Thu. Apr 25th, 2024

സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കത്തയച്ചു. ചീഫ് സെക്രട്ടറിക്കും എഫ്സിസി സുപ്പീരിയര്‍ ജെനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫിനുമാണ് കമ്മീഷന്‍ കത്ത് അയച്ചത്. ലൂസി കളപുരയ്ക്കലിനെ കോണ്‍വെന്റില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കൊണ്ടാണ് സുപ്പീരിയര്‍ ജെനറലിന് കത്തയച്ചിരിക്കുന്നത്. ലൂസി കളപുരയ്ക്കലിന് എല്ലാവിധ പിന്തുണയും നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് മറ്റ് സന്യാസിനിമാര്‍ക്ക് അയച്ച കത്തിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി വത്തിക്കാനിലെ പരമോന്നത സഭാ കോടതി ശരിവെച്ചെന്ന് അവകാശപ്പെടുന്നത്. അപ്പൊസ്‌തോലിക് സെന്ന്യൂറ എന്നാണ് കോടതി അറിയപ്പെടുന്നത്.

സഭാ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്നും സന്യാസിനി സമൂഹത്തിന്റെ ചിട്ടവട്ടങ്ങള്‍ക്ക് അനുസരിച്ച് പോകില്ലെന്നും ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ നേരത്തെ പുറത്താക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് വത്തിക്കാനിലെ കോടതിയെ സിസ്റ്റര്‍ ലൂസി കളപ്പുര സമീപിച്ചത്.