Sat. Apr 20th, 2024

✍️ റെൻസൺ വി എം

മാനവരാശി നേരിടുന്ന സുപ്രധാന മനുഷ്യാവകാശ പ്രശ്നമാണ് അഭയാർത്ഥി പ്രവാഹം. കഴിഞ്ഞ ദശകാരംഭവുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടി അഭയാർത്ഥികളുമായാണു ലോകം ഈ ദശാബ്ദത്തിലേക്കു പ്രവേശിച്ചത്. അഭയാർത്ഥികൾക്കായുള്ള‍ യുഎൻ ഹൈക്കമ്മീഷണർ നല്കുന്ന ഡേറ്റ അഭയാർത്ഥി പ്രവാഹത്തിന്റെ ദുരീതപൂർണ്ണമായ ചിത്രമാണു നല്കുക. അഭയാർത്ഥികളെ സൃഷ്ടിക്കുന്നതിൽ ‘സഹായിച്ച’, മുൻകാലത്തെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾ ഇന്നും പരിഹരിക്കപ്പെടാതെ നില്ക്കുന്നു. ഇതുമൂലം അഭയാർത്ഥികളുടെ പുതുസമൂഹങ്ങൾ പിറവിയെടുക്കുകയാണ്. മനുഷ്യവംശം അഭിമുഖീകരിക്കുന്ന സുപ്രധാന രാഷ്ട്രീയ പ്രതിസന്ധികൾക്കു പരിഹാരമില്ലാതെ ലോകം സ്തംഭിച്ചു നില്ക്കുന്നു എന്ന വേദനാജനകമായ യാഥാർത്ഥ്യമാണ് അഭയാർത്ഥികളുടെ ദയനീയ ചിത്രം നമ്മുടെ മുൻപിൽ വരച്ചിടുന്നത്.

യുഎൻ പൊതുസഭ അംഗീകരിച്ച 55/76 പ്രമേയത്തിലൂടെയാണു ലോക അഭയാർത്ഥി ദിനം ആചരിക്കാൻ തീരുമാനിച്ചത്. 2001 മുതൽ എല്ലാ വർഷവും ജൂൺ 20 ന് ഈ ദിനം സമുചിതമായി ആചരിക്കുന്നു (1). ഐക്യരാഷ്ട്രസഭയുടെ 1951-ലെ ‘അഭയാർത്ഥി കൺവെൻഷന്റെ’ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് 2001 ജൂൺ 20 നാണ് ലോക അഭയാർത്ഥി ദിനം ആദ്യമായി ആഗോളതലത്തിൽ നടന്നത്. യുഎൻ പൊതുസഭ 2000 ഡിസംബറിൽ ഈ ദിനത്തെ ഔദ്യോഗികമായി അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇത് ‘ആഫ്രിക്കൻ അഭയാർത്ഥി ദിനം’ (Africa Refugee Day) എന്നാണ് അറിയപ്പെട്ടിരുന്നത്.

അഭയാർത്ഥികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ആദരിക്കുക, അഭയാർത്ഥികളുടെ മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ചും അവകാശങ്ങളെ സംബന്ധിച്ചും പൊതുസമൂഹത്തിൽ അനുഭാവപൂർണ്ണമായ മനോഭാവം സൃഷ്ടിക്കുക, അഭയാർത്ഥികൾക്കായി ജീവൻപോലും തൃണവത്കരിച്ചുകൊണ്ടു സംഘർഷ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ ബഹുമാനിക്കുക, വിവിധ അന്താരാഷ്ട്ര സംഘടനകളുടെയും സർക്കാരുകളുടെയും സന്നദ്ധസംഘടനകളുടെയും പരസ്പര സഹകരണം അഭയാർത്ഥികളുടെ അവകാശ സംരക്ഷണത്തിനു പ്രധാനമാണെന്ന ബോധ്യം സൃഷ്ടിക്കുക, അഭയാർത്ഥികളുടെ കാര്യങ്ങൾ തീരുമാനിക്കുമ്പോൾ അവരുടെ അഭിപ്രായം കൂടി പരിഗണിക്കേണ്ടതാണെന്ന തിരിച്ചറിവു നല്കുക തുടങ്ങിയ കാര്യങ്ങളാണു ഈ ദിനാചരണത്തിലൂടെ ലക്ഷ്യമാക്കുന്നത്.

2021 ലോക അഭയാർത്ഥി ദിനത്തിന്റെ പ്രമേയം ‘സുഖംപ്രാപിക്കും, പഠിക്കും, തിളങ്ങും നാം ഒരുമിച്ച്’ (Together we heal, learn and shine) എന്നതാണ്. അഭയാർത്ഥികളുടെ സമഗ്രമായ വികാസം ആതിഥേയ രാജ്യങ്ങൾ ഉറപ്പാക്കണമെന്നതാണ് ഈ മുദ്രാവാക്യത്തിന്റെ വിവക്ഷ. ‘ഒരുമിച്ചു സുഖംപ്രാപിക്കും നാം’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അഭയാർത്ഥികൾക്ക് ആരോഗ്യപരിരക്ഷ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയാണ്. പ്രാഥമികവും ദ്വിതീയവുമായ തലങ്ങളിലെ ആരോഗ്യ പരിരക്ഷ, പ്രത്യുൽപാദന ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ, പോഷകാഹാരം, മാനസ്സികാരോഗ്യ സേവനങ്ങൾ എന്നിവ മതിയായ തോതിൽ അവർക്കു ലഭ്യമാക്കണം. കോവിഡ് പോലുള്ള മഹാമാരികൾ ചെറുക്കുന്നത് എങ്ങനെയെന്നതു സംബന്ധിച്ച് ആധികാരികമായ വിവരങ്ങൾ അഭയാർത്ഥികളുടെ മാതൃഭാഷയിൽ ലഭ്യമാക്കുക, അഭയാർത്ഥി സമൂഹത്തിന്റെ സാമൂഹിക വഴക്കങ്ങളും ഭാഷയുമൊക്കെ മനസ്സിലാകുന്ന ആരോഗ്യപ്രവർത്തകരെ സേവനത്തിനു നിയോഗിക്കുക തുടങ്ങിയ കാര്യങ്ങളും പ്രധാനമാണ്. ആരോഗ്യ പരിരക്ഷയും വൈദ്യസഹായവും കടുത്ത പ്രതിസന്ധികളിലൂടെ പോകുന്ന അഭയാർത്ഥി സമൂഹത്തെ സംബന്ധിച്ചു സുപ്രധാമാണ്. ജീവരക്ഷക്കും ആരോഗ്യസുസ്ഥിതിക്കും അത് അത്യാവശ്യമാണ്. യുഎൻ അഭയാർത്ഥി ഏജൻസിയായ യുഎൻ‌എച്ച്‌സി‌ആർ, പങ്കാളികളുമായും ആതിഥേയ രാജ്യങ്ങളും ചേർന്നു വീടുകളിൽ നിന്നു പലായനം ചെയ്യാൻ നിർബന്ധിതരായ ആളുകൾക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശ്രമിക്കുന്നുണ്ട്. പക്ഷേ, പലപ്പോഴും ഇതു പൂർണ്ണമായി വിജയിക്കാറില്ല. അതുകൊണ്ട്, ഈ മേഖലയിൽ പൊതുസമൂഹത്തിന്റെ സവിശേഷ ശ്രദ്ധ വളരെ പ്രധാനമാണ്.

