Thursday, June 17, 2021

Latest Posts

മെയ് 15 : അന്താരാഷ്ട്ര കുടുംബ ദിനം; സാങ്കേതികവിദ്യയുടെ സ്വാധീനം കുടുംബത്തിൽ

✍️ റെൻസൺ വി എം

സമകാലിക സമൂഹം അതിന്റെ മുന്നോട്ടുള്ള കുതിപ്പിന് ആധാരമാക്കുന്നതു ഡിജിറ്റൽ രംഗത്തടക്കം ആവിഷ്കരിക്കപ്പെട്ട നവീന സാങ്കേതികവിദ്യകളെയാണ്. ആശയവിനിമയ രംഗത്തും വിദ്യാഭ്യാസം മേഖലയിലും തൊഴിലിടത്തിലും അടക്കം ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആധുനിക ഡിജിറ്റൽ സാങ്കേതികത പടർന്നു കയറിയിരിക്കുന്നു. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തിലും സാങ്കേതികവിദ്യയുടെ സ്വാധീനം അതിശക്തമാണിന്ന്. ഇതുമൂലം, പല സമൂഹങ്ങളിലും കുടുംബത്തിന്റെ രൂപഭാവങ്ങൾ തന്നെ മാറിയിരിക്കുന്നു. പരമ്പരാഗത സങ്കല്പങ്ങളുടെ പരിധിയിൽ ഒതുങ്ങാത്ത നിരവധി മൂല്യവ്യവസ്ഥകൾ ഇന്നു കുടുംബത്തിൽ കാണാം. ആധുനിക ജനാധിപത്യ മനുഷ്യാവകാശ കാഴ്ചപ്പാടുകളെ മുന്നോട്ടു ചലിപ്പിക്കാനുള്ള ശക്തമായ പിന്തുണ പല പിന്തിരിപ്പൻ സമൂഹങ്ങളിലും സാങ്കേതികവിദ്യ നല്കുന്നുണ്ട്. എങ്കിലും, പൊതുവേ പുരോഗമനപരമെന്നു കരുതുന്ന സമൂഹങ്ങളിൽ പോലും യാഥാസ്ഥിതികത്വത്തിന്റെ സംരക്ഷണത്തിനും ടെക്നോളജിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ‍ പശ്ചാത്തലത്തിൽ, മനുഷ്യരാശി സ്വപ്നം കാണുന്ന വികസിത മാനവ സമൂഹത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി കുടുംബങ്ങളിൽ സാങ്കേതികവിദ്യ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചു വിമർശകരമായി വിലയിരുത്തേണ്ടത് അനിവാര്യമാണെന്ന് ആഗോള സമൂഹം തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണു നവീന സാങ്കേതികവിദ്യകൾ കുടുംബത്തിന്റെ ബലതന്ത്രത്തിൽ ചെലുത്തുന്ന സ്വാധീനം അന്താരാഷ്ട്ര കുടുംബ ദിനാചരണത്തിന്റെ ഭാഗമായി യുഎന്നിന്റെ നേതൃത്വത്തിൽ പഠനവിധേയമാക്കുന്നത്.

മാനവ സമൂഹത്തിന്റെ വികാസത്തിൽ കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിന്റെ പ്രാധാന്യം ആഗോള സമൂഹം വർദ്ധിച്ച തോതിൽ തിരിച്ചറിയുന്നുണ്ട്. 1980 കളിൽ ഐക്യരാഷ്ട്രസഭ കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ (Economic & Social Council) ശിപാർശകളുടെ അടിസ്ഥാനത്തിൽ 1983 ൽ സാമൂഹിക വികസന കമ്മീഷൻ വികസന പ്രക്രിയയിൽ കുടുംബത്തിന്റെ പങ്കു സംബന്ധിച്ച പ്രമേയത്തിലൂടെ (1983/23) കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളും അവയുടെ ആവശ്യങ്ങളും സംബന്ധിച്ചു ഭരണാധികാരികളിലും പൊതുസമൂഹത്തിലും അവബോധം വർദ്ധിപ്പിക്കാൻ സെക്രട്ടറി ജനറലിനോട് അഭ്യർത്ഥിച്ചു. അതിനൊപ്പം, പ്രസ്തുത ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ട ഫലപ്രദമായ മാർഗ്ഗങ്ങളെ കുറിച്ചുള്ള ആലോചനകൾ പ്രധാനം ആണെന്നും ഈ പ്രമേയം വ്യക്തമാക്കി. 1985 മെയ് 29 ലെ 1985/29 പ്രമേയത്തിലൂടെ, കൗൺസിൽ യുഎൻ പൊതുസഭയെ അതിന്റെ 41-ാം സെഷന്റെ താത്കാലിക അജണ്ടയിൽ “വികസന പ്രക്രിയയിൽ കുടുംബങ്ങൾ” എന്ന ഇനം ഉൾപ്പെടുത്താനുള്ള സാധ്യത പരിഗണിക്കാൻ ആവശ്യപ്പെട്ടു. സർക്കാരുകൾ, അന്താരാഷ്ട്ര കൂട്ടായ്മകൾ, സർക്കാരിതര സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ ഇടയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട അവബോധം വളർത്തുന്നതിനുള്ള ഒരു പ്രക്രിയ ആരംഭിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. പിന്നീടു, സാമൂഹിക വികസന കമ്മീഷന്റെ 30-ാം സെഷനിൽ തയ്യാറാക്കിയ ശിപാർശകളുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര കുടുംബ വർഷം ആചരിക്കുന്നതു സംബന്ധിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും നല്കാൻ യുഎൻ അസംബ്ലി എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടു. കുടുംബ വർഷം ആചരിക്കുന്നതിനെ പറ്റിയും കുടുംബം എന്ന സാമൂഹിക സ്ഥാപനം മെച്ചപ്പെടുത്തുന്നതിനുള്ള മറ്റു മാർഗ്ഗങ്ങളെ കുറിച്ചും അംഗരാജ്യങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അടിസ്ഥാനമാക്കി സമഗ്രമായ ഒരു റിപ്പോർട്ട് യുഎൻ പൊതുസഭയ്ക്ക് 43-ാം സെഷനിൽ സമർപ്പിക്കണമെന്നും കൗൺസിൽ സെക്രട്ടറി ജനറലിനോട് അഭ്യർത്ഥിച്ചു. സാമൂഹിക പുരോഗതിക്കും വികസനത്തിനും വേണ്ടിയുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര സഹകരണം ശക്തമാക്കുമ്പോൾ കുടുംബ സുസ്ഥിതി എന്ന വിഷയവും ശക്തമായി പരിഗണിക്കപ്പെടണം എന്ന ചിന്ത ഈ നിർദ്ദേശത്തിനു പിന്നിൽ ഉണ്ടായിരുന്നു.

