Thu. Apr 25th, 2024

രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് പോലീസിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. ഐഷക്കെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത കവരത്തി പോലീസ് മുമ്പാകെ ജൂണ്‍ 20ന് ഹാജരാകാനാണ് നിര്‍ദേശം. ഐഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കേസില്‍ ഐഷയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 50,000 രൂപ ബോണ്ടില്‍ കീഴ്‌ക്കോടതി ജാമ്യം നല്‍കണം. ഒരാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി.

ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കവരത്തി പോലീസ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും വിഷയത്തില്‍ പോലീസിനോട് മറുപടി തേടണമെന്നും ആയിഷ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും, ടി വി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ലെന്നും ആയിഷ സുല്‍ത്താന ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.