Fri. Apr 19th, 2024

സഹോദരൻ അയ്യപ്പന്റെ മകളും പ്രശസ്ത ത്വക് രോഗ വിദ്ഗധൻ പരേതനായ ഡോ. സി.കെ. ഗോപാലകൃഷ്ണന്റെ ഭാര്യയുമായ ഐഷ ഗോപാലകൃഷ്ണൻ (88) അന്തരിച്ചു. കൊവിഡ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 12.04 ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച ആലുവയിലെ ശ്രീനാരായണ സേവികസമാജത്തിന്റെ പ്രസിഡന്റ് ആയിരുന്നു.

സഹോദരൻ അയ്യപ്പനും പാർവ്വതി അയ്യപ്പനും രണ്ടു മക്കൾ ആയിരുന്നു സുഗതനനും ഐഷയും. ഡോക്ടറായ സുഗതൻ അയർലന്റുകാരിയായ ഭാര്യ സൂസനോടൊപ്പം ഇംഗ്ലണ്ടിലായിരുന്നു സ്ഥിരതാമസം. ഡോ. കെ എ സുഗതൻ (90) കഴിഞ്ഞവർഷം ജൂൺ 4നാണ് അന്തരിച്ചത്. ഐഷ എറണാകുളത്തെ പ്രശസ്ത ത്വക് രോഗ വിദഗ്ധൻ ആയിരുന്ന ഡോ.കെ.ഗോപാലകൃഷ്ണന്റെ ഭാര്യയായിരുന്നു. (ഡോ.സി.കെ.രാമചന്ദ്രൻ ഭർതൃ സഹോദരൻ) ഏകമകൻ ഡോ. സി ജി. ബാലകൃഷ്ണൻ.
ഐഷ അച്ഛന്റെ മാതൃകാ പുരുഷനായിരുന്ന ഏബ്രഹാം ലിങ്കന്റെ ജീവചരിത്രം എഴുതിയിട്ടുണ്ട്. അച്ഛനെക്കുറിച്ച് ഐഷ എഴുതിയ ഓർമ്മക്കുറിപ്പുകൾ ഹൃദ്യമാണ്. സ്വതന്ത്ര ചിന്തയോടു കൂടി ഒന്നിലും നിർബ്ബന്ധിക്കാതെ മക്കളെ വളർത്തി. സഹോദരൻ മന്ത്രിയായിരുന്ന കാലത്ത് വിദ്യാർത്ഥി ഫെഡറേഷൻ അംഗമായിരുന്ന മകൻ സുഗതൻ, മന്ത്രിമാർ രാജിവെക്കണമെന്നു ആവശ്യപ്പെട്ട പ്രകടനത്തിൽ പങ്കെടുത്തു. അച്ഛൻ മകനോട് ചോദിച്ചത് ഇത്രമാത്രം – ഞാൻ രാജി വെക്കണമെന്നാണ് നിന്റെ അഭിപ്രായമെങ്കിൽ നീ എന്നോട് പറഞ്ഞാൽ പോരായിരുന്നോ? ഞാൻ ചെയ്യാമല്ലോ. അതിനായി പഠിപ്പുമുടക്കണമായിരുന്നോ?”

ദീർഘനാളായി അനാരോഗ്യം കാരണം എറണാകുളം രവിപുരത്ത് മകന്റെ വീട്ടിൽ വിശ്രമത്തിലായിരുന്നു ഐഷ. കഴിഞ്ഞ ആഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം രവിപുരം ശ്മശാനത്തിൽ. മകൻ: ഡോ. സി ജി ബാലകൃഷ്ണൻ. മരുമകൾ: ഉഷ.