1989 ഡിസംബർ 9 ലെ 44/82 പ്രമേയത്തിലൂടെ 1994, അന്താരാഷ്ട്ര കുടുംബ വർഷം ആയി യുഎൻ പൊതുസഭ പ്രഖ്യാപിച്ചു. എല്ലാ വർഷവും മെയ് 15 അന്താരാഷ്ട്ര കുടുംബ ദിനമായി ആചരിക്കണമെന്ന് 1993 ൽ പൊതുസഭ A / RES / 47/237 എന്ന പ്രമേയത്തിലൂടെയും തീരുമാനിച്ചു. കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനും അവയെ ബാധിക്കുന്ന സാമൂഹിക, സാമ്പത്തിക, ജനസംഖ്യാ പ്രക്രിയകളെ സംബന്ധിച്ച് അറിവു വർദ്ധിപ്പിക്കുന്നതിനും ഈ ദിവസം അവസരം ഒരുക്കുന്നു (1). ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ മുമ്പു നടന്ന ആലോചനകളുടെയും 1989 ഡിസംബർ 8 ലെ 44/82, 1990 ഡിസംബർ 14 ലെ 45/133, 1991 ഡിസംബർ 16 ലെ 46/92 എന്നീ പ്രമേയങ്ങളുടെയും അന്തസ്സത്ത ഉൾക്കൊണ്ടാണ് 1993 ൽ പൊതുസഭ A / RES / 47/237 പ്രമേയം അംഗീകരിക്കുന്നത്. സാമൂഹിക പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിനും സ്വാതന്ത്ര്യത്തോടെ മികച്ച നിലവാരത്തിൽ ജീവിതം സാധ്യമാകുന്നതിനും കുടുംബത്തിനു ക്രിയാത്മക സംഭാവനകൾ നല്കാനാകുമെന്ന ബോധ്യവും കുടുംബത്തിനു വിശാലമായ സംരക്ഷണവും സഹായവും നല്കണമെന്ന ആഗോള മനുഷ്യാവകാശ നിയമങ്ങളും സാമൂഹിക നയങ്ങളും കർമ്മപദ്ധതികളും ഒക്കെ മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടുമൊക്കെ ഈ പ്രമേയത്തെ സ്വാധീനിച്ചു. ലിംഗസമത്വം, സ്ത്രീകളുടെ തുല്യമായ തൊഴിൽ പങ്കാളിത്തം, പങ്കുവയ്ക്കപ്പെടുന്ന രക്ഷാകർതൃ ഉത്തരവാദിത്വം എന്നിവ ആധുനിക ലോകത്തെ കുടുംബനയത്തിന്റെ അനിവാര്യ ഘടകങ്ങളാണെന്നു വ്യക്തമാക്കുകയും, വ്യത്യസ്തമായ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വ്യവസ്ഥകളിൽ കുടുംബത്തിനു വിവിധ രൂപങ്ങളിൽ നിലനിൽപ്പു സാധ്യമാകുമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ പ്രമേയം.

