Wed. Apr 24th, 2024

✍️ മനോജ്. സി ആർ

ആരാണു അനുഗ്രഹിക്കപ്പെട്ടവര്‍…?? വിവേകാനന്ദനോട് ഒരിക്കല്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കപ്പെട്ടു. ഭിക്ഷ നല്‍കുന്നവരോ ? ഭിക്ഷ സ്വീകരിക്കുന്നവരോ..? വിവേകാനന്ദന്‍ പറഞ്ഞ മറുപടി. ഭിക്ഷ സ്വീകരിക്കുന്നവരെന്നാണ്.

ആത്മീയമായി ആ മറുപടി വളരെ പ്രസ്ക്തമാണ്. കാരണം ഭിക്ഷ സ്വീകരിക്കുന്നതിലൂടെ അത് നല്‍കുന്നവര്‍ക്ക് ഒരു അവസരം നല്‍കുകയാണു അവര്‍ ചെയ്യുന്നത്.. അവര്‍ അവിടെ ഇല്ലായിരുന്നെങ്കില്‍ ആര്‍ക്ക് ഭിക്ഷ നല്‍കുമായിരുന്നു..? എങ്ങിനെ പുണ്യം നേടുമായിരുന്നു..?

പലപ്പോഴും നാം നമ്മുടെ ചിന്താശേഷിയിലൂടെ ഭിക്ഷ നല്‍കുന്നവനെയാണു അഭിനന്ദിക്കുന്നത്.. അവരെയാണു ദൈവം അനുഗ്രഹിക്കട്ടെയെന്ന് പറയുന്നത്. ഈ അനുഗ്രഹം ലഭിക്കണമെങ്കില്‍ അത് നല്‍കുന്നവര്‍ അത്രയും നൈര്‍മ്മല്യത്തോടെ അത് നല്‍കണം. അല്ലെങ്കില്‍ അത് ദൈവത്തിങ്കല്‍ സ്വീകരിക്കപ്പെടില്ല. ഇടതുകൈ ചെയ്യുന്നത് വലതു കൈ അറിയരുതെന്ന് കാലങ്ങള്‍ക്കുമുന്നെ സ്വര്‍ഗ്ഗത്തില്‍ നിന്നെന്ന വചനമായി ക്രിസ്തു അവതരിപ്പിച്ചിട്ടുമുണ്ട്.

ഞാന്‍ ഒരാള്‍ക്ക് ഇത് ദാനം ചെയ്തുവെന്ന് പറയുമ്പോള്‍ അത് സ്വീകരിക്കുന്നയാള്‍ക്ക് ആത്മാഭിമാനത്തിനു ക്ഷതം സംഭവിക്കുന്നതുപോലെ തോന്നിയേക്കാം.. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതീവ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്.

അപ്പോള്‍ സ്വാഭാവികമായി മറ്റൊരു ചോദ്യം ഉയര്‍ന്നുവന്നേക്കാം. എനിക്ക് ഭിക്ഷ നല്‍കാനുള്ള കഴിവില്ല. എന്നാല്‍ മറ്റുള്ളവര്‍ അത് നല്‍കിയാല്‍ ഞാന്‍ അത് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാം…. അത് മറ്റുള്ളവരെ അറിയിക്കാനായി ഫോട്ടോ ഇടുന്നതിലോ വാര്‍ത്ത കൊടുക്കുന്നതിലോ കുഴപ്പമുണ്ടോ..?

ഇത് അവര്‍ ചോദിക്കേണ്ടത് ഭിക്ഷനല്‍കുന്നവരോടാണ്. അവരുടെ ആത്മാഭിമാനത്തിനു എന്തെങ്കിലും ക്ഷതം സംഭവിക്കുമെന്ന് അവര്‍ പറഞ്ഞാല്‍ അത് ചെയ്യരുത്. മറ്റുള്ളവര്‍ നല്‍കുന്ന പണമോ ഭക്ഷണമോ സംഭരിച്ച് അത് ആവശ്യമുള്ളവര്‍ക്ക് നല്‍കുന്നത് നല്ലൊരു പ്രവര്‍ത്തനം തന്നെയാണ്. ദൈവം കൂലി നല്‍കുകയും ചെയ്യും. എന്നാല്‍ നിങ്ങള്‍ അതൊരു സന്നദ്ധപ്രവര്‍ത്തനമായി നടത്തുമ്പോള്‍ അതില്‍ ഒരു രാഷ്ട്രീയം കൊണ്ടുവരുന്നുണ്ടെങ്കില്‍ അത് സംശുദ്ധമായി ചെയ്യാന്‍ ശ്രമിക്കണം.

