Fri. Mar 29th, 2024

തറയില്‍ നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും. മൂന്ന് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് ആയതിനാലാണ് തീരുമാനം. ഇതിനിടയില്‍ പ്രതികളുടെ ആസ്തി വിവരങ്ങള്‍ തേടി പോലീസ് രജിസ്‌ട്രേഷന്‍ വകുപ്പിനെ സമീപിച്ചു.

കേസില്‍ കഴിഞ്ഞ ദിവസം ഒരാളെ കൂടി പ്രതി ചേര്‍ത്തിരുന്നു. സ്ഥാപന ഉടമ സജി സാമിന്റെ ഭാര്യ റാണി സജിയെ പ്രതി ചേര്‍ത്താണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. റാണി ഒളിവിലാണ്. റാണിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്.

സജി സാമിനൊപ്പം ഭാര്യ റാണി സജിയും തറയില്‍ ഫിനാന്‍സിന്റെ മാനേജിങ്ങ് പാര്‍ട്ണറാണ്. ഈ സാഹചര്യത്തിലാണ് റാണിയും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. തറയില്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന പണമിടപാട് ഇതരസ്ഥാപനങ്ങളും റാണിയുടെ പേരിലാണ്. സ്ഥാപനത്തിന്റെ ശാഖകള്‍ പൂട്ടിയ ശേഷം ഒളിവില്‍ പോയ സജി കീഴടങ്ങിയെങ്കിലും റാണിയെ പറ്റി സൂചനകളൊന്നുമില്ല.

ഓമല്ലൂരിലെ വീട്ടില്‍ തന്നെയാണ് ഒളിവില്‍ കഴിഞ്ഞതെന്നും ഭാര്യയെയും മകനെയും ബന്ധു വീട്ടിലേക്ക് അയച്ചെന്നുമാണ് സജി നല്‍കിയ മൊഴി. പോലീസിന് ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അഭിഭാഷകന്റെ സഹായത്തോടെ റാണിയും കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
അതേസമയം സജിയുടെയും റാണിയുടെയും ആകെ ആസ്തി മൂല്യം മൂന്ന് കോടി രൂപ മാത്രമാണെന്നാണ് പോലീസ് കണക്ക്. സ്ഥാപനത്തിന്റെ ആസ്ഥാനം പ്രവര്‍ത്തിച്ചിരുന്ന ഓമല്ലൂരിലെ കെട്ടിടം സജിയുടെ സഹോദരങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. മറ്റ് മൂന്ന് ശാഖകള്‍ വാടക കെട്ടിടത്തിലാണ്. നിക്ഷേകരില്‍ നിന്നായി സമാഹരിച്ച പണം ആഡംബര ജീവിതത്തിന് ചെലവിട്ടെന്നും സൂചനയുണ്ട്.

ബി എം ഡബ്ലു അടക്കം നാല് വാഹനങ്ങളാണ് സജിയുടെ പേരിലുണ്ടായിരുന്നത്. പോളണ്ടില്‍ മകളെ എം ബി ബി എസ് പഠനത്തിന് ചേര്‍ത്തതും ലക്ഷങ്ങള്‍ മുടക്കിയാണ്. റാണിയെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ പണം വകമാറ്റിയതിലടക്കം കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച റിമാന്റ് ചെയ്ത സജി സാമിനെ കസ്റ്റഡിയിലാവശ്യപ്പെട്ടുകൊണ്ട് അന്വേഷണ സംഘം ഇന്നലെ കോടതിയില്‍ അപേക്ഷ നല്‍കി. നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ് സജി സാം.