിന്റെ ഇരകളെ കുറിച്ചു ദുഃഖമയമായ ചിത്രമാണു നല്കുന്നത്. 2000 ജനുവരി മുതൽ ഡിസംബർ വരെയുള്ള‍ കാലഘട്ടമാണ് ഈ റിപ്പോർട്ടു വിലയിരുത്തുന്നത്. എത്യോപ്യയിൽ, 2020 നവംബറിൽ റ്റിഗ്രെ മേഖലയിൽ എത്യോപ്യൻ ദേശീയ പ്രതിരോധ സേനയുടെ വടക്കൻ കമാൻഡിന് എതിരേ ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് നടത്തിയ സായുധ ആക്രമണങ്ങളോട് അനുബന്ധിച്ചു നൂറിലധികം ബലാത്സംഗ കേസുകളുടെ ആരോപണം റിപ്പോർട്ട് ചെയ്തു. സ്വന്തം കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ നിർബന്ധിക്കുക, ആസന്നമായ അക്രമത്തിന്റെ, ഭക്ഷണം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്കു പകരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുക, അഭയാർഥിക്യാമ്പുകളിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരേ അതിക്രമങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങൾ അവിടെ നടന്നു. എത്യോപ്യൻ മനുഷ്യാവകാശ കമ്മീഷൻ 2021 ഫെബ്രുവരി 11 ലെ ഒരു റിപ്പോർട്ടിൽ 2 മാസ കാലയളവിൽ 108 ബലാത്സംഗങ്ങൾ നടന്നതായി സ്ഥിരീകരിച്ചു. കാമറൂണിലെ പ്രതിരോധ-സുരക്ഷാ സേനയും വടക്ക്-പടിഞ്ഞാറൻ, തെക്ക്-പടിഞ്ഞാറൻ മേഖലയിലെ സായുധ വിഘടനവാദികളും തമ്മിലുള്ള സംഘട്ടനങ്ങൾ 2016 മുതലുണ്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സൗത്ത്-വെസ്റ്റ് മേഖലയിൽ 2020 ഫെബ്രുവരി 29 ന് പട്ടാള നടപടിക്കിടെ 24 സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നാണ്. ബലാൽസംഗത്തിന് ശേഷമുള്ള ചികിത്സകൾ രക്ഷപ്പെട്ടവർക്കു ലഭിച്ചില്ല എന്നും വിവരമുണ്ട്. മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ, തിരഞ്ഞെടുപ്പിനു മുമ്പ് ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഇവിടെ സ്ത്രീകളെയും പെൺകുട്ടികളെയും ഭീഷണിയിലാക്കുകയും ലൈംഗിക അതിക്രമ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തു. ബുറുണ്ടിയിൽ, പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള സ്ത്രീകൾ തിരഞ്ഞെടുപ്പു കാലയളവിൽ ഭീഷണി, ഏകപക്ഷീയമായ തടങ്കൽ എന്നിവ നേരിട്ടു.