നിങ്ങള്‍ ഒരു മീഡിയേറ്റര്‍ മാത്രമാണ്. അത് നിങ്ങളുടെ ജീവിതമാര്‍ഗ്ഗമാക്കി മാറ്റാനാണു ശ്രമമെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടും. അതല്ലെങ്കില്‍ ആള്‍ ദൈവമായി മാറേണ്ടി വരും. ആള്‍ ഡെവിള്‍സിനെ ആരും ചോദ്യം ചെയ്യാറില്ലല്ലോ..!
സമൂഹത്തിലെ സത്യസന്ധരായ ചെറുപ്പക്കാര്‍ ഇത്തരം മീഡിയേറ്റര്‍ ആവുന്നതില്‍ തെറ്റൊന്നുമില്ല. അതിനു വേണമെങ്കില്‍ കൂലിയും വാങ്ങാം. ഇത് വലിയൊരു സന്നദ്ധപ്രവര്‍ത്തനമായി ആരും കാണേണ്ടതില്ലെന്ന് നാം തിരിച്ചറിയണം.

വളരെ സമര്‍ത്ഥമായി കളിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വളരെ വേഗത്തില്‍ ഒന്നാന്തരം സമ്പന്നനും പ്രശസ്തനുമാകാന്‍ കഴിയുന്ന ഒരു വഴിയാണു സന്നദ്ധപ്രവര്‍ത്തനം. ഒരിക്കലും പരാജയപ്പെടില്ല. വളരെ ആത്മാര്‍ത്ഥമായി ഇത് ചെയ്യുന്ന ധാരാളം മനുഷ്യര്‍ ലോകത്തുണ്ട്. എന്നാല്‍ ഇതൊക്കെ വെറും ഉഡായിപ്പുമായി നടത്തുന്നവരുമുണ്ട്. ശരികള്‍ കണ്ടെത്തുക എന്നത് വലിയ പ്രയാസമാണ്.

ആദ്യം കുറേ ഭക്ഷണപ്പൊതികള്‍ സംഘടിപ്പിക്കുക.യാചകരെ കണ്ടെത്തുക. അവരെ ഊട്ടുക. ഫോട്ടോ എടുക്കുക.. മാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുക. നിങ്ങള്‍ അധികമൊന്നും ഇന്‍ വെസ്റ്റ് ചെയ്യേണ്ടിവരില്ല.. മറ്റു മനുഷ്യര്‍ നന്മ നിറഞ്ഞ മനുഷ്യര്‍ നിങ്ങളെ തേടി വരും…
അവര്‍ പണം തരും.. അവരുടെ പാപം കഴുകി കളയണമെന്ന് ആഗ്രഹിക്കുന്നവര്‍… പുണ്യം നേടണമെന്ന് ആഗ്രഹിക്കുന്നവര്‍… പിന്നീട് നിങ്ങള്‍ക്ക് വിപുലമായ രീതിയില്‍ സംഭവങ്ങള്‍ നടത്താന്‍ കഴിയും…

ഇതിന്റെ കണക്കൊന്നും ആരും ചോദിക്കാന്‍ പോകുന്നില്ല… ആള്‍ ദൈവങ്ങള്‍ ഇതല്ലേ ചെയ്യുന്നത്..? ചില ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍… അതിലൂടെ അവരെ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ദൈവങ്ങളായി വളരും… വലിയ അധോലോക മാഫിയ അവര്‍ക്ക് പിന്നിലുണ്ടാകും… പിന്നെ അവര്‍ നാടിനു മുഴുവന്‍ ഭീഷണിയാവും. (ആള്‍ ദൈവങ്ങളിലൂടെ വളര്‍ന്നുവന്നവരാണു സംഘപരിവാര്‍ എന്നത് മറക്കരുത്. ഇപ്പോഴും അവര്‍ ആള്‍ ദൈവങ്ങളെ വളര്‍ത്താനും നിലനിര്‍ത്താനും ശ്രമിക്കുന്നത് ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം…)

