Sat. Apr 20th, 2024

മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോകോളുകളുടെ ലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നിരുന്നു. ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ അതിരൂക്ഷമായാണ് പ്രതിപക്ഷത്തെ യുവ എംഎല്‍എമാരുടെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നടന്നത്. “ആ അഞ്ഞൂറില്‍ ഞങ്ങളില്ല” എന്നായിരുന്നു ഷാഫി പറമ്പില്‍ എംഎല്‍എയുടെ പോസ്റ്റ്. ഇത് ഏറ്റുപിടിച്ച് പലരും സേഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുകയും ചെയ്തു.

എന്നാല്‍ കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ചടങ്ങില്‍ ആള്‍ക്കൂട്ടമുണ്ടായതോടെ ഈ ക്യാമ്പയിന്‍ അതേ നാണയത്തില്‍ തിരിച്ചു പ്രയോഗിക്കുകയാണ് ട്രോളർമാർ.ആ ആഞ്ഞൂറില്‍ ഞങ്ങളില്ല…! എന്ന ഇടത് എംഎല്‍എ ലിന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകളുടെ ഒഴുക്കാണ്. ഷാഫി പറമ്പിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയും സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്തും പ്രചരിപ്പിച്ച് പൊങ്കാലയിടുകയാണ് സേഷ്യല്‍ മീഡിയ.
എ കെ ജി സെന്ററില്‍ കേക്ക് മുറിച്ചപ്പോള്‍ കുരുപൊട്ടിയവരെല്ലാം എവിടെ? ഈ 500 ല്‍ ഞങ്ങളില്ല എന്ന് പോസ്റ്റിട്ടവരൊക്കെ എവിടെ…?? തുടങ്ങിയ ചോദ്യങ്ങളാണ് സേഷ്യല്‍ മീഡിയയില്‍ നിറയുന്നത്. “ലഡു വിതരണം ചെയ്താല്‍ കൊറോണ വരും, പൂമാലയിട്ട് സ്വീകരിച്ചാല്‍ കൊറോണ വരില്ല” എന്ന് പരിഹസിക്കുന്നവരും ഉണ്ട്. ട്രോളര്‍മാരും സംഗതി നന്നായി ആഘോഷിക്കുന്നുണ്ട്.

കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കൃത്യമായി അകലം പാലിച്ചാണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ അതിഥികളെ ഇരുത്തിയത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചതും. എന്നാല്‍ ഒരു അകലവും പാലിക്കാതെ കൊവിഡ് പ്രോട്ടോകോള്‍ നഗ്നമായി ലംഘിക്കുന്ന രീതിയിലായിരുന്നു സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്.