അതേസമയം, സാമൂഹികവും വികസനപരവുമായ ക്ഷേമപരിപാടികളുടെ കരുത്തും ദൗർബല്യവും കൃത്യമായി പ്രതിഫലിക്കുന്നതു കുടുംബത്തിൽ ആണെന്നും സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളുടെ പരിഹാരത്തിനു സഹായകരമായ വിധം സവിശേഷവും സമഗ്രവുമായ സമീപനങ്ങൾ രൂപപ്പെടുത്താൻ കുടുംബാധിഷ്ഠിത കാഴ്ചപ്പാടുകൾ ഗുണകരമാണെന്നും പ്രമേയം വിലയിരുത്തുന്നുണ്ട്. സംതൃപ്തമായ സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനമായ സുസ്ഥിര വികസനത്തിന്റെ പ്രധാന കാര്യവാഹകർ അയതിനാൽ കുടുംബങ്ങളുടെ സംഭാവന പുരോഗതിക്ക് അത്യന്താപേക്ഷിതമാണ് എന്ന് ഓർമ്മിപ്പിക്കുന്ന പ്രമേയം ‘ആഗോള കുടുംബ’മായ ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക പ്രഖ്യാപനമായ ചാർട്ടറിന്റെ അമ്പതാം വാർഷികത്തോടു ചേർത്താണ് 1994 ലെ കുടുംബ വർഷാചരണത്തെ ഈ പ്രമേയത്തിൽ യുഎൻ പരാമർശിക്കുന്നത് എന്നത് ഈ വിഷയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. കുടുംബങ്ങളെ ബാധിക്കുന്ന മനുഷ്യാവകാശ വിഷയങ്ങൾ, ജനസംഖ്യാ പ്രശ്നങ്ങൾ, സ്ത്രീകളുടെ പുരോഗതി തുടങ്ങിയവ സംബന്ധിച്ച കൃത്യമായ തുടർനടപടികൾ വേണമെന്നും ഇത്തരം വിഷയങ്ങൾ സമബനധിച്ച് അവബോധം പൊതുസമൂഹത്തിൽ സൃഷ്ടിക്കുന്നതിനു ശക്തമായ പ്രചാരണങ്ങൾ സംഘടിപ്പിക്കണമെന്നും യുഎൻ ഈ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നുമുണ്ട്.

ഈ പ്രമേയത്തിനു ശേഷം 3 പതിറ്റാണ്ട് ആകാറായെങ്കിലും ഇതിലെ കാഴ്ചപ്പാടുകൾ ഇന്നും വളരെ പ്രസക്തമാണെന്നു സാമൂഹിക സാഹചര്യങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. 1995 ൽ 89 % രാജ്യങ്ങളാണു പ്രസവാവധി അനുവദിച്ചിരുന്നതെങ്കിൽ. 2015 ഓടെ 96 % രാഷ്ട്രങ്ങളും ഈ അവകാശം നല്കുന്നു. വിവാഹിതരോ സിവിൽ യൂണിയനിൽ ഉൾപ്പെട്ടവരോ ആയ 57 % സ്ത്രീകൾക്കു മാത്രമേ ലൈംഗികബന്ധത്തെ കുറിച്ചും ഗർഭനിരോധന മാർഗ്ഗങ്ങളുടെയും പ്രത്യുൽപാദന ആരോഗ്യ സേവനങ്ങളുടെയും ഉപയോഗം സംബന്ധിച്ചും തീരുമാനം എടുക്കാൻ കഴിയുന്നുള്ളു. ലോകം പുരോഗതിയുടെ പടവുകൾ അതിവേഗം കയറുകയാണെന്ന് അവകാശപ്പെടുമ്പോഴും ഭവനരഹിത കുടുംബങ്ങൾ വർദ്ധിക്കുകയാണ്. ചില യൂറോപ്യൻ രാജ്യങ്ങളിൽ മൊത്തം ഭവനരഹിതരുടെ 20 ശതമാനത്തിലും അധികമാണ് ഈ വിഭാഗം എന്നതും ചിന്തനീയമാണ്. ലോകമെമ്പാടും കുടുംബങ്ങളുടെ രൂപഭാവങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. ഏകരക്ഷാകർതൃ കുടുംബങ്ങളുടെ എണ്ണം കൂടുന്നത് അനുസരിച്ചു കുടുംബങ്ങൾ ചെറുതാകുന്നു. നിലവിൽ, 65 % കുടുംബങ്ങളിലും ഏതെങ്കിലും പ്രായത്തിലുള്ള കുട്ടികളോടോ മുത്തച്ഛനോ മുത്തശ്ശിയോ പോലുള്ളവരോടോ ഒപ്പമാണു ദമ്പതികൾ താമസിക്കുന്നത്. വിസ്തൃത കുടുംബങ്ങളുടെ എണ്ണം കുറയുകയും ഏകരക്ഷാകർതൃ കുടുംബങ്ങളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നത് സാമൂഹിക പരിരക്ഷയുടെ പ്രശ്നം തീവ്രമാക്കി. ഇത്തരം പ്രതിസന്ധികൾ ദ്രുതഗതിയിൽ പരിഹരിക്കണമെന്ന ബോധ്യത്തോടെയാണ് 2015 സെപ്റ്റംബർ 25 ന് ഐക്യരാഷ്ട്രസഭയിലെ 193 അംഗ രാജ്യങ്ങൾ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചത്. ദാരിദ്ര്യം, വിവേചനം, അധിക്ഷേപം, പ്രതിരോധിക്കാവുന്ന മരണങ്ങൾ എന്നിവ ഇല്ലാതാക്കുക, പാരിസ്ഥിതിക നാശത്തെ അഭിസംബോധനം ചെയ്യുക, ദേശവ്യത്യാസം ഇല്ലാതെ വികസന കാലഘട്ടത്തിലേക്കു സർവ്വരേയും നയിക്കുക തുടങ്ങിയവ ആയിരുന്നു ഇതിന്റെ ഉദ്ദേശ്യം. ഈ ലക്ഷ്യങ്ങളിൽ പലതും നേടുന്നതിനു കുടുംബങ്ങളും കുടുംബാധിഷ്ഠിത നയങ്ങളും പദ്ധതികളും പ്രധാനമാണ്.