‘ഒരുമിച്ചു പഠിക്കും നാം’ എന്ന മുദ്രാവാക്യം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അഭയാർത്ഥി സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനൊപ്പം ഗുണമേന്മയുള്ള പഠന സൗകര്യങ്ങൾ അവർക്കായി ഒരുക്കാനുള്ള ധാർമ്മിക ബാധ്യത പൊതുസമൂഹത്തിനുണ്ട് എന്നുകൂടി ഓർമ്മിപ്പിക്കുന്നു. മികച്ചഭാവി കെട്ടിപ്പടുക്കാൻ, പലായനം ചെയ്യാൻ നിർബന്ധിതരായ ആളുകൾക്കു വിദ്യാഭ്യാസം അതിപ്രധാനമാണ്. അഭയാർത്ഥികളായ കുട്ടികൾക്കു ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കുള്ള സഹായപദ്ധതികളിൽ മുഖ്യമായ ഒന്നാണ്. പൊതുവേ, അഭയാർത്ഥികൾ മനുഷ്യാവകാശ ധ്വംസനങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരാകും. ഇവ തിരിച്ചറിഞ്ഞു പ്രതിരോധിക്കാൻ വിമോചനാത്മകമായ വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. അവകാശങ്ങളെ കുറിച്ചു ബോധ്യമുള്ളവർ ആകുന്നതിലൂടെ അവർക്കു ആത്മാഭിമാനവും മികവുമുള്ള ജീവിതം നയിക്കാൻ കഴിയും. അഭയാർത്ഥികളുടെ സാംസ്കാരിക വഴക്കങ്ങൾക്കു പ്രാധാന്യം നല്കുന്ന പാഠ്യപദ്ധതി വികസിപ്പിക്കുക, സ്കൂളിൽ വരാനാകാത്തവർക്കു വീടുകളിൽ പഠനസൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലൂടെ അഭയം തേടുന്നവരുടെ വിദ്യാഭ്യാസ മുന്നേറ്റം പ്രോത്സാഹിപ്പിക്കാം.

‘ഒരുമിച്ച് തിളങ്ങും നാം’ എന്ന പ്രമേയം അഭയാർത്ഥികളെ സാമൂഹികമായി ഉൾച്ചേർക്കേണ്ട ആവശ്യകതയാണു സൂചിപ്പിക്കുക. പലപ്പോഴും, അവർ വ്യത്യസ്ത സാമൂഹിക സാംസ്കാരിക ജീവിതം നയിക്കുന്നവരാകും. അത് ആതിഥേയ രാജ്യവുമായി ഒരു അകൽച്ച സൃഷ്ടിക്കാൻ കാരണമാകാം. ഈ ‘വേലിക്കെട്ടു’ തകർക്കാനും തങ്ങളുടെ വേദനകൾ ഇല്ലാതാക്കാനും കലാകായികമായ വിനോദങ്ങൾക്കുള്ള അവസരങ്ങൾ നല്കുന്നതിലൂടെ സാധിക്കും. വീടുകളിൽ നിന്നു പലായനം ചെയ്യാൻ നിർബന്ധിതരായ ആളുകളുടെ ജീവിതത്തെ സമ്പന്നമാക്കാൻ കലാകായിക വിനോദത്തിന് കഴിയും. ഇതു, മാനസ്സികാരോഗ്യം വർദ്ധിപ്പിക്കാനും ആത്മവിശ്വാസം നേടാനും പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനും സമാധാനം അനുഭവിക്കാനും അഭയാർത്ഥികൾക്കു സഹായമേകും. അഭയാർത്ഥികളെ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ പ്രവർത്തനത്തിൽ, എല്ലാവർക്കും അവരുടെ കഴിവുകൾ കണ്ടെത്താൻ വഴിയൊരുക്കുന്ന സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ കലാകായിക വിനോദങ്ങൾ ഉപയോഗിക്കണം. അഭയാർത്ഥികളുടെ തനതു കലാകായിക വിനോദങ്ങൾ ഒരുക്കുന്നത് അവരുമായി സാമൂഹികൈക്യം സ്ഥാപിക്കുന്നതിനു വളരെ സഹായകരമാണ്. ബംഗ്ലാദേശിലെ കോക്സ് ബസാർ അഭയാർത്ഥി ക്യാമ്പിൽ പിറന്ന നൂർ കബീർ ഓസ്ട്രേലിയയിൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് കരസ്ഥമാക്കി. ഇത്, നിരവധി പേർക്കു ജീവിതവിജയത്തിനുള്ള പ്രചോദനം നല്കി (2).
യുദ്ധം, തീവ്രവാദം, പീഡനം തുടങ്ങിവയിൽ നിന്നു രക്ഷപ്രാപിക്കാൻ ഓരോ മിനിറ്റിലും 20 വ്യക്തികൾ തങ്ങളുടെ ജീവനോപാധികളും വസ്തുവകകളും ഉപേക്ഷിച്ചു കൊണ്ടു ജന്മദേശങ്ങളിൽ നിന്നു പലായനം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര നിയമവ്യവസ്ഥ അവരെ പല വിഭാഗങ്ങളായി തിരിച്ചറിയുന്നു. ഐക്യരാഷ്ട്രസഭയുടെ 1951-ലെ ‘അഭയാർത്ഥി കൺവെൻഷൻ’ അനുസരിച്ച് അഭയാർത്ഥികൾ (Refugees) എന്നാൽ ഒരു പ്രത്യേക വംശത്തിലോ ജാതിയിലോ മതത്തിലോ ദേശീയതയിലോ, സാമൂഹിക വിഭാഗത്തിലെ അംഗമായതുകൊണ്ടോ പ്രത്യേക രാഷ്ട്രീയ വിശ്വാസം പുലർത്തുന്നതുകൊണ്ടോ പീഡനമേല്ക്കേണ്ടി വരുമെന്ന ഭയം മൂലം ജന്മദേശത്തു നിന്നു പലായനം ചെയ്യപ്പെട്ടവർ എന്നാണർത്ഥം. പ്രകൃതിദുരന്തങ്ങൾ, വികസനപ്രവർത്തനങ്ങൾ, പട്ടിണി, ലിംഗവിവേചനം, മനുഷ്യാവകാശ ലംഘനങ്ങൾ, യുദ്ധം, ഭീകരപ്രവർത്തനങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, സാമൂഹിക സംഘർഷങ്ങൾ തുടങ്ങിയ വലിയതോതിൽ അഭയാർത്ഥികളെ സൃഷ്ടിക്കാറുണ്ട്.

‘അഭയം തേടുന്നവരും’ (Asylum Seekers) വീട് ഉപേക്ഷിച്ചു പലായനം ചെയ്തവർ ആയതുകൊണ്ട് അഭയാർത്ഥികളാണെന്ന് അവകാശപ്പെടുന്നു. പക്ഷേ, അവരെ സംരക്ഷിക്കുന്ന രാജ്യം ഔദ്യോഗികമായി ‘അഭയാർത്ഥി’ എന്ന പദവി അനുവദിച്ചു നല്കുന്നില്ല. അഭ്യന്തരമായി പലായനം ചെയ്യപ്പെട്ടവർ (Internally Displaced Persons) ജന്മദേശങ്ങളിൽ നിന്നു നിർബന്ധിതമായി പലായനം ചെയ്യപ്പെട്ടു സ്വന്തം രാജ്യാതിർത്തിക്കുള്ളിലെ ഇതര പ്രദേശങ്ങളിൽ ജീവിക്കേണ്ടിവരുന്നവരാണ്.
രാജ്യരഹിതർ (Stateless Persons) എന്നാൽ ഒരു രാജ്യത്തെയും പൗരത്വം ലഭിക്കാത്ത വ്യക്തികൾ എന്നാണർത്ഥം. പലപ്പോഴും, ഈ അവസ്ഥയിലേക്കു നയിക്കുന്നതു രാജ്യത്തിനകത്തു തന്നെയുള്ള ജാതീയവും വംശീയവും മതപരവും പ്രാദേശികവുമായ സംഘർഷങ്ങളാണ്. രാജ്യത്തെ സർക്കാർ പൗരന്മാർക്കു നല്കുന്ന പല സേവനങ്ങളും ഇവർക്കു ലഭ്യമാകുന്നില്ലെന്നതു വലിയ മനുഷ്യാവകാശ പ്രതിസന്ധിയാണ്. തിരികെ എത്തിയവർ (Returnees) എന്ന വിഭാഗത്തിൽ പെടുന്നതു തങ്ങളുടെ ജന്മദേശത്തേക്കു മടങ്ങിയെത്തിയ മുൻ അഭയാർത്ഥികളാണ്.

1951 ലെ അഭയാർത്ഥി കൺവെൻഷനും അതിന്റെ 1967 ലെ പ്രോട്ടോക്കോളും ലോകത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളിൽ ഒന്നായ അഭയാർത്ഥികളെ സംരക്ഷിക്കാൻ സഹായിക്കുന്ന സുപ്രധാനമായ ആഗോള നിയമ വ്യവസ്ഥയാണ്. ഇതനുസരിച്ച് അഭയാർത്ഥികളെ ഒരു രാജ്യം മറ്റു വിദേശ പൗരന്മാർക്കു തുല്യമായി പരിഗണിക്കണം. കൂടാതെ, പരമാവധി സന്ദർഭങ്ങളിൽ അവരെ പൗരന്മാർക്കു സമാനമായി കാണണമെന്നും ആവശ്യപ്പെടുന്നുണ്ട്. 1951 ലെ കൺവെൻഷനിലൂടെ അഭയാർത്ഥികൾക്കു നിരവധി അവകാശങ്ങൾ നല്കുന്നു. അതിനൊപ്പം, അവരുടെ ആതിഥേയ രാജ്യത്തോടുള്ള കടമകളും എടുത്തു കാണിക്കുന്നു. Nonrefoulment അഥവാ നിർബന്ധിതമായി തിരിച്ചയയ്ക്കപ്പെടുന്നതിൽ നിന്നുള്ള സംരക്ഷണം എന്ന തത്ത്വമാണ് 1951 ലെ കൺവെൻഷന്റെ മൂലക്കല്ല്. ഇതനുസരിച്ച്, ഒരു അഭയാർത്ഥിയെ അവന്റെ അല്ലെങ്കിൽ അവളുടെ ജീവിതത്തിനോ സ്വാതന്ത്ര്യത്തിനോ ഗുരുതരമായ ഭീഷണികൾ നേരിടുന്ന ഒരു രാജ്യത്തേക്കു മടക്കി അയയ്ക്കരുത്. രാജ്യസുരക്ഷയ്ക്ക് അപകടമാണെന്നു ന്യായമായി കണക്കാക്കപ്പെടുന്നവർ, ഘോരമായ കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെട്ടവർ, സമൂഹത്തിന് അപകടമായി കണക്കാക്കപ്പെടുന്നവർ തുടങ്ങിയവർക്ക് ഈ പരിരക്ഷ അവകാശപ്പെടാനാവില്ല. തൊഴിൽ, പാർപ്പിടം, വിദ്യാഭ്യാസം, മതാചരണം, കോടതിളെ സമീപിക്കുക, സ്വതന്ത്രമായ സഞ്ചാരം, യാത്രാരേഖകൾ, തിരിച്ചറിയൽ രേഖ തുടങ്ങിയ അവകാശങ്ങൾ അഭയാർത്ഥികൾക്കു ലഭ്യമാക്കണമെന്നു കൺവെൻഷനിൽ ഒപ്പിട്ട അംഗരാജ്യങ്ങളോട് ആവശ്യപ്പെടുന്നു (1).
കോവിഡ് മഹാമാരി ഒരു ആരോഗ്യ പ്രതിസന്ധിയായാണ് ആരംഭിച്ചെങ്കിൽ ഇന്നു സമൂഹത്തിലെ ഏറ്റവും ദുർബ്ബലരായ ദരിദ്രരെയും അഭയാർത്ഥികളെയും കഠിന ദാരിദ്ര്യത്തിൽ ആഴ്ത്തുന്നൊരു സാമൂഹികപ്രശ്നമായി മാറിക്കഴിഞ്ഞു. പല കുടുംബങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഭക്ഷണ ദൗർലഭ്യത്തിലും അകപ്പെട്ടു. കോവിഡ് 19 നിയന്ത്രണങ്ങൾ ക്യാമ്പുകളിൽ മാനുഷിക സഹായ സംഘടനകളുടെ സാന്നിധ്യം കുറച്ചു. ഇതു ബാലവേല, ലൈംഗികചൂഷണം, ലിംഗാധിഷ്ഠിത അതിക്രമങ്ങൾ, മനുഷ്യക്കടത്തിന്റെ അപകടസാധ്യത എന്നിവ വർദ്ധിപ്പിക്കുന്നതിനു കാരണമായി. കൂടാതെ, മഹാമാരി ആരംഭിച്ചതു മുതൽ ബാലവിവാഹവും വർദ്ധിച്ചു. പലപ്പോഴും, വിദ്യാഭ്യാസം, ജോലി എന്നിവയ്ക്കു പകരമായാണ് ഈ അനാചാരത്തെ തിരഞ്ഞെടുക്കുന്നത്.