ഒരു നാട്ടില്‍ നടക്കുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ആരൊക്കെ ചെയ്യുന്നുവെന്നും എന്തൊക്കെ ചെയ്യുന്നുവെന്നും സര്‍ക്കാര്‍ ശ്രദ്ധിക്കണം. തെറ്റായ മാഫിയ വളര്‍ന്ന് വരാന്‍ അനുവദിക്കരുത്…! പറഞ്ഞു വന്നത്… മനുഷ്യനുവേണ്ടി ആരെയും ചോദ്യം ചെയ്യുന്നതില്‍ യാതൊരു കുഴപ്പവുമില്ല..! ഒപ്പം.. എന്നും മീന്‍ നല്‍കുന്നതല്ല ശരിയായ പ്രവര്‍ത്തനം… മീന്‍ പിടിക്കാന്‍ പഠിപ്പിക്കുന്നതാണ്…!
മറ്റൊരു നന്മ മരത്തിന്റെ കഥ

ഒരു സൂഫിയെക്കുറിച്ച് ഞാൻ കേട്ടൊരു കഥ പറയാം. സൂഫിയെ എല്ലാവർക്കും ഇഷ്ടമായിരുന്നു. സൌമ്യനും മനുഷ്യസ്നേഹിയുമായ അയാളെ ഇഷ്ടപ്പെടാതിരിക്കാൻ യാതൊരു കാരണവും ഇല്ലായിരുന്നു. ഒരു ദിവസം ഒരു പെൺകുട്ടി, ഗർഭിണിയായ പെൺകുട്ടി പറഞ്ഞു സൂഫിയാണ് അവളുടെ ഗർഭത്തിനു ഉത്തരവാദിയെന്ന്..
ജനം അയാളെ പഴിച്ചു..

ചോദിച്ചവരോട് അയാൾ പറഞ്ഞു ആ പെൺകുട്ടി അങ്ങിനെ പറഞ്ഞുവെങ്കിൽ അതായിരിക്കും സത്യം.. ആ കുഞ്ഞ് പിറന്നപ്പോൾ സൂഫിയുടെ അരികിൽ അതിനെ കൊണ്ടുവന്നു കൊടുത്തു.. അയാൾ അതിനെ സ്നേഹത്തോടെ നെഞ്ചോട് ചേർത്തുപിടിച്ചു.. അവൻ അയാൾക്കൊപ്പം വളർന്നു..

രണ്ട് വർഷങ്ങൾക്ക് ശേഷം ഈ പെൺകുട്ടി സൂഫിയുടെ അരികിൽ വന്നു.. കൂടെ ഒരു ചെറുപ്പക്കാരനും.. അവൾ പറഞ്ഞു… എന്നോട് പൊറുക്കണം.. ഈ കുട്ടി അങ്ങയുടേതെന്ന് നുണ പറഞ്ഞതിനു… ഇത് ഞങ്ങളുടെ കുട്ടിയാണ്.. എന്റെ കാമുകനാണിത്.. ഇദ്ദേഹം ദൂരെ ദേശത്തായിരുന്നു.. അപ്പോൾ എനിക്ക് അങ്ങയുടെ പേരല്ലാതെ പറയാൻ കഴിയില്ലായിരുന്നു…
സൂഫി ചിരിച്ചു.. നന്ദി… എന്തിനെന്ന് അവർ ചോദിച്ചപ്പോൾ അയാൾ പറഞ്ഞു.. ഇത്രയും ഓമനത്വമുള്ളൊരു കുഞ്ഞിനെ എന്റെ കൂടെ വളരാൻ നിങ്ങൾ തന്നില്ലേ അതിനു…

അവർ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു.. നിങ്ങളുടേതെന്ന് തോന്നിയാൽ കൊണ്ടുപൊയ്ക്കൊള്ളൂ.. വീണ്ടും അതിനു ആരും ഇല്ലാതായെന്ന് തോന്നിയാൽ ഉപേക്ഷിച്ച് കളയരുത്… ഞാനിവിടെയുണ്ട്…!