കുടുംബത്തിന്റെ സുസ്ഥിതിക്കായുള്ള പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുമ്പോൾ സമൂഹത്തിൽ ഉണ്ടാകുന്ന ചലനങ്ങൾ പരിഗണിക്കണം. പ്രസ്തുത കർമ്മ പദ്ധതികളുടെ ഫലപ്രാപ്തിയിൽ അവ സ്വാധീനം ചെലുത്തുന്നതു കൊണ്ടാണ് ഇത്. അന്താരാഷ്ട്ര കുടുംബ ദിനത്തോടു ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഈ രീതിയിൽ ഉപയോഗപ്പെടുത്താൻ യുഎൻ ശ്രദ്ധിക്കാറുണ്ട്. ഈ ദിനത്തോട് അനുബന്ധിച്ചു 2021 ൽ ചിന്തക്കായി തിരഞ്ഞെടുത്തിരിക്കുന്നതു ‘കുടുംബങ്ങളും പുതു സാങ്കേതികവിദ്യകളും’ എന്ന വിഷയമാണ്. സാമൂഹിക നീതിയിൽ അധിഷ്ഠിതമായി സുസ്ഥിരവികസനത്തിലേക്കുള്ള പരിവർത്തനം: സാമൂഹിക വികാസത്തിനും സർവ്ലരുടെയും ക്ഷേമത്തിനും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ പങ്ക്” എന്ന വിചിന്തന വിഷയത്തിൽ ഊന്നിയാണു യുഎൻ സാമൂഹ്യ വികസന കമ്മീഷന്റെ 59-ാമതു സെഷൻ നടന്നത്. ഈ പ്രമേയത്തെ പിൻപറ്റിയാണു കുടുംബക്ഷേമത്തിൽ നവ സാങ്കേതികവിദ്യകളുടെ സ്വാധീനം എന്ന വിഷയത്തിൽ 2021 ലെ അന്താരാഷ്ട്ര കുടുംബ ദിനാചരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പുതിയ സാങ്കേതികവിദ്യകൾ, ജനസംഖ്യ പരിവർത്തനങ്ങൾ, ദ്രുതഗതിയിലുള്ള നഗരവത്കരണം, കുടിയേറ്റ പ്രവണതകൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെയുള്ള മെഗാട്രെൻഡുകൾ ലോകത്തെ നാടകീയമായി പരിവർത്തനപ്പെടുത്തുന്നുണ്ട്. അവ സൃഷ്ടിക്കുന്ന മാറ്റങ്ങൾ വ്യക്തികളെയും കുടുംബങ്ങളെയും ബാധിക്കുന്നു. 1994 ൽ അന്തർ‌ദ്ദേശീയ കുടുംബ വർഷം ആചരിച്ചതിൻ്റെ മുപ്പതാം വാർ‌ഷികമാണ് 2024 ൽ. ഈ സന്ദർഭം അനുസ്മരിക്കുന്നതിന് ഉള്ള തയ്യാറെടുപ്പിന്റെ ഭാഗമായി യുഎൻ സാമ്പത്തിക, സാമൂഹികകാര്യ വകുപ്പിന്റെ ( Department of Economic and Social Affairs) കീഴിലുള്ള സർവ്വരേയും ഉൾക്കൊള്ളുന്ന സാമൂഹിക വികസനത്തിനായുള്ള ഡിവിഷൻ (Division for Inclusive Social Development) മെഗാട്രെൻഡുകളെ കുറിച്ച് അവബോധം വളർത്തുന്നതിനും കുടുംബങ്ങളിൽ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചു ഗവേഷണം നടത്തുന്നതിനും ലക്ഷ്യമിടുന്നു. 2021-2024 കാലത്തെ അന്താരാഷ്ട്ര കുടുംബ ദിനാചരണങ്ങൾ ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിന്റെ ഭാഗമായി 2021 ൽ കുടുംബങ്ങളിൽ പുതിയ സാങ്കേതികവിദ്യകൾ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചു പഠനങ്ങൾ നടത്തും. തുടർ വർഷങ്ങളിൽ മറ്റു വിഷയങ്ങളും വിചിന്തന വിഷയമാകും. മെഗാട്രെൻഡുകൾ കുടുംബത്തിൽ ചെലുത്തുന്ന സ്വാധീനം വിശകലനം ചെയ്ത് അവയുടെ ഗുണവശങ്ങൾ ഉപയോഗപ്പെടുത്താനും ദോഷവശങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്ന കുടുംബാധിഷ്ഠിത നയങ്ങൾ രൂപീകരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുക.