സുഡാനിൽ, ലൈംഗിക അതിക്രമത്തിന്റെ പ്രധാന കേന്ദ്രമാണു കാലി മേയ്ക്കുന്ന പ്രദേശങ്ങൾ. കർഷകരും കാലി മേയ്ക്കുന്നവരും തമ്മിലുള്ള സംഘർഷങ്ങളുടെ അനുബന്ധമായി ഇവിടെ ബലാത്സംഗങ്ങൾ നടക്കുന്നു. അതുപോലെ, സൊമാലിയയിലും കോവിഡിന്റെ സാമൂഹിക സാമ്പത്തിക ആഘാതം മൂലം ഭൂമി സംബന്ധമായ തർക്കങ്ങളുടെ ഫലമായി കുലം അടിസ്ഥാനമാക്കിയുള്ള ആക്രമണങ്ങൾ ശക്തമായി. വ്യത്യസ്ത സമൂഹങ്ങൾ തമ്മിൽ ദക്ഷിണ സുഡാനിലും പ്രകൃതിവിഭവങ്ങളെച്ചൊല്ലി ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലും സായുധ സംഘടനങ്ങൾ ഉണ്ടായി. ഇവിടങ്ങളിൽ  കലാപത്തിനിടയിലെ അതിക്രമങ്ങളെ ഒരു യുദ്ധതന്ത്രമായി ഉപയോഗിച്ചു. ഇറാക്കിലെ ഇസ്ലാമിക് സ്റ്റേറ്റ് മേഖലകളിലും ആഫ്രിക്കയിലെ ബോകോ ഹറാം ശക്തികേന്ദ്രങ്ങളിലും ലൈംഗിക അടിമത്തവും മനുഷ്യക്കടത്തും നടക്കുന്നു. കുർദിസ്താൻ മേഖലാ സർക്കാർ പറയുന്നതു തട്ടിക്കൊണ്ടുപോയ 6,417 യാസിദികളിൽ 3,543 പേരെ (1,204 സ്ത്രീകൾ, 1,044 പെൺകുട്ടികൾ, 956 ആൺകുട്ടികളും 339 പുരുഷന്മാരും) രക്ഷപ്പെടുത്തി. എന്നാൽ, 2,874 പേരെ കാണാതായതായും (1,574 പുരുഷന്മാരും 1,300 സ്ത്രീകളും) അവർ പറയുന്നുണ്ട്. സോമാലിയയിൽ 400 പെൺകുട്ടികളെയും 12 സ്ത്രീകളെയും 7 ആൺകുട്ടികളെയും കലാപത്തോട് ബന്ധപ്പെട്ടു ലൈംഗിക പീഡനത്തിനിരയാക്കി. ഇതു കൂടാതെ, ലിബിയ, മാലി, നേപ്പാൾ, ശ്രീലങ്ക, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിലും സ്ത്രീകൾക്കു നേരേ സംഘർഷങ്ങൾക്ക് അനുബന്ധമായി ലൈംഗിക പീഡനങ്ങൾ നടന്നു എന്നും‍ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഈ റിപ്പോർട്ടിലൂടെ യുഎൻ സെക്രട്ടറി ജനറൽ സുരക്ഷാ കൗൺസിലിന്റെ മുമ്പാകെ പല സുപ്രധാന ശുപാർശകളും സമർപ്പിക്കുന്നുണ്ട്. സുരക്ഷാ കൗൺസിലിന്റെ 2532 (2020) പ്രമേയത്തിന്റെ അന്തസത്ത ഉൾക്കൊണ്ടു സായുധ സംഘട്ടനത്തിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളോടൊക്കെ എല്ലാ ലൈംഗിക അതിക്രമങ്ങളും ഉടനടി അവസാനിപ്പിക്കാൻ  ആവശ്യപ്പെടുക; ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനു ഇത്തരം അതിക്രമങ്ങൾ ഒരു മാനദണ്ഡമാക്കിയ നടപടി തുടരുക; മനുഷ്യ കടത്തും സംഘർഷാനുബന്ധ ലൈംഗിക അതിക്രമങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധം അവസാനിപ്പിക്കാൻ പരിശ്രമിക്കുന്നതിനൊപ്പം, സംഘടിത സംഘർഷം, രാഷ്ട്രീയ അസ്ഥിരത, ഭീകരത, സായുധ സംഘട്ടനങ്ങൾക്കുള്ള ധനസഹായം തുടങ്ങിയവയും മനുഷ്യക്കടത്തുമായുള്ള ബന്ധങ്ങളും ഇല്ലാതാക്കുക; സായുധ സംഘർഷത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങളെയും കക്ഷികളെയും സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനു പ്രേരിപ്പിക്കുകയും അന്തർ‌ദ്ദേശീയ മാനുഷിക നിയമങ്ങളും മറ്റും പാലിക്കുന്നതിന് അവരെ നിർബന്ധിക്കുകയും ചെയ്യുക; കലാപങ്ങളോട് അനുബന്ധമായ ലൈംഗിക കുറ്റകൃത്യങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി മുമ്പാകെ എത്തിക്കുക; വർദ്ധിച്ചുവരുന്ന സായുധ കലാപങ്ങൾ, തീവ്രവാദം, ലിംഗാധിഷ്ഠിത വിദ്വേഷ പ്രചാരണം, വ്യാപകമായ അരക്ഷിതാവസ്ഥ, തിരഞ്ഞെടുപ്പ് ആക്രമണം, രാഷ്ട്രീയ അസ്ഥിരത, വർഗ്ഗീയ സംഘർഷങ്ങൾ മനുഷ്യരെ കുടിയിറക്കൽ തുടങ്ങിയ  സംഘർഷവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾക്ക് അനുകൂല സാഹചര്യങ്ങൾ നിരീക്ഷിച്ച് ഉചിതമായ പ്രതിരോധ നടപടികൾ സ്വീകരിക്കുക; സുരക്ഷയുടെയും സ്വകാര്യതയുടെയും തത്വങ്ങൾ പരിഗണിച്ചും സംഘർബാധിത സമൂഹങ്ങളുടെ കാഴ്ചപ്പാടുകളും വനിതാ സംഘടനകളുടെയും മറ്റു സേവന ദാതാക്കളുടെയും അഭിപ്രായങ്ങളും കണക്കിലെടുത്തും പീഡനങ്ങൾക്ക് ഇരകളായവരോടു സഹാനുഭൂതി പ്രകടിപ്പിച്ചും ഈ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നൈയാമികമായ ബാധ്യതകളെ കുറിച്ചു ബന്ധപ്പെട്ട അധികാരികളെ ഓർമ്മപ്പിക്കുക; യുഎൻ സുരക്ഷാ കൗൺസിൽ നടത്തുന്ന ഫീൽഡ് വിസിറ്റുകളിൽ ഇത്തരം ലൈംഗിക അതിക്രമങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക തുടങ്ങിയവയാണു സെക്രട്ടറി ജനറലിന്റെ സെക്യൂരിറ്റി കൗൺസിലിനോടുള്ള ശിപാർശകൾ.

അംഗരാജ്യങ്ങൾ, മേഖലാ കൂട്ടായ്മകൾ, ബഹുരാഷ്ട്ര  സംഘടനകൾ തുടങ്ങിയവരോടും സെക്രട്ടറി ജനറൽ ചില നിർദ്ദേശങ്ങൾ  നല്കുന്നുണ്ട്. സായുധ കലാപങ്ങളുടെയോ തീവ്രവാദ പ്രവർത്തനങ്ങളുടെയോ അനുബന്ധമായി ലൈംഗിക അതിക്രമങ്ങൾക്ക് ഇരകളായവരെ വ്യവസ്ഥാപിതമായ സഹായങ്ങളും നഷ്ടപരിഹാരങ്ങളും ലഭിക്കുന്നതിനു വേണ്ടി ഔദ്യോഗികമായി സംഘട്ടനത്തിന്റെയും ഭീകരതയുടെയും നിയമാനുസൃത ഇരകളായി അംഗീകരിക്കുക; ഇതിനു വിഘാതമായ നിയമവ്യവസ്ഥകൾ രാജ്യത്ത് ഉണ്ടെങ്കിൽ അവ പുനരവലോകനം ചെയ്യുക; സംഘർഷവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനും പ്രതികരിക്കുന്നതിനും ഈ മനുഷ്യാവകാശ ലംഘനത്തെ അതിജീവിക്കുന്നവരെ കേന്ദ്രീകരിച്ചുള്ള സമീപനം സ്വീകരിക്കുക; അതിജീവിച്ചവർ അതുല്യ വ്യക്തികളാണെന്നു തിരിച്ചറിഞ്ഞ് അവരുടെ വിവിധ ആവശ്യങ്ങൾക്കും കാഴ്ചപ്പാടുകൾക്കും ആഗ്രഹങ്ങൾക്കും മുൻഗണന നല്കി അവരെ ശാക്തീകരിക്കാൻ ശ്രമിക്കുക; ഇരകൾക്കായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ വംശം, മതം, കുടിയേറ്റ നില, ശാരീരിക വൈകല്യങ്ങൾ, പ്രായം, രാഷ്ട്രീയ അനുഭാവം സായുധ സംഘങ്ങളുമായുള്ള ബന്ധം, ലൈംഗിക ആഭിമുഖ്യം, ലിംഗ വ്യക്തിത്വം, എച്ച്ഐവി നില തുടങ്ങിയവ ഇരകളിൽ സൃഷ്ടിക്കുന്ന അസമത്വങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക; പീഡനങ്ങൾ അതിജീവിച്ചവരുടെ അവകാശങ്ങൾ മാനിക്കപ്പെടുന്നുവെന്നും അവരോടു മാന്യമായാണു പെരുമാറുന്നതെന്നും ഉറപ്പാക്കുക; വിവരങ്ങൾ മനസ്സിലാക്കി ബോധ്യത്തോടെ തീരുമാനങ്ങൾ എടുക്കുന്നതിനും ഭാവിയിൽ ഉണ്ടാകാനിടയുള്ള അവകാശ ലംഘനങ്ങൾ തടയുന്നതിനുള്ള ഇടപെടലുകൾക്കു വഴികാട്ടുന്നതിനും ഉള്ള അവരുടെ കഴിവു പരിഗണിക്കുക തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം ആവശ്യപ്പെടുന്നു.

കൂടാതെ, ലൈംഗിക അതിക്രമങ്ങളുടെ ഇരകൾക്കും ആശ്രിതർക്കും ആരോഗ്യപരിരക്ഷയും മനഃശാസ്ത്രപരവും നിയമപരവുമായ സേവനങ്ങളും ഗർഭകാല പരിരക്ഷയും ഗർഭനിരോധനത്തിനുള്ള അടിയന്തര മാർഗ്ഗങ്ങളും ഗർഭധാരണം സുരക്ഷിതമായി അവസാനിപ്പിക്കാനുള്ള സംവിധാനങ്ങളും എച്ച്ഐവി പ്രതിരോധ സംവിധാനങ്ങളും സാമൂഹിക സാമ്പത്തിക പുനഃസംയോജന പിന്തുണ ഉറപ്പാക്കുക; ഈ സേവനങ്ങൾ വിദൂരമായ ഗ്രാമീണ മേഖലകളിൽ അടക്കം എത്തിക്കുന്നതിനുള്ള സാമ്പത്തിക വിഭവങ്ങൾ ലഭ്യമാക്കുക; മനുഷ്യ കുടിയിറക്കിന്റെയും അഭയാർത്ഥി പ്രവാഹത്തിന്റെയും മറ്റും സാഹചര്യങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം വർദ്ധിപ്പിക്കുക; മതിയായ സാമൂഹിക സാമ്പത്തിക പുനഃസംയോജന പിന്തുണ നല്കിയും ലൈംഗിക അതിക്രമത്തിൽ ഉൾപ്പെട്ട കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്തും സുരക്ഷയോടും അന്തസ്സോടും ഇരകൾക്കു സ്വമേധയാ മടങ്ങിവരുന്നതിന് അവസരം ഒരുക്കുക; കോവിഡിന്റെ  ആഘാതങ്ങളിൽ നിന്നു പുറത്തുകടക്കുന്നതിനും മറ്റുമുള്ള പ്രവർത്തനങ്ങളിൽ തീരുമാനം എടുക്കുമ്പോൾ  വനിതാ സംഘടനകൾ, സ്ത്രീകൾ, പെൺകുട്ടികൾ, ലൈംഗിക അതിക്രമങ്ങൾ അതിജീവിച്ചവർ തുടങ്ങിയവരെ പങ്കെടുപ്പിക്കുക മുതലായ നിർദ്ദേശങ്ങളും മുന്നോട്ടുവെയ്ക്കുന്നു.