കോവിഡ് മഹാമാരിയുടെ അനന്തരഫലങ്ങൾ നേരിടാൻ അഭയാർത്ഥികൾ പലവിധ അതിജീവനതന്ത്രങ്ങളെയും ആശ്രയിക്കുന്നുണ്ട്, ഭക്ഷ്യോപഭോഗം കുറക്കുക, വിലയും പോഷകമൂല്ല്യവും കുറഞ്ഞ ഭക്ഷണം വാങ്ങുക, കടമായി ആഹാരം നേടുക, ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങുക തുടങ്ങിയവ അവയിൽ ചിലതാണ്. ഇതെല്ലാം ആരോഗ്യത്തെയും ക്ഷേമത്തെയും അപകടത്തിലാക്കും. കൂടാതെ, അഭയാർ‌ത്ഥികളിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ ആശങ്ക ഉളവാക്കുന്ന തലത്തിലേക്ക് ഉയർത്തുകയും അവരെ കടക്കെണിയിൽ ആഴ്ത്തുകയും ചെയ്യുന്നു.
എന്നിരുന്നാലും, വെല്ലുവിളി നിറഞ്ഞ ഈ സമയത്തുടനീളം, മനുഷ്യൻ വരച്ച അതിർത്തികളെ മറികടക്കുന്ന മാനുഷികതയുടെ തലങ്ങൾ വികസിക്കുന്നുണ്ട്. മതരാഷ്ട്രീയസാമൂഹിക നേതൃത്വങ്ങൾ തങ്ങളുടെ ഉത്തരവാദിത്വം മറക്കുമ്പോൾപ്പോലും സാധാരണ മനുഷ്യർ ‘അസാധാരണരായി’ മാറി അഭയാർത്ഥികളുടെ സഹായത്തിനായി മുന്നിട്ടിറങ്ങുന്നു ഇന്ന്. ആതിഥേയ സമൂഹങ്ങൾ – പ്രത്യേകിച്ചു ലോകത്തെ 90 % അഭയാർത്ഥികൾക്കും അഭയമേകുന്ന താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ആളുകൾ – തങ്ങളുടെ ‘ദാരിദ്രത്തിലും’ അഭയാർത്ഥികളെ സ്വാഗതം ചെയ്യുകയും ശ്രദ്ധേയമായി സംരക്ഷിക്കുകയും ചെയ്യുന്നു.

മിക്കപ്പോഴും, കഠിനമായ ജീവിത സാഹചര്യങ്ങളിലാണെങ്കിലും അഭയാർത്ഥികൾ കോവിഡ് പ്രതിരോധത്തിനു മുന്നിട്ടിറങ്ങുകയാണ്. ഉദാഹരണത്തിന്, അവർ കൊളംബിയയിലെയും യുണൈറ്റഡ് കിംഗ്ഡത്തിലെയും മുൻ‌നിര ആരോഗ്യ പ്രവർത്തകരായി സ്വയം മാറിയിട്ടുണ്ട്. ലെബനോണിലും നൈജറിലും വിതരണത്തിനായി സോപ്പ് ഉണ്ടാക്കുക; ഇറാനിൽ സംരക്ഷണ മാസ്കുകൾ തൈക്കുക; ബംഗ്ലാദേശിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ നിർമ്മിക്കാൻ സഹായിക്കുക തുടങ്ങിയ പ്രവൃത്തികളും അവർ ഏറ്റെടുക്കുന്നു. തങ്ങൾക്കു കരുതലേകുന്ന പ്രാദേശിക സമൂഹത്തെ സഹായിക്കാൻ അഭയാർത്ഥികൾ മുൻകൈ എടുക്കുന്ന ഈ പരിശ്രമങ്ങൾ മാനവികതയുടെ ഉത്തമ മാതൃകകളാണ് (3).

കോവിഡ് 19 മഹാമാരിയും യുഎസിൽ അടക്കം നടന്ന വംശീയതാ വിരുദ്ധ പ്രക്ഷോഭങ്ങളും കൂടുതൽ നീതിയുക്തവും സമത്വസുന്ദരവുമായ ഒരു ലോകത്തിനായി എത്ര തീവ്രമായി നാം പോരാടേണ്ടതുണ്ടെന്നു ബോധ്യപ്പെടുത്തുന്നു. ആരെയും പുറന്തള്ളാതെ സർവ്വരെയും ഉൾച്ചേർക്കുന്ന ലോകസൃഷ്ടിക്കായി ഓരോരുത്തർക്കും ഒരു പങ്കു നിർവ്വഹിക്കാനാകുമെന്നു ബോധ്യപ്പെടുത്തുന്നു ഈ കാലം.

ലോകമെമ്പാടും നിർബന്ധിതമായി നാടുകടത്തപ്പെടുന്നവരുടെ എണ്ണം ഭയാനകമായ തോതിൽ വർദ്ധിക്കുന്നതായി കാണുന്നു. 2010 ൽ 41 ദശലക്ഷം ആയിരുന്നു നിർബന്ധിതമായി നാടുവിടേണ്ടി വന്നവർ. എന്നാൽ, 2019 അവസാനത്തോടെ 79.5 ദശലക്ഷം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടു എന്നാണു പഠനങ്ങൾ. അഭയം ലഭിക്കുന്നതിനുള്ള 1.1 ദശലക്ഷത്തിലധികം അപേക്ഷകൾ തീരുമാനമാകാതെ അമേരിക്കൻ സർക്കാരിനു മുന്നിലുണ്ട്. 300,000 പുതിയ അവകാശവാദങ്ങൾ കൂടി അവർ പ്രതീക്ഷിക്കുന്നുമുണ്ട് (4). 26 ദശലക്ഷത്തിൽ അധികം അഭയാർത്ഥികൾ നിലവിൽ മറ്റു രാജ്യങ്ങളിലെ ആതിഥേയ സമൂഹങ്ങളുടെ കാരുണ്യത്തിൽ ജീവിക്കുന്നു. ബഹുഭൂരിപക്ഷത്തിന്റെയും ആശ്രയം അയൽരാജ്യങ്ങളാണ്. ലോകത്തെ അഭയാർത്ഥികളിൽ 68 % 5 രാജ്യങ്ങളിൽ നിന്നു മാത്രമുള്ളവരാണ് എന്നും ശ്രദ്ധിക്കേണ്ടതുണ്ട്.
ഈ വർഷം ജൂൺ 18 നു യുഎൻ‌എച്ച്‌സി‌ആർ പ്രസിദ്ധീകരിച്ച ആഗോള അഭയാർത്ഥി പ്രവാഹത്തിന്റെ സമീപകാല പ്രവണതതകൾ സംബന്ധിച്ച റിപ്പോർട്ട് (Global Trends: Forced Displacement in 2020) വ്യക്തമാക്കുന്നതു കോവിഡ് 19 മഹാമാരി ഉണ്ടായിരുന്നിട്ടും 82.4 ദശലക്ഷം ആളുകൾ കഴിഞ്ഞ വർഷം കുടിയൊഴിപ്പിക്കപ്പെട്ടു എന്നാണ്. അതായത്, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അഭയാർത്ഥികൾ ഇരട്ടിയായി. അതിൽ 42 % 18 വയസ്സിനു താഴെയുള്ളവരാണ്. 2018 നും 2020 നും ഇടയിൽ അഭയാർത്ഥികളിയി പിറന്നു വീണ 10 ലക്ഷം കുട്ടികൾ ഇതിൽ ഉൾപ്പെടുന്നു. ഇന്നു മാനവരാശിയുടെ ഒരു ശതമാനത്തിൽ അധികം പേർ അഭയാർത്ഥികളാണ്. കൊറോണ വൈറസ് പടരാതിരിക്കാൻ 2020 ൽ നൂറ്ററുപതിൽ അധികം രാജ്യങ്ങൾ അതിർത്തികൾ അടച്ചു. അവരിൽ 99 രാഷ്ട്രങ്ങൾ ഒരഭയാർത്ഥിക്കു പോലും പ്രവേശനം അനുവദിച്ചില്ല. കഴിഞ്ഞ വർഷം 34,400 അഭയാർത്ഥികളെ മാത്രമാണു പുനരധിവസിപ്പിക്കാനായത്.