കോവിഡ് 19 മഹാമാരി തൊഴിൽ, വിദ്യാഭ്യാസം, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ പ്രാധാന്യം വ്യക്തമാക്കി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വിപുലമായ ഉപയോഗവും ക്ലൗഡ് കമ്പ്യൂട്ടിംഗ് പോലുള്ള വലിയ സാങ്കേതിക കണ്ടുപിടുത്തങ്ങളും ബിഗ് ഡാറ്റയുടെയും അൽഗോരിതങ്ങളുടെയും ഉപയോഗവും ഒക്കെ സമൂഹത്തിലും ജോലിസ്ഥലത്തും അനേകം പരിവർത്തനങ്ങൾക്കു വഴിവെച്ചു. ഇത്തരം സാങ്കേതിക മാറ്റങ്ങളെ ഈ മഹാമാരി ത്വരിതപ്പെടുത്തി. തത്ഫലമായി, ജീവനക്കാരുടെയും തൊഴിലുടമകളുടെയും ഇടയിൽ നൂതനമായ പ്രവർത്തന രീതികളും വഴക്കവും വർദ്ധിക്കുകയാണ്.
മറുവശത്ത്, ‘സ്‌ക്രീൻ ഫറ്റീഗ്, സൈബർ ഭീഷണി തുടങ്ങിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രതിലോമകരമായ കാര്യങ്ങളും ഉയർന്നിട്ടുണ്ട്. ഇതുകൂടാതെ, സ്കൂളും തൊഴിലിടവും വീട്ടിലേക്കു മാറ്റപ്പെട്ടതു മാതാപിതാക്കളുടെ ബാധ്യതകൾ വർദ്ധിപ്പിക്കുന്നു. ഈ മാറ്റം രക്ഷാകർതൃത്വ പദവി മൂലമുള്ള ഉത്തരവാദിത്വത്തിന്റെ ആശങ്കകൾ വർദ്ധിപ്പിച്ചു, ഇതു കുട്ടികളുടെ ക്ഷേമത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

മുഴുവൻ സമയ ജോലിക്കാരായ മാതാപിതാക്കൾക്കും പരിചാരകർക്കും ഒക്കെ ആധുനിക കാലത്തെ സങ്കീർണ്ണമായ രക്ഷാകർതൃ ബാധ്യതകൾ വിജയകരമായി നിർവ്വഹിക്കുന്നത്തിനു ധാരാളം വിഭവ സമാഹരണം ആവശ്യമാണ്. ഡിജിറ്റൽ മുന്നേറ്റം അടക്കമുള്ള നൂതന സാങ്കേതികവിദ്യകൾക്ക് അത്തരം ബാധ്യതകൾ വിജയകരമായി നിറവേറ്റുന്നതിനു മാതാപിതാക്കളെ പ്രാപ്തരാക്കാനുള്ള കഴിവ് ഉണ്ട്. ഈ സാധ്യത മുന്നിൽ കണ്ടു കുടുംബങ്ങളിൽ പുതിയ സാങ്കേതികവിദ്യകളുടെ സ്വാധീനം എന്തെന്നു മനസ്സിലാക്കാൻ അന്താരാഷ്ട്ര കുടുംബ ദിനം ആചരിക്കുമ്പോൾ ഈ വർഷം സവിശേഷ ശ്രദ്ധ ചെലുത്തുന്നു. പ്രത്യേകിച്ചും, രക്ഷാകർതൃ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഇന്ന് എങ്ങനെ ഉപയോഗപ്പെടുന്നു എന്നും അതിന്റെ ഭാവി സാധ്യതകളെയും കേന്ദ്രീകരിച്ചാണ് ഈ ആചരണം.
രക്ഷാകർത്താക്കളുടെ ഇടപെടലുകൾ, പെരുമാറ്റങ്ങൾ, അറിവുകൾ, വിശ്വാസങ്ങൾ, മനോഭാവങ്ങൾ, ശീലങ്ങൾ എന്നിവ നന്നാക്കുന്നതും മാതൃകാപരമായ രക്ഷാകർതൃത്വം, സാമൂഹികപരവും മനഃശാസ്ത്രപരമായ ഉത്തേജനം, മോശം പെരുമാറ്റം തടയൽ എന്നിവക്കുള്ള നൈപുണികൾ മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള ഇടപെടലുകളോ സേവനങ്ങളോ ആണു രക്ഷാകർതൃ വിദ്യാഭ്യാസം. കുട്ടികളുടെയും കുടുംബത്തിൻ്റെയും ക്ഷേമത്തിനു മാതാപിതാക്കളെ പ്രാപ്തരാക്കുന്നതിൽ രക്ഷാകർതൃ വിദ്യാഭ്യാസത്തിന്റെ പങ്കു പ്രധാനമാണ്. മാത്രമല്ല, കുട്ടികളുടെ ആരോഗ്യകരമായ വികാസം ഉറപ്പാക്കുന്നതിന് ഇത് അടിസ്ഥാനപരവുമാണ്. കോവിഡ് 19 മഹാമാരിയുടെ കാലഘട്ടത്തിൽ, കുട്ടികൾ ഭാഗികമായോ മുഴുവനായോ ഉള്ള സമയത്തേക്കു വിദൂര പഠനം പിന്തുടരുമ്പോൾ, നിരന്തരമായ പഠനം സാധ്യമാക്കുന്നതിനും കുട്ടികളുടെ മാനസികവും ശാരീരികവുമായ ക്ഷേമം ഉറപ്പാക്കുന്നതിനും വീട്ടിൽ മാതാപിതാക്കളുടെ സജീവ ഇടപെടൽ ഒഴിച്ചുകൂടാൻ ആവാത്തതാണ്.