ഇത് കഥയാണോ സംഭവമാണോ എന്ന് എനിക്കറിയില്ല. എന്നാൽ ഒരു യഥാർത്ഥ സൂഫി ഇങ്ങനെയായിരിക്കും… ഏതൊരു നല്ല വിശ്വാസിയും ആ മതം പറയുന്നതിലെ നന്മ സ്വീകരിക്കുന്നയാളായിരിക്കും. അങ്ങിനെയുള്ളവരെ മാത്രമേ അതിന്റെ വിശ്വാസി എന്ന് പറയാൻ കഴിയൂ…
ഞാനും പ്രവാചകനും തുല്യമെന്ന് പറയാൻ ഒരു വിശ്വാസി ഒരിക്കലും അനുവദിക്കപ്പെടുന്നില്ല… ഇസ്ലാമിൽ അത് അനുവദനീയമല്ല.ഹിന്ദുക്കൾ തങ്ങളും ദൈവവും തുല്യമെന്ന് പറയുന്നുണ്ട്… അദ്വൈത മതവിശ്വാസം… അത് അനുസരിച്ച് അവരും കൃഷ്ണനും തുല്യർ എന്ന് പറഞ്ഞാലും ചോദ്യം ചെയ്യാൻ കഴിയില്ല… എന്നാൽ ഇസ്ലാം വിശ്വാസപ്രകാരം പ്രവാചകനെ ഒരു വിശ്വാസി താനുമായി തുലനം ചെയ്യരുത്. അദ്ദേഹത്തെ പോലെ താനും വിമർശനാതീതനെന്ന് കരുതരുത്…

തന്നെ വിമർശിക്കുന്ന ആരോടും പ്രവാചകൻ ഇടപെട്ടത് സൌമ്യമായും സ്നേഹപൂർണ്ണമായുമാണ്. അതൊന്നുമില്ലാതെ തന്നെ എതിർക്കുന്നവരെ ഇസ്ലാം വിശ്വാസത്തിനു എതിരായ രീതിയിൽ പേരുകൾ വിളിച്ച് ആക്രമിക്കുന്നത് തെറ്റാണ്…

ഫിറോസ് കുന്നും പറമ്പിൽ ഒരു യഥാർത്ഥ വിശ്വാസിയെങ്കിൽ… അദ്ദേഹം വിശ്വാസി സമൂഹത്തോട് മാപ്പ് പറയണം… കരുണാനിധിയായ ദൈവത്തിങ്കൽ തന്റെ തെറ്റ് ഏറ്റുപറഞ്ഞ് തിരുത്തണം…
പ്രവാചകൻ തന്റെ അനുയായികളിൽ നിന്നും യാതൊരു സുഖസൌകര്യങ്ങളും നേടിയെടുത്തിട്ടില്ല.. ഏറ്റവും ലളിതമായി ജീവിച്ച് മാതൃകയായ ആളാണ്…

തന്നെ വിശ്വസിക്കുന്നവരിൽ നിന്നും ഇന്നോവ കാറും വലിയ വീടുമൊക്കെ സ്വീകരിക്കുന്ന ഫിറോസ് എന്ത് അർത്ഥത്തിലാണ് പ്രവാചകന്റെ പേരു ഉപയോഗിച്ചത്..?

ക്രെഡിബിലിറ്റി

ഒരു ചാരിറ്റി പ്രവർത്തകനു വേണ്ടുന്ന അടിസ്ഥാന ഗുണം പറയുന്ന വാക്കിൽ ഉറച്ച് നിൽക്കുക എന്നതാണ്. രോഗികൾക്ക് സാമ്പത്തിക സഹായം വാങ്ങി നൽകുന്നൊരാളുടെ വാക്കുകൾക്ക് അത്രയും മൂല്യമുണ്ടായിരിക്കണം.
ഫിറോസ് കുന്നുമ്പറമ്പിൽ താൻ ഒരിക്കലും അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാവില്ലെന്ന് പറയുന്നു. അതൊരു വ്യക്തവും കൃത്യവുമായ പ്രസ്താവന ആയിരുന്നു. എന്നാൽ അദ്ദേഹം കിട്ടിയ ആദ്യത്തെ അവസരം തന്നെ അധികാര രാഷ്ട്രീയത്തിനുവേണ്ടി ഉപയോഗിച്ചു. സ്വന്തം വാക്കുകളെ അദ്ദേഹം തന്നെ ഒറ്റു കൊടുത്തു. ഒരു ദിവസം താൻ പറഞ്ഞതൊക്കെ റദ്ദു ചെയ്തുകൊണ്ട് ഫിറോസ് വരുമ്പോൾ സ്വാഭാവികമായും സംശയം ഉണ്ടാകും. ഈ ചെറുപ്പക്കാരൻ രോഗികളെ എങ്ങിനെയൊക്കെ പറഞ്ഞ് പറ്റിച്ചിട്ടുണ്ടാവും..?

ചാരിറ്റിക്കാരും കമ്മ്യൂണിസ്റ്റുകളും

ചാരിറ്റിയുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്നും ഇതേ നിലപാട് തന്നെയായിരുന്നു. മാതാ അമൃതാനന്ദമയി അത് ചെയ്യുമ്പോഴും സത്യസായിബാബ അത് ചെയ്തപ്പോഴും സുരേഷ് ഗോപിയും സന്തോഷ് പണ്ഡിറ്റും അത് ചെയ്തപ്പോഴും കമ്മ്യൂണിസ്റ്റുകള്‍ക്ക് അഭിപ്രായം ഉണ്ടായിരുന്നു… എത്രമാത്രം ഉഗ്രമായ രീതിയിലാണ് ചോദ്യം ചെയ്യലുകള്‍ നടന്നതെന്ന് നിങ്ങള്‍ കണ്ടതുമാണ്…

ഇപ്പോള്‍ ഫിറോസിന്റെയും മറ്റു നന്മമരങ്ങളുടെയും വിഷയം വരുമ്പോഴും ഇതേ അവസ്ഥ തന്നെ ഉണ്ടാകും. അത്തരം ചോദ്യം ചെയ്യലുകളെ വിമര്‍ശനങ്ങളെ ഒക്കെ അതിജീവിക്കാനുള്ള സത്യസന്ധത ഉണ്ടായാല്‍ മാത്രം മതി. ഏറ്റവും സുന്ദരമായ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയും. എന്നാല്‍ നിങ്ങളുടെ ഈ പേടിപ്പീരുണ്ടല്ലോ… അതിനെക്കുറിച്ച് ഒന്ന് ശാന്തമായി ആലോചിച്ച് നോക്കുക…

കമ്മ്യൂണിസ്റ്റുകള്‍ ഇവിടെ തീരാന്‍ പോകുന്നു.. നശ്ശിക്കാന്‍ പോകുന്നു എന്നൊക്കെയുള്ള നിങ്ങളുടെ ആഗ്രഹങ്ങൾ ഉണ്ടല്ലോ … അത് സംഭവിക്കില്ല കേട്ടോ.. കാരണം നിങ്ങള്‍ ചാരിറ്റി ഫണ്ടിനു വേണ്ടി പിച്ച തെണ്ടുമ്പോൾ മാര്‍ക്സിന്റെ ആശയങ്ങളാണ് സത്യമായി ഭവിക്കുന്നത്… എല്ലാം സാമ്പത്തികമാണ്… നിങ്ങള്‍ ആ തത്വത്തെ അംഗീകരിക്കുന്നു…

ഇവിടെ രോഗിയെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍ നേഴ്സ്, അം‌മ്പുലന്‍സ് ഡ്രൈവര്‍ ഇവരൊക്കെ പ്രകീര്‍ത്തിക്കപ്പെടാതെ പോവുകയും… ഒരു മീഡിയേറ്ററായി നിന്ന് രോഗിയുടെ ബില്ലടക്കാന്‍ സഹായിക്കുന്ന ആള്‍ ആരാധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ… അപ്പോള്‍ തൊഴിലിനെക്കാള്‍ മാന്യത സമ്പത്തിനു ലഭിക്കുന്നു… ഇതൊരു മുതലാളിത്ത രീതിയാണ്…

ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ ഈ രീതിയെ എതിര്‍ക്കുന്നുണ്ട്… എന്നാല്‍ ചാരിറ്റി പ്രവര്‍ത്തനവും ആള്‍ദൈവ രൂപീകരണവും സമൂഹത്തില്‍ വളരെ ആസൂത്രിതമായി സംഭവിക്കുന്നൂണ്ട്.. സമ്പത്തിറക്കി ഒരു ആള്‍ദൈവത്തെ സൃഷ്ടിക്കുകയും പിന്നീട് ആ ആള്‍ദൈവം സമ്പത്ത് ഇറക്കിയ ആള്‍ക്കാര്‍ക്കോ ടീമിനോ വേണ്ടി പ്രവര്‍ത്തിക്കും…