ഏറ്റവുമധികം അഭയാർത്ഥികളെ സൃഷ്ടിച്ച രാജ്യം സിറിയയാണ്. ഒരു ദശകമായി നീളുന്ന സിറിയൻ പ്രതിസന്ധിയുടെ ഫലമായി ഇന്ന് 6.8 ദശലക്ഷം സിറിയക്കാർ മറ്റു രാജ്യങ്ങളിൽ അഭയാർത്ഥികളായി മാറി. കൂടാതെ, 6.7 ദശലക്ഷം ആളുകൾ അഭ്യന്തരമായും പലായനം ചെയ്തിട്ടുണ്ട്. പ്രാഥമികമായി ലെബനൻ, ജോർദാൻ, ഇറാഖ്, ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിലാണു പ്രധാനമായും സിറിയക്കാർ അഭയം തേടിയത്. വർഷങ്ങളായുള്ള സാമ്പത്തിക, രാഷ്ട്രീയ അസ്ഥിരതയുടെ ഫലമായി 2014 മുതൽ വെനസ്വേലക്കാർ ഇതര രാജ്യങ്ങളിൽ അഭയം പ്രാപിക്കാൻ തുടങ്ങി. ഏകദേശം 4.9 ദശലക്ഷം (ചില പഠനങ്ങളിൽ 5.4 ദശലക്ഷം) ആളുകളാണു ഭക്ഷണവും തൊഴിലും തേടി അഭയാർത്ഥികളായത്. ബൊളീവിയ, ബ്രസീൽ, ചിലി, കൊളംബിയ, ഇക്വഡോർ, പെറു എന്നിവിടങ്ങളിലേക്കാണ് അവർ എത്തിയത് (5,6,7).
അഭയാർത്ഥിളെ സൃഷ്ടിക്കുന്നതിൽ ലോകത്തു മൂന്നാമതുള്ള രാജ്യമാണ് അഫ്ഗാനിസ്താൻ. ഏകദേശം 2.8 ദശലക്ഷം അഭയാർത്ഥികൾ അഫ്ഗാനികൾ ആണ്. കഴിഞ്ഞ 4 ദശകങ്ങളായി ഇവരുടെ സംഖ്യ ക്രമാതീതമായി ചാഞ്ചാടുകയാണ്. 88 % അഫ്ഗാൻ അഭയാർത്ഥികളും അയൽരാജ്യങ്ങളായ പാകിസ്താനിലും ഇറാനിലുമാണ്. ഇപ്പോഴും, സ്വന്തം നാട്ടിൽ താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം, അഫ്ഗാനിസ്താനിലെ മൂന്നിൽ രണ്ടു ഭാഗവും സംഘർഷം നേരിട്ടു ബാധിക്കുന്ന പ്രദേശങ്ങളാണ്. ഇത് അഭ്യന്തര പലായനത്തിനും വഴിവെക്കുന്നു. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഭൂകമ്പം, വരൾച്ച തുടങ്ങിയ പ്രകൃതിദുരന്തങ്ങളും പലായനത്തിനു കാരണമാണ്. ദക്ഷിണ സുഡാനിലെ നീണ്ടുനില്ക്കുന്ന സംഘർഷം ആഫ്രിക്കയിലെ ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധിക്കു കാരണമായി. ഇതുമൂലം, 2.2 (2.3 ദശലക്ഷം എന്നു മറ്റു പഠനങ്ങൾ) ദശലക്ഷം പേരാണു മോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, എത്യോപ്യ, കെനിയ, സുഡാൻ, ഉഗാണ്ട എന്നിവിടങ്ങളിലേക്ക് അഭയം തേടിയെത്തിയത്. ഇവിടെ 1.6 ദശലക്ഷം ആളുകൾ അഭ്യന്തരമായി പലായനം ചെയ്തവരാണ്. ഈ അഭയാർഥികളിൽ 83 % സ്ത്രീകളും കുട്ടികളുമാണ്. അറുപത്താറായിരത്തിലധികം കുട്ടികൾ അനാഥരോ മാതാപിതാക്കളിൽ നിന്നു വേർപെടുത്തപ്പെട്ടവരോ ആണ്. പലരും പീഡനം, ചൂഷണം, അവഗണന, അധിക്ഷേപം എന്നിവയ്ക്കു വിധേയമാകുന്നു.

റോഹിംഗ്യൻ പ്രതിസന്ധി മുലം 2017 ഓഗസ്റ്റ് 25 മുതൽ 1.1 ദശലക്ഷം റോഹിംഗ്യൻ അഭയാർത്ഥികൾ മ്യാൻമറിൽ നടന്നുകൊണ്ടിരിക്കുന്ന വംശീയ അക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ട് അഭയാർത്ഥികളായി. ഏകദേശം 878,000 റോഹിംഗ്യകൾ താമസിക്കുന്ന ബംഗ്ലാദേശ് കോക്സ് ബസാറിലെ ക്യൂട്ടപെലോങ് ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പാണ്. ഈ വർഷം ഫെബ്രുവരിയിൽ യുഎൻ‌എച്ച്‌സി‌ആർ, റോഹിംഗ്യകൾ മതിയായ സ്ഥലസൗകര്യങ്ങളില്ലാതെയാണു വസിക്കുന്നതെന്നു കണ്ടെത്തി. അഭയാർത്ഥി പ്രശ്നം രൂക്ഷമായ മറ്റൊരു രാജ്യമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. ഇവിടെ നിന്നുള്ള പലരും സംഘർഷത്തിൽ നിന്നും ഭക്ഷ്യ അരക്ഷിതാവസ്ഥയിൽ നിന്നും രക്ഷപെടാൻ 1 ദശലക്ഷം ആളുകൾ അയൽരാജ്യങ്ങളിൽ അഭയാർഥികളായും അഭയം തേടുന്നവരുമായി. കൂടാതെ, ഏകദേശം 5.2 ദശലക്ഷം പേർ ആന്തരികമായി പലായനം ചെയ്തു. അയൽ‌രാജ്യങ്ങളിൽ‌ നിന്നുള്ള അഭയാർ‌ത്ഥികൾ‌ക്കുള്ള അഭയകേന്ദ്രമായും ഈ രാജ്യം പ്രവർത്തിക്കുന്നുണ്ട്. സൊമാലിയയും അഭയാർത്ഥി പ്രശ്നം നേരിടുന്നു. 2017 അവസാനം ഏകദേ 986,000 പേർ അഭയാർത്ഥികളായി. 2020 അവസാനത്തോടെ 905,000 ആയി കുറഞ്ഞു. ലോകമെമ്പാടുമുള്ള സൊമാലിയൻ അഭയാർത്ഥികളുടെ എണ്ണം കഴിഞ്ഞ കുറെ വർഷങ്ങളായി മന്ദഗതിയിലാണെന്നത് ആശ്വാസകരമാണ്. കെനിയ, എതോപ്യ, യെമൻ എന്നിവയാണു സൊമാലികളുടെ പ്രധാന അഭയരാജ്യങ്ങൾ. 25 വർഷത്തെ സായുധ സംഘട്ടനം ഈ പ്രശ്‌നം രൂക്ഷമാക്കി. വരൾച്ചയും കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റ് ഫലങ്ങളും സൊമാലിയയിലെ പലായനത്തെ സ്വാധീനിച്ചിട്ടുണ്ട്.
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തെ തുടർന്ന് 5.7 ദശലക്ഷം ഫലസ്തീനികൾ പലായനം ചെയ്തു എന്നും 2020 ലെ അഭയാർത്ഥി പ്രവണതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നു (4). ലോകത്തിലെ ഏറ്റവും ദാരുണമായ മനുഷ്യാവകാശ പ്രതിസന്ധി നേരിടുന്ന യമനിൽ 40 ലക്ഷം ആളുകൾ പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. സായുധ സംഘട്ടനങ്ങൾ, വരൾച്ച, ഭക്ഷ്യദൗർലഭ്യം മുതലായവ ഈ ഈ പ്രശ്നം രൂക്ഷമാക്കി. ഒരു ദശലക്ഷം പേർ വ്യക്തമായ ആസൂത്രണം ഇല്ലാത്ത 1500 ഓളം അഭയാർത്ഥി ക്യാമ്പുകളിലായി കഴിയുന്നുണ്ട് ഇവിടെ. സംഘർഷഭൂമി ആയിട്ടും, സൊമാലിയ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള 137,000 അഭയാർത്ഥികളെയും യെമൻ സ്വീകരിച്ചിട്ടുണ്ട് (8)

