Fri. Apr 19th, 2024

എറണാകുളം കലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ട്രാവൽ ഏജൻസി നടത്തിയ യുഎഇയിലേക്കുള്ള വിസ തട്ടിപ്പ് സംബന്ധമായ കൂടുതൽ വാര്‍ത്തകള്‍ വീണ്ടും പുറത്ത്. ഏജന്റുമാരുടെ ചതിയില്‍ കുടുങ്ങി വിസ തട്ടിപ്പിനിരയായ 8 ഇന്ത്യന്‍ തൊഴിലാളികള്‍ ജോലിയും പാസ്‌പോര്‍ട്ടുമില്ലാതെ ദുരിതത്തില്‍. പാസ്‌പോര്‍ട്ട് കൈവശമില്ലാത്തതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണിവര്‍. 1500 ദിര്‍ഹം ശമ്പളമുണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഏജന്റ് ഇവരെ യുഎഇയിലെത്തിച്ചത്.

എന്നാല്‍ ഇവിടെ എത്തിയ ശേഷം ഏജന്റിന്റെ സ്വഭാവം മാറിയെന്നും ഭക്ഷണമോ വെള്ളമോ ചിലവിന് പണമോ ലഭിക്കാതെ ദുരിതമനുഭവിക്കേണ്ടിവന്നുവെന്നും തൊഴിലാളികള്‍ പറഞ്ഞു. മാര്‍ച്ച് 5ന് യുഎഇയില്‍ എത്തിയ തൊഴിലാളികള്‍ ഒരു മാസത്തോളം താല്‍ക്കാലിക പാര്‍പ്പിട കേന്ദ്രത്തിലായിരുന്നു താമസം. ഇതിനിടെ പാസ്‌പോര്‍ട്ടുകള്‍ ഏജന്റ് വാങ്ങിവച്ചിരുന്നു.

കിരണ്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ തെരുവില്‍ വെച്ച് ഇവരെ കണ്ടെത്തിയതോടെയാണ് ഏജന്റിന്റെ വിസാ തട്ടിപ്പിനിരയായി ദുരിതമനുഭവിക്കുന്ന തൊഴിലാളികളുടെ വാര്‍ത്ത പുറം ലോകമറിഞ്ഞത്. തുടർന്ന്‌ തൊഴിലാളികളെ കോണ്‍സുലേറ്റില്‍ എത്തിക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ്‌ അറിയാൻ കഴിഞ്ഞത്.

ഒരു മാസം മുമ്പാണ് 500ഓളം നഴ്‌സുമാര്‍ വിസാ തട്ടിപ്പ് സംഘത്തിന്റെ ചതിയിലകപ്പെട്ട് ദുബൈയിലെത്തിയത്. ഒന്നര ലക്ഷം രൂപയിലധികം ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് സംഘം നഴ്‌സുമാരെ കബളിപ്പിച്ച് ദുബൈയിലെത്തിച്ചത്. രണ്ടര ലക്ഷം മുതല്‍ നാല് ലക്ഷം വരെ വിസക്ക് പണം നല്‍കിയാണ് നഴ്‌സുമാര്‍ യുഎഇയിലെത്തിയത്. കോവിഡ് വാക്‌സിനേഷന്‍ വ്യാപകമാക്കിയ സമയത്ത് യുഎഇയില്‍ കൂടുതല്‍ നഴ്‌സുമാരെ ആവശ്യമുണ്ടായിരുന്ന സാഹചര്യം മുതലെടുത്താണ് ഏജന്‍സികള്‍ തട്ടിപ്പ് നടത്തിയത്.
ആദ്യം വന്നവര്‍ക്ക് ജോലി ലഭിച്ചെങ്കിലും തൊഴിലവസരം കുറഞ്ഞത് മറച്ച് വെച്ച് കൂടുതല്‍ പേരെ വിസിറ്റ് വിസയിലെത്തിച്ചാണ് എറണാകുളം കലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ടേക്ക് ഓഫ് എന്ന സ്ഥാപനം വഞ്ചന നടത്തിയത്. വിസാ തട്ടിപ്പ് സംഘങ്ങള്‍ പല രൂപങ്ങളിലാണിപ്പോള്‍ തൊഴില്‍ തേടുന്നവരെ കബളിപ്പിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ഉയര്‍ന്ന ശമ്പളവും മറ്റ് അലവന്‍സുകളും യാത്രാ ബത്തയും ഉറപ്പ് നല്‍കി ഉദ്യോഗാര്‍ത്ഥികളെ പോലും ചതിയില്‍ വീഴ്ത്തിയാണ് ഈ തട്ടിപ്പ് സംഘങ്ങള്‍ തടിച്ചുകൊഴുക്കുന്നത്.

തട്ടിപ്പ് സംഘങ്ങളുടെ മോഹന വാഗ്ദാനങ്ങളില്‍ വീണ് എങ്ങനെയെങ്കിലും ഒരു തൊഴില്‍ നേടുകയെന്ന ലക്ഷ്യത്തോടെയാണ് പലരും ഗള്‍ഫ് രാജ്യങ്ങളിലെത്തുന്നത്. അതത് രാജ്യങ്ങളിലെ സര്‍ക്കാരുകളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ബോധവല്‍ക്കരണവും മുന്നറിയിപ്പുകളും പലരും ഗൗരവത്തിലെടുക്കാതെ തട്ടിപ്പ് സംഘത്തിന്റെ മനം മയങ്ങും വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ഇറങ്ങിത്തിരിക്കുന്നവരാണ് ഇത്തരത്തിലുള്ള ചതിയിലും അപകടങ്ങളിലും പെട്ടുപോകുന്നവരിലേറെയും.