രക്ഷാകർതൃ വിദ്യാഭ്യാസ പദ്ധതികൾ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു സഹായകമാണെന്ന വസ്തുത പല സർക്കാരുകളും ഇതുവരെ വേണ്ടവിധം അംഗീകരിച്ചിട്ടില്ല. തന്മൂലം, രക്ഷാകർതൃ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സെക്രട്ടറി ജനറലിന്റെ സമീപകാല റിപ്പോർട്ടിൽ പ്രത്യേകമായി അംഗീകരിച്ചിട്ടുണ്ട്, ദേശീയ തലത്തിൽ കുടുംബങ്ങളുമായും പ്രാദേശികവും അന്തർ‌ദ്ദേശീയ ഓർ‌ഗനൈസേഷനുകൾ‌, സിവിൽ‌ സൊസൈറ്റി, അക്കാദമിക വിദഗ്ദ്ധർ തുടങ്ങിയവരുമായി സഹകരിച്ചു കൊണ്ടു രക്ഷാകർതൃ വിദ്യാഭ്യാസ പദ്ധതികളിൽ നിക്ഷേപം നടത്തണമെന്നു യുഎൻ അടക്കം താല്പര്യപ്പെടുന്നു. അതുപോലെ തന്നെ അത്തരം പരിപാടികൾ ലിംഗപരമായ സമത്വ വീക്ഷണം പുലർത്തുകയും കുടുംബങ്ങളിൽ പുരുഷന്മാരുടെ പങ്ക് തിരിച്ചറിയുകയും ചെയ്യും വിധം ആസൂത്രണം നടത്തുകയും; അവയിൽ കുട്ടികളെ പരിചരിക്കുന്ന മുത്തശ്ശിമാരെയും മറ്റു ബന്ധുക്കളെയും നിർബന്ധമായും ഉൾ‌ക്കൊള്ളിക്കുകയും ചെയ്യുണമെന്നും യുഎൻ നിർദ്ദേശിക്കുന്നുണ്ട്.
കുട്ടികളുടെയും രക്ഷകർത്താക്കളുടെയും ക്ഷേമത്തിനായുള്ള പരിപാടികളുടെ പ്രാധാന്യത്തെയും സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ അവയുടെ പങ്കിനെയും കുറിച്ച് അവബോധം ഉണ്ടാകണം. പുതിയ സാങ്കേതികവിദ്യകൾ കുടുംബത്തിൽ അനേകം വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. ഇവയെ ക്രിയാത്മകമായി പ്രതിരോധിക്കണം. രക്ഷാകർതൃ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകാനും മാതാപിതാക്കളെ ശാക്തീകരിക്കാനും അതുവഴി കുടുംബക്ഷേമം കൈവരുത്താനും ഉള്ള അവയുടെ കഴിവിനെ കുറിച്ചു 2021 ലെ അന്താരാഷ്ട്ര കുടുംബ ദിനാചരണം വിചിന്തനം ചെയ്യുന്നതിന്റെ കാരണം അതാണ്. ഇക്വിറ്റി, ഡിജിറ്റൽ മേഖലയിലേക്കുള്ള സതതന്ത്ര പ്രവേശനം, സ്വകാര്യത, ഓൺലൈൻ സുരക്ഷ, ഡിജിറ്റൽ സാക്ഷരത എന്നിവ ഉൾപ്പെടെ കുടുംബങ്ങളെ സാങ്കേതികവിദ്യ സ്വാധീനിക്കുന്നതിന്റെ നിരവധി വശങ്ങൾ ഇതിന്റെ ഭാഗമായി പഠന വിധേയമാക്കും. കുടുംബവും തൊഴിലിടവും തമ്മിലുള്ള അതിരുകൾ മായുമ്പോൾ ഇവ തമ്മിൽ ഗുണാത്മകമായി സമന്വയിപ്പിക്കുന്നത് എങ്ങനെയെന്നും ചർച്ച ചെയ്യും.