ഒരേ സമയം അഭയാർത്ഥികളെ സൃഷ്ടിക്കുകയും ഇതര രാജ്യങ്ങളിൽ നിന്നു പലായനം ചെയ്യുന്നവർക്ക് അഭയം നല്കുകയും ചെയ്യുന്ന രാജ്യമാണു സുഡാൻ. സൗത്ത് സുഡാനിൽ നിന്നുള്ള അഭയാർത്ഥികളുടെ ഏറ്റവും വലിയ വിഭാഗം ഇവിടെ അഭയം പ്രാപിച്ചിരിക്കുന്നു. നീണ്ടുനില്ക്കുന്ന ആക്രമണങ്ങൾ, വരൾച്ച, ക്ഷാമം തുടങ്ങിയവയാണു പല സുഡാനികളുടെയും പലായനത്തിന്റെ കാരണം. സംഘർഷത്തിന്റെയും ഭക്ഷ്യ അരക്ഷിതാവസ്ഥയുടെയും മറ്റൊരു കേന്ദ്രമായ ദക്ഷിണ സുഡാനിൽ ഇവിടെ നിന്നും ഏകദേശം 270,000 പേർ അഭയം തേടിയിട്ടുണ്ട്. 3.2 ദശലക്ഷം അഭ്യന്തര പാലായനം നടത്തിയർക്കും 735,000 അഭയാർത്ഥികൾക്കും സുഡാൻ ജന്മമേകിയിട്ടുണ്ട്. ഈ മനുഷ്യാവകാശ പ്രശ്നം നേരിടുന്ന മറ്റൊരു പ്രധാന രാജ്യമായ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ 2012 അവസാനം മുതൽ ജനങ്ങൾ നിരന്തരം വിഭാഗീയ ആക്രമണങ്ങൾ നേരിടുന്നു. ഇതിന്റെ ഫലമായി 10 ലക്ഷം പേർ വീടുപേക്ഷിച്ചു പലായനം ചെയ്തു. 2020 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം, ഇതിൽ 610,000 ൽ അധികം അഭയാർത്ഥികളും ഉൾപ്പെടുന്നു.
381,000 ബുറുണ്ടികൾ അഭയാർത്ഥികളായി കഴിയുന്നു. ഇതു കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40,000 ആളുകളിൽ കൂടുതലാണ്. അയൽരാജ്യങ്ങളായ ടാൻസാനിയ (221,400 അഭയാർത്ഥികൾ), റുവാണ്ട (68,300), ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ (43,000), ഉഗാണ്ട (32,500), കെനിയ (4,900), സാംബിയ (4,500) എന്നിവിടങ്ങളിലാണ് ബഹുഭൂരിപക്ഷം ബുറുണ്ടിയൻ അഭയാർത്ഥികളും താമസിക്കുന്നത്. ഇത്, ആതിഥേയ പ്രദേശങ്ങളിൽ വിഭവങ്ങളുടെ ദൗർലഭ്യം സൃഷ്ടിക്കുന്നു. 2015 ൽ ആരംഭിച്ച അക്രമാസക്തമായ രാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിലാണു ബുറുണ്ടിയിൽ നിന്നുള്ള പലായനം ആരംഭിച്ചത്. കഴിഞ്ഞ 5 വർഷമായി സുരക്ഷ മെച്ചപ്പെട്ടെങ്കിലും സാമ്പത്തിക മാന്ദ്യവും കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയും ഇവിടത്തെ അഭയാർത്ഥി പ്രശ്നം രൂക്ഷമാക്കുന്നു. പാലായനം കൂടുതലായ എറിത്രിയയിലെ ജനസംഖ്യയുടെ ഏകദേശം 12 %, അതായതു 505,000 ൽ കൂടുതൽ ആളുകൾ ഇപ്പോൾ സാമൂഹികവും രാഷ്ട്രീയവുമായ അസ്ഥിരതയും ആക്രമണവും കാരണം അഭയാർത്ഥികളായി കഴിയുന്നു. അഭയാർത്ഥി പ്രശ്നം നേരിടുന്ന എതോപ്യയിൽ ഒരു ദശലക്ഷം അഭ്യന്തര പലായനം നടത്തിയവർ ഉണ്ട്. കൂടാതെ, റ്റിഗ്രെ മേഖലയിൽ നിന്ന് 54,000 പേർ സൗത്ത് സുഡാനിലേക്കു പലായനം ചെയ്തു. മൊസാംബിക്, അർമേനിയ, അസർബൈജാൻ എന്നിവിടങ്ങളിലും അഭയാർത്ഥി പ്രശ്നമുണ്ട്.

