Fri. Mar 29th, 2024

✍️  സുരേഷ്. സി ആർ

മെയ് 23: ആര്യപ്രേംജി ഓർമ്മദിനം

നവോത്ഥാനം എന്നത് അവർണ്ണരുടെ വഴിനടക്കാനും തുണിയുടുക്കാനും വിദ്യ നേടാനും മനുഷ്യനായി ജീവിക്കാനും വേണ്ടിയുള്ള സമരങ്ങൾ മാത്രമല്ല. സ്വന്തം സഹോദരന്മാരെയും വീട്ടിലെ സ്ത്രീകളെയും വരെ അടിമകളാക്കി നികൃഷ്ട ജീവിതം നയിച്ചിരുന്ന നമ്പൂതിരിയെ മനുഷ്യനാക്കാൻ വേണ്ടി നടന്ന മുന്നേറ്റങ്ങൾ കൂടി ആയിരുന്നു. നമ്പൂതിരി സമുദായത്തിലെ ബാലവിധവകളുടെ ദൈന്യം പുറംലോകത്തെ അറിയിച്ച ജീവിതമാണ് ആര്യപ്രേംജി(1917 – 2016). സ്കൂൾ വിദ്യാഭ്യാസം പോലും ലഭിക്കാതെ പതിനാലാം വയസിൽ വിവാഹം കഴിക്കേണ്ടിവന്ന ആര്യ പതിനഞ്ചാം വയസിൽ വിധവയായി. വിധവയെന്ന നിലയിൽ അടിച്ചമർത്തലുകൾ നേരിടേണ്ടി വന്ന ആര്യയെ ഇരുപത്തിയേഴാം വയസിൽ നടനും സാമുഹ്യ പരിഷ്കർത്താവും കമ്യൂണിസ്റ്റുമായ പ്രേംജി വിവാഹം ചെയ്തു.

വിധവാ വിവാഹം നിഷിധമായിരുന്ന ആ കാലഘട്ടത്തിൽ നമ്പൂതിരി സമുദായത്തിൽ ഈ സംഭവം വലിയ വിപ്ലവം സൃഷ്ടിച്ചു. നമ്പൂതിരി സമുദായത്തിലെ രണ്ടാമത്തെ വിധവാവിവാഹമായിരുന്നു ഇവരുടേത്. ആദ്യ വിധവാവിവാഹം പ്രേംജിയുടെ ജ്യേഷ്ഠൻ എം ആർ ബിയും ഉമ അന്തർജനവും തമ്മിലായിരുന്നു.


നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ ഇ എം എസും വി.ടി.ഭട്ടതിരിപ്പാടും എം.ആർ.ബി.യും യോഗക്ഷേമസഭയിൽ ശക്തമായി പ്രതിഷേധിച്ചതിൽ നിന്നുള്ള പ്രചോദനത്തിലാണ് പ്രേംജി ആര്യയെ വിവാഹം ചെയ്തത്. വിവാഹത്തെ തുടർന്ന് ഇരുവർക്കും സമുദായം ഭ്രഷ്ട് കൽപ്പിച്ചു. നമ്പൂതിരിസമുദായത്തിലെ അനാചാരങ്ങൾക്കെതിരെ വി ടിയുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്ന പോരാട്ടമാണ് സമുദായത്തിലെ വിധവകൾക്ക് പുനർവിവാഹം വഴി പുതുജീവൻ നല്‍കിയത്.


വേദാധ്യയനത്തിൽ മാത്രം ഒതുങ്ങിനിന്ന യുവാക്കൾ സമൂഹത്തിലേക്ക് പുരോഗമന ആശയങ്ങളുമായി ഇറങ്ങിവന്നതുപോലെ അന്തർജനങ്ങളും പൊതുവേദികളിൽ മറക്കുടയില്ലാതെ പ്രത്യക്ഷപ്പെടാനും ധൈര്യം കാട്ടുന്നതിന് വി ടി യുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. നമ്പൂതിരി സമുദായത്തിനുള്ളില്‍ നടന്ന വിപ്ളവത്തിന്റെ തുടക്കമായിരുന്നു ഈ നാടകം.

കമ്യൂണിസ്റ്റ് പാർടിയിൽ ചേർന്ന് സാമുഹ്യ അസമത്വത്തിനെതിരെ പോരാടിയ ആര്യ 1964 മുതൽ അഞ്ചു വർഷം തൃശൂർ ജില്ലാ കൗൺസിലറായി. ബന്ധുക്കളും മറ്റു സമുദായാംഗങ്ങളും നടത്തിയ നിസ്സഹകരണത്തെ കമ്യൂണിസ്റ്റ് പാർടി പ്രവർത്തനത്തിലൂടെയാണ് ആര്യ മറികടന്നത്. കമ്യൂണിസ്റ്റ് പാർടി അംഗമായ അവർ അന്തർജന സമാജവും മഹിളാസംഘവും കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.


ചെറുകാടിന്റെ നമ്മളൊന്ന് നാടകം അരങ്ങിൽ എത്തിക്കാൻ തീരുമാനിച്ചപ്പോൾ സംഘാടനത്തിന്റെ മുൻ നിരയിൽ ആര്യയും ഉണ്ടായിരുന്നു. പാർവതി നെന്മിനിമംഗലം, ആര്യ പള്ളം എന്നിവരുടെ നേതൃത്വത്തില്‍ അന്തർജനസമാജം രൂപീകൃതമായപ്പോൾ അതിന്റെ സജീവപ്രവർത്തകയുമായി.

തൃശൂർ ജില്ലയിലെ അന്തിക്കാടായിരുന്നു ജനനം. അന്തരിച്ച നടൻ കെ.പി.എ.സി. പ്രേമചന്ദ്രൻ, പ്രമുഖ മാധ്യമ പ്രവർത്തകൻ നീലൻ എന്നിവർ മക്കളാണ്. ആര്യപ്രേംജി യുടെ ജീവിതത്തെ ആസ്പദമാക്കി മകൻ നീലൻ തയ്യാറാക്കിയ ‘അമ്മ’ എന്ന ഡോക്യുമെന്ററിക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

BEST SELLERS