ബാലപീഡനം കുറക്കുന്നതിനും കുട്ടികളുടെ ആരോഗ്യകരമായ വികാസത്തിനുമുള്ള പ്രായോഗികവും മൂല്യവത്തായതുമായ മാർഗ്ഗമായി രക്ഷാകർതൃ വിദ്യാഭ്യാസത്തെ ഇന്നു നാം കാണുന്നുണ്ട്. ഒറ്റയ്ക്കോ അല്ലെങ്കിൽ വിശാലമായ കുടുംബ ക്ഷേമപദ്ധതികളുടെ ഘടകമായോ രക്ഷാകർതൃ വിദ്യാഭ്യാസം രൂപകല്പന ചെയ്യാം. കൃത്യമായ തെളിവുകൾ അടിസ്ഥാനമാക്കി രക്ഷാകർതൃ വിദ്യാഭ്യാസ സമീപനങ്ങൾ ഉണ്ടാക്കുന്നതിനും നടപ്പിലാക്കുന്നതിനും പ്രേക്ഷകരിലേക്കു വ്യാപകമായി എത്തിക്കാനുമൊക്കെ സാങ്കേതികവിദ്യ സഹായകരമാണ്. രക്ഷാകർതൃ വിദ്യാഭ്യാസത്തിലെ സാങ്കേതിക പരിഗണനകളുടെ അടിസ്ഥാനത്തിൽ, കുട്ടികൾ എങ്ങനെ ടെക്നോളജി തിരഞ്ഞെടുക്കണമെന്നും ഫലപ്രദമായി ഉപയോഗിക്കണമെന്നും പഠിക്കാൻ മാതാപിതാക്കളെയും കുടുംബങ്ങളെയും സഹായിക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കാം. രക്ഷാകർതൃ വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു വെർച്വൽ പരിസ്ഥിതിയുടെ സൃഷ്ടിക്കും ഡിജിറ്റൽ സാങ്കേതികവിദ്യ ഗുണകരമാണ്.
മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികളുമായി ആശയവിനിമയം നടത്താനും വെല്ലുവിളികളിൽ കുട്ടികളെ ധൈര്യപ്പെടുത്താനും പരിശീലിപ്പിക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കാം. ടെക്‌സ്റ്റിംഗും വീഡിയോ കോളുകളും വഴി അവർക്കു തങ്ങളുടെ സാമീപ്യവും കരുതലും കുട്ടികളോടു പ്രകടിപ്പിക്കാം. വിദ്യാഭ്യാസ സാങ്കേതികവിദ്യകൾ വഴി കുട്ടികളെ പഠിക്കാൻ സഹായിക്കുക, ഗെയിമിംഗിലൂടെ സന്തോഷം പങ്കിടുക തുടങ്ങിയവയും ഗുണകരമാണ്. മൂല്യവത്തായ രീതിയിൽ ഡിജിറ്റൽ മീഡിയ എങ്ങനെ ഉപയോഗിക്കാമെന്നതും വിവേകപൂർവ്വമായ മാതൃകകളിലൂടെ മാതാപിതാക്കൾക്കു കുട്ടികളെ പഠിപ്പിക്കം. ആധുനിക ലോകത്തിന് അനുസൃതമായി രക്ഷാകർത്താക്കളും കുട്ടികളുമായുള്ള ആശയവിനിമയത്തിന്റെ നവ മാതൃകകൾ സൃഷ്ടിക്കുന്നതിനും രക്ഷാകർതൃ വിദ്യാഭ്യാസം ആവശ്യമാണ്. ഡിജിറ്റൽ ഇടങ്ങൾ ഉപയോഗിക്കുന്നതിനു മാതാപിതാക്കൾ‌ക്കു സഹായം വേണ്ടി വന്നേക്കാം. കാരണം, സാമൂഹിക ചൂഷണത്തിനും ഭീഷണിപ്പെടുത്തലിനും അമിത ഉപയോഗത്തിനും ഒക്കെ സാങ്കേതികവിദ്യ വഴിവെക്കാം. രക്ഷാകർതൃ വിദ്യാഭ്യാസം മാതാപിതാക്കളെ ‘ഡിജിറ്റൽ സാംസ്കാരിക മൂലധനം’ നേടാൻ സഹായിക്കും എന്നതും സുപ്രധാനമാണ്.