ഇവയ്ക്കു പുറമേ, സംഘർഷാനുബന്ധ  ലൈംഗിക അതിക്രമങ്ങളുടെ അടിസ്ഥാനങ്ങൾ ഇല്ലാതാക്കാൻ, ഇരകളെ കുറ്റപ്പെടുത്തുന്നതും കളങ്കപ്പെടുത്തുന്നതും ഒഴിവാക്കുന്നതും വിവേചനം കാണിക്കുന്നതുമായ സാമൂഹിക മാനദണ്ഡങ്ങൾ ഇല്ലാതാക്കുക; ദേശീയ രാഷ്ട്രീയ, സുരക്ഷാ സ്ഥാപനങ്ങളിലും നിയമ സ്ഥാപനങ്ങളിലും വനിതാ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുക;  സാമൂഹികമായ മാറ്റത്തിനായി മാധ്യമങ്ങളും വനിതാ സംഘടനകളും പരമ്പരാഗതമായ സാമൂഹിക/ആത്മീയ നേതാക്കളോടു സംവദിക്കുക;  വെടിനിർത്തൽ കരാറുകളിലും സമാധാന ഉടമ്പടികളിലും മറ്റും  ലൈംഗിക അതിക്രമങ്ങൾ നിരോധിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തുക; ഇത്തരം അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കു പൊതുമാപ്പും ശിക്ഷയിളവുകളും നല്കാതിരിക്കുക; തടങ്കൽ സൗകര്യങ്ങളിലേക്കും സംരക്ഷണ കേന്ദ്രങ്ങളിലേക്കും മാനുഷിക സഹായങ്ങൾ  ഉറപ്പാക്കുക;  ലൈംഗിക അതിക്രമണത്തിന്റെ ഇരകൾക്കും അതിനു വിധേയരാകാൻ സാധ്യതയുള്ളവർക്കും വേഗത്തിൽ സഹായം ഉറപ്പാക്കുന്നതിനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കുംവരെ ഉത്തരവാദിത്വത്തോടെ നിലനിറുത്തുന്നതിനും തടങ്കൽ പാളങ്ങളും സംരക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കുക എന്നീ ശിപാർശകളും റിപ്പോർട്ടു സൂചിപ്പിക്കുന്നു.
ഇതു കൂടാതെ, സ്ത്രീകളുടെ പ്രാതിനിധ്യം നിയമ നിർവ്വഹണ ഏജൻസികളിൽ വർദ്ധിപ്പിക്കുന്നതു പോലുള്ള നടപടികളിലൂടെ സംഘർഷവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമ കേസുകൾ അന്വേഷിക്കാനും വിചാരണ ചെയ്യാനും വിധിക്കാനും അവർക്കു കഴിവുണ്ടെന്ന് ഉറപ്പാക്കുക; ഇരകളുടെ ലിംഗപരമായ പ്രത്യേകതകൾ പരിഗണിച്ചു നഷ്ടപരിഹാരങ്ങൾ ലഭ്യമാക്കുക; കേസുകളിലെ സാക്ഷികൾക്കും ഇരകൾക്കും സംരക്ഷണം നല്കുക; നീതി നിർവ്വഹണ നടപടിക്രമങ്ങളിൽ സുരക്ഷയും രഹസ്യാത്മകതയും ഉറപ്പാക്കുകയും ഇലകളുടെ പക്കൽ നിന്നു വസ്തുതകൾ ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലുള്ള സമ്മതം നേടുക;; ചെറിയ ആയുധങ്ങളുടെ വ്യാപനവും കടത്തലും സംഘർഷ സമയത്തും ശേഷവും ഇത്തരം മേഖലകളിൽ ലൈംഗിക അതിക്രമങ്ങൾ വർദ്ധിക്കുന്നതിനു സഹായകരം ആയതിനാൽ. ഈ വിപത്തിനെ കുറിച്ച് അവബോധം വളർത്തുക; ഈ റിപ്പോർട്ടിന്റെ അനുബന്ധമായി സൂചിപ്പിച്ചിട്ടുള്ള ദേശീയ സൈനിക ശക്തികളെയോ കുട്ടികൾക്ക് എതിരായി ഗുരുതരമായ ലംഘനങ്ങൾ നടത്തിയവരേയോ സമാധാന പ്രവർത്തനങ്ങളുടെ ഭാഗമാക്കാതെ ഇരിക്കുക; സംഘർഷവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങളെ നേരിടുന്നതിനു യുഎന്നും മറ്റും നടത്തുന്ന പ്രവർത്തനങ്ങൾക്കു മതിയായ ഫണ്ടിംഗ് ഉറപ്പാക്കുക; നിയമവാഴ്ച, നീതി എന്നിവ ഉറപ്പാക്കുന്നതിനു യുഎൻ സംവിധാനങ്ങളുടെ വൈദഗ്ദ്ധ്യം ഉപയോഗിക്കുക എന്നീ നിർദ്ദേശങ്ങളും സെക്രട്ടറി ജനറൽ അംഗരാജ്യങ്ങളുടെ മുമ്പാക വെക്കുന്നുണ്ട്.