വിദേശീയർക്ക് അഭയരാജ്യങ്ങളായി പ്രവർത്തിച്ചവരെ കുറിച്ചും അഭയാർത്ഥികളെ സംബന്ധിച്ച യുഎൻ റിപ്പോർട്ട് വിശദമാക്കുന്നുണ്ട്. ഏറ്റവും അധികം പേർക്ക് അഭയം നല്കിയത് 4 ദശലക്ഷത്തോളം പേർക്ക് അഭയമേകിയ തുർക്കിയാണ്.1.7 ദശലക്ഷത്തിലധികം കുടിയൊഴിപ്പിക്കപ്പെട്ട വെനസ്വേലക്കാർക്കു കൊളംബിയ ആതിഥേയത്വം വഹിച്ചു. ജർമ്മനി ഏതാണ്ട് 1.5 ദശലക്ഷം, സിറിയൻ അഭയാർഥികളെ സ്വീകരിച്ചു. പാക്കിസ്താനും ഉഗാണ്ടയും ഏകദേശം 1.4 ദശലക്ഷം വീതം പലായനം ചെയ്തവർക്കു സംരക്ഷണമൊരുക്കി.
ഇന്ത്യയുടെ പിറവിദിനം മുതൽ നാം രൂക്ഷമായ അഭയാർത്ഥി പ്രശ്നം നേരിട്ടിട്ടുണ്ട്. ബ്രിട്ടീഷ് രാജ് പ്രവിശ്യകളായിരുന്ന പഞ്ചാബിന്റെയും ബംഗാളിന്റെയും വിഭജനവും പാക്കിസ്താന്റെയും ഇന്ത്യയുടെയും സ്വാതന്ത്ര്യവും 1947 ൽ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യപ്രവാഹത്തിനു കാരണമായി. ഈ ജനവിനിമയത്തിൽ ബംഗ്ലാദേശിൽ നിന്നും പാകിസ്താനിൽ നിന്നും ഏകദേശം 7 ദശലക്ഷം ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്കു വന്നപ്പോൾ ഇന്ത്യയിൽ നിന്ന് 7 ദശലക്ഷം മുസ്ലീങ്ങൾ പാകിസ്താനിലേക്കു പോയി. ഏകദേശം 10 ലക്ഷം മുസ്‌ലിംകളും ഹിന്ദുക്കളും സിഖുകാരും ഇതുമായി ബന്ധപ്പെട്ടു മരിച്ചെന്നാണു ചരിത്രം. വീണ്ടും, ബംഗ്ലാദേശ് വിമോചന സമരത്തിന്റെ ഫലമായി പാകിസ്താൻ പട്ടാളം നടത്തിയ ആക്രമങ്ങളിൽ നിന്നു രക്ഷപ്പെടാൻ 10 ദശലക്ഷം ബംഗ്ലാദേശ് പൗരന്മാർ ഇന്ത്യയിലേക്ക് അഭയാർത്ഥികളായെത്തി. ശ്രീലങ്കയിൽ നിന്നെത്തിയ 69,000 തമിഴ് വംശജർ തമിഴ്നാട്ടിലെ 112 അഭയാർത്ഥി ക്യാമ്പുകളിലായി ജീവിക്കുന്നു എന്നാണ് കണക്കുകൾ. കാശ്മീർ തീവ്രവാദികളുടെ ആക്രമണ പ്രവർത്തനങ്ങളിൽ നിന്നു രക്ഷപ്പെടാൻ ജമ്മുകാശ്മീരിൽ നിന്നു പലായനം ചെയ്യേണ്ടിവന്ന 300,000 കാശ്മീരി പണ്ഡിറ്റുകൾ ഡൽഹിയിലും പരിസരപ്രദേശത്തും ജീവിക്കുന്നുണ്ട്. മ്യാൻമറിൽ നിന്നുള്ള 40000 റോഹിൻഗ്യാ വംശജരും തിബറ്റിൽ നിന്നുള്ള 1 ലക്ഷം ആളുകളും അഫ്ഗാനിസ്താനിലെ സോവിയറ്റ് ഇടപെടലിന്റെയും മതതീവ്രവാദത്തിന്റെയും പശ്ചാത്തലത്തിൽ 2 ലക്ഷം അഭയാർത്ഥികളും ഇന്ത്യയിലെത്തി.

1951 ലെ അഭയാർത്ഥികളെ സംബന്ധിച്ച കൺവെൻഷനിൽ ഇന്ത്യ ഒപ്പിട്ടിട്ടില്ലെങ്കിലും അവരോടു പൊതുവേ അനുഭാവപൂർണ്ണമായ സമീപനമാണ് നാം കൈക്കൊണ്ടിരുന്നത്. പക്ഷേ, സമീപകാലത്തായി ഇന്ത്യ ഈ നിലപാടിൽ നിന്നു പിന്നാക്കം പോകുന്നുവെന്നാണ് അഭയാർത്ഥികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ആഗോള സംഘടനളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും അഭിപ്രായം. ഇന്ത്യൻ സർക്കാർ അഭയാർത്ഥികളുടെ കൃത്യമായ രേഖകൾ സൂക്ഷിക്കുന്നില്ല. മാത്രമല്ല, രാജ്യത്ത് അവർ നടത്തുന്ന ‘ഗൂഢസഞ്ചാരത്തെ’ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. “അത്തരം വിദേശ പൗരന്മാർ (അഭയാർത്ഥികൾ / അഭയം തേടുന്നവർ, രാജ്യരഹിതർ) രഹസ്യാത്മകവും ഗൂഢവുമായ രീതിയിൽ സാധുവായ യാത്രാ രേഖകളില്ലാതെ രാജ്യത്തേക്കു പ്രവേശിക്കുന്നതിനാൽ, അവരുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രീകൃതമായി പരിപാലിക്കപ്പെടുന്നില്ല,” 2021 ഫെബ്രുവരി 9 ന് ലോക്‌സഭയിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് നല്കിയ പ്രതികരണം നമ്മുടെ സർക്കാരിന്റെ ഈ മനോഭാവം കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. പ്രകൃതി ദുരന്തങ്ങൾ, വികസന പ്രവർത്തനങ്ങൾ, സാമൂഹിക സംഘർഷങ്ങൾ മുതലായവ മൂലം ധാരാളം വ്യക്തികൾ നമ്മുടെ രാജ്യത്ത് അഭ്യന്തര പാലായനം നടത്തുന്നുണ്ട്. 2017ലെ ഒരു പഠനം പറയുന്നത് 796,000 അഭ്യന്തര അഭയാർത്ഥികൾ ഇവിടെയുണ്ടെന്നാണ് (9).