“കുടുംബങ്ങളും പുതിയ സാങ്കേതികവിദ്യകളും” എന്ന പ്രമേയം ആധാരമാക്കി 2021 ലെ അന്താരാഷ്ട്ര കുടുംബ ദിനം ആചരിക്കുന്നതിലൂടെ ചില പ്രധാന ലക്ഷ്യങ്ങൾ നാം ഉന്നംവെക്കുന്നുണ്ട്. പുതിയ സാങ്കേതികവിദ്യകളുടെ ദ്രുതഗതിയിലുള്ള വികാസം ഉയർത്തുന്ന വെല്ലുവിളികളോടു ക്രിയാത്മകമായി പ്രതികരിക്കുന്നതിനു കുടുംബങ്ങളെ പ്രാപ്തമാക്കും വിധമുള്ള നയങ്ങളുടെയും പരിപാടികളുടെയും പ്രാധാന്യം വ്യക്തമാക്കുക; കുടുംബങ്ങൾക്കും സമൂഹത്തിനും കൂടുതൽ പ്രയോജനപ്രദമായ വിധം വിവര/ആശയവിനിമയ സാങ്കേതികവിദ്യകളുടെ വർദ്ധിച്ചുവരുന്ന സാധ്യതകളെ കുറിച്ചു രക്ഷാകർതൃ വിദ്യാഭ്യാസത്തിലൂടെ മാതാപിതാക്കളെ ബോധവത്കരിക്കുന്നതു സംബന്ധിച്ചു നിലവിലുള്ള ഗവേഷണങ്ങൾ പൊതുസമൂഹത്തെ പരിചയപ്പെടുത്തുക; കുട്ടികൾക്കും കുടുംബങ്ങൾക്കും പുതിയ സാങ്കേതികവിദ്യകളുടെ ദോഷങ്ങളെ കുറിച്ചു മുന്നറിയിപ്പു നല്കുക; രക്ഷാകർതൃ വിദ്യാഭ്യാസത്തിനും കുടുംബ ക്ഷേമത്തിനും ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഗുണപരമായി ഉപയോഗപ്പെടുത്തുന്നതിന്റെ മികച്ച മാതൃകകൾ സമൂഹത്തിൽ പങ്കിടുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ കുടുംബ വ്യവസ്ഥയിൽ ആധുനിക സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ വിവരണാതീതമാണ്. പൊതുവേ, പുരുഷകേന്ദ്രീകൃതവും ജനാധിപത്യ വിരുദ്ധവും ശാസ്ത്രീയ ചിന്താഗതികൾക്ക് ഇടം നല്കാത്തതുമാണു നമ്മുടെ കുടുംബം. ആധുനിക മനുഷ്യാവകാശ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ അപമാനകരമെന്നു പരിഷ്കൃത ലോകം വിലയിരുത്തിയിട്ടുള്ള സാമൂഹിക തിന്മകളുടെയൊക്ക വിളനിലമാണ് ഇന്നും ഇന്ത്യൻ കുടുംബം. ഈ വ്യവസ്ഥയെ അട്ടിമറിച്ചു വ്യക്തിസ്വാതന്ത്രത്തെയും മാനവികതയെയുമൊക്കെ ആദരിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാനാകും വിധം നമ്മുടെ കുടുംബ ബന്ധങ്ങൾ പരിഷ്കരിക്കാൻ ആധുനിക സാങ്കേതികവിദ്യക്കു കഴിയും. ടെക്നോളജിയുടെ യുക്തിപൂർവ്വമായ ഉപയോഗത്തിലൂടെ അവകാശബോധമുള്ള പൗരസമൂഹത്തെ രൂപപ്പെടുത്താൻ സാധിക്കും. ഈ സാധ്യതയുടെ ‘അപകടം’ തിരിച്ചറിഞ്ഞ ‘ഇന്ത്യൻ പുരുഷൻ’ സാങ്കേതികവിദ്യയെ തങ്ങളിലേക്കു മാത്രം പരിമിതപ്പെടുത്താനുള്ള കഠിന പരിശ്രമത്തിലാണ്. പല ഇന്ത്യൻ ഗ്രാമങ്ങളും പെൺകുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിനു ശക്തമായ സാമൂഹിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് (2). ഇത്തരം ചങ്ങലക്കെട്ടുകൾ പൊട്ടിച്ചു നമ്മുടെ കുടുംബങ്ങളിൽ നടക്കുന്ന സ്ത്രീ പീഡനങ്ങളുടെയും കുട്ടികളുടെ അധിക്ഷേപങ്ങളുടെയും ഒക്കെ നേർചിത്രങ്ങൾ ഡിജിറ്റൽ മാധ്യമങ്ങൾ നമ്മുടെ മുന്നിലേക്ക് എത്തിക്കുന്നുണ്ട് ഇന്ന്. വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും ഒരു വിശാല മേഖല ഡിജിറ്റൽ ലോകം തുടന്നിടുന്നുണ്ട്. ആത്യന്തികമായി ഇന്ത്യൻ കുടുംബത്തിന്റെയും അതുവഴി ഈ രാജ്യത്തിന്റെയും ജനാധിപത്യത്തെ നിർണ്ണായകമായ വിധം ശക്തിപ്പെടുത്തുന്നതാകും ഈ സാമൂഹിക മാറ്റം. സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോഗത്തെ കുറിച്ചുള്ള ധാരണയുടെ അഭാവം പലവിധ പ്രതിസന്ധികളും നമ്മുടെ കുടുംബങ്ങളിൽ സൃഷ്ടിക്കുന്നുണ്ട്. സൈബർ ബുളിയിങ്, സ്വകാര്യതയുടെ ലംഘനം, കുടുംബ ബന്ധങ്ങളുടെ തകർച്ച തുടങ്ങിയവ ഇവയിൽ ചിലതാണ്.

സാമൂഹികവത്കരണത്തിന്റെ കേന്ദ്രസ്ഥാനവും വ്യക്തിത്വവികാസത്തിന്റെ മുഖ്യ ഉറവിടവുമായാണു സാമൂഹിക ശാസ്ത്രജ്ഞർ കുടുംബത്തെ വീക്ഷിക്കുന്നത്. അവിടം കുടുംബാംഗങ്ങൾക്കെല്ലാം ഒരു അഭയസ്ഥാനമാകണം. സൗഹാർദ്ദവും സ്നേഹവും, വിശ്വസ്തതയും അവിടെ നിന്ന് അനുഭവിക്കാനാകണം. ഈ അന്തരീക്ഷത്തിൽ മാത്രമേ സ്വന്തം അവകാശങ്ങളെ കുറിച്ചു ബോധ്യവും മറ്റുള്ളവരുടെ അധികാരം സംബന്ധിച്ചു കരുതലുള്ള ആധുനിക പൗരന്റെ വികാസം സാധ്യമാകൂ. ഇന്ത്യയിലെ ഓരോ കുടുംബവും ഇത്തരം അന്തരീക്ഷം നിലനില്ക്കുന്ന സമാധാന കേന്ദ്രമായി മാറാൻ സഹായിക്കും വിധമുള്ള നയപരിപാടികൾ ആവിഷ്കരിക്കാൻ നമ്മുടെ രാജ്യത്തിനു സാധിക്കട്ടെ.

റഫറൻസ്:
1.https://www.un.org/en/observances/international-day-of-families
2.https://www.google.com/amp/s/www.deccanherald.com/amp/national/haryana-village-panchayat-bans-jeans-mobiles-girls-665111.htmlLatest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.