സംഘർഷങ്ങളുടെ ഭാഗമായ ലൈംഗിക അതിക്രമണം നമ്മുടെ രാജ്യത്തും വളരെ കൂടുതലാണ്. ഇന്ത്യയിൽ നക്സൽ ബാധിത പ്രദേശങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കാശ്മീർ മുതലായ സ്ഥലങ്ങളിൽ സംഘർഷത്തിന്റെ ഭാഗമായ ലൈംഗിക അതിക്രമങ്ങൾ – പ്രത്യേകിച്ചു സ്ത്രീകൾക്ക് എതിരായവ നടക്കുന്നുണ്ടെന്നാണു പഠനങ്ങൾ പറയുന്നത്. നിർഭാഗ്യകരമായ കാര്യമെന്തെന്നാൽ,  ഇത്തരം ആക്രമണങ്ങൾക്കു പലപ്പോഴും മുൻകൈയെടുക്കുന്നതു സായുധ സേന വിഭാഗങ്ങൾ തന്നെയാണ് എന്നതാണ് (2,3).
2018 ൽ സ്ത്രീകൾ ഏറ്റവും കൂടുതൽ ആക്രമണത്തിന് ഇരയാകുന്ന പ്രദേശങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. എന്നാൽ, 2019 ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയ്ക്കു (ഡിആർസി) പിന്നിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് നീങ്ങി. ഇന്ത്യയിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ നടക്കുന്ന സംഘർഷങ്ങളിൽ ധാരാളം സ്ത്രീകളും കുട്ടികളും ലൈംഗികമായ ആക്രമണങ്ങൾക്കു വിധേയമാകുന്നുണ്ടെന്നു  മാത്രമല്ല, പലപ്പോഴും ഇരകൾക്കു യാതൊരു സഹായവും ലഭ്യമാകുന്നില്ല എന്നതും വളരെ ദുഖകരമായ കാര്യമാണ്.

സംഘർഷമേഖലകളുടെ ഭരണത്തിനായി അസാധാരണ നിയമങ്ങളെ ആശ്രയിക്കുക; ജനനിരീക്ഷണത്തിന്റെ പരിധിയും രൂപവും വർദ്ധിപ്പിക്കുക; രാജ്യ നയങ്ങൾക്കും മാനദണ്ഡങ്ങൾക്കും എതിരേ പ്രതിഷേധിക്കുന്ന വ്യക്തികളെയും  സർക്കാരിനോടു വിയോജിക്കുന്നതായി തോന്നുന്നവരെയും ദേശീയ താല്പര്യത്തിന്റെയും  സുരക്ഷയുടെയും പേരിൽ അടിച്ചമർത്തുക; മതത്തെയോ വംശീയതയെയോ പ്രദേശത്തെയോ അടിസ്ഥാനമാക്കി വ്യക്തികളുടെ കൂട്ടായ്മകളെ രാജ്യസുരക്ഷയ്ക്കു ഭീഷണിയായി അടയാളപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ മൂലം ഇന്ത്യയിൽ നടക്കുന്ന  സംഘർഷങ്ങൾക്കിടെ  ലൈംഗിക ആക്രമണങ്ങൾ വർദ്ധിപ്പിക്കുന്നതായി പഠനങ്ങളുണ്ട്.
