Tue. Apr 23rd, 2024

ഇന്ത്യയിലെ കോവിഡ് വ്യാപനം ഏറെ ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസ്. രണ്ടാം കൊവിഡ് തരംഗത്തില്‍ ഇന്ത്യയില്‍ മരണ നിരക്ക് ആദ്യത്തേതിനെ അപേക്ഷിച്ച് ഉയര്‍ന്നേക്കാമെന്നും ടെഡ്രോസ് അദാനോം ഗബ്രിയോസിസ് മുന്നറിയിപ്പ് നല്‍കി. ആഗോള കോവിഡ് കണക്കില്‍ നിലവില്‍ 50 ശതമാനം കേസുകളും ഇന്ത്യയിലാണ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകളും മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.26 ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,890 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2.62 ലക്ഷമായി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,43,72,907 ആണ്. ഇതുവരെ 2,66,207 പേര്‍ രോഗം ബാധിച്ച് മരിച്ചു. 36,73,802 പേര്‍ നിലവില്‍ ചികിത്സയിലാണ്.ഇതുവരെ 2,04,32,898 പേര്‍ കൊവിഡ് രോഗമുക്തരായി. മെയ് 14 വരെയുള്ള ഐ സി എം ആര്‍ കണക്കനുസരിച്ച് 31,30,17,193 സാമ്പിളുകളാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇതില്‍ 16,93,093 പരിശോധനകള്‍ ഇന്നലെയാണ് നടന്നത്. രാജ്യത്താകെ ഇതുവരെ 18,04,57,579 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതു പോലെ വാക്‌സീന്‍ അസമത്വം സംഭവിച്ചുവെന്നും ദരിദ്ര, ഇടത്തരം രാജ്യങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുപോലും നല്‍കാന്‍ നിലവില്‍ വാക്‌സീന്‍ ഇല്ലെന്നും ടെഡ്രോസ് അദാനോം ഗബ്രിയോസിസ് പറഞ്ഞു.ഇന്ത്യക്ക് പുറമെ നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, കമ്പോഡിയ, തായാലന്‍ഡ് , ഈജിപ്ത് എന്നിവിടങ്ങളിലും കൊവിഡ് കേസുകളും മരണങ്ങളും വര്‍ധിക്കുകയാണ്. ഈ രാജ്യങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും ലോകാരോഗ്യ സംഘടന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.