Sunday, June 20, 2021

Latest Posts

നാല് ജില്ലകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; സംസ്ഥാനത്ത് ഇന്ന് കൊവിഡ് പോസിറ്റിവായത് 32,680 പേര്‍; 96 മരണം

കൊവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് നാളെ അര്‍ദ്ധരാത്രി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരിക. അതു സംബന്ധിച്ച വിശദമായ ഉത്തരവ് അതത് ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ പുറപ്പെടുവിക്കും. മറ്റു പത്തുജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കര്‍ശനമായ മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പ്രവേശിക്കാനും പുറത്തു കടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടി നില്‍ക്കുക, മാസ്‌ക്ക് ധരിക്കാതിരിക്കുക, മറ്റു കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമനടപടികള്‍ക്ക് വിധേയമാകും.

ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുന്ന പ്രദേശങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയും ക്വാറന്റൈന്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ ജിയോ ഫെന്‍സിങ്ങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്ക് മാത്രമല്ല, അതിനു സഹായം നല്‍കുന്നവര്‍ക്കെതിരേയും കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കര്‍ശനമായ നടപടികള്‍ എടുക്കും.

ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് വാര്‍ഡ് സമിതികള്‍ നേതൃത്വം നല്‍കണം. കമ്യൂണിറ്റി കിച്ചനുകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തണം. അതില്‍ക്കവിഞ്ഞുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളെല്ലാം ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പരിപൂര്‍ണമായി ഒഴിവാക്കണം.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ പതിനായിരം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. മരുന്നുകട, പെട്രോള്‍ ബങ്ക് എന്നിവ തുറക്കും. പത്രം, പാല്‍ എന്നിവ രാവിലെ ആറുമണിക്കു മുന്‍പ് വീടുകളില്‍ എത്തിക്കണം. വീട്ടുജോലിക്കാര്‍, ഹോം നേഴ്‌സ് എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം. പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ മുതലായവര്‍ക്കും ഓണ്‍ലൈന്‍ പാസ് വാങ്ങി അടിയന്തരഘട്ടങ്ങളില്‍ യാത്രചെയ്യാം. വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതി ഉണ്ട്. ബേക്കറി, പലവ്യഞ്ജനക്കടകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നതാണ് അഭികാമ്യം.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്ന ജില്ലകളില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കും. ഈ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവര്‍ക്കു മാത്രമേ യാത്രാനുമതി ഉണ്ടാകൂ. അകത്തേയ്ക്കും പുറത്തേയ്ക്കും യാത്രയ്ക്കായുള്ള ഒരു റോഡൊഴികെ കണ്ടെയ്ന്‍മെന്റ് സോണ്‍ മുഴുവനായും അടയ്ക്കും.

സംസ്ഥാനത്ത് ഇന്ന് 32,680 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4,782, എറണാകുളം 3,744, തൃശൂര്‍ 3,334, തിരുവനന്തപുരം 3,292, പാലക്കാട് 3,165, കോഴിക്കോട് 2,966, കൊല്ലം 2,332, കോട്ടയം 2,012, ആലപ്പുഴ 1,996, കണ്ണൂര്‍ 1,652, പത്തനംതിട്ട 1,119, കാസര്‍കോട് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,78,12,355 സാമ്പിളുകളാണ് പരിശോധിച്ചത്.

യു കെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യു കെ (115), ദക്ഷിണാഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6,339 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 296 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2,316 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4,521, എറണാകുളം 3,620, തൃശൂര്‍ 3,272, തിരുവനന്തപുരം 3,097, പാലക്കാട് 1,643, കോഴിക്കോട് 2,926, കൊല്ലം 2,321, കോട്ടയം 1,762, ആലപ്പുഴ 1,993, കണ്ണൂര്‍ 1,500, പത്തനംതിട്ട 1,081, കാസര്‍കോട് 827, ഇടുക്കി 715, വയനാട് 691 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 30, കാസര്‍കോട് 13, തൃശൂര്‍, പാലക്കാട്, വയനാട് ഒമ്പത് വീതം, എറണാകുളം 8, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് 5 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,442 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2,912, കൊല്ലം 1,765, പത്തനംതിട്ട 976, ആലപ്പുഴ 1,509, കോട്ടയം 2,190, ഇടുക്കി 691, എറണാകുളം 3,065, തൃശൂര്‍ 2,742, പാലക്കാട് 3,012, മലപ്പുറം 3,669, കോഴിക്കോട് 4,725, വയനാട് 458, കണ്ണൂര്‍ 1,504, കാസര്‍കോട് 224 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 4,45,334 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 16,66,232 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,31,271 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,94,204 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,067 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3,974 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒമ്പത് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 852 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.



Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.