Fri. Mar 29th, 2024

പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ജയിലിലടക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ജാമ്യം. ജെ എന്‍ യു വിദ്യാര്‍ഥികളായ ദേവംഗന കലിത, നതാഷ നര്‍വാള്‍, ജാമിഅ മില്ലിയ വിദ്യാര്‍ഥി ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവര്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് മൂവരും പുറത്തിറങ്ങുന്നത്.

പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ലെന്ന് വ്യക്തമാക്കിയ ഡല്‍ഹി ഹൈക്കോടതി. പ്രതിഷേധിക്കാനുള്ള അവകാശവും തീവ്രവാദവും രണ്ടാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് നല്‍കിയിട്ടുള്ളതാണെന്നും അത് രാജ്യദ്രോഹമായി തെറ്റിദ്ധരിക്കേണ്ടതില്ല എന്നും വിലയിരുത്തി. ഭരണാധികാരികള്‍ക്ക് ഇത് രണ്ടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന രേഖ അവ്യക്തമായിരിക്കും. വിമത ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനുള്ള വ്യഗ്രതയില്‍ സംഭവിച്ച് പോകുന്നതാണിത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ജനാധിപത്യത്തിന് വിഷമകരമായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

2020 മെയിലാണ് ദേവാംഗന കലിതയെയും നടാഷ നര്‍വാളിനെയും ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്യുന്നത്. കലാപശ്രമം, നിയമപ്രകാരമല്ലാതെ ഒത്തു ചേരല്‍, കൊലപാതക ശ്രമം, കലാപത്തിനായി ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 23ന് തൊട്ടടുത്ത ദിവസം വനിത വിദ്യാര്‍ഥി സംഘടനയായ പിഞ്ച്ര തോഡ് ജാഫറാബാദില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഇവര്‍ സജീവമായി പങ്കെടുത്തിരുന്നു.

ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി ആസിഫ് ഇക്ബാല്‍ തന്‍ഹക്ക് പരീക്ഷ എഴുതാന്‍ ഡല്‍ഹി ഹൈകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. മെയ് 19ന് അറസ്റ്റിലായ തന്‍ഹ അന്നുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.