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് അഭയാർത്ഥികളെ സംബന്ധിച്ച ഒരു വ്യക്തമായ നിയമ ചട്ടക്കൂടില്ലെന്നതു അത്യന്തം വിമർശനാത്മകമാണ്. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ അഭയാർത്ഥികളുടെ നൈയാമിക അവസ്ഥ നിശ്ചയിക്കുന്നതിൽ കടുത്ത. ആശയക്കുഴപ്പമുണ്ട്. ഇന്ത്യയിൽ എത്തുന്ന അഭയാർത്ഥികളെ പൊതുവേ, അനധികൃത കുടിയേറ്റക്കാരായാണ് ഇന്നു കാണുന്നത്. 1946 ലെ ഫോറിനേഴ്സ് ആക്ട്, 1939 ലെ രജിസ്ട്രേഷൻ ഓഫ് ഫോറിനേഴ്സ് ആക്ട്, 1920 ലെ പാസ്പോർട്ട് ആക്ട്, 1955 ലെ പൗരത്വ നിയമം എന്നിവയാണ് ഇന്ത്യ അഭയാർത്ഥികളുടെ കാര്യത്തിലും പ്രയോഗിക്കുന്നത്. മാനവിക മൂല്യങ്ങൾ ഇന്നത്തെപ്പോലെ വികസിക്കാത്ത ഒരു കാലത്തു മറ്റൊരു കാഴ്ചപ്പാടിൽ രൂപപ്പെടുത്തിയ ഈ നിയമങ്ങൾക്കു അഭയാർത്ഥികൾ ഇന്നു നേരിടുന്ന മനുഷ്യാവകാശ പ്രതിസന്ധികൾ വ്യക്തമായി പരിഗണിക്കാൻ സാധിക്കില്ല എന്നു കാണേണ്ടതുണ്ട്. പലപ്പോഴും, ‘വിദേശി’, ‘അഭയാർത്ഥി’ എന്നീ പദങ്ങൾ നൈമാമിക ആവശ്യങ്ങൾക്കു നാം പരസ്പരം മാറിമാറി ഉപയോഗിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായ ഒരു ദേശീയ നിയമം അഭയാർത്ഥികളെ സംബന്ധിച്ച് ഉണ്ടാകണമെന്ന് ഇന്ത്യാ ഗവൺമെന്റിനോടു നിരന്തരം ആവശ്യപ്പെടുന്നുണ്ട്. അതിനു സാധിച്ചില്ലെങ്കിൽ താത്കാലികമായി ഫോറിനേഴ്സ് ആക്ടിൽ അനുഭാവപൂർണമായ ആയ മാറ്റങ്ങൾ എങ്കിലും വരുത്തണമെന്നും അവർ അഭിപ്രായപ്പെടുന്നു. പക്ഷേ, ഇക്കാര്യത്തിൽ മനുഷ്യത്വപരമായ ഒരു നിലപാട് ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്ന് നാളിതുവരെ ഉണ്ടായിട്ടില്ല. മനുഷ്യാവകാശ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട സുപ്രീം കോടതി പോലും ഈ മനോഭാവത്തിൽ നിന്നു മുക്തമല്ല. ജീവനു ഭീഷണിയുള്ള അഭയാർത്ഥികളെ തിരിച്ചയയ്ക്കരുതെന്ന അന്താരാഷ്ട്ര മര്യാദ പരിഗണിക്കാതെ റോഹിംഗ്യൻ അഭയാർത്ഥികളെ തിരിച്ചയക്കാൻ അനുമതി നല്കിയ വിധി പ്രസ്തുത കോടതി നല്കിയതിലൂടെ ഇതാണു തെളിയിക്കുന്നത് (10). ഇന്ത്യയിലെ പൗരത്വനിയമത്തിൽ വരുത്തിയ മാറ്റങ്ങൾ കാലാന്തരത്തിൽ ലോകത്തെ ഏറ്റവും വലിയ ‘രാജ്യരഹിത അഭ്യന്തര അഭയാർത്ഥി’ സമൂഹത്തെ സൃഷ്ടിക്കുമെന്നാണു ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

അഭയാർത്ഥികൾക്കു അന്താരാഷ്ട്ര നിയമങ്ങൾ അനുശാസിക്കുന്ന മനുഷ്യാവകാശങ്ങൾ അനുവദിക്കാത്ത ഇന്ത്യയുടെ നിലപാട് ഏറെ പ്രതിഷേധാത്മകമാണ്. പലായനം ചെയ്ത സമൂഹത്തിന്റെ വേദനകൾക്കു സാന്ത്വനമേകി, ജീവഭയമില്ലാതെ കഴിയാൻ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി ഒരു ദേശീയ നിയമം വളരെ അത്യാവശ്യമാണ്. മാത്രമല്ല, അഭയാർത്ഥികൾ രാജ്യദ്രോഹികളല്ലെന്നും രാഷ്ട്രീയ സാമൂഹിക മത നേതൃത്വങ്ങളുടെ ജനാധിപത്യ വിരുദ്ധ സമീപനങ്ങൾ ബലിയാടുകളാക്കിയ വ്യക്തികളാണ് അവരെന്നും ഇന്ത്യൻ ‘പൊതുബോധം’ തിരിച്ചറിയേണ്ടതുമുണ്ട്. എല്ലാ മനുഷ്യാവകാശങ്ങളും മതത്തിന്റെ കണ്ണാടിയിലൂടെ മാത്രം കാണുന്ന രീതി ഇന്നിവിടെ വളർന്നിട്ടുണ്ട്. പലപ്പോഴും, ഇന്ത്യൻ സെക്യുലർ സ്റ്റേറ്റ് രഹസ്യമായി തങ്ങളുടെ മതേതരത്വത്തെ ഉപേക്ഷിച്ചിട്ടുണ്ട്. എന്നാൽ, അഭയാർത്ഥികളുടെ മനുഷ്യാവകാശങ്ങൾ അംഗീകരിക്കാത്തതിലൂടെ മതനിരപേക്ഷ മൂല്യങ്ങൾ പരസ്യമായി കൈയോഴിഞ്ഞു തങ്ങളൊരു മതരാഷ്ട്രമാണെന്നു പ്രഖ്യാപിക്കുകയാണ് ഇവിടത്തെ ഭരണകൂടം. ഇത്തരം നിലപാടുകൾക്ക് എതിരേ രാഷ്ട്രീയ പ്രതിരോധം സൃഷ്ടിച്ചുകൊണ്ടു മാത്രമേ ഇന്ത്യൻ ജനാധിത്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാൻ നമുക്കാകൂ.

റെഫറൻസ്
1.https://www.un.org/en/observances/refugee-day
2.https://www.google.com/url?sa=t&source=web&rct=j&url=https://www.thedailystar.net/opinion/news/together-we-heal-learn-and-shine-2114061%3Famp&ved=2ahUKEwivoIWsyabxAhXGUn0KHRfXA_4QFnoECA8QAg&usg=AOvVaw2Bzzo4KRAz6ZbLxdQKN5sD&ampcf=1&cshid=1624205315685
3.https://www.unhcr.org/en-us/news/press/2020/6/5eeb289c4/2020-world-refugee-day-statement-un-high-commissioner-refugees-filippo.html
4.https://www.google.com/amp/s/www.news18.com/amp/news/lifestyle/world-refugee-day-2021-history-theme-and-facts-about-asylum-seekers-3869489.html
5.https://reliefweb.int/report/world/global-trends-forced-displacement-2020
6.https://www.concernusa.org/story/largest-refugee-crises/
7.https://www.worldvision.org/refugees-news-stories/forced-to-flee-top-countries-refugees-coming-from
8.https://www.unrefugees.org/emergencies/yemen/
9.https://www.google.com/amp/s/m.economictimes.com/news/politics-and-nation/nearly-2-4-million-people-internally-displaced-in-india-report/amp_articleshow/58793766.cms
10.https://www.google.com/amp/s/amp.scroll.in/article/992447/supreme-court-order-allowing-deportation-of-rohingyas-shows-that-india-hasnt-shed-partition-baggage