കമ്മ്യൂണിസ്റ്റുകള്‍ എതിര്‍ക്കുന്നവരായ… അമൃതാനന്ദമയി, സുരേഷ് ഗോപി, സന്തോഷ് പണ്ഡിറ്റ്, നിരവധി ആള്‍ ദൈവങ്ങള്‍.. ഇവരുടെയെല്ലാം അണികള്‍ക്ക് ഒരു പൊതു സ്വഭാവം ഉണ്ടായിരിക്കും… ആ പൊതുസ്വഭാ‍വം കമ്മ്യൂണിസ്റ്റുകാരനെതിരെ തിരിയും… ഇതില്‍ ഒരാളെയും എതിര്‍ക്കാന്‍ പാടില്ലെന്ന നിലപാടില്‍ അണികള്‍ പ്രശ്നമുണ്ടാക്കുകയും കമ്മ്യൂണിസ്റ്റുകളെ തകര്‍ക്കുമെന്ന് പറയുകയും ചെയ്യും…
നോക്കൂ…………… ഈ സാമ്പത്തിക ചൂഷണം കമ്മ്യൂണിസ്റ്റുകള്‍ക്ക് എതിരെ എത്ര സമര്‍ത്ഥമായാണ് ഉപയോഗിക്കുന്നതെന്ന്… ഇത് കമ്മ്യൂണിസ്റ്റുകള്‍ തിരിച്ചറിയുന്നുണ്ട്… പക്ഷേ, അവര്‍ക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ല… അങ്ങിനെ മിണ്ടാതിരുന്നാല്‍ സംഘപാരിവാര്‍ മുതലാളിത്ത ശക്തികള്‍ ശക്തി പ്രാപിക്കുകയും ജനം പിന്നിലേയ്ക്ക് പിന്നിലേയ്ക്ക് പോവുകയും ചെയ്യും..

അതിനാല്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റുകളെ കല്ലെറിയുക… അവരത് കൊള്ളാന്‍ ബാധ്യസ്ഥരാണ്.. പക്ഷേ, അവര്‍ നിങ്ങളുടെ കല്ലേറുകളെ ഭയന്ന് പിന്നിലേയ്ക്ക് പോകില്ല.. അങ്ങിനെ പോയാല്‍….. മനുഷ്യര്‍ മുഴുവന്‍ പരാജയപ്പെടുമെന്ന ബോധം അവര്‍ക്കുണ്ട്… ആ ബോധം ഓരോരുത്തരിലേക്കും എത്തിക്കാനുള്ള ശ്രമമാണ് ഓരോ കമ്മ്യൂണിസ്റ്റും ചെയ്തുകൊണ്ടിരിക്കുന്നത്.. നമുക്ക് സ്നേഹപൂര്‍വ്വവും തുറന്ന മനസ്സോടെയും കാര്യങ്ങളെ സമീപിക്കാം… ചര്‍ച്ച ചെയ്യാം… തല്‍ക്കാലം ആ കല്ലുകള്‍ കൈയ്യില്‍ തന്നെ സൂക്ഷിക്കൂ…!

തകര്‍ക്കല്‍…

ഓര്‍മ്മിക്കുന്നുണ്ടോ..? വി.എസ് ഭരണകാലത്ത്, ആള്‍ ദൈവങ്ങളെ ഓടിച്ചിട്ട് പിടിച്ച ഒരു കാലം… അന്നത്തെ ഒരുത്തന്‍ ഇപ്പോഴും അകത്തുണ്ട്.. സന്തോഷ് മാധവന്‍..

എന്നാല്‍ അന്ന് സഖാവിനു അമൃതാനന്ദമയി ആശ്രമത്തിലേക്ക് കടന്നു കയറാന്‍ സാധിച്ചില്ല… അത് വലിയൊരു വീഴ്ച തന്നെയായിരുന്നു.. ഇപ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ അത് സംഭവിക്കണം എന്നാണു പുരോഗമന പക്ഷം ആഗ്രഹിക്കുന്നത്.. ഒപ്പം.. ‘പോട്ട’ക്കും കൊടുക്കണം….! ഒരു പരട്ടയും രക്ഷപ്പെടരുത്..!

(തുടരും…)