‘പീഡനത്തിന് എതിരായ ദേശീയ കാംപെയ്ൻ’ (National Campaign Against Torture എൻ‌സി‌എടി) എന്ന എൻജിഒ തയ്യാറാക്കിയ ഡേറ്റ സഞ്ചയം സൂചിപ്പിക്കുന്നത്, 2000 നവംബർ 1 മുതൽ 2020 ഒക്ടോബർ 30 വരെ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ 114 ബലാത്സംഗം, പീഡനം, മറ്റു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾ എന്നിവ സംഘർഷങ്ങളോട് അനുബന്ധമായി നടന്നിട്ടുണ്ട് എന്നാണ്. അസാം, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഛത്തീസ്‌ഗഢ്, ജമ്മു കശ്മീർ, ഝാർഖണ്ഡ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, ഒഡീഷ, ത്രിപുര എന്നിവയാണ് ഈ വിവരസഞ്ചയത്തിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ. ആസാമിൽ 21 ലൈംഗിക അതിക്രമങ്ങൾ രേഖപ്പെടുത്തി. മണിപ്പൂർ 18, ഛത്തീസ്ഗഡ്‌  17, ജമ്മു കശ്മീർ 16, ത്രിപുര 14, ഝാർഖണ്ഡ് 7, മേഘാലയ 6, അരുണാചൽ പ്രദേശ് 6, ഒഡീഷ 5, ആന്ധ്രപ്രദേശ് 3, മഹാരാഷ്ട്ര 1 എന്നിങ്ങനെയാണു റിപ്പോർട്ട് ചെയ്യപ്പെട്ടത്. 114 കേസുകളിൽ 224 സ്ത്രീകളാണ് ഇരകളായത്. ഛത്തീസ്ഗഡ് 92, അസം 26, മണിപ്പൂർ 21, ജമ്മു കശ്മീർ 20 എന്നിവയാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബലാത്സംഗം 42, കൊലപാതകം 6, ഗർഭിണികളെ 3 ഉം ഭിന്നശേഷിക്കാരെ 4 ഉം ബലാത്സംഗം, മാനഭംഗവും ബലാത്സംഗവും എതിർത്തതിനു വെടിവച്ചു കൊല്ലൽ 3 എന്നിങ്ങനെ പട്ടികയിൽ കാണാം. ആകെ ഇരകളായവരിൽ 74 പേർ 7 നും 17 നും ഇടയിൽ പ്രായമുള്ളവരാണ്. ഇരകളിൽ 156 പേർ (അല്ലെങ്കിൽ 69.6 %)ഗോത്ര സ്ത്രീകളും പെൺകുട്ടികളുമാണ് (5).

അക്കാദമിക പണ്ഡിതനായ  ജോർജിയോ അഗാംബെൻ ‘സ്റ്റേറ്റ് ഓഫ് ഇക്സെപ്ഷൻ’ എന്നൊരു കാഴ്ചപ്പാട് അവതരിപ്പിച്ചിട്ടുണ്ട് (6). പൊതുനിയമത്തിന് അപവാദമായി രാഷ്ട്രീയ അവസ്ഥ നിലനില്ക്കുന്നതിനെയാണ് അദ്ദേഹം ഇതുകൊണ്ടു സൂചിപ്പിക്കുന്നത്. ഈ പരിസ്ഥിതിയിൽ ജനങ്ങളുടെ നിയമപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും താത്കാലികമായി ഇല്ലാതാക്കുന്നതിനു നിയമപരമായ സാധ്യതകൾ ഉപയോഗിക്കുന്നു. ആഭ്യന്തര യുദ്ധം, കലാപം, പ്രതിരോധം എന്നിവയുമായുള്ള അടുത്ത ബന്ധമാണ് “അപവാദാവസ്ഥ”യുമായി ബന്ധപ്പെട്ട ആശയപരമായ അവ്യക്തതയിലേക്ക് നയിക്കുന്ന ഘടകങ്ങളിലൊന്ന്. ഗവൺമെന്റുകൾ ആഭ്യന്തരയുദ്ധം  “സാധാരണ അവസ്ഥയ്ക്കു വിരുദ്ധമാണ്’എന്നു മനസ്സിലാക്കുന്നു. രാജ്യത്തിന്റെ പരമാധികാരം  സംരക്ഷിക്കുന്നതിനായി, തീവ്രമായ ആഭ്യന്തര പിരിമുറുക്കങ്ങളോടുള്ള പ്രതികരണമായി “സ്റ്റേറ്റ് ഓഫ് ഇക്സെപ്ഷൻ” ചട്ടക്കൂട് പലപ്പോഴും ഉപയോഗിക്കുന്നു. ഇന്ത്യയുടെ ‘സുരക്ഷ’ ലക്ഷ്യമാക്കി നടപ്പാക്കിയ നിയമങ്ങളൊക്കെ  പ്രയോഗത്തിൽ ജോർജിയോ അഗാംബെന്റെ വിശദീകരണവുമായി യോജിക്കുന്നു. ഇത്തരം നിയമങ്ങൾ നടപ്പിലാക്കിയ സ്ഥലങ്ങളിലൊക്കെ രാഷ്ട്രസുരക്ഷയുടെ  മറവിൽ ഇന്ത്യൻ സ്ത്രീത്വത്തെ ലൈംഗിക ആക്രമത്തിന് ഇരയാക്കുകയായിരുന്നു.

സാമൂഹിക ജനാധിപത്യം തീരെയില്ലാത്ത പുരുഷകേന്ദ്രീകൃത സാമൂഹിക ഘടനയാണു നമ്മുടേത് എന്നതാണ് ഇതിനു മുഖ്യകാരണം. നിരവധി സാമൂഹിക സംഘർഷങ്ങളുടെ കേന്ദ്രമായ നമ്മുടെ രാജ്യത്തിനു ലോകമനസ്സാക്ഷിയുടെ മുന്നിലുള്ള വലിയൊരു ചോദ്യചിഹ്നമായ സംഘർഷങ്ങളോട് അനുബന്ധമായ ലൈംഗിക ആക്രമണങ്ങൾ ഒഴിവാക്കുന്നതിനു ബാധ്യതയുണ്ട്. നമ്മുടെ നിയമ സംവിധാനങ്ങളും, വിദ്യാഭ്യാസരീതികളും സാമൂഹികഘടനയുമെല്ലാം ഇതിനായി പരിഷ്കരിക്കേണ്ടതുണ്ട്. അതുവഴി മാത്രമേ, ഇന്ത്യൻ പൗരസമൂഹത്തിനു പ്രത്യേകിച്ചു സ്ത്രീകൾക്കു സംഘർഷങ്ങൾക്ക് അനുബന്ധമായുള്ള ലൈംഗിക പീഡനങ്ങളെ ഭയപ്പെടാതെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ സാധിക്കുകയുള്ളൂ.

റെഫറൻസ്

1.https://www.un.org/en/observances/end-sexual-violence-in-conflict-day
2.http://stoprapenow.org/about/
3.https://theswaddle.com/india-second-violence-against-women-conflict/
4.https://www.google.com/amp/s/www.indiatoday.in/amp/india/story/if-you-remember-manipuri-women-only-for-nude-protest-against-army-think-again-1436411-2019-01-22
5.https://www.google.com/amp/s/www.hindustantimes.com/india-news/assam-records-highest-cases-of-sexual-violence-by-armed-forces-in-20-years-ngo/story-1xgc3y8MIIgHDh7SDIwhiN_amp.html
6.4.https://www.google.com/url?sa=t&source=web&rct=j&url=http://www.toaep.org/pbs-pdf/53-bakshi&ved=2ahUKEwizq_Pnx43qAhVByDgGHYsJBU8QFjACegQIARAB&usg AOvVaw30rkCbPvA16IbmusCC9f87&cshid=1592559001728

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.