Tue. Apr 23rd, 2024

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഇപ്പോള്‍ നടത്തുന്ന വെല്ലുവിളി നിറഞ്ഞ പ്രതികരണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍. സുധാകരനെ അധ്യക്ഷനാക്കും മുമ്പേ തന്റെ ആശങ്ക പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും ദിവാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും തമ്മിലുള്ള വാക്ക് യുദ്ധം സംബന്ധിച്ച് ഒരു ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുധാകരന്‍ ക്യാമ്പസ് കഥകളല്ല ഇപ്പോള്‍ പറയേണ്ടത്. പുതിയ കാലത്തിന് അനുസരിച്ചുള്ള രാഷ്ട്രീയമാണ്. കെ പി സി സി അധ്യക്ഷന്‍ പക്വത കാണിക്കണമായിരുന്നു. ബ്രണ്ണന്‍ കോളജിലെ പഠനത്തിനിടെ പിണറായി വിജയനെ കെ സുധാകരന്‍ ചവിട്ടി വീഴ്ത്തിയത് തനിക്ക് അറിയില്ല. ഇനി വിഷയത്തിലുള്ള തന്റെ അഭിപ്രായം പാര്‍ട്ടി ഫോറത്തില്‍ പറയുമെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.

സുധാകരൻ പിണറായിയെ തല്ലിവീഴ്ത്തിയതിനെക്കുറിച്ചും വളഞ്ഞിട്ട് തല്ലിയതിനെക്കുറിച്ചും മമ്പറം ദിവാകരന്‍ പറഞ്ഞത് ഇങ്ങനെ: ‘തന്റെ അറിവില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. താന്‍ അങ്ങനെയൊരു സംഭവം കേട്ടിട്ടുമില്ല. സി.എച്ച്. മുഹമ്മദ് കോയയെ തടഞ്ഞുനിര്‍ത്തിയതുമുതലുള്ള സംഭവം അറിയാം. പിണറായി വിജയനോട് അന്നും ഇന്നും രാഷ്ട്രീയ ശത്രുതയുണ്ട്, എന്നാൽ സുധാകരൻ പറഞ്ഞ കാര്യങ്ങളൊന്നും കേട്ടിട്ടില്ല’.