Wed. Apr 24th, 2024

നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു. ദീര്‍ഘകാലമായി രക്താര്‍ബുധത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. 2010ല്‍ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി ജേതാവാണ്. അബുദാബി ശക്തി അവാര്‍ഡും നേടിയിട്ടുണ്ട്.

അരങ്ങിന്റെ കരുത്തുറ്റ പാരമ്പര്യമുള്ള കോഴിക്കോടന്‍ നാടക വേദിക്ക് തിളക്കമുള്ള സാന്നിധ്യമായിരുന്നു ശാന്തകുമാര്‍. പി എം താജിനെപ്പോലെ എത്രയോ കരുത്തുറ്റ കഥാപാത്രങ്ങളെ പൊതുസമൂഹത്തിനു മുന്നില്‍ ഇറക്കിവിട്ടാണ് അദ്ദേഹം അരങ്ങൊഴിയുന്നത്.

കരുവട്ടൂര്‍ എന്ന നാടക ഗ്രാമത്തിന്റെ സംഭാവനയായിരുന്നു ശാന്തകുമാര്‍. അരങ്ങ് ജ്വലിപ്പിച്ച് പൊലിഞ്ഞു പോകുന്ന നാട്ടു നാടകങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു തന്റെ ഗ്രാമമെന്ന് ശാന്തന്‍ പറയുമായിരുന്നു. തെക്ക് പൂനൂര്‍ പുഴയും പടിഞ്ഞാറ് കോഴിക്കോട് നഗരവും വടക്ക് കക്കോടി ഗ്രാമവും കിഴക്ക് വീണ്ടും പൂനൂര്‍ പുഴയും അതിരിടുന്ന കരുവട്ടൂര്‍ എന്ന നാടകഗ്രാമത്തില്‍ നിന്ന് അദ്ദേഹം അതിരുകളില്ലാതെ ആസ്വാദക ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.
മരം പെയ്യുന്നു, കര്‍ക്കടകം, രാച്ചിയമ്മ, കറുത്ത വിധവ, ചരുത ചിലതൊക്കെ മറുന്നുപോയി, കുരുടന്‍ പൂച്ച എന്നിവ പ്രധാന കൃതികള്‍. മരം പെയ്യുന്നു എന്ന കൃതിയാണ് അക്കാദമി പുരസ്‌കരം നേടിയത്.

അരങ്ങില്‍നിന്ന് ശാന്തകുമാര്‍ വെള്ളിത്തിരയിലേക്കും ചുവടുവച്ചിരുന്നു. ‘ ഭൂമിയിലെ മനോഹര സ്വകാര്യം’മെന്ന തിരക്കഥയിലൂടെയായിരുന്നു അത്. പ്രണയത്തിന്റെ ആരും പറയാത്ത കഥയായിരുന്നു അത്.
‘ഒരു ദേശം നുണ പറയുന്നു’ എന്ന ശാന്തന്റെ നാടകത്തെ അടിസ്ഥാനമാക്കിയാണ് ഷൈജു അന്തിക്കാട് ഭൂമിയിലെ മനോഹര സ്വകാര്യം വികസിപ്പിച്ചത്. ശാന്തന്റെ നാടകം സംവിധാനം ചെയ്ത ഷൈജു കഥയും തിരക്കഥയും സംഭാഷണവുമെഴുതിച്ച് ശാന്തനേയും സിനിമയിലേക്കു നടത്തുകയായിരുന്നു.

പതിമൂന്നാം വയസ്സില്‍ നാടകമെഴുതി കലാലോകത്ത് അരങ്ങേറ്റം കുറിച്ചതാണ് ശാന്തകുമാര്‍. നാടക രചനക്ക് കേരള സംഗീതനാടക അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാര്‍ഡ് നേടിയ പ്രതിഭാവിലാസത്തിനുടമ. അമ്പതിലേറെ നാടകങ്ങളുടെ രചയിതാവ്. കേരളത്തിനു പുറത്തും വിദേശങ്ങളിലുമെല്ലാം മലയാളികള്‍ സംഗമിക്കുന്ന ഇടങ്ങളിലെല്ലാം എ ശാന്തകുമാറിന്റെ നാടകം അരങ്ങിലെത്തി. അത്രയേറെ മനുഷ്യ കഥാനുഗായികളായിരുന്നു ആ രചനകളെല്ലാം.