Thursday, June 17, 2021

Latest Posts

കോഴിക്കോട് കുട്ടികള്‍ ഉള്‍പ്പെടുന്ന വന്‍ മോഷണ സംഘം പിടിയില്‍

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി മോഷണങ്ങള്‍ നടത്തിയ കുട്ടികള്‍ ഉടപ്പെട്ട മോഷണ സംഘത്തെ സിറ്റി ക്രൈം സ്്ക്വാഡും ചേവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി.കക്കോടി മക്കട, ബദിരൂര്‍ സ്വദേശികളായ 18 കാരാണ് പിടിയിലായത്. കരുവിശ്ശേരി സ്വദേശികളായ രണ്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയും പിടികൂടിയിട്ടുണ്ട്.

അടുത്ത കാലത്ത് കോഴിക്കോട് നഗരത്തില്‍ നടന്ന ഭൂരിഭാഗം മോഷണ കേസുകളിലും കുട്ടികളുടെ പങ്ക് കൂടുതലായി കാണുന്ന സാഹചര്യത്തില്‍ സിറ്റി പോലീസ് മേധാവി ഡി ഐ ജി എ വി ജോര്‍ജ്ജ് ഇവരെ പിടികൂടുന്നതിനായി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ സ്വപ്നില്‍ മഹാജിന്റെ നേതൃത്വത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡിന് രൂപം നല്‍കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷ്ടിച്ച ആക്ടീവ സ്‌കൂട്ടര്‍, മാവൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷ്ടിച്ച ആക്ടീവ സ്‌കൂട്ടര്‍, നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷ്ടിച്ച ഡിസ്‌കവര്‍ ബൈക്ക്, കൊയിലാണ്ടിയില്‍ നിന്ന് മോഷ്ടിച്ച പള്‍സര്‍ ബൈക്ക്, മലപ്പുറം തേഞ്ഞിപാലത്ത് നിന്ന് മോഷ്ടിച്ച ആക്സസ് ബൈക്ക് എന്നിവ പോലീസ് കണ്ടെടുത്തു.

കൂടാതെ പുല്ലാളൂരിലെ മൊബൈല്‍ ഷോപ്പില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, കുന്ദമംഗലത്തെ ഗാലക്സി ഗ്ലാസ് ഷോപ്പില്‍ നിന്ന് വാച്ചുകളും കൂളിംഗ് ഗ്ലാസ്സും ഇവര്‍ മോഷ്ടിച്ചു. ഭട്ട് റോഡിലെ പല ചരക്ക് കട, എന്‍ പി ചിക്കന്‍ സ്റ്റാള്‍, പടനിലത്തുള്ള ആരാമ്പ്രം മെഡിക്കല്‍ ഷോപ്പ്, കുറ്റിക്കാട്ടൂരിലെ എം എ ചിക്കന്‍ സ്റ്റാള്‍ എന്നിവിടങ്ങളിലെല്ലാം മോഷണം നടത്തിയത് ഈ സംഘമാണെന്നു തെളിഞ്ഞു.

ബാലുശ്ശേരി ഭാഗത്തെ ഏട്ടോളം കടകള്‍, കാക്കൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്പലത്ത് കുളങ്ങര, കുമാരസ്വാമി എന്നിവിടങ്ങളിലെ പത്തോളം കടകള്‍, കുന്ദമംഗലം ചാത്തമംഗലം, കാരന്തൂര്‍ ഭാഗങ്ങളിലെ ഇരുപതോളം കടകള്‍, മാവൂര്‍, കുട്ടിക്കാട്ടൂര്‍, കായലം, പുവ്വാട്ടുപറമ്പ് ഭാഗങ്ങളിലെ പത്തോളം കടകള്‍,പുതിയങ്ങാടി വെസ്റ്റ്ഹില്‍,കാരപ്പറമ്പ് ഭാഗങ്ങളില്‍ പതിമൂന്നോളം കടകള്‍, അത്തോളി, പറമ്പത്ത് ഭാഗങ്ങളിലെ അഞ്ചോളം കടകള്‍, തൊണ്ടയാട് പാലാഴി ഭാഗങ്ങളിലെ അഞ്ചോളം കടകള്‍ കക്കോടി ചെറുകുളം മക്കട ഭാഗങ്ങളിലെ ഏഴോളം കടകള്‍ ഉള്‍പ്പെടെ എണ്‍പതിലധികം മോഷണങ്ങള്‍ക്ക് തുമ്പുണ്ടായതായി പോലീസ് പറഞ്ഞു.

കൂടാതെ മോഷണത്തില്‍ ഏര്‍പ്പെടുന്ന മറ്റു ചിലരെ കുറിച്ചും വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. ലഹരി മരുന്ന് ഉപയോഗിക്കുന്ന ഇവരെല്ലാം തന്നെ വീട്ടില്‍ പതിവുപോലെ എത്താറുണ്ട്. സുഹൃത്തുക്കളുടെ അടുത്തെക്കെന്ന് പറഞ്ഞു വീടുവിട്ടിറങ്ങിയോ അല്ലെങ്കില്‍ രക്ഷിതാക്കളെല്ലാം ഉറങ്ങിയ ശേഷം ഒളിച്ചു കടന്നോ ആണു മോഷണം നടത്തുന്നത്. പണം സമാഹരിക്കാനാണ് ‘നൈറ്റ് ഔട്ട് ‘ എന്ന പേരില്‍ ഇവര്‍ ചുറ്റി കറങ്ങി മോഷണം നടത്തുന്നത്. അര്‍ധരാത്രിയില്‍ ബൈക്കില്‍ ട്രിപ്പിള്‍ അല്ലെങ്കില്‍ നാലുപേരെ വെച്ചോ പോയി വാഹനം മോഷ്ടിച്ച് പിന്നീട് സമീപപ്രദേശങ്ങളിലെ കടകളിലും മറ്റും മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. പിന്നീട് രക്ഷിതാക്കള്‍ അറിയാതെ വീട്ടിലെത്തി കിടക്കുകയും ചെയ്യുന്നു. കുട്ടികള്‍ പുറത്തിറങ്ങുന്നതും മോഷണം നടത്തുന്നതും രക്ഷിതാക്കള്‍ അറിയുന്നില്ല.

മോഷണം നടത്തുന്ന വാഹനങ്ങളുടെ ബോഡി പാട്സും നമ്പര്‍ പ്ലേറ്റുകളും മാറ്റുകയും വര്‍ക്ക്ഷോപ്പുകളുടെ സമീപം നിര്‍ത്തിയിട്ടിരി ക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചെടുത്ത് മോഷണ വാഹനങ്ങള്‍ക്ക് ഉപയോഗിച്ചുമാണ് ഇവര്‍ നൈറ്റ് ഔട്ടിന് ഇറങ്ങുന്നത്. പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ അമിത വേഗതയിലോ ഇടവഴികളിലൂടെയോ കടന്നു കളയുകയോ അല്ലെങ്കില്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി മറയുകയോ ആണ് ചെയ്യുന്നത്. പോലീസ് വാഹനം പരിശോധിച്ച് ഉടമയെ വിളിക്കുമ്പോഴാണ് മോഷ്ടിച്ചവാഹനമാണെന്ന് അറിയുന്നത്.മോഷണം നടത്തിയ ബൈക്കുകള്‍ പിന്നീട് വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. പ്രധാനമായും കോഴിക്കടകളിലാണ് ഇവര്‍ മോഷണം നടത്തുന്നത്. ഷോപ്പുകളുടെ പൂട്ടുകള്‍ പൊട്ടിച്ചെടുക്കാനുള്ള ആയുധങ്ങള്‍ ഇവരുടെ കൈവശമുണ്ടാവും. ഉപയോഗം കഴിഞ്ഞ് ആയുധങ്ങള്‍ ഉപേക്ഷിക്കു കയും ചെയ്യുന്നു. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇവരെ പിടികൂടിയിട്ടുണ്ടെങ്കിലും കുറ്റസമ്മതം നടത്താതെ രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് പിടികൂടി വിശദമായി ചോദ്യം ചെയ്തതില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എലത്തൂര്‍ പോലീസ് പിടിച്ച് റിമാന്റ് ചെയ്ത ഒരാള്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്. കുട്ടികള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ പോലീസ് കേസെടുക്കില്ലെന്ന തെറ്റിദ്ധാരണ കുട്ടികളെ കുറ്റകൃത്യത്തിലേക്കു നയിക്കുന്നു. ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനും രക്ഷിതാക്കളില്‍ നിന്ന് പണം ലഭിക്കാതെ വരുമ്പോഴാണ് രക്ഷിതാക്കള്‍ അറിയാതെ നൈറ്റ് ഔട്ട് നടത്തുന്നത്. തങ്ങളുടെ മക്കള്‍ എവിടെ പോകുന്നു എന്തെല്ലാം ചെയ്യുന്നു എന്നുള്ള കാര്യത്തില്‍ രക്ഷിതാക്കള്‍ സദാ ജാഗ്രത പാലിക്കേണ്ടതാണെന്നും ലഹരി ഉപയോഗവും മോഷണ പശ്ചാത്തലവുമുള്ള കുട്ടികളെ ശ്രദ്ധയില്‍ പ്പെട്ടാല്‍ എത്രയും പെട്ടെന്ന് പോലീസില്‍ അറിയിക്കേണ്ടതാണെന്നും കോഴിക്കോട് സിറ്റി ഡി സി പി പറഞ്ഞു.

അന്വേഷണ സംഘത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ മോഹന്‍ദാസ്, എം ഷാലു, ഹാദില്‍ കുന്നുമ്മല്‍, പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്,ശ്രീജിത്ത് പടിയാത്ത്,സഹീര്‍ പെരുമ്മണ്ണ,എ വി സുമേഷ്, ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ അനീഷ്,സീനിയര്‍ സി പി ഒ മാരായ റിജേഷ് പ്രമോദ്,രാജീവ് കുമാര്‍ പാലത്ത്,സി പി ഒ പ്രസീദ്, ശ്രീരാഗ് എന്നിവരാണ് ഉണ്ടായിരുന്നത്. കൊവിഡ് പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.