Thu. Mar 28th, 2024

✍️ സുരേഷ്. സി ആർ

പിന്തുടരാൻ മാതൃകകളില്ലാതിരുന്ന കാലത്ത്, മലയാള സിനിമാഭിനയത്തിൽ സ്വന്തമായ പാതയും ശൈലിയും വെട്ടിത്തെളിച്ച അഭിനയ ചക്രവർത്തിയായിരുന്നു സത്യൻ(1912 – 1971). യഥാർത്ഥ പേര് സത്യനേശൻ. ചലച്ചിത്രതാരത്തെ സംബന്ധിച്ച് പരമ്പരാഗത സങ്കല്പത്തിനു നിരക്കാത്ത കറുത്ത നിറം, പൊക്കം കുറഞ്ഞ് കുറുകിയ ശരീരം ഇതെല്ലാം വച്ച് പ്രേക്ഷകരുടെ ഹൃദയത്തിൽ അദ്ദേഹം കടന്നു കയറിയത് അന്യൂനമായ അഭിനയ നൈപുണ്യം കൊണ്ടുമാത്രമാണ്.

തിരുവിതാംകൂറിലെ തിരുമലയ്ക്കടുത്ത് അറമട എന്ന ഗ്രാമത്തിൽ ജനനം.വിദ്വാൻ പരീക്ഷ പാസായി തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിൽ അധ്യാപകനായി ജീവിതമാരംഭിച്ച അദ്ദേഹം പിന്നീട് സർക്കാരുദ്യോഗസ്ഥനായി. ഒരു വർഷത്തിനു ശേഷം ആ ജോലി രാജിവെച്ച് 1941-ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകയുദ്ധത്തിനു ശേഷം പട്ടാളത്തിൽ നിന്നും വിരമിച്ച് തിരുവിതാംകൂറിൽ തിരിച്ചെത്തി സ്റ്റേറ്റ് പോലീസിൽ ചേർന്നു. 1947-48 കാലഘട്ടത്തിൽ ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായി. പോലീസിലായിരുന്ന കാലത്ത് നാടകങ്ങളിൽ അഭിനയിച്ചിരുന്നു.


ചലച്ചിത്ര-നാടക നടനും ഗായകനും എഴുത്തുകാരനുമായിരുന്ന സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുമായുള്ള പരിചയമാണ് സിനിമാലോകത്ത് എത്തിച്ചത്.1951-ൽ കൗമുദി ബാലകൃഷ്ണൻ നിർമ്മിച്ച ത്യാഗസീമ’യാണ് അഭിനയിച്ച ആദ്യ സിനിമയെങ്കിലും അത് പുറത്തുവന്നില്ല..1952-ൽ ആത്മസഖി’യാണ് പുറത്തിറങ്ങിയ ആദ്യ സിനിമ.

1954-ൽ ഇറങ്ങിയ നീലക്കുയിൽ ആയിരുന്നു വഴിത്തിരിവായചിത്രം. തുടർന്ന്, ചെമ്മീൻ, ഓടയിൽനിന്ന്, മുടിയനായ പുത്രൻ, ഭാര്യ, വാഴ്‌വേമായം, അനുഭവങ്ങൾ പാളിച്ചകൾ, കടൽപ്പാലം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, തച്ചോളി ഒതേനൻ, കായംകുളം കൊച്ചുണ്ണി, കരകാണാക്കടൽ തുടങ്ങി നൂറിലേറെ മലയാളത്തിലും ആളുക്കൊരു വീട്, പേശും ദൈവം എന്നീ തമിഴ് ചിത്രങ്ങളിലും ശക്തമായ കഥാപാത്രങ്ങൾ കാഴ്ചവച്ച് ചലച്ചിത്രവേദിയെ ധന്യമാക്കി.

ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ പപ്പു, ‘ദാഹം’-ത്തിലെ ജയരാജൻ, യക്ഷി’-യിലെ ശ്രീനി എന്നിവ സത്യന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഏർപ്പെടുത്തിയ ആദ്യ വർഷം തന്നെ കടൽപ്പാലത്തി (1969)നും 1971-ൽ കരകാണാക്കടലിനും മികച്ച നടനുള്ള അവാർഡ് നേടി. രണ്ടാമത്തെ അവാർഡ് മരണാനന്തരമായാണ് നൽകിയത്. അവാർഡ് നേടിക്കൊടുത്ത രണ്ട് ചിത്രങ്ങളുടെ പേരിലും ‘കടൽ’ എന്ന വാക്കുള്ളത് കൗതുകമാണ്.